ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തുറക്കൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ

2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭ്യമായിട്ടുള്ള സർക്കുലർ പ്രകാരമുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ എല്ലാം തന്നെ കൃത്യമായും ഭംഗിയായും കാര്യക്ഷമമായും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൂൾ കെട്ടിടവും പരിസരവും നവീകരിക്കുകയും വൃത്തിയാക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ക്ലാസ്സ്‌ മുറികൾ സജ്ജീകരിക്കുകയും ചെയ്തു.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കൊണ്ട് ഫലപ്രദമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ട്.പോഷകസമൃദ്ധവും ആരോഗ്യദായകവുമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായുള്ള എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ അളവിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിവെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറി സംവിധാനം ഒരുക്കി.സ്കൂൾകെട്ടിടത്തിന്റെയും സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് ഉറപ്പുവരുത്തി. സ്കൂളിൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കി. പരാതിപ്പെട്ടികൾ സ്ഥാപിച്ചു. സ്കൂളിലേക്കുള്ള റോഡും പരിസരവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നു പരിശോധിച്ച് ബോധ്യപ്പെടുത്തി.

എസ് ആർ ജി യോഗം

പുതിയ അധ്യയന വർഷത്തിലെ സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങളും അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി സ്കൂൾ എസ് ആർ ജി യോഗം ചേർന്നു . സ്കൂൾ വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതിനും  കുട്ടികൾക്ക് പുതിയതും ക്രിയാത്മകവും ഫലപ്രദവുമായ പഠനാനുഭവങ്ങൾ നൽകുന്നതിനും വേണ്ട പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു .

പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ്

സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി 21/05/2026 വ്യാഴാഴ്ച പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രി.ഷിബിൻ ബാബു മറ്റു പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ,അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കുട്ടികളിൽ താല്പര്യം ഉണർത്തുന്നതും സന്തോഷദായകവും വൈവിദ്ധ്യമാർന്നതുമായ  പരിപാടികളോടെ  പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളും  ആസൂത്രണം ചെയ്തു.

ലൂമിന 2026 – പ്രവേശനോത്സവം

സെൻ്റ്.മേരീസ് എ.ഐ.ജി.എച്ച്.എസ്സ്.എസ്സ് 2026-27 അധ്യയന വർഷത്തെ സ്വാഗതം ചെയ്ത് "ലൂമിന 2026" എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുകയും പഠനജീവിതത്തിന് പ്രചോദനമേകുകയും ചെയ്യുന്ന പരിപാടിയായിരുന്നു ഇത്.

സ്കൂൾ മാനേജർ സിസ്റ്റർ . ലിസ്സി ജോൺ പരിപാടിക്ക് നേതൃത്വം നൽകി. ഫോർട്ടുകൊച്ചി ഡിവിഷൻ കൗൺസിലർ .ശ്രീമതി ഷൈനി മാത്യു പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടന കർമം നിർവഹിച്ചു . തുടർന്ന് വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .

സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായ സിസ്റ്റർ.ഷൈനി തോമസ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്വാഗതം ചെയ്ത് പുതിയ അധ്യയന വർഷത്തിനായുള്ള പ്രതീക്ഷകളും പദ്ധതികളും പങ്കുവെച്ചു.

പരിപാടിയിൽ സ്കൂൾ പി . ടി.എ പ്രസിഡൻ്റ് ഷിബിൻ ബാബു ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപകരായ സുഷ ഹാരിയറ്റ്, റാണി യൂജിൻ, വോൾഗ ഫെർണാണ്ടസ് എന്നിവരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോസാപ്പൂക്കൾ നൽകി പുതിയ കുട്ടികളെ വരവേറ്റു.വർണാഭമായ കലാപരിപാടികളും വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക സ്വീകരണവും പരിപാടിക്ക് മാറ്റുകൂട്ടി. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി വിദ്യാർത്ഥികൾ അധ്യയന വർഷത്തിന് തുടക്കം കുറിച്ച ഈ പ്രവേശനോത്സവം സ്കൂൾ കുടുംബത്തിന് അവിസ്മരണീയമായ അനുഭവമായി മാറി.

"ലൂമിന 2026" വിദ്യയുടെ വെളിച്ചം പകരുന്ന ഒരു പുതിയ യാത്രയുടെ മനോഹരമായ തുടക്കമായി മാറി.