ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/ലിറ്റിൽ കൈറ്റ്സ്/2026

Schoolwiki സംരംഭത്തിൽ നിന്ന്

ബഹിരാകാശ ഗവേഷണ മാതൃകയിൽ റോവർ നിർമ്മാണം ഉൾപ്പെടെ അടുത്തറിയുന്ന ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാമ്പ്

ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ മാതൃകയിൽ വിദൂരനിയന്ത്രിത റോവർ നിർമ്മാണമുൾപ്പടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ് ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച ക്യാമ്പിൽ ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന എം ക്യൂ ടി ടി (Message Queuing Telemetry Transport) പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ റോവറുകൾ നിയന്ത്രിക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവർ ഉപകരണങ്ങൾ തയ്യാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടുകയുണ്ടായി. കൈറ്റ് പുതുതായി സ്‌കൂളുകൾക്ക് നൽകുന്ന ഇ.എസ്.പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായി സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലകളിൽ പ്രത്യേക പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്. ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്സ്), റോബോട്ടിക്സ് തുടങ്ങിയ ആധുനിക കമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ താല്പര്യത്തെ ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പ്രോഗ്രാമിങ് മേഖലയിൽ പരിശീലനത്തിൽ പരിചയപ്പെട്ടു. മൊബൈൽ ആപ്പ് നിർമ്മാണം, ഐ.ഒ.ടി. നിയന്ത്രിത റോബോട്ടിക് ഉപകരണങ്ങളായ സ്മാർട്ട് എൽ.ഇ.ഡി, സ്മാർട്ട് റോവർ ഡിവൈസ് തുടങ്ങിയവ തയ്യാറാക്കുന്ന വിധം മനസിലാക്കി.

വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം കമ്പ്യൂട്ടറിൽ സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച്, പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷനാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിലൂടെ ത്രിമാന അനിമേഷൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് എന്നിവ കുട്ടികൾ വിശദമായി പരിചയപ്പെട്ടു. .ഗെയിമിങ്, അനിമേഷൻ രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമായ 'ബ്ലെൻഡർ' എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറാണ് പരിശീലിച്ചത്

ക്യാമ്പിൽ ഫെബ്രൂവരി 7 ശനിയാഴ്ച രാവിലെ പത്തിന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് കുട്ടികളുമായി സംവദിക്കുകയും ജില്ലയിലെ 182 സ്‌കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും നടത്തി.

ക്ലാസുകൾ നയിച്ചവർ

കൈറ്റ് കോർ ടീമംഗം നിധിിൻ ജോസ്, മാസ്റ്റർ ട്രയിന‌ർമാരായ ശ്രീകുമാർ പി.ആർ, അനൂപ് ജി. നായർ, രാജേഷ് ആർ, ബിനു ജി എന്നിവരാണ് പ്രോഗ്രാമിംഗ് വിഭാഗം കൈകാര്യം ചെയ്തത്. മാസ്റ്റർ ട്രയിനർമാരായ സെബിൻ സെബാസ്റ്റ്യൻ, മനു എം പിള്ള, ഷീനമോൾ കെ.പി., ലക്ഷ്മി കെ ബാലൻ എന്നിവർ അനിമേഷൻ വിഭാഗം കൈകാര്യം ചെയ്തു. മാസ്റ്റർ ട്രയിനർമാരായ ബാലചന്ദ്രൻ ആർ, രഞ്ജിനി എം എസ്, പ്രീത ജി നായർ, സാജൻ സാമുവേൽ, രാഹുൽ ടി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ അഖിൽ സുരേഷ്, മിഥുൻ മാത്യു എന്നിവർ ക്യാമ്പ് സംബന്ധിച്ച മറ്റു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

സന്ദർശകർ

സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ തോമസ്, മുൻ ജില്ലാ കോഓർഡിനേറ്റർ ജയശങ്കർ കെ.ബി.എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു.

ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം ക്യാമ്പിന് സമാപനം കുറിച്ചു. ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് . കൈറ്റ് ജില്ലാ കോർഡിനേറ്റർ തോമസ് വർഗീസ്, കൈറ്റ് കോർ ടീമംഗം നിഥിൻ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ വിവിധ സെഷനുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.