സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-2026
അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റ് :ജോസഫ്സ് എൽ പി & യു പി സ്‌കൂളിന്റെ പടിവാതിൽ കടന്നെത്തി. നീണ്ട രണ്ടുമാസത്തെ വേനലവധി കാലത്തിനു വിട പറഞ്ഞു ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്കം കുറിക്കുവാൻ വർഷത്തെ പ്രേവേശനോത്സവം ആവേശഭരിതമായ കലാപരിപാടികളോട് കൂടി സ്‌കൂൾ മുറ്റത്തു കൊണ്ടാടി.
സെന്റ് ജോസഫ് എൽ പി & യു പി സ്‌കൂളിന്റെ പ്രവേശനോത്സവം 2025 ജൂൺ 2ന് രാവിലെ കൃത്യം 10 മണിക്ക് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ 85 - ഓളം കുട്ടികളെ സ്വീകരിച്ചു. പ്രാർത്ഥനയോടുകൂടി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക റവറൻ്റ്: സിസ്റ്റർ അന്ന പി എ ഏവരേയും സ്വാഗതം ചെയ്‌തു. റവറൻ്റ്: ഫാദർ ആൻ്റണി രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതീകാത്മകമായ പാഠപുസ്‌തക വിതരണം പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി മേരി അഞ്ചു നിർവഹിക്കുകയുണ്ടായി. കലാകാരികളായ വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികളുടെ ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവും ആക്കി. നവാഗതരായ എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനങ്ങളും നൽകി. മാസ്റ്റർ അദ്നാൻ പോൾ നന്ദി അർപ്പിച്ചു. 11:30ന് പ്രവേശനോത്സവം പരിപാടികൾ ദേശീയ ഗാനത്തോടെ പര്യവസാനിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് എൽ പി ആൻഡ് യു പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി നിരവധി പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr.അന്ന ഒരു ലഘു പരീക്ഷണത്തിലൂടെ ദീപം കൊളുത്തി നേച്ചർ ക്ലബ്ബിന്റെയും,സയൻസ് ക്ലബ്ബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് കുട്ടികൾ മനോഹരമായി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന നൃത്തം, മരങ്ങൾ മുറിക്കരുത് എന്ന സന്ദേശം നൽകുന്ന ലഘു നാടകം, മണ്ണിനെ സ്നേഹിക്കാനും കൃഷിയെ സ്നേഹിക്കാനും നമുക്ക് പ്രചോദനം നൽകുന്ന കൊയ്ത്തു പാട്ട്.... എന്നിവ പരിസ്ഥിതി ദിനാചരണത്തിന്റെ മാറ്റുകൂട്ടി.
കൂടാതെ സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പച്ചക്കറി തോട്ടവും ജൈവവൈവിധ്യ പാർക്കും പരിപാലിക്കുകയും ചെയ്യുന്ന ഈശ്വരി ചേച്ചിയെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ആദരിക്കുകയുണ്ടായിശേഷം കുട്ടികൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും സ്കൂളിലെ പച്ചക്കറി തോട്ടം മെച്ചപ്പെടുത്തുകയും ചെയ്തു.