ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം
വാകേരിക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുള്‍ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാകേരി സിസി യില്‍ കളിസ്ഥലം നിര്‍മ്മിച്ചപ്പോള്‍ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളില്‍ മുനിയറകള്‍ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. കല്ലൂര്‍കുന്ന് ഭാഗങ്ങളില്‍ മരിച്ചവരെ കുടങ്ങളില്‍ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികള്‍ ധാരാളമുണ്ട്. പലരുടേയും പറമ്പുകളില്‍ നിന്ന് നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയില്‍ അതി പ്രാചീന കാലം മുതല്‍ക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കല്‍ ഗുഹയിലെ ശിലാ ചിത്രങ്ങള്‍ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികള്‍. ഇവയില്‍ ശ്രദ്ധിക്കേണ്ടത് എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍ എന്നിവയാണ്. എന്തെന്നാല്‍ ഇവയില്‍ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരന്‍ കെ. എന്‍ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങള്‍ ഉള്ള സ്ഥലനാമങ്ങള്‍ക്ക് 2000 വര്‍ഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കല്‍ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആര്‍ രാഘവവാര്യര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഇടക്കല്‍ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്.
മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവര്‍ണ്ണകാലമാണ്. വാകേരിക്കടുത്ത് കല്‍പ്പന എസ്റ്റേറ്റില്‍ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയല്‍ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങള്‍ പാര്‍ത്തിരുന്നു എന്നതിന്റെ തെളിവുകള്‍ വാകേരിയില്‍ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിന്‍മുറക്കാരില്‍ പ്രധാനികള്‍ ഇന്നത്തെ ആദിവാസികളാണ്.