ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന്
സ്കൂൾ ലോക്കൽ മാനേജർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു.
ഡിജിറ്റൽ അച്ചടക്കം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ, 10/06/25 ന് സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിലെ അംഗങ്ങൾ ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. സൈബർ ബുള്ളിയിംഗ് , സൈബർ ഗ്രൂമിംഗ് എന്നിവ കുറ്റകൃത്യങ്ങളാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.
വായനാവാരം
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 രാവിലെ 10 മണിക്ക് വായന ദിന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപകനായ ജേക്കബ്. സി. ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വൈജ്ഞാനിക സാഹിത്യകാരൻ സി.പ്രസാദ്. ഉദ്ഘാടനം നിർവഹിച്ചു . ചുറ്റുപാടുകളിൽ നിന്ന് കണ്ടും, കേട്ടും,തൊട്ടും, അറിഞ്ഞും അറിവുകൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപകൻ ഐസക് ഡാനിയേൽ, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, സിനി കെ എന്നിവർ ചിന്ത ധാർമിക മൂല്യങ്ങൾ എന്നിവ വളർത്തുവാൻ വായനയ്ക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഓരോ കുട്ടിയും ഓരോ ക്ലാസും വായനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന.. "എന്റെ അക്ഷരക്കൂട്ടുകാർ" എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു.
യോഗാ ദിനം
ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനം പ്രശസ്ത യോഗാപരിശീലകൻ ഷാജി കളിയച്ചന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ മനസ്സും ശരീരവും ഉണർവോടെ നിറച്ച് ആരോഗ്യത്തിന്റെ ദിശയിലേക്ക് നയിക്കുന്ന വ്യായാമ മുറകൾ പരിശീലകനോടൊപ്പം കുട്ടികളും ചെയ്യുകയുണ്ടായി.തന്മൂലം യോഗയുടെ മഹത്വം മനസ്സിലാക്കാനും അതിന്റെപ്രായോഗികമായ അനുഭവം നേടാനും കുട്ടികൾക്ക് സാധിച്ചു.