സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2024

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ 2024-25 അധ്യയനവർഷം സ്കൂളിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകനും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്. ഈ വർഷം കലാപത്തിൻ്റെ കയ്പിൽനിന്ന് വിദ്യയുടെ മധുരമാസ്വദിക്കാൻ വന്ന 49 കുട്ടികൾ പ്രവേശന പരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പ്രവേശനോത്സവ പരിപാടികൾ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പുനക്കുളം അധ്യക്ഷത വഹിച്ചു. തിരുവല്ല ഡി വൈ എസ് പി അഷാദ് മുഖ്യാതിഥിയായിരുന്നു. അധ്യാപകർ അവതരിപ്പിച്ച ഹ്രസ്വ ചലച്ചിത്രം മികവ് കുട്ടികൾ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും കത്തിച്ച ദീപം കൈമാറിയാണ് അധ്യാപകർ സ്വാഗതം ചെയ്തത്. വെടിയൊച്ചകളുടെ ശബ്ദമില്ലാതെ ആക്രമണങ്ങളുടെ ഭീകരത ഇല്ലാതെ ഉറ്റവരെ നഷ്ടപ്പെട്ടവരായ മണിപ്പൂരിൽ നിന്നുമെത്തിയ 49 കുട്ടികൾ ദുരിത കാലങ്ങൾ മറന്ന് കേരള മണ്ണിൽ പ്രതീക്ഷയുടെ ചിറകുകൾ വെച്ച് വിഹായസ്സിലേക്ക് കുതിക്കുകയാണ്... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ... ഇവരുടെ നൃത്തവും സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി. വന്നെത്തിയ ആത്മീയ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിന്നുള്ളവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. കേരളത്തിലെ വിവിധ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയവൺ, മനോരമ തുടങ്ങിയ ചാനലുകൾ ലൈവായി പരിപാടി സംപ്രേഷണം ചെയ്തു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

പ്രവേശനോത്സവം - 2024
പ്രവേശനോത്സവം - 2024
പ്രവേശനോത്സവം - 2024


യോഗാദിനാചരണം

തിരുവല്ല: പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.സി.സി.യൂണിറ്റിൻ്റ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു.യോഗാചാര്യൻ മുരളികൃഷ്ണൻ ക്ലാസ്സ് നയിച്ചു.ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്നും മാനസീകവും ശാരീരികവുമായ ഉന്നമനത്തിനായി യോഗാ പരിശീലനം ജീവിത ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനം നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയതു. പ്രഥമാധ്യാപകൻ ഷാജി മാത്യു, ഫാ.ഫിലിപ്പ് തായില്ല്യം, എൻ.സി.സി.എ.എൻ.ഒ.മെൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.

NCC Cadets-യോഗാദിനാചരണം

പരിസ്ഥിതി ദിനാചരണം -2024

ഭൂമി പുനസ്ഥാപിക്കൽ, ഭൂവൽക്കരണം, വരൾച്ച, പ്രതിരോധം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സന്ദേശം. നമ്മുടെ പ്രകൃതിക്ക് വേണ്ടി ഒരു ദിനം. പരിസ്ഥിതിയെപറ്റി ഒരു അവബോധമുണ്ടാക്കുക - ഓരോ പരിസ്ഥിതി ദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ സെൻ്റ തോമസ് ഇരുവള്ളിപ്ര സ്കൂളിൽ ഏറെ സമുചിതമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനധ്യാപകൻ ബഹു ഷാജി മാത്യു സാർ സംസാരിക്കുകയുണ്ടായി. സ്കൂൾ ലോക്കൽ മാനേജർ ഫാദർ വർഗ്ഗീസ് ചാമക്കാലയിൽ ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നടുകയുണ്ടായി. പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽക്കാനാവില്ലെന്നും പ്രകൃതി പരിപാലനം n നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഫാദർ കുട്ടികളെ ഓർമ്മിപ്പിച്ചു. ഫാദർ ഫിലിപ്പ് തായില്ല്യം നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.