ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി.

21/06/2024

ചെറുപുഴ :ആരോഗ്യമുള്ള പുതു തലമുറയ്ക്ക് യോഗ എന്ന ആശയത്തോടെ ചെറുപുഴ ജെ എം യു പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം യോഗ ' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന യോഗ പരിശീലന പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. പഠന വിടവ് നികത്താനും കൂടുതൽ ഊർജസ്വലതയോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗ പരിശീലിക്കുന്നതോടെ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. പഠനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി. എം.ബി ഷീബ ടീച്ചർ പരിശീലന ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്  പി.ലീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്ലോജസ് ജോണി സ്വാഗതവും   സി.കെ രജീഷ്ന ന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സിയോണ മരിയ, ഇസമരിയ റോബിൻ, ആദിഷ് രതീഷ്, സി.കെ.രഥു കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു.

19/06/2024

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മലയാള അക്ഷരമാലയിലെ ആദ്യ അക്ഷരമായ അ എന്ന അക്ഷരദീപം തെളിയിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുഞ്ഞു കരങ്ങളിൽ കുഞ്ഞു മാസിക എന്ന ഈ പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് സംഘടിപ്പിച്ചത്. അവധിക്കാലത്തെ കൂടുതൽ പുസ്തകങ്ങൾ വായിച്ച  കുട്ടികൾക്കായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടികൾ പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.ഇ.സീമ അധ്യക്ഷയായി. അക്ഷരപ്പാട്ട് പാടി എൻ.വി. പ്രകാശൻ മാസ്റ്റർ കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി. സമ്മാനവിതരണം പി. ലീന നടത്തി.പി.വി. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

03/06/2024

ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അന്തരിച്ച മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയതിൻ്റെ ലൈവ് സംപ്രേക്ഷണം നടത്തിപുതുതായി നിർമ്മിച്ച അടുക്കളയുടെ പാലുകാച്ചൽ ചടങ്ങും നടന്നു. പുത്തൻ പ്രതീക്ഷകളുമായി എത്തിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മധുരപലഹാര വിതരണവും നടത്തി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.