ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി.
ഹരിജനങ്ങൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1972 ലാണ് ആദ്യമായി ഒരു മുസ്ലീം വിദ്യാർത്ഥി പഠനത്തിന് ചേരുന്നത്. 1966 ൽ വെൽഫെയർ ഡിപ്പാർഡ്മെൻറിൽ നിന്ന് സർക്കാർ ഏറ്റെടുക്കുകയും ഗവ: വെൽഫെയർ എൽ.പി.സ്കുൾ ആകുകയും ചെയ്തു പിന്നീട് വാടകയിൽ പ്രവർത്തിച്ചിരുന്ന സ്കുൾ ഉൾപ്പെടുന്ന സ്ഥലം കൈമാറ്റം ചെയ്യപ്പെടുകയും സ്കുൾ സ്ഥലത്ത് ഷോപ്പിങ്ങ് കോപ്ലക്സ് ഉണ്ടാക്കാൻ കെട്ടിട ഉടമ ശ്രമിക്കുകയും ചെയ്തു. ശക്തമായ പ്രക്ഷോഭത്തിൻറെ ഫലമായി പി.ടി.എ ക്ക് അനുകൂലമായി വിധി കോടതിയിൽ നിന്ന ലഭിക്കുകയുണ്ടായി. തുടർന്ന് പഞ്ചായത്തും പി.ടി.എ യും കെട്ടിട ഉടമയും തമ്മിലുണ്ടായ അനുരഞ്ജനചർച്ചയുടെ ഫലമായി സ്കുൾ കെട്ടിടവും അതു നിൽക്കുന്ന സ്ഥലവും ഉടമക്ക് വിട്ടു കൊടുക്കുകയും തോട്ടടുത്ത് ഉണ്ടായിരുന്ന കെട്ടിട ഉടമയുടെ 17.13 സെൻറ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും ചെയ്തു. എസ്.എസ്.എ യുടെയും പഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും 8.7.2010 ന് ഉൽഘാടനം ചെയ്യുകയും ചെയ്തു.ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഫറോക്ക് ടൌണിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് സമീപം തന്നെയാണ് ചരിത്രപ്രസിദ്ധമായ ടിപ്പുവിൻറെ കോട്ട സ്ഥിതിചെയ്യുന്നത്.