കെ.എം.എം.എ.യു.പി.എസ് ചെറുകോട്/എന്റെ ഗ്രാമം
എന്റെ നാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിൽ പ്പെട്ട പോരൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ചെറുകോട് എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കൊച്ചു കൊച്ചു കുന്നുകളും,മലകളും താഴ്വരകളും സമതലപ്രദേശങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി.നെല്ല്,കമുക്,റബ്ബർ കപ്പ ,ഏത്തവാഴ,എന്നിവയാണ് മുഖ്യ കാർഷികവിളകൾ.ജനങ്ങളിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ്.
പുരാതന ഇരുമ്പുയുഗ സംസ്കൃതിയിലും പിന്നീടുവന്ന സംഘകാല സംസ്കൃതിയിലും ഈ നാടിൻറെ സാന്നിധ്യം വ്യക്തമായി ദർശിക്കാവുന്നതാണ്. മഹാശിലാസംസ്കൃതിയുടെ അവശേഷിപ്പുകളായ നന്നങ്ങാടികളും ,കല്ലറകളും സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ നിന്നു കണ്ടെത്തുകവഴി ഈ പ്രദേശത്തെ ജനവാസത്തിന് ചരിത്രാതീത കാലത്തോളം പഴക്കം കാണുന്നു. പ്രദേശത്തെ പല സ്ഥലനാമങ്ങളും ഉദാ :പാലക്കോട്,പാട്ടരയ്ക്ക മുണ്ടിയൻ കാവ് ,തേവർപൊയിൽ ,പോരൂർ,ചേരിപ്പറമ്പ് തുടങ്ങി ഒട്ടേറെ സ്ഥലനാമങ്ങൾ,സംഘകാലത്തെ ഓർമ്മിക്കുന്നതാണ് .
ചരിത്ര പ്രസിദ്ധമായ ശാസ്തവങ്ങോട്ടുപുറം ക്ഷേത്രം , പോരൂർ ക്ഷേത്രം, എടപ്പുലം ജുമാമസ്ജിദ് എന്നിവ പ്രദേശത്തെ പഴമ വിളിച്ചോതുന്നതാണ്. ദേശീയ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ സംഭാവന ചെയ്ത നാടാണ് ഇത് . മമ്മു മൗലവി, മുദ്രക്കാരൻകുഞ്ഞാലൻ മൊല്ല , മമ്മുണ്ണിക്കുട്ടി, വടക്കുപറമ്പൻ അയമ്മുമൊല്ല, മധുരക്കറിയൻ ഇബ്രാഹിം , പോക്കർ, നീലാണ്ടൻപൊങ്കിയിൽ , മമ്മുണ്ണി ഹാജി എന്നിവർ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചവരാണ് . പിന്നീട് ഇവരെ അന്തമാനിലേക്ക് നാടുകടത്തി .
ചികിത്സാ രംഗത്തും, ജ്യോതിഷ്യരംഗത്തും ഈ പ്രദേശം പുറം നാടുകളിൽ അറിയപ്പെട്ടു.
വിവിധ മതങ്ങളിലും, ജാതിയിലും പെട്ട ആളുകൾ സഹോദര്യത്തോടുകൂടി വസിക്കുന്ന ഈ നാട് മതമൈത്രിയുടെ കാര്യത്തിൽ മാതൃകയാണ് .
പൊതു സ്ഥാപനങ്ങൾ
- പോരൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം
- പോരൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
- കെ.എം.എം.എ.യു .പി സ്കൂൾ ചെറുകോട്