നൊച്ചാട് എച്ച്. എസ്സ്.എസ്സ്./എന്റെ വിദ്യാലയം
- ഓർമ്മകളിൽ ഇന്നും നിറയുന്ന പഴയ നൊച്ചാട് ഹൈസ്കൂൾ
.............................. പ്രകാശൻ വെള്ളിയൂർ
വെള്ളിയൂർ യു.പി. സ്കൂളിൽ നിന്ന് ഏഴാം ക്ലാസ്സ് ജയിച്ചപ്പോൾ അച്ഛൻ എന്നെ നൊച്ചാട് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർത്തു. കല്ല് കൊത്ത് കുഴികൾ നിറഞ്ഞതായിരുന്നു ചെറിയ ഗ്രൗണ്ടിന്റെ ഇരു ഭാഗങ്ങളും. ഒരു മലയുടെ താഴ്വരയിൽ അക്ഷര വെളിച്ചം തെളിയുന്ന ക്ലാസ്സ് മുറികൾ. ഇവിടെ പഠിച്ചിരുന്ന കുട്ടികൾ കൂടുതലും പ്രായം കൊണ്ട് മുതിർന്നവരായിരുന്നു. ജില്ലയിലെ തന്നെ സമരാവേശങ്ങളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു സ്കൂളിൽ. താഴത്തെ ഭാഗത്ത് ആറോളം ക്ലാസ്സ് മുറികൾ ഉണ്ട്. ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് പണിത മേൽക്കൂരയായിരുന്നു. അന്നത്തെ മിക്ക വിദ്യാലയങ്ങളിലുമെന്ന പോലെ, പാതിയിലധികം തുറന്നിട്ടവയായിരുന്നു അന്നത്തെ ക്ലാസ്സിന്റെ ചുമരുകൾ. ഒരു കാറ്റും മഴയും വന്നാൽ ക്ലാസ്സ് മുറികളിൽ നിറയെ വെള്ളം കയറും.
മുകൾഭാഗത്താണ് പത്താം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത് 4 ക്ലാസ്സ് മുറികളും ചെറിയ ഒരു വരാന്തയും. ആ വരാന്തയിൽ നിന്ന് താഴേക്ക് ഇരുപതടിയോളം താഴ്ചയുണ്ടായിരുന്നു. അവിടെ നിന്ന് അബദ്ധത്തിൽ താഴോട്ട് വീണ പല കുട്ടികൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഗ്രൗണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സേവന വാരത്തിലൂടെ കുട്ടികൾ തന്നെ നിരത്തിയെടുത്തതാണ്. അന്ന് സേവന വാരത്തിൽ കുട്ടികൾ ഒരു പാട്ട് പാടാറുണ്ടായിരുന്നു.
കല്ലും കൊത്ര നിറഞ്ഞൊരു ഗ്രൗണ്ട്
എന്നും നിരക്കാത്തഗ്രൗണ്ട്,
ഇന്നാൾക്കിന്നതാണെ-
ന്നെഴുതി വെച്ചല്ലോ മാഷ് ബുക്കിൽ.
അതിൽ ഞാനൊരു കൊത്തുകാരൻ
കുട്ടികൾ നൂറുണ്ട്...... കൊത്തുവാനാളുണ്ട്.
അവർക്കുള്ളിൽ വാശിയുണ്ട്.
അടുത്തുള്ള X-A അടുത്തുള്ള X-B
ഇരുവർക്കും വാശിയുണ്ട്.
ഏതോ അധ്യാപകനെഴുതിയ പാരടികൾ കുട്ടികൾ ആവേശത്തോടെ പാടാറുണ്ടായിരുന്നു. അതിനു മുകൾഭാഗത്ത് എൽ ഷെയിപ്പിൽ 5 മുറികളിൽ എട്ടാം ക്ലാസ്സുകാരായിരുന്നു പഠിച്ചിരുന്നത്. മേൽക്കൂര ഓലയായിരുന്നു. മഴവന്നാൽ നനഞ്ഞൊലിക്കും. അവിടെ ഒരു സ്റ്റേജ് ഉണ്ടായിരുന്നു. അവിടെ വെച്ചായിരുന്നു കലാ പരിപാടികൾ നടക്കാറുള്ളത്. ഏറ്റവും മുകളിൽ വലിയൊരു ഗ്രൗണ്ടും ഓട്ടവും ചാട്ടവും അവിടെ വെച്ചായിരുന്നു. പിന്നെ തട്ടു തട്ടായുള്ള മല ആ മലയിൽ റബ്ബർ മരങ്ങൾ. സ്കൂളിലേക്ക് കുട്ടികളെല്ലാം അന്ന് നടന്നായിരുന്നു വന്നിരുന്നത്. കായണ്ണ, മൊട്ടന്തറ, ചെറുക്കാട്, കരുവണ്ണൂർ, മുളിയങ്ങൽ, നൊച്ചാട്, ചാലിക്കര ഭാഗങ്ങളിൽ നിന്നായിരുന്നു മിക്ക കുട്ടികളും പഠിക്കാൻ വന്നത്. ഏലിയമ്മ ടീച്ചർ, റോസമ്മ ടീച്ചർ, വാസു മാഷ് ,ചെറിയ കുഞ്ഞിരാമൻ മാഷ്, കുഞ്ഞിരാമൻ മാഷ്, മലയാളം അധ്യാപകൻ വാസുദേവൻ മാഷ്, കുഞ്ഞികൃഷ്ണൻ മാഷ് , ഡ്രോയിങ് അധ്യാപകൻ കുട്ടികൃഷ്ണൻ മാഷ്, രാഘവൻ മാഷ് എന്നിവരടങ്ങിയ വലിയൊരു കൂട്ടം അദ്ധ്യാപകർ. അറിവിന്റെ വെട്ടങ്ങൾ പകർന്നു തന്നവർ. കുഞ്ഞിരാമൻ മാഷും, രാഘവൻ മാഷും സുഹൃത്തുക്കളായിരുന്നു. ഹെഡ് മാസ്റ്ററായിരുന്നത് അബ്ദുള്ള മാസ്റ്ററാണ്. അദ്ദേഹം നല്ല ഒരധ്യാപകനായിരുന്നു. എല്ലാവരും ഗൗരവക്കാരാണെങ്കിലും കുട്ടികളോട് സുഹൃത്തുക്കളെ പോലെയാണ് പെരുമാറിയിരുന്നത്. വാസു മാഷെ അന്നത്തെ പഠിതാക്കളാരും മറക്കില്ല. പഠനത്തിന്റെ കാര്യത്തിൽ ഏറ്റവും സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ രാഘവൻ മാസ്റ്ററെക്കാൾ മുമ്പൻ മറ്റൊരാളുമില്ല. സ്കൂളിനോട് അത്രയധികം ആദരവ് പുലർത്തിയ ഒരധ്യാപകനെ എന്റെ ജീവിതത്തിൽ ഞാനിതുവരെ പിന്നീട് കണ്ടിട്ടില്ല. വടക്ക് ഭാഗത്തെ ഇടവഴിയിലൂടെ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിലേക്ക് വരാറുണ്ടായിരുന്നു. ആ ഭാഗത്തുകൂടെയാണ് രാഘവൻ മാഷും സ്കൂളിലേക്ക് വരാറുള്ളത്. അബ്ദുള്ള മാഷ് ഹെഡ് മാസ്റ്ററായ സമയത്ത് ഞങ്ങൾ വെള്ളിയൂർ യു.പി. സ്കൂളിൽ നിന്ന് ഹൈസ്കൂളിൽ സമരവുമായി വന്നിരുന്നു. അന്ന് അബ്ദുള്ള മാഷ് രസകരമായി ഞങ്ങളോട് ചോദിച്ചു തോക്കിലേക്കാണോ വെടി വെക്കുന്നതെന്ന്. പത്താം ക്ലാസ്സിൽ നിന്ന് തോറ്റപ്പോൾ എനിക്ക് കണക്ക് വിഷയത്തിൽ കിട്ടിയ മാർക്ക് 6-5 ഇങ്ങനെയായിരുന്നു. എന്നാൽ, പിന്നീട് സമാന്തര വിദ്യാലയമായ യൂനിവേഴ്സലിൽ പഠിച്ച് ഞാൻ ജയിച്ചു 213 മാർക്ക് കിട്ടി. ഒരു രസകരമായ സംഭവം ഓർക്കുകയാണ്. ഞങ്ങൾ ഒരു തെരുവുനാടക ഗ്രൂപ്പുണ്ടാക്കി നാടകം കളിക്കാറുണ്ടായിരുന്നു. രാഘവൻ മാഷോട് ചോദിക്കാതെ മിക്ക ദിവസങ്ങളിലും സ്കൂളിലെ സ്റ്റേജിൽ വെച്ച് റിഹേഴ്സൽ നടത്തും. ഒരു ദിവസം രാത്രി 12 മണിക്ക് റിഹേഴ്സൽ തുടരുമ്പോൾ ടി.പി. ജയരാജൻ എന്നോട് വന്നു പറഞ്ഞു രാഘവൻ മാഷ് കോണിയിൽ നിന്ന് നോക്കി താഴേക്ക് പോയെന്ന്. ഞാൻ വിചാരിച്ചു എന്നെ രസമാക്കാൻ വേണ്ടി പറഞ്ഞതാണെന്ന്. നീ അയാളോട് എന്റെ അടുത്തേക്ക് വരാൻ പറ അയാളെ ഞാൻ നാടകം പഠിപ്പിക്കാമെന്ന് അപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു. സത്യത്തിൽ വന്നത് രാഘവൻ മാഷായിരുന്നു. പിറ്റേ ദിവസം സ്കൂളിലെ സഹായി പുതുവാണ്ടി ചെക്കോട്ടിയും, പ്യൂൺ അഹമ്മത്ക്കായും എന്നെ തിരഞ്ഞ് വന്നു രാഘവൻ മാഷെ ചെന്ന് കാണണമെന്നു പറഞ്ഞു. അപ്പോഴാണ് തലേ ദിവസത്തെ അബദ്ധം മനസിലായത്. മാഷെന്നെ കുറെ ചോദ്യം ചെയ്തു, ഞാനന്ന് ഒരു കുഴപ്പക്കാരനായിരുന്നു. എന്റെ ഭാവം മാറി ഞാൻ സ്കൂളിൽ നിന്നുമിറങ്ങിപ്പോന്നു. പിന്നീട് ചെക്കോട്ടി വന്നു പറഞ്ഞു നിങ്ങൾക്ക് നാടകം നടത്താൻ മാഷ് അനുമതി തന്നിട്ടുണ്ടെന്ന്. ഞാൻ എന്നും ബഹുമാനിക്കുന്ന ഒരധ്യാപകനാണ് രാഘവൻ മാഷ്. ഓർമ്മകളിൽ വസന്തം വിരിയാറുള്ളത് പഴയ ആ പഠനകാലത്തെ ഓർക്കുമ്പോഴാണ്. അന്നെനിക്ക് പഠിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. എന്നും സമരം നടക്കട്ടെയെന്ന് ചിന്തിക്കും. ചില അധ്യാപകർ മുദ്രാവാക്യം പോലും എഴുതിത്തരും. സമര ദിവസങ്ങളിൽ അവർ സ്റ്റാഫ്റൂമിൽ നിന്നും കേരംബോർഡ് കളിക്കും വാസു മാഷ്, ചെക്കോട്ടി, അഹമ്മത്ക്ക, കുട്ടിക്കൃഷ്ണൻ മാഷ് എന്നിവർ. ചിലപ്പോൾ കളിക്കാൻ എന്നെയും കൂടെ കൂട്ടും. പിന്നീട് എത്രയെത്ര പേർ വന്നു പഠിച്ചു പിരിഞ്ഞു പോയി. എത്രയെത്ര നല്ല അധ്യാപകർ.... എത്രയോ പേരുടെ നല്ല ഭാവി നെയ്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. അന്നത്തെ അധ്യാപകരായിരുന്നു ഈ പ്രദേശത്തിന്റെ വെളിച്ചമായി നിലക്കൊണ്ടത്. ഈ വിദ്യാലയം ഇനിയുംഎത്രയോ കാലം നിലനിൽക്കട്ടെ, മികച്ച അധ്യാപകർ കുട്ടികൾക്ക് അറിവ് പകരട്ടെ....
"കാലമിനിയുമുരുളും
വിഷു വരും, വർഷം വരും
തിരുവോണം വരും
പിന്നെയോരോ തളിരിലും പൂവരും കായ് വരും
അപ്പോൾ ആരെന്നുമെന്തെന്നും
ആർക്കറിയാം." - എൻ. എൻ. കക്കാടിന്റെ വരികളോർത്തു കൊണ്ട്...നിർത്തട്ടെ.
- എന്റെ ഹൈസ്കൂൾ ഓർമ്മകൾ
...........................കുഞ്ഞിക്കണ്ണൻ ചെറുക്കാട്.
1969ലാണ് എട്ടാം ക്ലാസ്സിൽ ചേർന്ന് പഠിക്കാനായി ഞാൻ നൊച്ചാട് ഹൈസ്കൂളിലെത്തുന്നത്. വീട്ടിൽനിന്ന് അഞ്ചോളം കിലോമീറ്റർ നടന്നു വേണം സ്കൂളിലെത്താൻ. ചെറിയ ഒരു കുന്നിൻ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. താഴെ ഭാഗം മുഴുവനും കല്ല് വെട്ടുകുഴികൾ കുന്നിൻ മുകളിൽ മരത്തടി അപ്പാടെ തൂണായി നാട്ടി അതിൽ തെങ്ങിന്റെ തടിയിൽ തീർത്ത ഉത്തരങ്ങളും ഓലമേഞ്ഞ മേൽക്കൂരയും. വനമ്പ് കൊണ്ട് പാതിഭാഗം മാത്രം മറച്ച ക്ലാസ്സ് മുറികൾ. പല ദിക്കുകളിൽനിന്നും വന്നെത്തുന്ന കുട്ടികളിൽ ഏറെപേരും മുതിർന്നവരായിരുന്നു. അവരിൽ ചിലർ നേതാക്കളുമായിരുന്നു, അവർ തന്നെ കുഴപ്പക്കാരും.
വിദ്യാർത്ഥി സമരം എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. തുടക്കത്തിൽ വലിയ ഭയം തോന്നി. മുതിർന്ന കുട്ടികൾ സമര സജ്ജരായി ജാഥയായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി എത്തുകയായി. അദ്ധ്യാപകരെ അവർക്കു ഭയമില്ലായിരുന്നു. വേറെ സ്കൂളിൽ പയറ്റി തെളിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. "വെയ് പുസ്തകം താഴെ, വാ വാ ഞങ്ങടെ കൂടെ" ആവേശകരമായ മുദ്രാവാക്യം ഞങ്ങളിൽ ചിലരെ വല്ലാതെയാകർഷിച്ചു. ആദ്യ ദിവസങ്ങളിലൊക്കെ പകച്ച് അകന്നു നിന്നെങ്കിലും ചില ദിവസങ്ങളിൽ സമരത്തിനിറങ്ങാൻ അവർ നിർബ്ബന്ധിച്ചു. ഇറങ്ങിയവർ നേതാക്കളുടെ പിടിയിലമർന്നു. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരമായി. സമരക്കാർ തന്നെ ലോങ്ങ് ബല്ലടിച്ച് ക്ലാസ്സ് വിടുവിക്കും. അത് പതിവായി തുടങ്ങി. നാട്ടുകാർക്കും കച്ചവടക്കാർക്കും വരെ ശല്യമായി തുടങ്ങിയതോടെ പോലീസിന്റെ വരവായി. ലാത്തിയുമായി ഓടിയെത്തുന്ന പേലിസുകാരെ ഭയന്ന് ഓടി രക്ഷപ്പെട്ട സംഭവങ്ങളുണ്ടായി. എന്നിട്ടും കുഞ്ഞിരാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, വാസു മാസ്റ്റർ, അബ്ദുളള മാസ്റ്റർ തുടങ്ങിയവർ സൗമ്യമായിത്തന്നെ പെരുമാറുമായിരുന്നു. ഞങ്ങളെ പഠിപ്പിച്ച പല അദ്ധ്യാപകരും വിവിധ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായി പോവുകയുണ്ടായി. രാഘവൻ മാസ്റ്റർ ഇരുപതുവർഷം ഹെഡ്മാസ്റ്ററായും ഹയർ സെക്കണ്ടറിയായി സ്കൂൾ ഉയർത്തിയപ്പോൾ ഏതാനും വർഷം അതിന്റെ പ്രിൻസിപ്പലായും തുടർന്നു.
തുടക്കത്തിൽ നൊച്ചാട് സ്കൂളിന്റെ പാശ്ചാത്തല വികസനം വളരെ പിന്നോക്കമായിരുന്നു. നാട്ടുകാരുടെയും സഹാദ്ധ്യാപകരുടെയും സഹകരണത്തോടെ ആ സ്ഥിതി മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് രാഘവൻ മാസ്റ്റർ ഒരു സന്ദർഭത്തിൽ പറഞ്ഞതോർക്കുന്നു. പിൽക്കാലത്ത് മാനേജ്മെന്റ് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതോടെ വിദ്യാർത്ഥി സമരത്തിൽ കുറവ് വരികയും സ്കൂളിന്റെ നിലവാരം ഉയരാൻ തുടങ്ങുകയും ചെയ്തു.
ആദ്യകാല ബാച്ചുളിൽ പുറത്തിറങ്ങിയ ഞങ്ങളിൽ പലർക്കും സർക്കാർ ജോലിയോ അദ്ധ്യാപക ജോലിയോ ലഭിച്ചിരുന്നു. ചിലരെയൊക്കെ ജീവിത വഴികളിൽ കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിലും പഴയ സഹപാഠികളെയെല്ലാവരെയും നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് നടക്കാനിടയില്ലെന്നുമറിയാം. നമ്മുടെ അദ്ധ്യാപകരുടെയും സ്കൂളിന്റെയും ഇന്നത്തെ ഉയർച്ചയിൽ ഏറെ അഭിമാനം കൊളളുന്നു.