ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പൂവച്ചലിന്റെ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/''' പൂവച്ചലിന്റെ ചരിത്രം ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പൂവച്ചലിന്റെ ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാദേശിക ചരിത്രം-പൂവച്ചലിന്റെ ചരിത്രം-പൂക്കൾക്കൊരിടം

സ്ഥലനാമചരിത്രം

പ്രാദേശിക ചരിത്ര രചനയിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് സ്ഥലനാമചരിത്രം. ഓരോ സ്ഥലനാമമായ ആ പ്രദേശത്തിന്റെ ചരിത്രമോ, പരിസ്ഥിതിയോ, പ്രകൃതിയോ, ഭൂസ്ഥിതി യോ,സാമൂഹ്യഘടനയോ, വിശ്വാസമോ,ഉൾക്കൊള്ളുന്നത് ആയിരിക്കാം. ഒരു സ്ഥലത്തിന്റെ പേരിൽ പ്രത്യക്ഷമായ തെളിവുകളോ, പരോക്ഷമായ സൂചനകളോ, ഉണ്ടാകാം. കാലങ്ങൾകഴിയുന്നതനുസരിച്ചു പേരിന് പലതരത്തിൽ രൂപമാറ്റം സംഭവിച്ചിരിക്കാം. എന്നിരുന്നാലും ഒരു പ്രദേശത്തിന്റെ പേര് അതിന്റെ ചരിത്രത്തിലേക്കുള്ള വഴിവിളക്കാണ്.

പൂവച്ചൽ എന്ന സ്ഥലനാമം ആ പ്രദേശത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൂടുതലും ഇടനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശം മലനാടിനെയും തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു എന്നത്. "പൂവച്ചൽ " എന്ന പേരിൽ നിന്ന് വ്യക്തമാണ് വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിൽ എത്തിക്കുന്നവർക്ക്‌ വഴിയിൽ "പൂവച്ച് " വിശ്രമിക്കാൻ ഒരുക്കിയ ഇടം "പൂവച്ചൽ" ആയി മാറി എന്നാണ് സ്ഥലനാമ പഠനം നടത്തുന്നവരുടെ അഭിപ്രായം .

കുറ്റിച്ചൽ, ആമച്ചൽ,ഊരച്ചൽ, പള്ളിച്ചൽ എന്നിങ്ങനെ "ചാൽ " സാമാന്യ വാചിയായ് വരുന്ന സ്ഥലനാമങ്ങൾ കാട്ടാക്കടയിൽ നിരവധിയുണ്ട്.

വെള്ളമൊഴുകാറുള്ളതോ നീരൊഴുക്കിന്റെ സാമീപ്യമുള്ളതോ ആയ ചരിഞ്ഞ പ്രദേശമെന്നാണ് "ചാൽ" എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. പൂവച്ചൽ എന്ന സ്ഥലനാമത്തിൽ വിശേഷ വാചിയായി വരുന്ന "പൂവ്വ" വൃക്ഷനാമമാണ്

അയണി മൂട്ടിൽ ശാസ്താവിനെ പൂർവ്വ സ്ഥാനം പൂവ്വ

മരച്ചവട്ടിലായിരുന്നു. പൂവ്വ വൃക്ഷത്തിന്റെ സവിശേഷത കൈ വന്നതും അടയാളമായും അങ്ങനെയാണ്.

ജനജീവിതം അന്നും ഇന്നും

1. കെട്ടിടം

പണ്ടുകാലത്ത് ഓലയും പനയോലയും കൊണ്ടുള്ള കുടിലുകൾ ആയിരുന്നു കൂടുതലായും കാണപ്പെട്ടിരുന്നത്. ചാണകവും കരിയും കൊണ്ടുമെഴുകിയ തറയായിരുന്നു. സമ്പന്നരുടെ വീടുകളിൽ മാത്രം മുട്ടത്തോടും കരിയും കൊണ്ടുള്ള തറയായിരുന്നു.

ഇപ്പോൾ ടെറസ്സ്, ഷീറ്റ് എന്നിങ്ങനെയുള്ള കെട്ടിടങ്ങളായിരുന്നു കൂടുതൽ.സിമന്റും, ടൈലും ,.ഉള്ള തറകളാണ്.

2. കുടിവെള്ളം

പണ്ടുകാലത്ത് നീരുറ വകളെയും,കുളങ്ങളെയും, പുഴകളെയും,തോടുകളെയും, അരുവികളെയും, ആയിരുന്നു കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. അന്നത്തെ കാലത്ത് ജനങ്ങൾ മൈലുകൾ താണ്ടി ആയിരുന്നു കുടിവെള്ളം ശേഖരിക്കാൻ പോയിരുന്നത്.

ഇപ്പോഴത്തെ കാലത്ത് ജനങ്ങൾ കുടിവെള്ളത്തിനായി കിണറുകളെയും, പൈപ്പുകളെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് കുടിവെള്ളത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പണ്ടുകാലത്തെ ജലസ്രോതസ്സുകളെ സംരക്ഷിക്കാനോ നിലനിർത്താനോ ആരും ശ്രമിക്കുന്നില്ല.

3. ഭക്ഷണം

അന്നും ഇന്നും അരി തന്നെയാണ് മുഖ്യാഹാരം. പണ്ട് കാലത്ത് പഴങ്കഞ്ഞിയും മരച്ചീനിയും ആയിരുന്നു അവരുടെ പ്രധാനാഹാരം. ഇത് കഴിച്ചായിരുന്നു

അവർ വിശപ്പകറ്റിയിരുന്നത്.

ഇപ്പോഴത്തെ കാലത്ത് പല രീതിയിലുള്ള ഭക്ഷണസാധനങ്ങളാണ് കഴിക്കാൻ ഉപയോഗിക്കുന്നത്.

4. രോഗം

പണ്ട് കാലത്ത് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ നാട്ടുവൈദ്യൻ സഹായത്തോടുകൂടി പച്ചിലമരുന്നുകളും നാട്ടുചികിത്സയോടു കൂടി രോഗങ്ങൾ മാറ്റിയിരുന്നു.

ഇപ്പോഴത്തെ കാലത്ത് ജനങ്ങൾ ആയുർവേദചികിത്സയിൽ നിന്നും അലോപതി യിലേക്ക് മാറിക്കഴിഞ്ഞു. എന്ത് രോഗം വന്നാലും ആശുപത്രിയിലെ ചികിത്സയെ ആശ്രയിക്കുന്നു.

5. വസ്ത്രധാരണം

പണ്ടുകാലത്ത് സ്ത്രീകൾ മുണ്ടും നേരിയതുമായിരുന്നു ധരിച്ചിരുന്നത്.പുരുഷൻന്മാർ മുണ്ടും തോർത്തുമാണ് ധരിച്ചിരുന്നത്.

ഇപ്പോഴത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും മോഡേൺ വസ്ത്രങ്ങളാണ് ധരിക്കുന്നത്.

കാർഷികോപകരണങ്ങൾ

മൺവെട്ടി,പിക്കാസ്,കോടാലി,അരിവാൾ,മുതലായവയുടെ സ്ഥാനത്ത് യന്ത്രങ്ങൾ വന്നതോടെ കാർഷിക തൊഴിലിലും മാറ്റങ്ങളുണ്ടായി.

വിദ്യാഭ്യാസം

സാധാരണക്കാരായ മനുഷ്യർ, പണ്ട് പഠനത്തെ ഉയർന്നവന് മാത്രം എന്നു കരുതി മാറ്റിനിർത്തിയിരുന്നു.സ്ത്രീകളെയും കുട്ടികളെയും പഠിപ്പിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.പിന്നീട് പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇന്ന് കുട്ടികളെ സ്കൂളിൽ വിടാൻ മത്സരിക്കുകയും ചെയ്യുന്നു.ഇന്ന് സ്ഥിതി മാറി.

ഗതാഗതമാർഗങ്ങൾ

അന്ന് കാളവണ്ടിയാണ് പ്രധാന ഗതാഗതമാർഗം.മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ കൂടുതൽ റെയിൽവേ ലൈനുകളും മറ്റും വന്നു

ചരിത്ര നായകന്മാർ

ഒരു പ്രദേശം പ്രശസ്തമാകുന്നത് അതിലെ ജനങ്ങളിലൂടെ ആണ്. പൂവച്ചലിന്റെ യശസ്സുയർത്തിയ വ്യക്തികൾ ചരിത്രത്തിലെ സവിശേഷമായ സാന്നിധ്യങ്ങൾ ആണ്. പാരമ്പര്യവുമായി ബന്ധപ്പെട്ട കേരളീയ കലകൾ ഒരു സംസ്കൃതിയുടെ തെളിവുകളാണ്. പൂവച്ചലിൽ ഇങ്ങനെയുള്ള അനേകം കലാകാരന്മാരെ നമുക്ക് കാണാൻ സാധിക്കും. പൂവച്ചൽ വളയിട്ടാശാന്റെ റിട്ടു വീശു കളിയും, പൂവച്ചൽ ഷണ്മുഖ ആശാന്റെ തിരുവാതിര വിദ്യാലയവും, പന്നിയോട് ലാസർ, ആനാകോട് ഗോപാലപിള്ള എന്നിവരുടെ കാക്കാരു കളിയും, പൂവച്ചൽ ആലയിൽ രാമകൃഷ്ണപിള്ളയുടെ ഹരി - കഥ പ്രസ്ഥാനവും, വട്ടകുളം സനൽ ( ചിത്ര ശില്പകല), പൂവച്ചൽ വാസുകാണിയുടെ കമ്പടമ്പ് കളിയും , പൂവച്ചൽ കാവ് മൂലയിൽ ശങ്കരപ്പിള്ളയുടെ പരിചകളിയും, പന്നിയോട് കുഞ്ഞുകുഞ്ഞു ആശാനും ഒക്കെ പൂവച്ചലിന്റെ അറിയപ്പെടാതെപോയ അഭിമാന താരങ്ങളാണ്.

കാട്ടാക്കടയുടെ നാടക ചരിത്രം തുടങ്ങുന്നത് 1930 ന് ശേഷമാണ് . കാട്ടാക്കടയിൽ അറിയപ്പെടുന്ന ആദ്യകാല നാടകനടൻ അരുവിക്കര രാജുവാണ്. 1946 ൽ ഇദ്ദേഹം അഭിനയരംഗത്ത് സജീവമായി. തൊട്ടുപിന്നാലെ പൂവച്ചൽ ഭാസ്കരൻനായർ എത്തി. അദ്ദേഹം ഏറെക്കാലം കലാനിലയത്തിൽ നടനായിരുന്നു. 19 55 65 കാലയളവിൽ നാടക രംഗം കൂടുതൽ സജീവമായി. അമച്വർ നാടകരംഗവും, പ്രൊഫഷണൽ നാടക രംഗവും, ഈ കാലയളവിൽ അഭിവൃദ്ധിപ്പെട്ടു. പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട്, പ്രദേശങ്ങളിൽ അമച്വർ നാടക സമിതികൾ രൂപംകൊണ്ടു. കുന്നിൽ തങ്കപ്പൻ നായർ, ജെ എം കട്ടയ്ക്കോട്, സയറസ്, പൂവച്ചൽ ബഷീർ, കാര്യയോട് ജോൺസൺ, മലയൻകീഴ് വാസുദേവൻ നായർ, കേശവൻനായർ, പി.ബാലകൃഷ്ണൻ, തെക്കേമഠം ബാലകൃഷ്ണൻ നായർ, തുടങ്ങിയ കലാകാരന്മാരായിരുന്നു ഇതിനുപിന്നിൽ.

പൂവച്ചൽ ബഷീർ, ജോയി നന്ദാവനം, അമ്പൂരി ശ്രീറാം, എന്നിവർ സംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഇവർക്കെല്ലാം പുറമേ നാടകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഒട്ടേറെ കലാകാരന്മാരുടെ നാടു കൂടിയാണ് പൂവച്ചൽ.

പൂവച്ചൽ സീതി

1987 നു മാർച്ച് 3 പൂവച്ചലിൽ ജനിച്ചു. ചെറുപ്പം മുതൽ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. ജില്ലാ ട്രഷറർ,ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ്. പൂവച്ചൽ പഞ്ചായത്ത് ഭരണസമിതിയിൽ 15 വർഷം അംഗമായിരുന്നു. ആലമുക്ക്,ക്ഷീരസംഘം പ്രസിഡന്റ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ,ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പൂവച്ചൽ ഖാദർ

പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് പൂവച്ചൽ ഖാദർ 1948ന് ഡിസംബർ 25ന് പൂവച്ചലിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആകാശവാണിയിൽ ലളിത ഗാനങ്ങൾ എഴുതി. 1973ലാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. 'കാറ്റു വിതച്ചവൻ 'ആണ് ആദ്യചിത്രം. എന്നാൽ ആദ്യം റിലീസ് ചെയ്തത് 'ചുഴി' എന്ന ചിത്രമാണ്. എം എസ് ബാബുരാജ് ആയിരുന്നു ചുഴിയുടെ സംഗീതസംവിധായകൻ. ദേവരാജൻ, കെ. രാഘവൻ ഇളയരാജ, രവീന്ദ്രൻ,ജോൺസൺ,എ. ടി.ഉമ്മർ, ശ്യാം, എം.കെ അർജ്ജുനൻ, എം.ജി. രാധാകൃഷ്ണൻ, എന്ന് തുടങ്ങി മിക്ക സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തൊള്ളായിരത്തോളം ഗാനങ്ങളെഴുതി. കേരള സംഗീത നാടക അക്കാദമി അവാർഡ്, പി ഭാസ്കരൻ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ്.ജലീൽ മുഹമ്മദ്

1949 ഏപ്രിൽ 9ന് പൂവച്ചലിൽ ജനിച്ചു. പിതാവ് എം.ശക്കീർ മാതാവ് ഐഷാബീവി. അഭിഭാഷകനാണ്. കെ എസ് യു വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ എസ് യു വിന്റെ യും യൂത്ത് കോൺഗ്രസിന്റെ യും സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

ഡി. സി. സി നിർവാഹക സമിതി അംഗമാണ്. രാജീവ് ഗാന്ധി റൂറൽ ഡെവലപ്മെന്റ് സെന്റർ ചെയർമാൻ, പ്രിയദർശിനി ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ, എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ചരിത്രസംഭവങ്ങൾ

സാമൂഹ്യനീതിക്കും അവകാശങ്ങൾക്കും വേണ്ടി ഒട്ടേറെ പോരാട്ടങ്ങൾ അരങ്ങേറിയ നാടാണ് പൂവച്ചൽ. സാധുജനപരിപാലനസംഘം ആഹ്വാനം ചെയ്ത പണിമുടക്ക് സമരം, മികച്ച ഭൂമി സമരം, കാട്ടാക്കട ആശുപത്രി സമരം,

ആർ കെ വി എസ്റ്റേറ്റ് സമരം, നാടുകാണി തോട്ടം തൊഴിലാളി സമരം, നെട്ടുകാൽത്തേരി സമരം, അമ്പൂരി എസ്റ്റേറ്റ് സമരം, നിരപ്പു കാല സമരം, കോട്ടൂർ ശ്രീകൃഷ്ണ പ്ലാന്റേഷൻ സമരം, കൂട്ടപ്പൂ എസ്റ്റേറ്റ് സമരം, കർഷക തൊഴിലാളി കൂലി വർധന സമരം, തൊഴിൽ സമരങ്ങൾ, സംസ്ഥാന വ്യാപകമായി നടന്ന വിമേപ്പന സമരം, 1972ലെ വിദ്യാഭ്യാസ സമരം,

1973-ലെ എൻ.ജി.ഒ അധ്യാപക സമരം , 1974 വൈദ്യുതി ജീവനക്കാരുടെ സമരം, 1981 ലെ കർഷകത്തൊഴിലാളി സമരം, എന്നിവയെല്ലാം പൂവച്ചലിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു.

കാട്ടാക്കട താലൂക്ക് സമരം[1]

1972 മുരുകൻ ജി പ്രസിഡന്റും പത്മകുമാർ സെക്രട്ടറിയുമായ കൗൺസിൽ ഫോർ സിറ്റിസൺ ഓഫ് കേരള എന്ന സംഘടന കാട്ടാക്കട താലൂക്ക് രൂപീകരിക്കണമെന്നാവശ്യ മുന്നയിച്ച് ആദ്യമായി സൂചനാ സമരം നടത്തി.

1991ൽ കർമ്മ സമിതിയുടെ നേതൃത്വത്തിന് മുരുകൻജി വീണ്ടും ഒറ്റയാൾ സമരം ആരംഭിച്ചു. 2007ൽ പൗരസമിതിയുടെ നേതൃത്വത്തിൽ മുരുകൻജി വീണ്ടും നിരാഹാരസമരം ആരംഭിച്ചു.13 ദിവസം സമരം നീണ്ടുനിന്നു.2014ൽ ഉമ്മൻചാണ്ടി സർക്കാർ കാട്ടാക്കട താലൂക്ക് പ്രഖ്യാപിച്ചു. ഈ സമരത്തിൽ പൂവച്ചലിലെ ധാരാളം പേർ പങ്കെടുത്തു.

ചന്ത സമരം[2]

കാട്ടാക്കടയിൽ 1950-കളിൽ കർഷകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അമിതമായ ചന്ത ചുങ്കം. "ഊച്ചാളി ഫീസ്" നൽകാതെ ചന്തയ്ക്കുള്ളിൽ പ്രവേശനം സാധ്യമായിരുന്നില്ല. കരാറുകാരുടെ കൈ ക്കരുത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ല. ഈ പകൽക്കൊള്ളക്കെതിരെ പോരാടാൻ ആദ്യം രംഗത്തിറങ്ങിയത് കമ്മ്യൂണിസ്റ്റുകാരനും പത്രപ്രവർത്തകനുമായ ആർ ബാലകൃഷ്ണപിള്ള യായിരുന്നു.പൂവച്ചലിലെ കർഷകർ ഈ സമരത്തിൽ അണിചേർന്നു.

ചരിത്രസ്മാരകം

ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടെ അവശേഷിപ്പുകളാണ് ചരിത്രസ്മാരകങ്ങൾ. പലപ്പോഴും ചരിത്രശേഷിപ്പുകൾ അവഗണിക്കപ്പെടുകയോ മണ്മറഞ്ഞു പോവുകയോ ചെയ്യാറുണ്ട്. പൂവച്ചലിന്റെ ചരിത്രം ശരിയായ രീതിയിൽ പുനഃസൃഷ്ടിക്കാൻ കഴിയാത്തതിന്റെ ഒരു പ്രധാന കാരണം ചരിത്രശേഷിപ്പുകൾ കണ്ടെത്താനും, പരിരക്ഷിക്കാനും, ശരിയായ രീതിയിൽ കഴിയാത്തതാണ്. ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,

എന്നിവിടങ്ങളിലെ ശിലാഫലകങ്ങൾ, താളിയോലകൾ, തകിടുകൾ, മുതലായവയും പഴയ ചില മനകളിലെ വിവിധതരം ചെമ്പ് പാത്രങ്ങളും, വെങ്കലപ്രതിമകളും, മറ്റും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നുണ്ട്.

തിരുവിതാംകൂർ രാജഭരണത്തിന്റെ അവശേഷിപ്പുകളും പൂവച്ചലിന്റെ

കാർഷിക കച്ചവട സംസ്കാരത്തിന്റെ ശേഷിപ്പുകളുമായ ചുമടുതാങ്ങി സംരക്ഷിക്കപ്പെടുന്ന ചരിത്രസ്മാരകമാണ്. വീരണകാവ് ജംഗ്ഷന് സമീപം പഴയകാല കച്ചവട പാതക്ക് അരികിലായാണ് ചുമടുതാങ്ങിയുടെ

സ്ഥാനം. ചരിത്രത്തോട് പ്രതിപത്തിയുള്ള ഒരു യുവജനതയുടെ ഇടപെടൽ ഈ ചരിത്ര സ്മാരകത്തിനെ സംരക്ഷണമായി നിലകൊള്ളുന്നു.

പൂവച്ചലിലെ നാടുകാണിയിൽ ശിലായുഗത്തിന്റെ അവശേഷിപ്പുകളും മഹാശിലായുഗ സംസ്കാരത്തിലെ നന്നങ്ങാടികളും കണ്ടെത്തിയെങ്കിലും തുടർ പഠനങ്ങൾ നടന്നിട്ടില്ല.

സമകാലീന ചരിത്രം

ഒരു കാലത്ത് കാർഷിക സംസ്കാര കേന്ദ്രമായിരുന്ന പൂവച്ചൽ ഇന്ന് മൺമറഞ്ഞുപോയ നെൽവയലുകളുടെ ശേഷിപ്പ് പേറുന്ന ഒരു പ്രദേശമായി നിലകൊള്ളുന്നു. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഒരു ജനത മറ്റ് ഉപജീവനമാർഗങ്ങൾ തേടിയതോടെ അവരുടെ ജീവിതവും സംസ്കാരവും അതിന്റെതായ മാറ്റങ്ങൾക്ക് വിധേയമായി.

ഇന്ന് പൂവച്ചൽ ജനത നാഗരിക സംസ്കാരത്തിന്റെ സ്വാധീനവും കാർഷിക സംസ്കാരത്തിന്റെ പൈതൃകവും ഉൾക്കൊള്ളുന്ന രീതിയിൽ ആണ് ജീവിക്കുന്നത്. പുതിയ തലമുറ വസ്ത്രധാരണത്തിലും, ഭക്ഷണരീതിയിലും, ആചാരാനുഷ്ഠാനങ്ങളിലും, നാഗരിക ജീവിതത്തെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ പ്രായമായവർ ഗ്രാമീണ ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും പിന്തുടരാൻ ശ്രമിക്കുന്നു. മധ്യവയസ്സിൽ ഉള്ളവർ ഈ രണ്ടു രീതികളും ഇടകലർന്ന ഒരു സംസ്കാരം പിന്തുടരുന്നു.

മറ്റേതൊരു കേരളീയ ഗ്രാമത്തെയും പോലെ പൂവച്ചലിലെയും ജനങ്ങൾ വസ്ത്രധാരണ രീതിയിൽ വ്യത്യസ്തത പുലർത്തുന്നു. ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പുരുഷന്മാർക്ക് പാന്റ്സും ഷർട്ടും, യുവാക്കന്മാർ ഇതോടൊപ്പം ബനിയനും ഷോർട്സും സ്ത്രീകൾക്ക് ചുരിദാർ, സാരി, യുവതികളും കുട്ടികളും ഇതോടൊപ്പം ഫ്രോക്ക്, മിഡി, ലഹങ്ക, ജീൻസ് മുതലായവയും ഉപയോഗിക്കുന്നു.

സമകാലിക പൂവച്ചലിൽ ആഹാരരീതിയിലും വ്യത്യാസം കാണുന്നുണ്ട്. കഞ്ഞി, പുഴുക്ക്, ചോറ്, കറികൾ, മുതലായവയെക്കാളും പുതിയ തലമുറ ഇഷ്ടപ്പെടുന്നത് ന്യൂഡിൽസ്, ബിരിയാണി, ചിക്കൻ, മുതലായ ഫാസ്റ്റ് ഫുഡ് ഇനങ്ങളാണ്. പപ്പായ, പേരയ്ക്ക, ചക്ക, മാങ്ങ, മുതലായവയെക്കാളും റംബൂട്ടാൻ പോലുള്ള പുതിയ തരം

പഴവർഗ്ഗങ്ങളോടാണ് ഇന്നത്തെ തലമുറയ്ക്ക് പ്രതിപത്തി.

ഇന്നത്തെ ജനത ഗതാഗതത്തിന് പൊതുവാഹനങ്ങളേക്കാളുപരി സ്വകാര്യ വാഹനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. സ്വന്തമായി ഒരു വാഹനം എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമാണ്.

സമകാലിക വിദ്യാഭ്യാസ രീതികളിലും വൻതോതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. സർക്കാർ മേഖലകളിലും സ്വകാര്യ മേഖലകളിലും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റമാണ് പൂവച്ചലിൽ കാണുന്നത്. പൊതുമേഖലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ഉറപ്പാക്കുകയും കോവിഡ് കാല വെല്ലുവിളികൾ ക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നതിൽ പൂവച്ചലിന്റെ സ്ഥാനം മുന്നിലാണ്.

കൃഷി

പൂവച്ചലിന്റെ ഭൂരിഭാഗ പ്രദേശങ്ങളും കാർഷിക മേഖലകൾ ആയിരുന്നു. ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ആയിരുന്നു. പൂവച്ചൽ ഇന്ത്യയെ താഴ്ന്ന പ്രദേശങ്ങൾ നെൽ കൃഷിക്കും മറ്റ് പ്രദേശങ്ങൾ വാഴ, ചേന, ചേമ്പ്, പച്ചക്കറികൾ, മുതലായവയുടെ കൃഷിക്കും പ്രശസ്തമായിരുന്നു. എന്നാൽ കേരളത്തിന്റെ മാറിയ കാർഷിക സംസ്കൃതി പൂവച്ചലിലും പ്രകടമാണ്. ഇന്ന് പൂവച്ചലിന്റെ ഭൂരിഭാഗ പ്രദേശങ്ങളും റബ്ബർ തോട്ടങ്ങളും, നിർമ്മാണ മേഖലകളുമായി മാറിയിരിക്കുന്നു.

  1. കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 180.
  2. കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 178