ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം
വാകേരി
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ വയനാടൻ ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. 'വാകേരി'ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്.നവീനശിലായുഗത്തിലെ മുനിയറകൾ ഈപ്രദേശത്തു ധാരാളമായി കാണപ്പെടുന്നു. ഈ നാട്ടിലെ ആദിമ നിവാസികൾ വിവിധ ആദിവാസി ഗോത്രജനതകളും വയനാടൻ ചെട്ടിമാരും ആണ്. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തോടെയാണ്. 1950 കളിലും 60 കളിലുമാണ് ഈ പ്രദേശത്ത് കുടിയേറ്റം വ്യാപകമാകുന്നത്. പൂതാടി അധികാരികളുടെ ഉടമസ്ഥതയിൽ ആയിരുന്ന ഇവിടുത്തെ ഭൂമി കോഴിക്കോട് ജില്ലയിൽ നിന്നു വന്ന കച്ചവടക്കാർക്കു വിൽക്കുന്നതോടെയാണ് കുടിയേറ്റം ആരംഭിക്കുന്നത്. ഇവിടെയെത്തി ഭൂമി വാങ്ങിയവരിൽ പ്രാനിയായ ഒരാൾ കക്കോടൻ അഹമ്മദ് ഹാജിയാണ്. ഇദ്ദേഹം വാങ്ങിയ ഭൂമിയിലെ മരങ്ങൾ മുറിച്ചു വിറ്റശേഷം തിരുവിതാംകൂറിൽ നിന്നു കുടിയേറിയ ആളുകൾക്കു ചെറുതുണ്ടുകളായി ഭൂമി വിൽപ്പന നടത്തി. ഇതോടെയാണ് ഈ മേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുന്നത്. കൂടാതെ വാകേരി ഒരു അങ്ങാടിയായി വികസിക്കുന്നതും . ഈതോടൊപ്പം അങ്ങാടിയിലേക്ക് എത്തുന്നതിനുള്ള നാട്ടുവഴികൾ ക്രമേണ ആധുനികമായ റോഡുകളായി പരിണമിക്കുകയും ചെയ്തു. ഇന്ന് വാകേരി ചെറിയൊരു അങ്ങാടിയായി വികസിച്ചിരിക്കുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ധാന്യങ്ങൾപൊടിക്കുന്ന മില്ല്, ഇൻഡസ്ട്രി, സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപനങ്ങൾ ഇവിയെയുണ്ട്. പൊടിമില്ല്, ഫർണിച്ചർ നിർമ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ശ്രീ ശങ്കരാ ഇൻഡസ്ട്രിയും വാകേരിയിൽ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്. വാകേരി എസ്റ്റേറ്റ് മാനേജുമെന്റ് പുതുതായി രണ്ടു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചു. ഇവയിൽ പുതിയ വ്യാപാര സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നു.
വാകേരി സ്ഥലനാമം
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാൽ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി, കിഴക്ക് കാട് (രണ്ടാംനമ്പർ) എന്നിവിടങ്ങളിൽ നിന്നുവരുന്ന വഴികൾ സംഗമിക്കുന്ന നാൽക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോൾ അതിനകത്ത് മണിയുടെ ആകൃതിയിൽ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവൻ മൂപ്പൻ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂർണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.
വാകേരി പ്രാചീന ചരിത്രം
വാകേരിക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുൾ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും രണ്ടു വർഷങ്ങൾക്കു മുമ്പാണ് വാകേരി സിസി യിൽ കളിസ്ഥലം നിർമ്മിച്ചപ്പോൾ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളിൽ മുനിയറകൾ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകൾ ധാരാളമുണ്ട്. കല്ലൂർകുന്ന് ഭാഗങ്ങളിൽ മരിച്ചവരെ കുടങ്ങളിൽ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികൾ ധാരാളമുണ്ട്. പലരുടേയും പറമ്പുകളിൽ നിന്ന് നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയിൽ അതി പ്രാചീന കാലം മുതൽക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കൽ ഗുഹയിലെ ശിലാ ചിത്രങ്ങൾ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്.
വാകേരി ആധുനിക ചരിത്രം
വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ കക്കോടൻ മമ്മദ് ഹാജി വാകേരിയിൽ സ്ഥലം വാങ്ങുന്നതോടുകൂടിയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ പൂതാടി ജന്മികളായിരുന്നു ഭൂ ഉടമകൾ. ജന്മികളുടെ കീഴിലായിരുന്ന ഭൂമി കുടിയാന്മാരായ കുറുമർക്കു കൃഷിക്കു പാട്ടത്തിനു നൽകിയിരുന്നു. കൃഷിഭൂമിയൊഴികെ കാടുപിടിച്ച് കിടക്കുകയായിരുന്നു ഒരർത്ഥത്തിൽ ഈ കാടാണ് കക്കോടൻ മമ്മദ് ഹാജി വാങ്ങിയതെന്ന് പറയാം. കാട്ടിലെ മരങ്ങൾ മുഴുവൻ കുറിച്ച് വിൽക്കുകയും ഭൂമി ചെറു തുണ്ടുകളായി വില്കുയുമാണ് കക്കോടൻ മമ്മദ് ഹാജി ചെയ്തത്. കൂടാതെ കുടിയേറ്റക്കാരായ ആളുകൾക്ക് ഭൂമി പാട്ടത്തിനു നൽകുകയും അവർ സ്ഥലങ്ങളിൽ കൃഷിയിറക്കുകയും ചെയ്തു മുറിച്ചു. മാറ്റിയ മരങ്ങൾ കോഴിക്കോടുകൊണ്ടുപോയി വ്യാപാരം നടത്താൻ ലോറിവരുന്നതിനാണ് ആദ്യമായി റോഡുകൾ നിർമ്മിക്കപ്പെട്ടത്. വാകേരിയിലെ എസ്റ്റേറ്റുകൾ, കുടിയേറ്റക്കാരായ ആളുകൾ തുടങ്ങിയവരൊക്കെ റോഡ് ഉപയോഗിക്കുകയും ക്രമേണ പ്രദേശത്ത് ആളുകൾ വന്നു നിറയുകയും ചെയ്തു ഈയോരു സാഹചര്യത്തിലാണ് വകേരിയിൽ സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത് കല്ലൂർകുന്ന് പ്രദേശത്ത് ക്രിസ്ത്യാനികളായ ആളുകൾ പ്രാർത്ഥിക്കുന്നതിനും മറ്റാവശ്യങ്ങൾക്കായി കലൂർകുന്ന് പള്ളി നിർമിക്കുന്നത്. മാത്രമല്ല പിന്നീട് ഈ പള്ളിയിൽ പുരോഹിതനായി വന്ന ഫാദർ ജോസഫ് കരിങ്കുളം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നാട്ടിലേക്കുള്ള റോഡുകൾ നിർമ്മിക്കുകയും ചേലകൊല്ലി, കല്ലൂർകുന്ന്, വട്ടത്താനി, മൂടക്കൊല്ലി മുതലായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത സംവിധാനം നിലവിൽ വരികയും ചെയ്തു. ശ്രമദാനമായാണ് നാട്ടുകാർ റോഡുനിർമ്മാണം നിർവഹിച്ചിരുന്നത് . ആ കാലഘട്ടത്തിൽ നിന്നും മാറി പതുക്കെ വികസനം വാകേരിയിലേക്ക് എത്തുകയായിരുന്നു. ഒരു റേഷൻ കടയും രണ്ടു ചായക്കടകളും ആയിരുന്നു ആകെയുള്ള കച്ചവട സ്ഥാപനങ്ങൾ. പിന്നീട് ധാരാളം വ്യാപാര സ്ഥാപനങ്ങൾ വരികയും ചെയ്തു. എൺപതുകളിലാണ് സി സിയിൽ നിന്നും വാകേരി യിലേക്കുള്ള റോഡ് ടാർ ചെയ്യുന്നത്. അതോടെ കെഎസ്ആർടിസി ബസ് വരാൻ തുടങ്ങി. ഇടയ്ക്കു മാത്രം വന്നിരുന്ന കെഎസ്ആർടിസി ബസിനു പുറമേ ധാരാളം ജീപ്പുകൾ പ്രദേശവാസികളായ ആളുകളുകൾക്ക് ഉണ്ടായിരുന്നു. അവർ നടത്തിയിരുന്ന ടാക്സി സർവ്വീസ് ആയിരുന്നു പ്രധാനമായും ഗതാഗത സംവിധാനത്തിന് ഉപയോഗിച്ചിരുന്നത് പിന്നീട് തൊണ്ണൂറുകളുടെ മധ്യത്തോടെ കൂടിയാണ് ഈ മേഖലയിലേക്ക് പ്രൈവറ്റ് ബസ്സുകൾ സർവീസ് ആരംഭിക്കുന്നത്. പാപ്ലശ്ശേരി വരെയാണ് പ്രൈവറ്റുവസുകൾ സർവ്വീസ് നടത്തുന്നത്. വൈകിട്ട് വികസനത്തിൽ രാഷ്ട്രീയ
പാർട്ടികളുടെ പങ്ക് വളരെ വലുതാണ് . ആദ്യകാലഘട്ടങ്ങളിൽ കോൺഗ്രസിനായിരുന്നു ഈ മേഖലയിൽ മുൻതൂക്കമുണ്ടായിരുന്നത്. 1980തോടുകൂടി അവസാനിക്കുകയും പഞ്ചായത്ത് മെമ്പറായി വാകേരി വാർഡിൽനിന്ന ശ്രീ ഇ. കെ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വികസന പ്രവർത്തനങ്ങൾ മൺ റോഡുകൾ കല്ലിടുകയും തുടർന്ന് ടാറിങ് നടത്തി ബസ് സർവ്വീസിന് അനുയോജ്യം ആക്കുകയും ചെയ്തു കൂടാതെ അനേകം ചെറുവഴികൾ നിർമ്മിക്കപ്പെടുകയും അവയെല്ലാം ടാർ ചെയ്യുയും ചെയ്തിട്ടുണ്ട്. ഇന്ന് എതിലെയും ഗതാഗത സൗകര്യവും ബസ് സർവീസും ഉണ്ട് .കൃഷി കാര്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു ആദ്യകാലഘട്ടങ്ങളിൽ കരയിലും വയലിലും മാത്രമാണ് കൃഷിചെയ്തിരുന്നത്. കരയിൽ ചെയ്തിരുന്നത് കർത്തൻ വിതയായിരുന്നു പതിവ്. കുടിയേറ്റത്തോടെ പുനംകൃഷി ഇല്ലാതാവുകയും ആവർത്തന കൃഷി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു വാണിജ്യവിളകളാണ്, പ്രധാനമായും കാപ്പി കുരുമുളക് വാഴ ഇഞ്ചി ചേന തുടങ്ങിയവയായിരുന്നു വാണിജ്യവിളകൾ. കൃഷിയിലൂടെ ഈ പ്രദേശം സാമ്പത്തികമായ വളർച്ച കൈവരിക്കുന്നത്. സമീപപ്രദേശങ്ങളായ രണ്ടാം നമ്പർ കല്ലൂർകുന്ന്, കൂടല്ലൂർ പാലക്കുറ്റി, മൂടക്കൊല്ലി തുടങ്ങിയ സമീപ ഗ്രാമങ്ങളെല്ലാം വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങൾ സർക്കാർ മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിൽ നേടിയിട്ടുണ്ട് . ഒരുകാലത്ത് കച്ചിപ്പുരയിൽ കഴിഞ്ഞിരുന്ന ആളുകൾ ഇന്ന് കോൺക്രീറ്റ് വീടുകളിലേക്ക് ആളുകളുടെ ജീവിതം പുരോഗമിച്ചിരിക്കുന്നു. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ കുറവാണ്. വാകേരി മേഖലയിൽ ജീവിക്കുന്നവരിൽ ഏറെയും ഏതർത്ഥത്തിലും കാലത്തിനൊപ്പം മുന്നേറാൻ വാകേരി നിവാസികൾക്ക് കഴിഞ്ഞിട്ടുണ്ട് വാകേരിയുടെ പുരോഗതിയിൽ രാഷ്ട്രീയക്കാർ ക്കുള്ള പങ്ക് വളരെ വലുതാണ് .ആദ്യ കാലഘട്ടങ്ങളിൽ വാകേരി കോൺഗ്രസ് അനുഭാവ മേഖലയായിരുന്നു 1962 നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മേഖലയിൽനിന്ന് വിജയിച്ചിട്ടുള്ള രണ്ടുപേരും കോൺഗ്രസുകാരാണ് ശ്രീ എം എസ് കൃഷ്ണൻ, ശ്രീ മഞ്ഞക്കണ്ടി മാധവൻ എന്നിവരായിരുന്നു ഈ മേഖലയിലെ രണ്ട് വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസുകാരായ മെമ്പർമാർ. എന്നാൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളി യൂണിയൻ പ്രവർത്തനമായി ബന്ധപ്പെട്ടുണ്ടായ വളർച്ച സിപിഎമ്മിന് രാഷ്ട്രീയമായ അടിത്തറ ഒരുക്കി എടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു ആദ്യകാലത്ത് സിപിഎം പ്രവർത്തകൻ ശ്രീ സി ആർ സുകുമാരൻ ആയിരുന്നു പിന്നീട് സിപിഎമ്മിന് പ്രവർത്തത്തിന് ശ്രീ ഇ കെ ബാലകൃഷ്ണൻ വാകേരിയിൽ സ്ഥിരതാമസമാക്കിയതോടെയാണ് വാകേരിയിൽ സിപിഐഎമ്മിന് രാഷ്ട്രീയാടിത്തറ വിപുലപ്പെടുന്നത്. 1986 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി സി.പി.ഐ.എം വിദയിക്കുന്നത്. ഇത് വലിയൊരുമാറ്റമാണ് വാകേരിയിൽ സൃഷ്ടിച്ചത്. വാകേരി , കല്ലൂർകുന്ന്, മൂടക്കൊല്ലി തുടങ്ങിയ വാർഡുകളിൽ ഇടതുപക്ഷ മെമ്പർമാർ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷവും വലതുപക്ഷഷവും മാറിമാറി തെരഞ്ഞെുക്കപെടുന്ന വർത്തമാനകാല രാഷ്ട്രീയമാണ് വാകേരിയിൽ ഇപ്പോൾ കാണുന്നത്. വാകേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ എടുത്തു പറയേണ്ട വ്യക്തിയാണ് ശ്രീമതി. രുഗ്മിണി സുബ്രഹ്മണ്യൻ.4 തവണ തുടർച്ചയായി പഞ്ചായത്തു തെരെഞ്ഞടുപ്പിൽ വിജയിക്കുകയും രണ്ടുതവണ പ്രസിഡന്റാവുകയും ചെയ്ത വാകേരി കക്കടം മുള്ളക്കുറുമർ വിഭാഗത്തിൽപെട്ട ഈ യുവതി. ജനാദിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വനിതാ കമ്മീഷൻ അംഗം എന്നീനിലയിൽ കൂടി പ്രവ്രത്തിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ. ഈ പാർട്ടികൾക്കു പുറമെ മുസ്ലീം ലീഗ്, ബി.ജെ.പി. , സി.പി.ഐ, കേരള കോണ്ഗ്രസ്, ആർ എസ്. പി. , തുടങ്ങിയ പാർട്ടികളിും ഇവിടെ പ്രവർത്തി്കകുന്നു. ഡി.വൈ.എഫ്.ഐ, യുത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകളും വാകേരിയിൽ സജീവമാണ്.
വാകേരിയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നു വിളിക്കാവുന്ന സംഭവമാണ് വാകേരി കൂട്ടക്കൊല. 1983 ൽ ആണ് പ്രമാദമായ ആ സംഭവം നടന്നത്. വാകേരി കേശവൻ ചെട്ടി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകൾ എന്നീ നാലു പേരെ അയൽവാസിയും ബന്ധുവുമായ ബാലകൃഷണൻ മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു രാത്രിയിൽ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. വീടിനു സമീപമുള്ള വയലിൽ വച്ചാണ് കൊലപ്പെടുത്തിയത്. വാകേരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. ഈ സംഭവമാണ് പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച വാകേരി കൂട്ടക്കൊല എന്നറിയ്പപെട്ടത്. കൊലപാതക ശേഷം നാടുവിട്ട പ്രതിയെ സോലീസ് പിടികൂടി. പ്രതിക്കു വധശിക്ഷ ലഭിച്ചു. 1990ൽ ബാലകൃഷ്ണനെ തൂക്കിലേറ്റി. ഈ കുടംബത്തിലെ അവശേഷിച്ച ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഒരു കാലത്ത് വാകേരി അറിയപ്പെട്ടിരുന്നത്. പുതിയ തലമുറ ഈ സംഭവം മറന്നിരി്കകുന്നു. പഴയ ആളുകളഅക്കുമാത്രമാണ് ഇപ്പോൾ ഇതോർമ്മയുള്ളത്.
വാകേരിയിലെ ജനങ്ങൾ
വാകേരിയിലെ ആദിമ നിവാസികൾ
വാകേരിയിലെ ആദിമ നിവാസികൾ മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിക്കുറുമർ, വയനാടൻ ചെട്ടി എന്നീ ജനവിഭാഗങ്ങളാണ്.
മുള്ളക്കുറുമർ
വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി.
സാമൂഹിക ജീവിതം
വളരെ പ്രാചീനമായ ഒരു ഗോത്രസമൂഹമാണ് മുള്ളക്കറുമർ. ഏതുകാലത്താണ് ഇവർ വയനാട്ടിൽ എത്തിയത് എന്നൊന്നും ഇവർക്കറിയില്ല. പണ്ടുമുതലേ വയനാട്ടിലുള്ളതാണെന്നും കുറിച്യരേക്കാൾ താഴ്ന്നതും ഊരാളിക്കുറുമരേക്കാൾ ഉയർന്നതുമായ സാമൂഹ്യസ്ഥാനം തങ്ങൾക്കുണ്ട് എന്നു മാത്രമേ ഇവർക്കറിയൂ. ഏതുകാലത്താണ് ഇത്തരമൊരു ശ്രേണിപ്പെടുത്തൽ ഉണ്ടായത്, അതിനിടയാക്കിയ രാഷ്ട്രീയ കാരണം എന്താവാം എന്നതു സംബന്ധിച്ച് ഇന്നുള്ളവർക്കു വിവരിക്കാൻ സാധിക്കുന്നില്ല. എന്നിരുന്നാലും പഴയകാല ജീവിതം ഇന്നും ഓർമ്മകളിൽ സൂക്ഷിക്കുന്നവരാണ് മുള്ളക്കുറുമർ. അവർ വിവരിച്ചു തന്നിട്ടുള്ള സാമൂഹിക ജീവിതവും വർത്തമാനകാലത്ത് സംഭവിച്ച പരിണാമങ്ങളുടെ അടയാളപ്പെടുത്തലുകളുമാണ് ഇവിടെ വിവരിക്കുന്നത്. മുള്ളക്കുറുമർ ഗോത്രജീവിതമാണ് പിന്തുടരുന്നത്. ഗോത്രജീവിതത്തിൻറെ ഭാഗമായ പൊതുസ്വത്ത് എന്ന സങ്കല്പം ഇന്നും ഇവരിൽ നിലനിൽക്കുന്നു. കുടിയിൽ എല്ലാവർക്കും തുല്ല്യ അവകാശമാണുള്ളത്. സ്വകാര്യസ്വത്ത് എന്ന സങ്കല്പം ഈ ജനതയ്ക്ക് അന്യമായിരുന്നു. "ഒരു കലം, ഒരു മുറം, ഒരു കയ്യ്ڈ ഇത്തരത്തിൽ ഐക്യവും അദ്ധ്വാനവും ഒന്നിച്ചുചേരുന്ന, ഒരു കൂരയ്ക്കു കീഴിൽ ഒരുമയോടെ കഴിഞ്ഞിരുന്ന പൂർവ്വകാലം മുള്ളക്കുറുമർക്കുണ്ടായിരുന്നു. രുഗ്മണി സുബ്രഹ്മണ്യൻ (33) (അനുബന്ധം 1.2.1 കാണുക) തൻറെ ഭർത്താവിൻറെ മുത്തച്ഛൻറെ കാലം വരെ ഇങ്ങനെ ആയിരുന്നുവെന്നു സാക്ഷ്യപ്പെടുന്നു. സ്വാതന്ത്ര്യവും സമത്വവും ഒപ്പം ഗോത്രജീവിതത്തിൻറെ തനിമയും സ്വാശ്രയത്വവും നിലനിന്നിരുന്ന കൃത്യമായ അധികാരഘടനയോടുകൂടിയ ഒരു സാമൂഹികജീവിതമാണ് മുളളക്കുറുമർ നയിച്ചുപോന്നിരുന്നത്. ശക്തമായ അധികാരകേന്ദ്രങ്ങൾക്കു കീഴിൽ നിയന്ത്രിക്കപ്പെട്ടതാണ് മുളളക്കുറുമരുടെ സാമൂഹിക ജീവിതം. കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് ഓരോ വ്യക്തിയും. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തീരുമാനിച്ചിരുന്നത് ഈ അധികാരികളായ മൂപ്പൻമാരായിരുന്നു. കുടിമൂപ്പൻ, കുന്നുമൂപ്പൻ, തലച്ചിൽമൂപ്പൻ എന്നിവരാണ് മുള്ളക്കുറുമരെ നിയന്ത്രിക്കുന്ന ഇപ്പോഴത്തെ അധികാരികൾ.
നിലവിലുള്ള സാമൂഹിക ഘടനയനുസരിച്ച് അധികാരത്തിൻറെ ഏറ്റവും മുകൾത്തട്ടിൽ തലച്ചില്ലൻ മാരാണ്. പാറയ്ക്ക് മീത്തൽ, പാറയ്ക്ക് താഴെ എന്നിങ്ങനെ ഇവരുടെ അധിവാസ മേഖലയെ രണ്ടായി വിഭജിച്ചിരുന്നു. ഓരോ മേഖലയിലേയും മുഴുവൻ കുടികളുടേയും തലവനാണ് തലച്ചില്ലൻ. ആചാരപരവും അനുഷ്ഠാനപരവുമായ ചടങ്ങുകളിൽ മാറ്റം വരുത്തുന്നതിനുളള അധികാരം തലച്ചില്ലൻമാർക്കുണ്ട്. മേഖലകളെ കുന്നുകളായി വിഭജിച്ചിരിക്കുന്നു. അഞ്ചോ ആറോ കുടികളാണ് ഒരു കുന്നിൻറെ പരിധിയിൽ വരുന്നത്. കുന്നിൻറെ തലവൻമാരെ കുന്നുമൂപ്പൻമാർ എന്നുവിളിക്കുന്നു. ശക്തരായ അധികാരകേന്ദ്രങ്ങളാണ് കുന്നുമൂപ്പൻമാർ. കുന്നുമൂപ്പൻമാരുടെ സാന്നിധ്യത്തിലാണ് എല്ലാ ആചാരാനുഷ്ടാനങ്ങളും നടക്കുന്നത്. ഏറ്റവും താഴെ തട്ടിൽ കുടികൾ. കുടിയുടെ അധികാരി കൂടിമൂപ്പനാണ്. കുടിയിലെ അധികാരകേന്ദ്രം എന്ന നിലയിൽ കുടിമൂപ്പൻമാരുടെ സ്ഥാനം വളരെ ഉയർന്നതാണ്. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽക്കുക, നയപരമായ തീരൂമാനങ്ങളെടുക്കുക, ശിക്ഷാവിധികൾ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നടത്താൻ ചുമതലയുളള ശക്തമായ അധികാരകേന്ദ്രമാണ് കുടിമൂപ്പൻമാർ. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന എല്ലാ ചടങ്ങുകളിലും കുടിമൂപ്പൻമാരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം. ഓരോ അംഗത്തേയും നിയന്ത്രിക്കുന്നതിനും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽപോലും ഇടപെടുന്നതിനുളള അധികാരം കുടിമൂപ്പൻമാർക്കുണ്ടായിരുന്നു. കുടിയിലെ ഭരണകർത്താവാണ് കുടിമൂപ്പൻ. ഇത്തരത്തിലുളള ഒരധികാരഘടനയാണ് മുളളക്കുറുമർക്കുള്ളത്. മുളളക്കുറുമരുടെ വീടുകൾ ഉൾക്കൊളളുന്ന പാർപ്പിടസമുച്ചയം കുടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ധാരാളം വീടുകൾ ഓരോ കുടിയിലും ഉണ്ടാകും. ദൈവപ്പുരയും അതിൻറെ മുറ്റവും ഉൾപ്പെടുന്ന പൊതു ഇടത്തിന് ചുറ്റുമായാണ് ഇത്തരം വീടുകൾ നിർമ്മിച്ചിരുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് ഇവ. ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ ഒറ്റമുറിവീടുകളിലാണ്.
ഗോത്രാചാരങ്ങൾ പാലിക്കാത്തവരെയും കുറ്റവാളികളെയും കർശനമായി ശിക്ഷിച്ചിരുന്നു. അന്നത്തെ ശിക്ഷ പൊതുവെ ഊരുവിലക്കായിരുന്നു. സദാചാരലംഘനം, ചതി, അക്രമം, ഗോത്രാചാരലംഘനം, പ്രണയം തുടങ്ങിയവ വലിയ തെറ്റുകളായാണ് ഇന്നും ഈ ഗോത്രജനത കാണുന്നത്. ഇത്തരക്കാരെ ദാക്ഷിണ്യം കൂടാതെ കുടിയിൽനിന്ന് പുറത്താക്കുന്നു. തുടർന്ന് ഊരുവിലക്കും. ഗോത്രാചാരപ്രകാരം മരണാനന്തരചടങ്ങുകൾ നടത്താറില്ല. വെച്ചുകൊടുക്ക പോലുള്ള പിതൃപൂജകളിൽനിന്ന് ഇവരുടെ ആത്മാക്കളെ മാറ്റി നിർത്തുന്നു. നായാട്ട്, മീൻകോരൽ, കാലിവളർത്തൽ, കൃഷി തുടങ്ങിയവയാണ് മുള്ളക്കുറുമരുടെ പാരമ്പര്യ തൊഴിലുകൾ. നൂറ്റാണ്ടുകളായി ഈ തൊഴിലുകൾ പിന്തുടരുന്നവരാണിവർ. ജനനം മുതൽ മരണം വരെ നീളുന്ന ജീവിതത്തിൻറെ ഓരോ സന്ദർഭത്തിലും പ്രത്യേകമായ കർമ്മങ്ങൾ നിറഞ്ഞതാണ് മുള്ളക്കുറുമരുടെ ജീവിതം. നിരവധി ആചാരാനുഷ്ഠാനങ്ങൾ മുള്ളക്കുറുമർക്കിടയിലുണ്ട മുള്ളക്കുറുമർക്കിടയിൽ ജനനം പിതാവിൻറെ കുടിയിലാണ്. പ്രത്യേകം പേറ്റുപുരകൾ ഓരോകുടിയിലും ഉണ്ടായിരുന്നു. ഋതുവാകുന്ന പെൺകുട്ടികളെ കുടിയിൽ പ്രത്യേകം കുടിലുണ്ടാക്കി ഒരു ദിവസത്തേക്കു മാറ്റി താമസിപ്പിക്കുന്നു. പിറ്റേ ദിവസം കുളിപ്പിച്ച് വീട്ടിൽ പ്രവേശിപ്പിക്കുന്നു. പിന്നീട് ഉചിതമായ ദിവസം തീരുമാനിച്ചു വയസറിയിക്കൽ കല്യാണം നടത്തുന്നു. ബന്ധുക്കളേയും സ്വന്തക്കാരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകളാണുള്ളത്. ബന്ധുക്കൾ കൊണ്ടുവരുന്ന പലഹാരം പെണ്ണിനു നൽകുന്നു. പ്രത്യേകം ചോറ് നെയ്യൊഴിച്ചു നല്കുന്നു. ഇതിനോടനുബന്ധിച്ചു ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട് കുടിയിൽ മരണമുണ്ടായാൽ മറ്റുകുടികളിൽ പോയി അറിയിക്കുന്ന സമ്പ്രദായമാണ് ഇവർ പിൻതുടരുത്. ബന്ധുക്കൾ വന്നശേഷം മരിപ്പറിയിക്കാൻ പോയ ആണുങ്ങൾ തിരിച്ചത്തിയ ശേഷമാണ് മരണാനന്തര കർമ്മങ്ങൾ ആരംഭിക്കുകയുള്ളൂ. ശവമടക്കിനു മുമ്പായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങ് ശവശരീരത്തിൽ വെള്ളമൊഴിക്കുന്നതാണ്. ബന്ധുക്കലളെല്ലാവരും വെള്ളമൊഴിച്ചതിനു ശേഷമാണ് മറവുചെയ്യാൻ ശവമെടുക്കുന്നത്. മറവുചെയ്യുന്നതിലും പ്രത്യേകതകളുണ്ട്. കുഴിക്കുള്ളിൽ അള്ളുണ്ടാക്കി അതിൽ ചരിച്ചു കിടത്തും. ആണുങ്ങളെ വലത്തേയ്ക്കും സ്ത്രീകളെ ഇടത്തേക്കുമാണ് ചരിച്ചു കിടത്തുന്നത്. പുരുഷനൊപ്പം അമ്പും വില്ലും ഒരു കത്തിയും , സ്ത്രീയാണെങ്കിൽ കൊയ്ത്തരുവയും വയ്ക്കും. ഇങ്ങനെ ചെയ്യുന്നത് മരണാനന്തരവും താന്താങ്ങളുടെ തൊഴിലെടുത്ത് ജീവിക്കാൻ വേണ്ടിയാണെന്നാണു വിശ്വാസം. മുറുക്കാനുള്ള പുകയില, ഒരു നേരത്തെ ആഹാരത്തിനുള്ള വക (വാഴയ്ക്ക)തുടങ്ങിയവയും വസ്ത്രം ഉൾപ്പെടെ പരേതൻറെ എല്ലാ ഭൗതിക വസ്തുക്കളും കുഴിയിൽ നിക്ഷേപിക്കുന്നു. മരണത്തിൻറെ മൂന്നാം നാൾ അടിയന്തിരം നടത്തുന്നു. ഈ വിവരം അറിയിക്കുന്ന ചടങ്ങാണ് പോലവിളി.പരേതൻറെ ആത്മാവിന് അന്നു സദ്യ നൽകുന്നു. വെച്ചു കൊടുക്ക എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ഇതോടെ പുല അവസാനിക്കുന്നു. പരേതൻറെ ആത്മാവിനെ കുടിയിലെത്തിക്കുന്ന ചടങ്ങിൻറെ മുന്നോടിയാണ് കോരിക്കൂട്ട്. പുലവിളി ദിവസമാണ് ഇതു നടത്തുന്നത്.. പുലവിളി ദിവസം പരേതാത്മാവിനെ തങ്ങൾക്കൊപ്പം ചേർക്കുന്ന ചടങ്ങാണ് കൂട്ടത്തി കൂട്ട്. കുടിമൂപ്പൻ പ്രത്യേക കർമ്മങ്ങൾ ചെയ്ത് ആത്മാവിനെ വിളിച്ചുകൊണ്ടുവരും. എവിടെ വച്ചാണോ മരിച്ചത് അവിടെ ചെന്നാണ് വിളിച്ചുകൊണ്ടുവരിക. പ്രേതാരാധനയിൽ വിശ്വസിക്കുന്നവരാണ് മുള്ളക്കുറുമർ. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ മൂന്നാം ദിവസം മൃതൻറെ ആത്മാവിന് സദ്യ കൊടുക്കുന്നു നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)
ഊരാളിക്കുറുമർ
വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിക്കുറുമർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക് ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ 'മുതലി എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം പ്രധാനമായും പുനം കൃഷിയാണ് നടത്തിയിരുന്നത്. റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ. അവർ കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു. ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല ആദ്യകാല സാമൂഹികജീവിതം . ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്. കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ , നിർമ്മിച്ചിരുന്നു .നായാട്ടിന് ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്. പുതിയ കാലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു.
കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ. നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ . ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു. ദൈവപ്പുരയോട് അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്. മൂന്നാംമഠം, അഞ്ചാം മഠം, ഏഴാം മഠം എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത് കുലത്തിന് യോജിച്ച വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു. ഊരുമൂപ്പനായ മുതലിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത് രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക് താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ നടത്തിക്കൊടുക്കും . വിവാഹശേഷം വരന്റെ ഗൃഹത്തിലേക്ക് വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു. പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്. ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്.
മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും സമൂഹത്തിലുണ്ടായിരുന്നു. ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട കോമരം തുള്ളൽ എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി കണ്ണീർ പൊഴിക്കൽ എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്ിന. പഴയ പല്ലവരുടെ പിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി കാണാം. വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമർ. ഊരിന്റെ അധിപതികൾ എന്ന അർത്ഥത്തിലാണ് ഊരാളികൾ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദരാണിവർ. ഇരുമ്പുപകരണങ്ങളുടെ നിർമ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിർമ്മാണമാണിവരുടെ തൊഴിൽ. വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്നു. പഴയ പല്ലവരുടെപിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവർ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകൾ
കാട്ടുനായ്ക്കർ
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.
പണിയർ
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.
വയനാടൻ ചെട്ടിമാർ
വയനാട്ടിൽ അധിവസിക്കുന്ന ചെട്ടിമാർ വയനാടൻ ചെട്ടി എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേതമായ വയനാടൻ ചെട്ടിഭാഷയാണ് സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്. സവിശേഷമായ ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വയനാടൻ ചെട്ടിമാർ ആദിവാസി ഗോത്ര വിഭാഗം അല്ലെങ്കിലും നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം വയനാട്ടിൽ ഈ ജനതയ്കുണ്ട്. ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയാണ് വയനാടൻ ചെട്ടിമാർ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സംസ്കാര ക്രിയകൾ. ഇവർക്കുണ്ട്ആഘോഷച്ചടങ്ങിൽ പ്രധാനം പുത്തരിയാണോ തുലാമാസം പത്താം തീയതിയാണ്. ഈ ചടങ്ങ് നടത്തുന്നത് തുലാമാസം 10ാം തിയ്യതിയാണ്. രാവിലെ ധാന്യങ്ങൾ നെല്ല റാഗി മുത്താറി തുടങ്ങിയ ധാന്യങ്ങളുടെ കതിർ കൊണ്ടുവരികയും കൈകൊണ്ടുതന്നെ അരിയാക്കി ശർക്കരയും പഴവും തേങ്ങയും ചേർത്ത് നിവേദ്യം ആക്കി ആളുകൾക്ക് കൊടുക്കുന്നു. ധന്യ കതിർ ആളുകൾക്ക് ആലിലയും മാവിലയും ചേർത്തു കൊടുക്കുന്നു. ഇത് വാതിൽപ്പടിയിൽ വിളക്ക് വയ്ക്കുന്നത് കെട്ടിത്തൂക്കി ഇടുന്നു ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു കുട്ടി ജനിച്ചാൽ 28ാം ദിവസം നൂല് കെട്ട് ചടങ്ങുണ്ട് തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായി ആഘോഷിക്കുന്ന ഒന്നാണ് തിരണ്ടുകല്യാണം. ചെട്ടി മാർക്കിടയിൽ ഒരു പെൺകുട്ടി കണ്ടുകഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ ആ പെൺകുട്ടിയെ മാറ്റി പാർപ്പിക്കുന്നു. പഴയകാലങ്ങളിൽ പുറംലോകം കാണിക്കാതെ മറ്റൊരു വീട്ടിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തിൽ പ്രധാനമായുള്ളത് കുളിപ്പിക്കൽ ചടങ്ങാണ്. പെൺകുട്ടിയുടെ മുത്തശ്ശിയാണ് കുളിപ്പിക്കുന്നത് . കുളിപ്പിക്കൽ കഴിഞ്ഞാൽ അവർ നൽകുന്ന പുതു വസ്ത്രം ധരിച്ചാണ് പെൺകുട്ടി പുറത്തേക്ക് വരുന്നത്. സാമ്പത്തികശേഷി പോലെ ആഘോഷം സംഘടിപ്പിക്കുന്നു. ബന്ധു്ക്കളെ ക്ഷണിച്ച് ആഘോഷം സംഘടിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ചുവരുന്ന ബന്ധുക്കൾ പെൺകുട്ടിക്ക് പുതുവസ്ത്രം സമ്മാനിക്കുന്നു ഇതാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങ് . എന്നാൽ പുതിയ കാലത്ത് ഇത്തരം ചടങ്ങുകൾ കുറഞ്ഞിരിക്കുന്നു. അപൂർവ്വമായി മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹ ചടങ്ങുകളാണ് മറ്റൊന്ന്. ആദ്യം പെണ്ണുകാണൽ, അതിനുശേഷം ഇരുവീടുകളിലെയും ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ ആദ്യ ചടങ്ങ് ചെറുക്കന്റെ വീടുകാണലാണ്. പെൺവീട്ടുകാർ ചെറുക്കന്റെ വീട്ടിൽ വരുന്നു. തുടർന്ന് ചെറുക്കന്റെ വീട്ടിലെ ആളുകൾ പെണ്ണിൻറെ വീട്ടിലേക്ക് പോകുന്നു. ഇഷ്ടപ്പെട്ടാൽ വിവാഹം തീരുമാനിക്കുന്നു. തീരുമാനിച്ചുകഴിഞ്ഞാൽ കഞ്ഞികുടി എന്ന ചടങ്ങ് നടക്കുന്നു. പെണ്ണിന്റെ വീട്ടിൽ വച്ച് വാക്ക് ഉറപ്പിക്കുകയാണ് ഈ ചടങ്ങ്. അവരുടെ വീട്ടിൽ വച്ച് നടക്കുന്ന വിവാഹം ഉറപ്പിക്കൽ ചടങ്ങാണ് എന്നു പറയുന്നു ഇത് വിവാഹത്തിന് ഒരാഴ്ച മുമ്പ് രണ്ടാഴ്ചമുമ്പ് ഒക്കെയാണ് നടക്കുന്നത് . പിന്നീട് വിവാഹമാണ് താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു . വിവാഹ വസ്ത്രം വെള്ളയാണ്. തുടർന്ന് വീട്ടിലേക്ക് വധുവിനെയും കൂട്ടി പോകുന്നു വിളക്കു വെച്ച് വധുവിനെ വരന്റെ വീട്ടുകാർ സ്വീകരിക്കുന്നു. മരണാനന്തരചടങ്ങ് വൈവിധ്യം ഉള്ളതാണ് മരിച്ചയാളുടെ രണ്ടുഭാഗത്തും വിളക്ക് കത്തിച്ചു വയ്ക്കുന്നു തെക്കുവടക്കായി നിലത്തു കിടത്തുന്നു. സംസ്കരിക്കുന്നതിനുള്ള പ്രധാനചടങ്ങ് കുളിപ്പിക്കൽ ആണ്. വീടിൻറെ തെക്കുഭാഗത്താണ് കുളിപ്പിക്കാൻ ആവശ്യമായ സൗകര്യം തയാറാക്കുന്നത് ഒരു കുഴിയും ഒരു കലവും ഉണ്ടായിരിക്കും. കളത്തിൽ ചൂടുവെള്ളം ഒഴിക്കുന്ന തുടർന്ന് എല്ലാവരും വെള്ളം ഒഴിക്കുന്നതാണ് ചടങ്ങ് . പുതുവസ്ത്രം ധരിപ്പിച്ചു മുറ്റത്ത് കിടത്തുന്നു. ശരീരത്തിൽ പട്ടും മുണ്ടും ബന്ധുക്കൾ ഇടുന്നു. ഇതൊരു ചടങ്ങാണ് തുടർന്ന് ബലികർമ്മം നടക്കുന്നു ശരീരത്തിൽ രണ്ടുപേർ അരിയും പൂവും ഇടലാണ് ഈ ചടങ്ങ്. തലഭാഗത്തും കാൽ ഭാഗത്തും ഓരോരുത്തർ നിൽക്കുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു വണങ്ങി അരിയും പൂവും ഇടുന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു. മുളകൊണ്ടുണ്ടാക്കിയ മഞ്ചത്തിൽ വഹിച്ചുകൊണ്ടാണ് പോകുന്നത്. ഇവിടെനിന്ന് ബന്ധുക്കൾ വിരിച്ച മുണ്ടും പട്ടുമൊക്കെ പണിയർ എടുത്തു കൊണ്ടുപോകുന്നു. തുടർന്നു ശവശരീരം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പതിനാറാം ദിവസം അടിയന്തരം നടത്തുന്നു, 15 ദിവസം ബലി നടത്താറുണ്ട് . തുടർന്ന് ആത്മാവിനെ തിരുനെല്ലിയിൽ കൊണ്ടുപോയി കുടിയിരുത്തുന്നു. ചിലർ തിരിച്ചു കൊണ്ടു വരാറുണ്ട്. എന്നിട്ട് സ്വന്തം പുരയിടത്തിൽ കൂടിയിരുത്തുന്നു. എല്ലാവർഷവും ആത്മാവിന് വെച്ചുകൊടുക്കാൻ നടത്താറുണ്ട്
വാകേരിയിലെ കുടിയേറ്റക്കാർ
ഈഴവർ/തീയ്യർ
വാകേരിയിലെ കുടിയേറ്റക്കാരിൽ ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത് ഈഴവരാണ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയവരാണ് ഇവരിലധികവും പാല, ഈരാറ്റുപേട്ട, തൊടുപുഴ കിടങ്ങൂർ, രാമപുരം മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് 1940 കളിലും 1960 കളിലും നടന്ന കുടിയേറ്റത്തിൽ വന്നവരാണ് ഇവർ. പൂതാടി ജൻമിയിൽനിന്നും, കക്കോടൻ മമ്മത് ഹാജിയിൽ നിന്നും ഭൂമി വിലക്ക് വാങ്ങുകയും ആ ഭൂമിയിൽ കൃഷി ചെയ്ത് ജീവിതം പുലർത്തുകയും ആണ് അവർ ചെയ്തിട്ടുള്ളത് ആദ്യകാലത്ത് മുഖ്യതൊഴിൽ കൃഷിയായിരുന്നു പിൽക്കാലത്ത് കൃഷിക്ക് പുറമെ വാണിജ്യമേഖലയിലും സേവന മേഖലയിലും ഈ ജനതയ്ക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടുണ്ട് . പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് കുടിയേറിയവരാണ് തീയ്യർ വാകേരിയുടെ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക വളർച്ചയിൽ ഈ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്.
കൃസ്ത്യാനികൾ
കോട്ടയം ജില്ലയിലെ പാല കോട്ടയം മൂവാറ്റുപുഴ കോതമംഗലംഏറ്റുമാനൂർ തുടങ്ങിയ മേഖലകളിൽ നിന്ന് 40കളിലും 50കളിലും ആയി കുടിയേറിയവരാണ് ഇവിടുത്തെ ക്രിസ്ത്യാനികൾ വാകേരി മേഖലയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്.ജൻമികളിൽനിന്ന് ഭൂമി വിലയ്ക്കു വാങ്ങി അധ്വാനിച്ച് ജീവിച്ചവരായിരുന്നു ആദ്യ തലമുറക്കാർ .സർക്കാർ മേഖലയിലും ഇതര മേഖലകളിലും തൊഴിലെടുത്ത് ജീവിക്കുന്നു രണ്ടും മൂന്നുതലമുറക്കാർ. സാമ്പത്തിക വളർച്ചച്ചയിൽവലിയ പങ്ക് കൃസ്ത്യൻ മതവിഭാഗത്തിനുണ്ട്. വാകേരിയുടെ യുടെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഈ വിഭാഗം ആവുകൾ ഏറെയാണ്.1971 ലാണ് കല്ലൂർകുന്നിൽ സെന്റ് ആന്റണീസ് പള്ളി പണിയുന്നത്. വാകേരിയിലെ റോമൻകത്തോലിക്കാ വിഭാഗക്കാർ ഈ പള്ളിയിലാണ് പ്രാർത്ഥനയക്ക് എത്താറുള്ളത്. മറ്റൊരു വിഭാഗം മലങ്കതര സുറിയാനി കൃസ്ത്യാനികളാണ്. കല്ലൂർകുന്ന് കേന്ദ്രീകരിച്ചാണ് ഈ വിഭാഗം കൂടുതലും താമസിക്കുന്നത്. ഇവരുടെ ഇടവകപ്പള്ളി ചേമ്പും കൊല്ലിയിലാണ് ഉള്ളത്.എണ്ണത്തിൽ വളരെക്കുറച്ചുപേർമാത്രമുള്ള പെന്തക്കോസ്തു വിഭാഗക്കാരും വാകേരിയിലുണ്ട്.
മുസ്ലീംകൾ
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് കച്ചവടത്തിനും കൂലിപ്പണിക്കുമായി കുടിയേറിയവരാണ് ഇവിടുത്തെ മുസ്‌ലിംകൾ. പ്രധാനമായും വാകേരി അങ്ങാടി കേന്ദ്രീകരിച്ചാണ് ഇവർ ജീവിക്കുന്നത് വാകേരിയിലെ കച്ചവടക്കാർ പ്രധാനമായും മുസ്ലിങ്ങളാണ്. ഗൾഫ് രാജ്യങ്ങളാണ് ഇവിടുത്തെ മുസ്ലീം ജനതയെ സാമ്പത്തികമായി വളർത്തിയതെന്നുപറയാം. ഗൾഫ് രാജ്യങ്ങളിലാണ് ഇവിടുത്തെ മുസിലിം പുരുഷൻമാരിൽ അധികവുംജോലിചെയ്യുന്നത്. അതുപോലെ പ്രദേശങ്ങളുടെ കച്ചവടം നടത്തിയ കച്ചവടത്തിനുള്ള മുഖ്യ ഉപജീവനമാർഗം നടത്തുന്നവരാണ് മുസ്ലിം സമൂഹം വാകേരിയുടെ വളസുൽത്താൻ ബത്തേരിയിൽ കച്ചവടം ചെയ്യുന്നവരിൽ വലിയൊരു പങ്കും വാകേരിയിലെ ആളുകളാണ്.വാകേരിയുടെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് ഈ പ്രദേശത്തെ മുസ്‌ലിം സമുദായത്തിന് അർഹതപ്പെട്ടതാണ്
നായർ
കോഴിക്കോട് കണ്ണൂർ കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് നായർ ജനവിഭാഗം വളരെ കുറച്ച് ആളുകൾ മാത്രമാണ് നായർ സമുദായത്തിൽ വാകേരിയിൽ ഉള്ളത്
വിശ്വകർമ്മജർ
വിശ്വകർമ്മജർ എന്നറിയപ്പെടുന്ന ജനസമൂഹമാണ് മറ്റൊന്ന്. ആശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്നു. മുഖ്യമായും കല്ലൂർ കുന്ന് മൂടക്കൊല്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വിഭാഗം ഏറെയും താമസിക്കുന്നത്. കുലത്തൊഴിലായ കെട്ടിടനിർമ്മാണം, വീടുനിർമ്മാണം, മരപ്പണികൾ, കാർഷികവുംഗാർഹികവുമായ ഇരുമ്പായുധങ്ങൾ തുടങ്ഹിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണിവർ. വാകേരിയിലെ വീടുകളും കെട്ടിടങ്ങളും വരുടെ നിർമ്മിച്ചത്. ഈ സമൂഹമാണ്.
ദളിത് വിഭാഗങ്ങൾ
കുശവൻ , വേലൻ, കമ്മാരൻ തുടങ്ങിയ ദളിത് വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു. പാരമ്പര്യ തൊഴിലുകളാണ് അടുത്തകാലം വരെ ഇവർ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്തായി ഇതിനുമാറ്റം വന്നിട്ടുണ്ട്. എങ്കിലും പാരമ്പര്യ തൊവിലുകളായ മൺപാത്രനിർമ്മാണം കുശവൻമാർ ഇപ്പോഴും നടത്തുന്നുണ്ട്. പപ്പടം ഉണ്ടാക്കുന്നവർ, വട്ടി, മുറം മുതലായ കരകൗശല ഉൽ്പപന്നങ്ങളഅ നിർമ്മിച്ചു വിൽപ്പന നടത്തി ഉപജീവിക്കുന്നവരും പാരമ്പര്യ തൊഴിൽ തുടരുന്നു. വേലൻമാർ പാരമ്പര്യ തൊഴിലായ അലക്കുപണി പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു.
കൃഷികൾ
ഇവിടുത്തെ സ്ഥിരതാമസക്കാരായിരുന്ന മുള്ളക്കുറുമർ, ചെട്ടിമാർ എന്നീവിഭാഗങ്ങൾ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയിൽ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമർ ബ്രട്ടീഷുകാർക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെൽകൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും മുള്ളക്കുറുമർ കൃഷിചെയ്തിരുന്നു. അക്കാലത്ത് കാട്ടുനായ്ക്കർ ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികൾ. പുനംകൃഷി ആയിരുന്നു അക്കാലത്തെ കൃഷി സമ്പ്രദായം. കുടിയേറ്റക്കാരുടെ വരവോടെയാണ് പുനംകൃഷി ഇല്ലാതാകുന്നത്. ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തിൽ കാപ്പികൃഷിയാണ് ആദ്യം വാകേരിയിൽ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതിൽ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റിൽ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകൾ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബർ, എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോൾ വാകേരിയിലെ പ്രധാന കൃഷി കാപ്പി, അടക്ക, റബർ, എന്നിവയാണ്. നെൽകൃഷി തീരെ ഇല്ല എന്നു പറയാം. വിശാലമായ നെൽവയലുകൾ വാഴകൃഷിക്കും കവുങ്ങുകൃഷിക്കുമായി മാറ്റപ്പെട്ടു.
വാകേരിയിൽ ആദ്യം
- വൈദ്യുതി - 1994 സെപ്തംബർ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജൻ സ്വിച്ചോൺ ചെയ്തു. വയറിംഗ് പൂർത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി.
- ടെലഫോൺ കണക്ഷൻ -
- ആദ്യ ബസ്സ് സർവീസ് - ബത്തരി -വാകേരി കെ എസ് ആർ ടി സി ബസ് 1984ൽ സർവ്വീസ് ആരംഭിച്ചു.
- ആദ്യ സ്കൂൾ - ഗവൺമെന്റ് എൽ പി സ്കൂൾ വാകേരി 1962
- ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി - ശശി ചെരിയംപുറത്ത്
- ആദ്യമായി പത്താം തരം പാസ്സായ വനിത- ഷീല പി.റ്റി
- ആദ്യ ബിരുദധാരി- ശശി ചെരിയംപുറത്ത്
- ആദ്യ നോവലിസ്റ്റ്- ഗിരീഷ് എ എസ്
- ആദ്യ അധ്യാപകൻ.- വേലായുധൻ വാകേരി
- ആദ്യ എൻജിനീയർ- രാജേഷ് പി.ഡി.
- ആദ്യ PhD ബിരുധദാരി- ഡോക്ടർ കെ കെ ബിജു.
- ആദ്യ MBBS ബിരുധദാരി- റസാന ഹുസൈൻ
പ്രധാന സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
വാകേരിയിലെ പ്രധാനരപ്പെട്ട ചികിത്സാകേന്ദ്രമാണ് ആയുർവേദ ഡിസ്പെൻസറി. 1964ൽ ആണ് ഈ സ്ഥാപനം വാകേരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. വാകേരിയിലെ തെരഞ്ഞെടുപ്പു ചരിത്രവുമായി ബന്ധമുള്ളതാണ് ആയുർവേദ ഡിസ്പെൻസറി. വാകേരിയിലെ ആദ്യത്തെ വാർഡ് മെമ്പറും ഭരണസമിതിയിലെ ആദ്യവൈസ് പ്രസിഡന്റുമായിരുന്ന ശ്രീ പി എസ് രാമനാണ് ആയുർവേദ ഡിസ്പെൻസറി വാകേരിയിൽ ആരംഭിക്കുന്നതിനുവേണ്ട രാഷ്ട്രീയ നേതൃത്വം നൽകിയത്. 1961ലാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ പി. എസ്. രാമനാണ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ വാർഡ് കോളേരിവരെ വ്യാപിച്ചു കിടന്ന വിശാലമായ മേഖലയായിരുന്നു. കമ്യൂണിസ്റ്റുപാർട്ടി ശ്രീ പി എസ് രാമന് പിന്തുണനൽകിയിരുന്നു. വിജയശേഷം ഇദ്ദേഹം കോൺഗ്രസിൽചേർന്ന് ഭരണസമിതിയുടെ വൈസ് പ്രസിഡന്റായി. പൂതാടി പഞ്ചായത്തിന് അനുവദിച്ച ഡിസ്പെൻസറി വാകേരിയിൽ ആരംഭിച്ചതിന്റെ രാഷ്ട്രീയ കാരണം ഇതാണ്. വാകേരിക്കും താഴത്തങ്ങാടിക്കും മധ്യേ രാമകൃഷ്ണൻ എന്നയാളുടെ പീടികകെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്. ആയുർവേദ ചികിത്സാരംഗത്ത് പ്രശസ്ഥനായിത്തീർന്ന ശ്രീ മാധവൻ ഡോക്ടറായിരുന്നു വാകേരി ഡിസ്പെസറിയിൽ ആദ്യകാലത്ത് രോഗികളെ ചികിത്സിച്ചിരുന്നത്. പില്ക്കാലത്ത് വാകേരിക്കാരുടെ അപ്പുവേട്ടനായി മാറിയ താമരശ്ശേരി സ്വദേശി ശ്രീ അപ്പു ആയിരുന്നു കമ്പോണ്ടർ. വാകേരിയിലെ പ്രാധമിക ആരോഗ്യകേന്ദ്രംകൂടിയായിരുന്നു ഈ ഡിസ്പെൻസറി. പകർച്ചവ്യാധികൾക്കെതിരെയുള്ള നോട്ടീസുകൾ, ആരോഗ്യസംബന്ധമായ മുന്നറിയിപ്പുകൾ, കുടുംബാസൂത്രണത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന പോസ്റ്ററുകൾ തുടങ്ങിയവയൊക്കെ ഡിസ്പെൻസറിയുടെ ചുവരിൽ ഒട്ടിച്ചിട്ടുള്ളത് കാണാമായിരുന്നു. ഇന്ന് ആയുർവേദ ഡിസ്പെൻസറി പ്രവർത്തിക്കുന്നത് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിലാണ്. ചിറക്കരക്കുഴി കുമാരൻ, അടക്കനാട്ട് സുകുമാരൻ എന്നിവർ പഞ്ചായത്തിന് സൗജന്യമായി നൽകിയ5സെന്റ് സ്ഥലത്ത് 1997ലാണ് കെട്ടിടം നിർമ്മിച്ചത്. വളരെ മികച്ച സേവനമാണ് ഇ്കകാലത്ത് വാകേരി ഡിസ്പെൻസറിയിൽനിന്നു ലഭിക്കുന്നത്. ഒരു സ്ഥിരം ഡോക്ടറുടെ സേവനം, രണ്ടു നേഴ്സുമാർ എന്നിങ്ങനെ മുഴുവൻസമയ ആരോഗ്യപ്രവർത്തകർ ഇവിടെയുണ്ട്. വയോജനങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക പദ്ധതികളുടെ ഭാഗമായി ചികിത്സയും മരുന്നും ലഭിക്കുന്നു. വർത്തമാനകാലത്ത് അലോപ്പതി മരുന്നുകളോട് ആളുകൾക്കു താൽപര്യം കുറഞ്ഞത് ആയുർവേദ ചികിത്സാരംഗത്ത് ഉണർവിനുകാരണമായിട്ടുണ്ട്. പഞ്ചായത്തിന്റെ എല്ലാ മേഖലയിൽനിന്നും ഇവിടെ രോഗികൾ എത്തുന്നു. ഏവർക്കും മികച്ച സേവനം നൽകിക്കൊണ്ട് ആയുർവേദ ഡിസ്പെൻസറി വാകേരിക്ക് അഭിമാനമായി തലയുയർത്തി നിൽക്കുന്നു.
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
പൊതുമേഖല സ്ഥാപനം
- വാകേരിടെലഫോൺ എക്സ്-ചേഞ്ച്
- വാകേരി ക്ഷീരോൽപാദകക സഹകരണ സംഘം
- കേരള ഗ്രാമിൺ ബാങ്ക് വാകേരി
- സാന്ത്വനം ഹോസ്പിറ്റൽ വാകേരി
ബാങ്കിങ് സ്ഥാപനങ്ങൾ
കേരള ഗ്രാണീണ ബാങ്ക് വാകേരി വാകേരിയിലെ പ്രമുഖമായ ധനകാര്യസ്ഥാപനമാണ് കേരള ഗ്രാമീണ ബാങ്കിന്റെ വാകേരി ശാഖ. മലപ്പുറം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ശാഖ ആയിരുന്നു ഇത്. അതുകൊണ്ട് സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് എന്നാണ് 2017 വരെ ഇതറിയപ്പെട്ടിരുന്നത്. 1982 മെയ് 15 നാണ് ബാങ്ക് വാകേരിയിൽ പ്രവർത്തനം ആരംഭിച്ചത്. ആരംഭകാലത്ത് 7 സ്റ്റാഫായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ഈ ബാങ്കിലെ ആദ്യത്തെ അക്കൗണ്ട് ഉടമ രായിനിക്ക എന്ന് വാകേരിക്കാർ വിളിച്ചിരുന്ന ശ്രീ രായിൻ മൂശാരിയേടത്ത് ആണ്. നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പഴയ അക്കൗണ്ട് ഉടമ അക്കൗണ്ട് നമ്പർ 5ആയ വേലായുധൻ കക്കടത്ത് ആണ്. ഇപ്പോൾ 10000 ൽ അധികം അക്കൗണ്ടുകൾ വാകേരി ബ്രാഞ്ചിൽ ഉണ്ട്. മാനേജർ ഉൾപ്പെടെ 10 സ്റ്റാഫും ഉണ്ട്. കാർഷികവും കാർഷികേതരവുമായ നിരവധി വായ്പകൾ നൽകി വാകേരി പ്രദേശത്തെ കർഷകരേയും കച്ചവടക്കാരേയും സാമ്പത്തികമായി ഉയർച്ചയിലേക്കെത്തിച്ചതിൽ വലിയപങ്ക് ഈ ബാങ്കിനുണ്ട്. സ്വർണ്ണപ്പണയ വായ്പ, ഭവനവായ്പ, വാഹനവായ്പ, വസ്തു ഈടിന്മേലുള്ള വായ്പ, വ്യക്തി ജാമ്യത്തിന്മേലുള്ള വായ്പകൾ തുടങ്ങി വലുതും ചെറുതുമായ അനേകം ഇടപാടുകളിലൂടെ ഈ പ്രദേശത്തെ ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കച്ചവടക്കാർക്കായി ബാങ്ക് ഏർപ്പെടുത്തിയ ഒരു പദ്ധതി ആയിരുന്നു നിത്യനിധി ഡെപ്പോസിറ്റ്. ദിവസവും ഒരു ചെറിയ തുക നിക്ഷേപമായി ബാങ്കിൽ അടയ്ക്കുന്ന പദ്ധതിയാണിത്. വശ്യമുള്ളപ്പോൾ ഈ സമ്പാദ്യത്തിൽനിന്ന് വായ്പയും ലഭിക്കുമായിരുന്നു. കളക്ഷൻ ഏജന്റ് മുഖാന്തരമാണ് കച്ചവടക്കാർ നിക്ഷേപം നടത്തിയിരുന്നത്. കേളനാംതടത്തിൽ തങ്കച്ചൻ ആയിരുന്നു ബാങ്കിന്റെ ആരംഭകാലം മുതൽ നിത്യനിധി പിരിച്ചിരുന്നത്.2001 ൽ ഈ പദ്ധതി ബാങ്ക് നിർത്തലാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെന്റ് വൊക്കോഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാകേരി
സാംസ്കാരിക സ്ഥാപനങ്ങൾ
- പുലരി ലൈബ്രറി മൂടക്കൊല്ലി,
- നാഷണൽ റിക്രിയേഷൻ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂർകുന്ന്.
- അഗ്നിച്ചിറകു് വായനശാല വാകേരി.
മത സ്ഥാപനങ്ങൾ
- ഹയർ സെക്കണ്ടറി മദ്രസ വാകേരി
- വാകേരി ദറസ്
സഹകരണ സ്ഥാപനം
- വാകേരി ക്ഷീരോൽപാദക സഹകരണ സംഘം
വാകേരിയുടെ സാമ്പത്തികപുരോഗതിയിൽ നിർണ്ണായകമായ സ്വാധീനമുള്ള സംരംഭമാണ് വാകേരി ക്ഷീരോൽപ്പാദക സഹകരണസംഘം. 5-1-1985 ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഈ സംഘത്തിന് അധികമാർക്കും അറിയാത്ത ത്യാഗത്തിന്റെ ചരിത്രവുംകൂടിയുണ്ട്. 1982ലെ സഹകരണവകുപ്പിന്റെ തീരുമാനപ്രകാരം മലബാർമേഖലയിൽ പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പാൽ സംഭരണത്തിനും പ്രത്യേകം പരിഗണനൽകി. അന്നത്തെ സർക്കാർ പശ്ചിമഘട്ട വികസന പദ്ധതി ആരംഭിച്ചു. ക്ഷീരമേഖലയിൽ വലിയ പ്രോത്സാഹനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപ്രകാരം മലബാറിൽ മലബാറിൽ ധാരാളമായി ക്ഷീര സംഘങ്ങൾ സഹകരണ വകുപ്പിനുകീഴിൽ രൂപീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ ഉൾപ്പെട്ട പാമ്പ്രയിൽ ഒരു ക്ഷീരോൽപ്പാദക സഹകരണ സംഘം ആരംഭിച്ചു. ഇതിന്റെ ഭരണസമിതിയിൽ യാദൃശ്ചികമായി വാകേരിക്കാരനായ ശ്രീ കെ എസ് നാരായണൻ അംഗമായി. കുറച്ചുകാലം ഇദ്ദേഹം പ്രസ്തുത സംഘത്തിൽ ക്ലർക്കായി ജോലിനോക്കുകയും ചെയ്തു. അക്കാലത്ത് വാകേരിയിൽനിന്ന് പാമ്പ്ര ക്ഷീരോൽപ്പാദക സഹകരണസംഘമായിരുന്നു പാൽ ശേഖരിച്ചിരുന്നത്. ഈ കാലയളവിലെ അനുഭവപരിചയമാണ് വാകേരി കേന്ദ്രമാക്കി ഒരു സഹകരണസംഘം ആരംഭിക്കുന്നതിന് കെ എസ് നാരായണന് പ്രചോദനമായത്. അക്കാലത്ത് വാകേരി കേന്ദ്രമായി ശ്രീ സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ വികസന സമിതി എന്ന പേരിൽ ഒരു സംഘടന പ്രവർത്തിച്ചിരുന്നു. വാകേരിയിലെ പ്രമുഖരായ വ്യക്തികൾ ഈ സമിതിയിൽ അംഗങ്ങളായിരുന്നു. ഈ സംഘടനയിലെ അംഗങ്ങളും കെ എസ് നാരായണനുംകൂടി വാകേരിയിലെ പഴയ കോൺഗ്രസ് ഓഫീസിൽവെച്ച് ഡോ. രാജന്റെ അധ്യക്ഷതയിൽ സൊസൈറ്റി രൂപീകരണത്തിനായുള്ള പ്രമോട്ടിംങ് കമ്മറ്റിയോഗം ചേർന്നു. സെബാസ്റ്റ്യൻചാമക്കാലയെ പ്രമോട്ടിംങ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. 1983 മാർച്ച് മാസം 26ാം തിയതിമുതൽ പാൽ സംഭരിച്ചുകൊണ്ട് അനൗപചാരികമായി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് രജിസ്ട്രേഷൻ നടപടികൾക്കായി ശ്രമം ആരംഭിച്ചു. 25 വ്യത്യസ്ഥ കുടുംബങ്ങളിൽ നിന്നുള്ള 25 അംഗങ്ങൾ ചേർന്നതിന്റെ രേഖയും സഹകരണ വകുപ്പിൽ 2000 രൂപ ഓഹരിയായി കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളൂ. ഒരു ഓഹരിയുടെ വിലയായി അന്ന് 10 രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഓഹരി പിരിക്കുന്നതിൽ കമ്മറ്റിക്ക് വിജയിക്കാനായില്ല. രണ്ടുകാരണങ്ങളാണ് തടസ്സമായത്. വാകേരി സ്കളിനുവേണ്ടി നടത്തിയ പണസമാഹരണംമൂലം ആളുകൾ പ്രയാസത്തിലായിരുന്നു. കൂടാതെ ഇതൊരു തട്ടിപ്പാണെന്ന കിംവദന്ദി വാകേരിയിൽ പ്രചരിച്ചിരുന്നു. കമ്മറ്റി അംഗങ്ങൾ അതിലൊന്നും തളർന്നില്ല, ഓഹരിയായി ലഭിച്ച ചെറിയ തുകയും സ്വന്തം പണവും ചേർത്ത് 2000 രൂപ സഹകരണ വകുപ്പിൽ അടച്ചു. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി ഉണ്ടായത്. പാമ്പ്ര, വരദൂർ ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങൾ വാകേരി സംഘത്തിന് രജിസ്ട്രേഷൻ നൽകുന്നതിനെതിരെ സംസ്ഥാന സഹകരണവകുപ്പിന് പരാതി നൽകി. അന്നത്തെ എം. എൽ എ രാമചന്ദ്രൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ വാകേരി വാർഡിൽമാത്രം പ്രവർത്തിക്കണമെന്ന വ്യവസ്ഥയിൽ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിൽനിന്ന് രാമാസ്റ്റർ പിന്നോക്കം പോവുകയും രജിസ്ട്രേഷൻ അനിശ്ചിതത്തത്തിലാവുകയും ചെയ്തു. മറ്റുരാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്താലാണ് വാകേരി സംഘത്തിന് രജിസ്ട്രേഷൻ ലഭിച്ചത്. W-14 D എന്ന രജിസ്ട്രേഷൻ നമ്പറിൽ 5/1/1984 മുതൽ ഔപചാരികമായി വാകേരി ക്ഷീരോൽപാദക സഹകരണ സംഘം അസൈൻഹാജിയുടെ കെട്ടിടത്തിലെ വാടകമുറിയിൽ പ്രവർത്തനം ആരംഭിച്ചു. 40.1 ലിറ്റർപാലാണ് ആദ്യം സംഭരിച്ചത്. രജിസ്ട്രേഷൻ ഇല്ലാതിരുന്ന 12/3/83മുതൽ 31/12/83 വരെ മിൽമ പാൽ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇക്കാലയളവിൽ വാകേരി സംഘം പ്രാദേശികവിൽപ്പനയാണ് നടത്തിയിരുന്നത്. സംഘത്തിന് സ്വന്തമായിപാൽപാത്രംപോലും അക്കാലത്ത് ഉണ്ടായിരുന്നനില്ല. കർഷകരുടെ പാത്രത്തിൽത്തന്നെ ശേഖരിച്ച് വാകേരി, സിസി, പുല്ലുമല, മൂന്നാനക്കുഴി എന്നിവിടങ്ങളിൽ വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. പാൽ വർദ്ധിച്ചപ്പോൾ പ്രാദേശിക വിൽപ്പന മതിയാകാതെ വരികയും മിൽമയുടെ മലബാർ മേഖലാ ചെയർമാനുമായുള്ള കെ എസ് നാരായണന്റെ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പാൽ എടുക്കാൻ സന്നദ്ധമായി. പാൽ ബോയ്സ് ടൗണിൽ എത്തിക്കണമായിരുന്നു. അതിനായി പാൽ ബീനാച്ചിയിലെത്തിച്ച് KSTC ബസിൽ കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത് . വാകേരി സൊസൈറ്റിക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതുവരെ ഈ പ്രസ്ഥാനം നിലനിർത്താൻ അന്നത്തെ ജീവനക്കാരും പ്രമോഷൻ കമ്മറ്റിയും ചെയ്ത ത്യാഗം എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 1984ൽ സംഘത്തിന്
ആരാധനാലയങ്ങൾ
- വാകേരി ഗുരുമന്ദിരം
- വാകേരി ജുമാമസ്ജിത്
- സെന്റ് ആന്റണീസ് പള്ളി, കല്ലൂർകുന്ന്.
- സെന്റ് മേരീസ് പള്ളി, ചേമ്പുംകൊല്ലി
- മടൂർ ഭഗവതികാവ്, മടൂർ
- എടയൂർ ഭഗവതിക്കാവ്, എടയൂർ
- താഴത്തങ്ങാടി ജുമാമസ്ജിത്
- മൂടക്കെല്ലി ശിവക്ഷേത്രം
- കൂടല്ലൂർ അമ്പലം
- കല്ലൂർ ഭഗവതി കാവ്
- വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രം
പ്രധാന ഉത്സവങ്ങൾ
- മടൂർ ഭഗവതി കാവ് തിറമഹോത്സവം
- എടയൂർ ഭഗവതി കാവ് തിറമഹോത്സവം
- വട്ടത്താനി തിറമഹോത്സവം
പഴയകാലത്തെ പ്രധാന വ്യക്തികൾ
പ്രധാന സ്ഥലങ്ങൾ
- വാകേരി
- കല്ലൂർകുന്ന്
- മൂടക്കൊല്ലി
- മടൂർ
- എടയൂർ
- സിസി
- കക്കടം
പ്രധാന വയലുകൾ
- എടയുർ
- മടൂർ
- പാലക്കുറ്റി
- കല്ലൂർ
- ഞാറ്റാടി
പ്രധാന തോട്ടങ്ങൾ
- വാകേരി കാപ്പി എസ്റ്റേറ്റ്
- ഏദൻ വാലി ഏലം എസ്റ്റേറ്റ്
പ്രധാന ആദിവാസി കോളനികൾ
കൂടല്ലൂർ, കൊമ്മഞ്ചേരി, ലക്ഷംവീട്,ചേമ്പുംകൊല്ലി, ഓടക്കുറ്റി, കല്ലൂർ, വെമ്പിലാത്ത്, മടൂർ, എടയൂർ,പഴുപ്പത്തൂർ, പ്ലാക്കൂട്ടം, മഞ്ഞനംകൈത, അറുപതുനാഴി, കറുത്തൻകാല, തേൻ കുഴി, കക്കടം തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യമായ ആദിവാസി കുടികൾ (കോളനികൾ) കൂടല്ലൂർ, ചേമ്പുംകൊല്ലി, ഓടക്കുറ്റി, കല്ലൂർ, വെമ്പിലാത്ത്, മടൂർ, എടയൂർ,പ്ലാക്കൂട്ടം, മഞ്ഞനംകൈത, അറുപതുനാഴി, കറുത്തൻകാല, കക്കടം എന്നിവ മുള്ളക്കുറുമരുടെ കുടികളാണ്. കൊമ്മഞ്ചേരി, തേൻകുഴി, കൂടല്ലൂർ, ഓടക്കുറ്റി എന്നിവിടങ്ങളിൽ കാട്ടുനായ്ക്കർ താമസിക്കുന്നു. പഴുപ്പത്തൂർ ആണ് പണിയരുടെ പാടിയുള്ളത്. ലക്ഷംവീട് ഊരാളിമാരുടെ ഊരാണ്.
വാകേരിയുടെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ
- കല്ലൂർകുന്ന്
- കക്കടം
- മൂടക്കൊല്ലി
- കൂടല്ലൂർ
സാംസ്കാരിക രംഗം
സാമൂഹികാവസ്ഥ
കല -സാംസ്കാരിക സംഘങ്ങൾ
പ്രധാന രാഷ്ട്രീയ പാർട്ടികൾ
- ഭാരതീയ ജനതാ പാർട്ടി (BJP)
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)
സമുദായ സംഘടനകൾ
കല സാഹിത്യ രംഗം
കല, സാഹിത്യരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ വാകേരിയിലുണ്ട്. സിനിമാ നാടക ഗാന സംവിധായകൻ പൗലോസ് ജോൺസൻ, കഥാകൃത്തും നോവലിസ്റ്റുമായ ഗിരീഷ് ഏ എസ് എന്നിവർ ഈ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളുമാണ�
�.