ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്
01:15, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (മാസ്റ്റർ പ്ലാൻ എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)

ആമുഖം

മാസ്റ്റർ പ്ലാൻ മുഖചിത്രം

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ വിദ്യാഭ്യാസം നിയമം മൂലം നിർബന്ധിതമാക്കി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ നമ്മുടെ രാജ്യവും ആ വഴിക്കുള്ള നീക്കം ആരംഭിച്ചു. ഭരണഘടനാ ശിൽപ്പികൾ 15വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വിഭാവനം ചെയ്തിരുന്നു. കൊച്ചി രാജ്യത്ത് 1949 ൽ നിർബന്ധിതവും സൗജന്യവുമായ പ്രൈമറി വിദ്യാഭ്യാസം നടപ്പിലാക്കി. ഐക്യകേരളപ്പിറവിയോടെ അധികാരമേറ്റ കേരളത്തിലെ പ്രഥമ സർക്കാർ 1957 ലെ വിദ്യാഭ്യാസ നിയമത്തിൽ നിർബന്ധിത വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. വിദ്യാഭ്യാസമേഖലയിലെ സാമൂഹ്യനിക്ഷേപത്തിന്റെ കാര്യത്തിൽ കേരളീയ സമൂഹം വളരെ മുമ്പേ തന്നെ രാജ്യത്തിനു മാതൃകയാണ്. തത്ഫലമായി അഭിമാനകരമായ ഏറെ നേട്ടങ്ങൾ കൈവരിക്കാനും സാക്ഷരതാ മാതൃകയാകാനും നമുക്കായിട്ടുണ്ട്. കുട്ടികൾക്കു പഠിക്കാനാവശ്യമായ ഭൗതികസൗകര്യങ്ങളൊരുക്കുന്നതിലും മറ്റേതൊരു സംസ്ഥാനത്തെയപേക്ഷിച്ചും കേരളം മെച്ചപ്പെട്ട നിലയിലാണ്.

2009 ൽ പാർലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസാവകാശ നിയമം ഒരു ചരിത്ര രേഖയായിവേണം നാം പരിഗണിക്കാൻ ഈ നിയമത്തിന്റെ സാദ്ധ്യതകൾ കേരളീയ സമൂഹത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താനാകണമെന്ന കാര്യം ചർച്ച ചെയ്യേണ്ടതുണ്ട്. 2011 ൽ ദേശീയ വിദ്യാഭ്യാസ നിയമത്തിനനുസൃതമായി കേരളം ചട്ടങ്ങൾക്കു രൂപം നൽകി. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള നല്ലൊരവസരം ദേശീയ നിയമത്തോടെ നമുക്ക് കൈവന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി മാറുകയും നിയമത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയിൽ കുട്ടി പരിഗണിക്കപ്പെടുകയും ചെയ്യുക.

20-ാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ ദശകത്തിൽത്തന്നെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ലോകവേദികളിൽ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രത്യേക സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി ലോകത്തുതന്നെ ഒട്ടനവധി നിയമനിർമ്മാണങ്ങൾ നടത്തി കഴിഞ്ഞു. പ്രസ്തുത നൂറ്റാണ്ടിൻറ അവസാന ദശകങ്ങളിലാണ് കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങൾ പരിഗണിക്കപ്പെട്ടത്. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമായ അംഗീകാരമായത് ഈ ഘട്ടത്തിലാണ്. കുട്ടികളുടെ മാനസിക, ശാരിക, ഭൗതിക പശ്ചാത്തല, തൽക്കാല സ്ഥിതികൾ പരിഗണിച്ചുകൊണ്ടുള്ള ബോധനരീതിയാണ് കൂട്ടിയെ പ്രചോദിപ്പിക്കാൻ വേണ്ടതെന്ന തിരിച്ചറിവാണ് ശിശു കേന്ദ്രീകൃത സമീപനം. പഠനത്തിന്റെ യാന്ത്രികതയിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനാകണം. അദ്ധ്യാപകനും കൂട്ടികളും സഹപഠിതാക്കളാകുകയും, പഠനം അവർ ഒരുമിച്ചു നടത്തുന്ന വിജ്ഞാനാന്വേഷണമാവുകയും പരസ്പരം അറിഞ്ഞു പോകുകയും ചെയ്യുന്ന ക്ലാസ്സ് മുറികളാണാവശ്യം. ആ കാഴ്ചപ്പാടോടെ കുട്ടികളുടെ അവകാശത്തെ പരിഗണിച്ച് രാജ്യത്ത് ആദ്യമായി രൂപം നൽകിയ ആദ്യ വിദ്യാഭ്യാസ നിയമമാണ് “വിദ്യാഭ്യാസ അവകാശ നിയമം 2009 കുട്ടികളുടെ അവകാശം അവർ പോരാടി നേടേണ്ടതല്ലെന്നും സമൂഹം അറിഞ്ഞ് അവർക്ക് നൽകേണ്ടതാണെന്നുമുള്ള ബോധം നമുക്കുണ്ടാകണം. പ്രത്യേകിച്ച് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഈ ബോധം കൂടുതലുണ്ടാകണം. ആ വീക്ഷണത്തോടെ രൂപകൽപ്പന ചെയ്യുന്ന ആധികാരിക വിദ്യാഭ്യാസ വികസനരേഖയായിരിക്കും നമ്മുടെ മാസ്റ്റർ പ്ലാൻ. ഭൗതിക തലം, അക്കാദമിക തലം, സാമൂഹിക തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ട്ടാണ് ഈ പദ്ധതിക്കു രൂപം നൽകുന്നത്.


വികസന ലക്ഷ്യം

ഐക്യകേരളപ്പിറവിയോടെ അധികാരമേറ്റ് കേരളത്തിൻറ ആദ്യ ജനായത്തസർക്കാരാണ് പെതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട് ആയിരക്കണക്കിന് സർക്കാർ വിദ്യാലയങ്ങളും സർക്കാർ സംരക്ഷണത്തോടെയുള്ള വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങളുടെ ഭൗതിക പഞ്ചാത്തലമൊരുക്കുന്നതിലും സംരക്ഷണത്തിലും സർക്കാരുകൾ ഇടപെട്ടുപോരുന്ന സ്ഥിതിയുണ്ടായി. പിന്നീട് സ്വകാര്യ സംരക്ഷണത്തിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളും സ്വാശ്രയസ്ഥാപനങ്ങളും രംഗപ്രവേശനം ചെയ്തതോടെ പൊതുവിദ്യാലയങ്ങൾ ഭീഷണി നേരിടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ സ്വയം പിൻവലിയുന്നു എന്ന തോന്നൽ പോലും പൊതുസമൂഹത്തിനുണ്ടായി. ഇന്ന് ആ സ്ഥിതിയിലാകെ ഗണ്യമായ മാറ്റം ദർശിക്കാനായിരിക്കുന്നു. പൊതുവിദ്യാഭ്യാസം വീണ്ടെടുക്കലിന്റെ ഘട്ടത്തിലായി. കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും പൊതുസമൂഹത്തിന്റെയും പിന്തുണ നല്ല നിലയിൽ ലഭ്യമാക്കാനായിരിക്കുന്നു. അധ്യയനത്തിന്റെ പരമ്പരാഗത രീതികളാകെ മാറുകയും ആധുനിക രീതിശാസ്ത്രം പ്രയോഗിക്കുകയും ചെയ്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറി. അതിനൊത്ത് വിദ്യാലങ്ങളുടെ ഭൗതിക പഞ്ചാത്തലങ്ങളും പുനഃസംഘടിപ്പിക്കാനും പുതിയവ കണ്ടെത്താനും കഴിയേണ്ടതുണ്ട്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” “ഗുണനിലവാരമുള്ള വിദ്യാലയം സമൂഹത്തിന്റെ ആവശ്യം എന്നതാണ് വർത്തമാനകാല വിദ്യാഭ്യാസത്തിന്റെ മുദ്രാവാക്യം. വിദ്യാലയാന്തരീക്ഷം കാര്യക്ഷമമാക്കാനും അദ്ധ്യയന നിലവാരം മികവുറ്റതാക്കാനുമുള്ള കൂട്ടായ യജ്ഞമാണാവശ്യം.

വിദ്യാഭ്യാസാവകാശ നിയമം പൊതുവിദ്യാലയങ്ങളിൽ മാറ്റത്തിന്റെ കാഹളനാദം മുഴങ്ങി. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ കാര്യക്ഷമമാക്കുകയും ശിശുസൗഹൃദവും പാരിസ്ഥിതിക സൗഹൃദവുമായ വിദ്യാലയാന്തരീക്ഷത്തിന് നൂതന വഴി തുറക്കുന്നതിനും ഈ നിയമം ഇട നൽകി. അതിലുപരി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും അത് അവരുടെ അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗുണമേന്മ ഉറപ്പു വരുത്തുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറിയെന്നതും പ്രസക്തമാണ്. അങ്ങനെ ആധുനിക ഇന്ത്യ കുട്ടികൾക്കു നൽകിയ മാഗ്നാകാർട്ടയായി ഈ നിയമത്തെ പരിഗണിക്കണം. അതോടൊപ്പം കേന്ദ്ര നിയമത്തിന്റെ ചുവടുചേർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും” അതിന്റെ സമീപനങ്ങളും പൊതുവിദ്യാലയങ്ങളിൽ മുഴങ്ങിയ പാഞ്ചജന്യമായി.

കുട്ടികളുടെ സമഗ്രവികസനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ പരമാവധി വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ പഠനത്തെ ക്രമപ്പെടുത്തണം. കുട്ടികളുടെ അറിവും, വാസനയും, സാദ്ധ്യതകളും, വളർത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പ്രവർത്തനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും കണ്ടെത്തലുകൾ വഴിയും ശിശു കേന്ദ്രീകൃതമായ രീതിയിൽ അറിവ് നിർമ്മിക്കുന്നതാകണം. കുട്ടികളെ ഭയത്തിൽ നിന്നും ഉത്ഖണ്ഡകളിൽ നിന്നും സ്വതന്ത്രമാക്കുന്നതിന് സഹായകരമാകണം. കുട്ടികളെ ഒരു നല്ല സാമൂഹ്യ ജീവിയായി വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ അടിവരയിട്ടു കാണണം. സാർവ്വദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് ബോധന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്നത്. അത് സാധ്യമായിടത്തോളം ഉറപ്പു വരു ത്തണം. നല്ല വിദ്യാഭ്യാസത്തിന് നല്ല ലക്ഷ്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിനൊപ്പം അത് നേടാനുള്ള നല്ല വഴികളും നിശ്ചയിക്കപ്പെടണം. പ്രൈമറി ക്ലാസ്സു മുതൽ തന്നെ ഭാഷ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതിന് മാതൃഭാഷാബോധനം തടസ്സമാകരുത്. പഠന പ്രക്രിയയുടെ അഭിവാജ്യ ഘടകമായിരിക്കണം മൂല്യ നിർണ്ണയം. വിലയിരുത്തലിനും തിരുത്തലിനും ഇത് അത്യന്തം സഹായകരവും പ്രാധാന്യമുള്ളതുമാണ്. കുട്ടികളുടെ പഠന ശേഷി വിലയിരുത്തി അധികശ്രദ്ധയും ബോധനവും നൽകുന്നതിന് അദ്ധ്യാപകർ സദാ ജാഗരൂകനായിരിക്കണം. അതോടൊപ്പം രക്ഷാകർത്താക്കളുമായി കുട്ടികളുടെ പഠനശേഷി ചർച്ച ചെയ്യാനും അദ്ധ്യാപകർ തയ്യാറാകേണ്ടതുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കി സാമൂഹ്യബോധമുള്ള നല്ലൊരു ജൈവമനുഷ്യനായി ഒരു കുട്ടിയെ വാർത്തെടുക്കുന്നതിൽ ഗുണനിലവാരമുള്ള വിദ്യാലയത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര -സംസ്ഥാന പ്രാദേശിക ഭരണ സംവിധാനങ്ങൾക്കൊപ്പം രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, എസ്.എം.സി, പി.ടി.എ, എം.പി.ടി.എ തുടങ്ങിയ സംഘടനകളുടെ പങ്കും ചുമതലകളും പ്രത്യേകം പ്രത്യേകം നിശ്ചയിക്കണം. അതിനു പുറമേ പൂർവ്വാദ്ധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനകളടക്കമുള്ള സന്നദ്ധസംഘടനകളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തണം. ഈയൊരു വിചാരധാരയിലാണ് ഭൗതിക തലത്തിലെന്നപോലെ അക്കാദമിക തലത്തിലും സമാമൂഹ്യതലത്തിലും വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുന്നത്.