സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/ചരിത്രം
വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.
വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916 -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .1917 -ൽ ഈ സരസ്വതീ ക്ഷേത്രത്തിന് സർക്കാർ അംഗീകാരം ലഭിച്ചു .വടക്കാഞ്ചേരിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ മതത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യത്യാസം ഇല്ലാതെ പ്രവേശനം നൽകി.പ്രതിഫലം കൂടാതെ അധ്യാപനത്തെ ദൈവവിളിയായി കണ്ട മുൻകാലഅധ്യാപകർ വിദ്യാർത്ഥികൾക്ക് പരിമിതമായ തോതിൽ ലഘുഭക്ഷണം നൽകിയാണ് അധ്യാപനം ആരംഭിച്ചിരുന്നത് .
1943 -ൽ മാനേജർ ആയിരുന്ന ശ്രീമാൻ വറീതിൽനിന്ന് ബഹുമാനപ്പെട്ട ജോസഫ് കള്ളിയത്തച്ചൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .അതിനുശേഷം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മാറിമാറി വരുന്ന വികാരിയച്ചന്മാർ ആയിരുന്നു സ്‌കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത് .1971 മാർച്ച് 31 ന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വന്നതോടെ ഈ വിദ്യാലയം അതിന്റെ കീഴിലായി .21 അധ്യാപകരും 2 അറബിക് അധ്യാപകരും 1520 കുട്ടികളുമായി സെന്റ് ഫ്രാൻസിസ് സ്‌കൂൾ പടർന്നു പന്തലിച്ചു .1954 മുതൽ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സജീവ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ സ്‌കൂൾ നിലനിൽക്കുന്നിടത്തു പണിതീർത്ത 8 ക്ലാസ്സ് മുറികൾ ഹോളിഫാമിലി സിസ്റ്റേഴ്സിന്റെ സംഭാവനയാണ് .നാടിന്റെയും വിദ്യാലയത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ ഹോളിഫാമിലി സിസ്റ്റേഴ്സ് തനതു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .നാടിന്റെയും വിദ്യാലയത്തിന്റെയും ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ ഹോളിഫാമിലി സിസ്റ്റേഴ്സ് തനതു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .കേരളവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ "നാലര ക്ലാസ്"എന്ന അദ്ധ്യാപന സമ്പ്രദായം ഇവിടെയും നടപ്പിൽ വരുത്തുകയും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ ഈ ക്ലാസ് നിർത്തലാകുകയും ചെയ്തു.റോഡിന്റെ ഇരുവശത്തായി നിലനിന്നിരുന്ന സ്കൂൾ കെട്ടിടത്തിന്റെ നടത്തിപ്പ് അസൗകര്യമാണെന്ന് തിരിച്ചറിഞ്ഞ അന്നത്തെ സ്കൂൾ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഫാദർ ജോർജ് തേർമഠം ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്തേക്ക് മുഴുവൻ ക്ലാസ് മുറികളും മാറ്റി സ്ഥാപിച്ചു പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 25 .02 .2004 ന് നടന്നു.09.02 .2005 ന് അന്നത്തെ സഹായമെത്രാനായിരുന്ന ബഹുമാനപ്പെട്ട മാർ ആൻഡ്രൂസ് താഴത്ത് ഉദ്ദ്‌ഘാടനം നടത്തുകയും ചെയ്തു.
ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ എൽ .ആർ നാരായണ അയ്യർ ആയിരുന്നു.അതിനുശേഷം പ്രഗൽഭരായ നിരവധി പ്രധാനാധ്യാപകരും ,അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു .ഇപ്പോൾ പ്രധാനാധ്യാപിക ശ്രീമതി ലിജി സി .ആർ ടീച്ചറുടെ നേതൃത്യത്തിൽ 15 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .കുട്ടികളെ സന്മാർഗികബോധമുള്ളവരാക്കാൻ ഇവിടത്തെ അധ്യാപകർ എന്നും പരിശ്രമിക്കുന്നു .ഈ സ്കൂളിൽ നിന്ന് അറിവ് നേടിയവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നതമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് .1991 -ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ പി എ തോമസ് മാസ്റ്റററുടെ നേതൃത്വത്തിൽ ആഘോഷപൂർവം കൊണ്ടാടി .ആധുനിക യുഗത്തിൽ ഇംഗ്ലീഷ് പരിജ്ഞാനം നൽകുന്നതിനായി 2004 -ൽ ശ്രീമതി പി ൽ ലില്ലി ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.2006 -07 അധ്യയനവർഷത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ പഠനം ആരംഭിച്ചു .ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സ്വായത്തമാക്കാൻ കുട്ടികളെ സഹായിക്കുന്നതിനായി സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു.പാഠ്യവിഷയങ്ങൾക്കൊപ്പം തന്നെ പാഠ്യേതരവിഷയങ്ങൾക്കും മികച്ചപരിശീലനം നൽകുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |