കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.


നവോത്ഥാന നായകനും മനുഷ്യസ്നേഹിയും വൈദികനുമായ ചാവറപിതാവ് പള്ളിക്കൊരു പള്ളിക്കൂടം എന്ന മഹത് ചിന്തയ്ക്ക് രൂപം നൽകികൊണ്ട് കേരളത്തിന്റെ പൊതുവിദ്യഭ്യാസ മേഖലയ്ക്കും പൊതുസമൂഹസൃഷ്ടിക്കും ഐതിഹാസികമായ നേതൃത്വം നൽകി. ഭാരതസഭയുടെ പുണ്യപുത്രനും നവോത്ഥാനനായകനുമായ ചാവറപിതാവിന്റെ പരിപാലനയിൽ വളർന്നുവന്ന സി.എം.ഐ. സന്യാസ സഭ നാടിനും സമൂഹത്തിനും അറിവിന്റെ പ്രഭചൊരിഞ്ഞ് ചാലക്കുടിക്കാർക്ക് നൽകിയ അമൂല്യ സ്വത്താണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. നല്ല സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രബുദ്ധരായ ചാലക്കുടിക്കാർ എന്നും സന്നദ്ധരാണ് എന്നതിന്റെ തെളിവാണ് ചാലക്കുടിയുടെ അനുഗ്രഹമായ ഈ വിദ്യാലയം. ചാവറ പിതാവിന്റെ പാത പിന്തുടർന്ന കർമ്മധീരൻ റവ. ഫാ. ഗബ്രിയേൽ ചിറമേലാണ് കാർമ്മലിന്റെ തുടക്കത്തിന് ചുക്കാൻ പിടിച്ചത്. ഗബ്രിയേലച്ചന്റെ സംഘടനാപാടവം കാർമ്മലിന് രൂപം നൽകിയപ്പോൾ മുൻ ഹെഡ്മാസ്റ്റർ റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ. അതിനെ ഉയർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചു. ചാലക്കുടിക്കാരുടെ ഒത്തൊരുമയുടെ തിലകക്കുറിയായി വിരാജിക്കുന്ന കാർമ്മലിന്റെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ മേൽപ്പറഞ്ഞവരുടെ അനുഗ്രഹങ്ങളെ ഓർക്കാതിരിക്കാനാവില്ല.


ചാലക്കുടി നിവാസികളുടെ ദീർഘകാല സ്വപ്നമായിരുന്നു ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം. ൧൯൭൫ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന ചാലക്കുടിക്കാരുടെ സ്വപ്നം പൂവണിഞ്ഞു. ഒരു വാടകകെട്ടിടത്തിലായിരുന്നു കാർമ്മലിന്റെ പ്രാരംഭം. കെ.ജി., ഒന്ന്, അഞ്ച്, എട്ട് എന്നീ ക്ലാസ്സുകൾ ഇതോടൊപ്പം ആരംഭിച്ചു. പരിചയ സമ്പന്നനും ചാലക്കുടിക്കാരനുമായിരുന്ന ൾീ എം.ടി. ഫ്രാൻസീസ് സാറായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.


പുതിയ കാഴ്ച്ചപ്പാടുകളോടെ ഒരു വിദ്യാലയത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യം ഗബ്രിയേലച്ചന്റേയും ജനങ്ങളുടേയും മനസ്സിലുണ്ടായിരുന്നു. സ്കൂളിന്റെ നേതൃത്വം ഏറ്റെടുക്കാൻ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ സി.എം.ഐ. സഭയെയാണ് സമീപിച്ചത്. ഗബ്രിയേലച്ചന്റേയും പൊതുജനങ്ങളുടേയും ആഗ്രഹങ്ങൾ സാക്ഷാത്ക്കരിച്ചുകൊണ്ട് കേരളത്തിന്റെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി കാർമ്മൽ 47 വർഷം പിന്നിടുന്നു.

രണ്ട് പതിറ്റാണ്ടുകാലം കാർമ്മലിന്റെ സ്പന്ദനമറിഞ്ഞ് കാര്യക്ഷമമായി പ്രവർത്തിച്ച പ്രധാനാധ്യാപകനായിരുന്നു റവ. ഫാ. ജോസ് സെയിൽസ്. 1983 മുതൽ 1996 വരെയും 1997 മുതൽ 2001 വരെയും ദീർഘകാലം നീണ്ടുനിന്ന സ്തുത്യർഹ സേവനത്തിലൂടെ കാർമ്മൽ സ്കൂളിനെ ഒരു കാർമ്മൽ സമുച്ചയമാക്കി അദ്ദേഹം മാറ്റി. കാർമ്മൽ സ്റ്റേഡിയം, കാർമ്മൽ സ്പോർട്സ് കോപ്ലക്സ്, സ്കൂളിന്റെ സിൽവർ ജൂബിലി ബ്ലോക്ക് എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ദൃഷ്ടാന്തമാണ്.