സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നുവിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത്  മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ,  തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി.  ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ്  കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി.  അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.
മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ  നേതൃത്വത്തിൽ 7.6.97 ൽ  വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന്‌ നാമകരണം ചെയ്തു.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.  പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി. 
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാതലത്തിലും  വ്യാപിക്കാൻ തുടങ്ങി.