സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

ചരിത്രം

കൂടരഞ്ഞി ടൗൺ -പഴയചിത്രം

താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. അതിനു മുൻപ് പനക്കച്ചാൽ മലമുകളിൽ ആദിവാസികൾ അധിവസിച്ചിരുന്നു. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

പ്രാഥമികാരോഗ്യ കേന്ദ്രം -പഴയ ചിത്രം

തിരുവമ്പാടി പഞ്ചായത്തിന്റെ രണ്ടുവാർഡുകളായിരുന്നു ആദ്യകാലത്തു കൂടരഞ്ഞി പ്രദേശം. കൂടരഞ്ഞിപ്പുഴയുടെ വീട്ടിപ്പാറ ഭാഗത്തിനു കിഴക്കുള്ള പ്രദേശങ്ങളായ വീട്ടിപ്പാറ, പനക്കച്ചാൽ,കൽപ്പിനി, മങ്കയം, ആനയോട്,കൂമ്പാറ, മരഞ്ചാട്ടി, കള്ളിപ്പാറ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം രണ്ടാം വാർഡിലും, പടിഞ്ഞാറുള്ള പ്രദേശങ്ങളായ താഴെ കൂടരഞ്ഞി, കൂടരഞ്ഞി,കരിങ്കുറ്റി, കുളിരാമുട്ടി, പെരുംപൂള,മഞ്ഞക്കടവ്,പൂവാറന്തോട് എന്നെ സ്ഥലങ്ങൾ മൂന്നാം വാർഡിലും ഉൾപ്പെട്ടിട്ടിരുന്നു. മൂനാം വാർഡ് എസ് സി / എസ് ടി , ജനറൽ എന്ന നിലയിൽ ദ്വയാങ്ക വാർദ്ദ്‌ ആയിരുന്നു. 1963 ലാണ് പഞ്ചായത്തിൽ ആദ്യ തിരഞ്ഞെടുപ്പ് വരുന്നത്. ആ തിരഞ്ഞെടുപ്പിൽ മാളിയേക്കൽ തോമസ് പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ തിരുവമ്പാടി പഞ്ചായത്ത് വിഭജിച്ചു കൂടരഞ്ഞി പഞ്ചായത്ത് രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിന്റെ ഒന്നാം വാർഡ് ആയ തൊണ്ടിമേൽ പ്രദേശവും, രണ്ടും മൂണും വാർഡുകളായ കൂടരഞ്ഞി പ്രദേശവും ചെർട്ടാണ് പുതിയ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് . വി കെ കൊച്ചെറുക്കൻ പ്രസിഡന്റും തോമസ് മാളിയേക്കൽ,മാത്യു കരിക്കാട്ടിൽ,വളന്തോട് രാമൻ എന്നിവർ മെമ്പർമാരുടെ പുതിയ ഭരണസമിതി ഉണ്ടായി. കൂടരഞ്ഞി പ്രദേശവുമായി ബന്ധമില്ലാത്ത തൊണ്ടിമ്മൽ തിരുവമ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തുകൊണ്ടുംകൂടരഞ്ഞി പ്രദേശത്തെ രണ്ടു വാർഡുകൾ ആറു വാർഡുകൾ ആയി വിഭജിച്ചുകൊണ്ടും യഥാർത്ഥ കൂടരഞ്ഞി പഞ്ചായത്ത് പിന്നീട് നിലവിൽ വന്നു.1973 ൽ ശ്രീ വി വി ജോർജ് വണ്ടാനത് പ്രസിഡന്റ് ആയി സർക്കാർ നോമിനേറ്റ് ചെയ്ത ആദ്യത്തെ ഭരണ സമിതി ഉണ്ടായി.

സാമൂഹിക സ്ഥാപനങ്ങൾ

  • പ്രാഥമികാരോഗ്യകേന്ദ്രം
  • പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ
  • ദാറുൽ ഉലൂം എൽ പി സ്കൂൾ, താഴെ കൂടരഞ്ഞി
  • സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (സി ബി എസ് സി ), കരിംകുറ്റി

കൃഷി

1952 നോടനുബന്ധിച്ചു കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല് )കൃഷി ആരംഭിക്കുന്നത്. കപ്പയ്ക്കും, നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തെരുവതൈലം ആയിരുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തീരെ വിലയില്ലാതായതിനെ തുടർന്ന് ഈ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. രാമച്ചക്കൃഷിയും ചിലർ നടത്തിയെങ്കിലും വ്യാപകമായ പ്രചാരം ഇതിനു ലഭിച്ചില്ല. കുരുമുളകുകൃഷിക്കും, റബ്ബർകൃഷിക്കും അറുപതുകളിൽ തന്നെ പ്രചാരം ലഭിച്ചിരുന്നു. കോഴിക്കോട് റബ്ബർന്റെ റീജിയണൽ ഓഫീസിൽ ആരംഭിക്കുന്നത് അക്കാലത്താണ്. റബര് ബോർഡ് റബര് കൃഷിക്ക് അനുയോജ്യമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇഞ്ചി, മഞ്ഞൾ, കച്ചോലം, വാഴ, ചേന, ചെമ്പു തുടങ്ങിയ കൂറുംകൂപ്പ് കൃഷികളും ഇക്കാലത്തു പ്രചാരത്തിലായി. പ്ലാവ്, മാവ്, കശുമാവ്, കാപ്പി, ജാതി, മുരിങ്ങ തുടങ്ങിയവയൊക്കെ കൃഷി ചെയ്യുവാനും ആളുകൾ മുൻപോട്ടു വന്നു. അക്കാലത്തു കർഷകർ സ്വന്തമായി കൃഷിഭൂമി നിരത്തി ഇരുന്നൂറോളം പുതിയ നെൽവയലുകൾ ഉണ്ടാക്കിയെടുത്തു. അധിക നിലങ്ങളും ഇരിപ്പു നിലങ്ങൾ ആയിരുന്നു. എങ്കിലും ഒരിപ്പുനിലങ്ങളും പുഞ്ചപ്പാടങ്ങളും ഉണ്ടായിരുന്നു. വിസ്താരം കുറഞ്ഞ വയലുകൾ കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സ്വന്തം പാടത്തുനിന്നും ശേഖരിക്കുന്ന അരിഭക്ഷണത്തോടുള്ള ആവേശം കൃഷി ഇറക്കുന്നതിനു കര്ഷകന് മടിതോന്നിച്ചില്ല. എഴുപതുകളുടെ ആരംഭത്തിൽ വയൽ ഒഴിവാക്കിത്തുടങ്ങി. കാരണം വിലക്കുറവിനെക്കാൾ ജോലിക്കാരെ കിട്ടുന്നതിനുള്ള പ്രയാസം ആയിരുന്നു. ഇന്ന് റബർ , കുരുമുളക്, തെങ്ങ് , കവുങ്ങ് , ജാതി, .മരച്ചീനി, ഇഞ്ചി, വാഴ, പുൽതൈലം, എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്തു വരുന്നു.

അതിരുകൾ

തെക്ക് – കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

വടക്ക് – തിരുവമ്പാടി പഞ്ചായത്ത്

കിഴക്ക് – മലപ്പുറം ജില്ലയിലെ  ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

പടിഞ്ഞാറ് – കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ