ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/d/d6/36256_building1.jpeg/300px-36256_building1.jpeg)
![](/images/thumb/9/9d/36256_building2.jpeg/300px-36256_building2.jpeg)
പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ശിഷ്യനായ, നാട്ടുകാർ ബഹുമാന പുരസ്കരം രാമൻ സാർ എന്ന് വിളിച്ചിരുന്ന മണ്ണിശ്ശേരി വടക്കതിൽ ശ്രീ രാമൻ അവർകൾ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷനിൽ 1918 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന്റെ ഏക ആശ്രയകേന്ദ്രം ആയിരുന്നു ഈ പള്ളിക്കൂടം. പിന്നീട് കുട്ടികളുടെ ബാഹുല്യം കാരണവും സമീപപ്രദേശങ്ങളിൽ മറ്റ് സ്കൂളുകൾ ഇല്ലാത്തത് മൂലവും അഞ്ചാം ക്ലാസ് വരെയുള്ള ഗ്രാൻഡ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്മനാഭക്കുറുപ്പിനോടുള്ള അതിയായ സ്നേഹവും ആദരവും കാരണം രാമൻ സാർ വിദ്യാലയത്തിന് ഗുരുവിന്റെ പ്രശസ്ത കാവ്യമായ 'രാമചന്ദ്രവിലാസം' എന്ന പേര് നൽകി. ഇപ്പോൾ രാമചന്ദ്രവിലാസം ലോവർ പ്രൈമറി സ്കൂൾ, ഉളവുക്കാട് (R.C.V.L.P. School, Ulavukad) എന്ന ഔദ്യോഗിക നാമത്തിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കര സബ് ജില്ലയിൽ പാലമേൽ പഞ്ചായത്തിൽ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്നു. കാലക്രമേണ സ്കൂളിന്റെ ഉടമസ്ഥാവകാശം രാമൻ സാറിൽ നിന്നും ഉളവുക്കാട് 287-)o നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിലേക്കും പിന്നീട് മാവേലിക്കര എസ് എൻ ഡി പി യൂണിയനിലേക്കും എത്തിച്ചേർന്നു. എന്നാൽ ഇപ്പോൾ സ്കൂൾ എസ് എൻ ഡി പി യോഗം പന്തളം യൂണിയന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് സ്കൂൾ മാനേജരായും യൂണിയൻ- ശാഖാ ഭാരവാഹികൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പല വ്യക്തികളും ജനപ്രതിനിധികളായും, എഴുത്തുകാരായും, ഉയർന്ന സർക്കാർ ജീവനക്കാരായും, കലാ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായും മാറാൻ സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിമാനാർഹമാണ്.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം എന്ന പേരിലുള്ള ഈ സ്കൂൾ പ്രദേശത്തെ ആദ്യത്തെ ലക്ഷണമൊത്ത വിദ്യാലയമാണ്.