ഗവ. റ്റി എച്ച് എസ് എസ് എടത്തന/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്, പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.
ആദ്യം ഗുരുകുല സമ്പ്രദായം
ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തിൽ കേശവനും. ഇവരുടെ വീടുകളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ൽ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാൽ, എടത്തന എന്നിവിടങ്ങളിൽ നിർമ്മിച്ച ഷെഡ്ഡുകളിൽ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.
1976 ൽ വിജയദശമിനാളിൽ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരിൽ ഒരു സ്ക്കൂൾ ആരംഭിച്ചു.അധ്യാപകർ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂർ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എൽ.പി.സ്ക്കൂൾ വാളാട്, എടത്തന കോളനി എന്ന പേരിൽ 98 കുട്ടികളുമായി സ്ക്കൂൾ പ്രവർത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്.ശ്രീ എം.എം.രാജൻ,ശ്രീ കെ.എം.വർക്കി എന്നിവർ സഹാധ്യാപകരായും ജോലിയിൽ ചേർന്നു.
11-12-1985 ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹു. നായനാർ സർക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയർത്തി. 14-11-1999 ൽ എട്ടാം ക്ലാസ്സ് പ്രവർത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജൻ,സ്ക്കൂളിന്റെ ചാർജ്ജ് വഹിച്ചു.തുടർന്ന് ശ്രീ എം.കെ.ഷാജു ടീച്ചർ ഇൻ ചാർജ്ജ് ആയി ചുമതലയേറ്റു.ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 2004 ൽ ശ്രീ വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.