എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊറോണക്കാലത്തെ പ്രവേശനോത്സവം
2021-22 അധ്യയന വർഷത്തെ ആദ്യ മാസങ്ങൾ കൊറോണ മൂലം അധ്യയനം മുടങ്ങിയെങ്കിലും സ്കൂൾ അനുഭവങ്ങൾ കുട്ടികൾക്ക് അനുഭവേദ്യമാകും വിധമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നൽകിയത്.ജൂൺ 1ന് പ്രവേശനോത്സവം വെർച്വൽ ആയി സംഘടിപ്പിച്ചു.പ്രീപ്രൈമറി, ഒന്നാം ക്ലാസ്, രണ്ട്, മൂന്ന് ക്ലാസുകൾ, നാല്, അഞ്ച് ക്ലാസുകൾ, ആറ്, ഏഴ് ക്ലാസുകൾ എന്നിവ സംയുക്തമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ പി രാധാകൃഷ്ണൻ മാസ്റ്റർ, പി എം ബിന്ദു, പൂർവ്വ അധ്യാപകരായ വാസുദേവൻ മാസ്റ്റർ, രാധാകൃഷ്മൻ മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.അധ്യാപകർ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഗ്രീറ്റിംഗ് കാർഡ് അയച്ച് കുട്ടികളെ പുതിയ ക്ലാസിലേക്ക് സ്വാഗതം ചെയ്കു.
പഠനം ഉറപ്പാക്കാൻ പഠനക്കിറ്റുകളും ഫോൺ ലൈബ്രറിയും
കൊവിഡ് കാലത്തും പഠനപ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ അധ്യാപകരുടെ സഹകരണത്തോടെ കുട്ടികൾക്ക് പഠനക്കിറ്റ് നൽകി.നോട്ട്പുസ്തകങ്ങളും പേനയും അടങ്ങിയ കിറ്റുകളാണ് ഒന്നു മുതൽ ഏഴ് വരെ ക്ലാസുകാർക്ക് നൽകിയത്.ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനായി ഫോൺ ലൈബ്രറിയും സജ്ജീകരിച്ചു.ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കുന്നതു പോലെ ഓൺലൈൻ പഠനകാലത്ത് മാത്രം ഉപയോഗിക്കാനായി മൊബൈൽ നൽകുന്നതാണ് മൊബൈൽ ലൈബ്രറി.സ്കൂൾ മാനേജർ,പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, അധ്യാപികമാരായ ഗീത ടീച്ചർ, ശുഭ ടീച്ചർ പൂർവ്വ അധ്യാപകരായ വാസുദേവൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് കെ സുരേഷ്, പൂർവ്വ വിദ്യാർത്ഥികളായ ജിനേഷ്, വേണുഗോപാലൻ എന്നിവർ നൽകിയ 9 ഫോണുകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
ഓൺലൈൻ അസംബ്ലിയും സർഗ്ഗവേളകളും
സ്കൂൾ എന്ന അനുഭവം കുട്ടികൾക്ക് അനുഭവേദ്യമാക്കുന്നതിനായി സ്കുൾ അസംബ്ലി ഓൺലൈനായി ചേർന്നു.എൽ പി ക്ലാസുകളിലെ അസംബ്ലി തിങ്കളാഴ്ചയും, യു പി ക്ലാസുകളിലെ അസംബ്ലി ചൊവ്വാഴ്ചയുമായാണ് ചേർന്നിരുന്നത്.പ്രാർത്ഥന, പ്രതിജ്ഞ എന്നിവയോടൊപ്പം പത്രപാരായണം, ഇന്നത്തെ ചിന്താവിഷയം എന്നിവയും അസംബ്ലിയുടെ ഭാഗമായി.ഓരോ ആഴ്ചയും ഓരോ ക്ലാസുകാർക്ക് വിവിധ ചുമതലകൾ നൽകിയാണ് അസംബ്ലികൾ നടന്നിരുന്നത്.
ദിനാചരണങ്ങൾ
ജൂൺ മുതൽ സ്കൂൾ തുറന്നത് വരെയുള്ള മാസങ്ങളിലെ വിവിധ ദിനാചരണങ്ങൾ സമുചിതമായി ഓൺലൈനിൽ ആചരിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.തൈനടലിനോടൊപ്പം നാട്ടുചെടിയുടെ ഗുണങ്ങൾ/പ്രത്യേകതകൾ വിവരിക്കൽ, കഴിഞ്ഞ വർഷം നട്ട ചെടിയുടെ ഒപ്പം നിന്നുള്ള സെൽഫി, പരിസര ശുചീകരണ പ്രവർത്തനങ്ങൾ, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി.വായനാദിനാചരണം ഉദ്ഘാടനം ചെയ്തത് രണ്ട് പൂർവ്വ വിദ്യാർത്ഥികളാണ്. എൽ പി വിഭാഗം വായനാദിനാചരണം അധ്യാപികയായ ഏ എം ചിത്രയും, യു പി വിഭാഗം അധ്യാപകനും, കവിയുമായ വിനോദ് ചെത്തല്ലൂരും നിർവ്വഹിച്ചു.വിവിധ ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികളോടെ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു.ബഷീറിന്റെ കഥാപാത്രാവതരണം, പുസ്തകപരിചയം, ബഷീർ കൃതികളിലെ പ്രശസ്തമായ സംഭാഷണങ്ങളുടെ അവതരണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.ബലി പെരുന്നാളിനോടനുബന്ധിച്ച് ആലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാ കാർഡ് നിർമ്മാണവും, മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളും ഓൺലൈനിൽ സമുചിതമായി ആചരിച്ചു.സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.കുട്ടികൾ വീടുകളിൽ നടത്തിയ യുദ്ധവിരുദ്ധ പ്രതിജ്ഞയുടെ വീഡിയോ ക്ലാസ് ഗ്രൂപൂുകളിൽ പങ്കുുവെച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയപതാക ഉയർത്തി.മലയാളം ഇംഗ്ലീഷ് പ്രസംഗാവതരണങ്ങൾ, ദേശാഭിമാനികളെ പരിചയപ്പെടുത്തൽ, ദേശഭക്തിഗാനം, ദേശഭക്തി തുളുമ്പുന്ന കവിതകളുടെ ആലാപനം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.അധ്യാപകദിനത്തിൽ സ്കൂളിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെക്കൽ, അധ്യാപകർക്ക് ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കി അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നതിനാൽ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചു.നിറയുന്ന കേരള ഭൂപടം, കേരള ഗാനാലാപനം, ക്വിസ് എന്നിവ നടത്തി.ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള ശിശുദിന ക്വിസ്, പ്രസംഗം, ഗാനാലാപനം, നെഹ്റു വേഷം ധരിച്ച് നിൽക്കൽ, തൊപ്പി, റോസാപ്പൂ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് പഠനോപകരണങ്ങളും മാസ്കുകളും വിതരണം ചെയ്തു.അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്ന് കെ സഹ് ലയും, എൽ പി വിഭാഗത്തിൽ നിന്ന് ഷിഫയും സംസ്ഥാന തലത്തിലേക്ക് അർഹത നേടി.സഹ് ലക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.പുതുവത്സരദിനത്തിൽ ക്ലാസ് മുറികൾ അലങ്കരിച്ചു.കുട്ടികൾക്ക് കേക്ക് നൽകി.