ജി.എച്ച്.എസ്. എസ്. അഡൂർ/എന്റെ ഗ്രാമം
ഐതിഹ്യത്തിലെ അഡൂര്‍
രാമായണ-മഹാഭാരത ഇതിഹാസങ്ങള്‍ ലോക ക്ലാസ്സിക്കുകളാണ്. ഇവയില്‍ ചിത്രീകരിച്ചിരിക്കുന്ന ജീവിതങ്ങള്‍ എന്നെന്നും നമ്മള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സാത്വികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേളിക്കുന്നു. ഇവ രണ്ടിന്റെയും മൂലരചന സംസ്കൃതത്തിലാണ് നടന്നിരിക്കുന്നതെങ്കിലും, ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും വിദേശീയ ഭാഷകളിലേക്കും തര്‍ജിമയിലൂടെ കടന്നെത്തിയിരിക്കുന്ന ഈ കൃതികള്‍ വിസ്തൃതമായ ജനസമൂഹത്തെ ആകര്‍ഷിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടിതിഹാസങ്ങളിലും അനന്യമായ ഭക്തി, വിശ്വാസം, കഥയില്‍ വന്നുപോകുന്ന പാത്രങ്ങള്‍, ചുറ്റുപാടുകള്‍, സംഭവങ്ങള്‍ തുടങ്ങിയവ നമ്മുടേതുതന്നെയെന്ന ആത്മീയഭാവം നമ്മില്‍ ജനിപ്പിക്കുന്നു. ആ കഥാപാത്രങ്ങളുടെ ആദര്‍ശങ്ങള്‍ സ്വീകരിച്ച് നമ്മള് കുട്ടികള്‍ക്ക് ഇവരുടെ പേര് നല്‍കുന്നതിനും മടിക്കുന്നില്ല. ഉദാഹരണമായി രാമന്, കൃഷ്ണന്, അര്ജുനന്, ശങ്കരന് തുടങ്ങി എത്രയെത്ര പേരുകള്‍. കഥയില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ നടന്നു എന്ന വിശ്വാസം നമ്മള് സ്വീകരിക്കുന്നു. അതു ഐതിഹ്യമായി വളര്‍ന്നു. ഐതിഹ്യത്തിന് തെളിവ് ആവശ്യമില്ല. വിശ്വാസം മാത്രമുണ്ടായാല്‍ മതി.
അര്ജുനന് ശിവനെ തപസ്സു ചെയ്തു 'പശുപതാസ്ത്രം' നേടുന്ന സംഭവം മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുണ്ടല്ലോ? അതൊരു വലിയ കഥ. കഠിന തപസ്സിനു ശേഷം മാത്രമേ അര്ജുനന് ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. പ്രത്യക്ഷമായ ഉടനെ പശുപതാസ്ത്രം നല്കാന് ശിവന് തയ്യാറാകുന്നില്ല. പശുപതാസ്ത്രം എന്ന അമൂല്യവും അപൂര്‍വ്വവുമായ ആയുധം അനര്‍ഹമായ കൈകളില്‍ എത്തിച്ചേരാന്‍ പാടില്ലെന്നും, അര്‍ഹനു തന്നെയാണ് താനീ ആയുധം നല്‍കുന്നതെന്നും ലോകര്‍അറിഞ്ഞതിനു ശേഷം മാത്രമേ താനിതു നല്‍കൂ എന്നും ശിവന് തീരുമാനിച്ചിരിക്കാം. ഇതിനായി ഒരു നാടകം കളിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു. "ശബരശങ്കരവിലാസം" എന്ന പേരില്‍ ഇതു പ്രസിദ്ധമായിരിക്കുന്നു. കന്നഡ ഭാഷയിലെ ആചാര്യകവി ശ്രീ കുമാരവ്യാസന്‍ തന്റെ കര്‍ണ്ണാടക ഭാരത കഥാമഞ്ജരിയിലെ 'ആരണ്യപര്‍വ്വത്തില്‍' വളരെ സുന്ദരമായി ഈ സംഭവത്തെ വര്‍ണിച്ചിട്ടുണ്മ്. അതവിടെ നില്ക്കട്ടെ.
"ശബരശങ്കരവിലാസത്തിലെ" കഥ നമ്മുടെ അഡൂരും പരിസരങ്ങളിലുമായി നടന്നതാണെന്ന് പൂര്‍വ്വികര്‍ വിശ്വസിച്ചുവരുന്നു. ഈ സംഭവത്തിനു ഉപോല്‍ബലകമായ ഒട്ടനവധി സ്ഥലനാമങ്ങള്‍ ഈ സ്ഥലവും സമീപദേശങ്ങളുമായി കടന്നുവരുന്നു. ഇവയെപ്പറ്റി അറിയുന്നതും ചിന്തിക്കുന്നതും വളരെയധികം രസനീയവുമാണ്.
തപസ്സില്‍ മുഴുകിയ അര്‍ജുനന്റെ സമീപത്ത് ശിവന് പേടരൂപത്തില് പ്രത്യക്ഷനാവുന്നു. ഒരു പന്നിയിലൂടെയാണ് പരീക്ഷണം അരങ്ങേറുന്നത്. ആ പന്നി ഓടിക്കളിച്ച സ്ഥലം പന്നിയാടി.െന്നറിയപ്പെട്ടു. (പന്നി വിളയാടിയ സ്ഥലം എന്ന അര്‍ത്ഥത്തില്‍) പന്നിയുടെ ശബ്ദകോലാഹലം മൂലം തപസ്സു മുടങ്ങിയ അര്ജുനന് ഒരു കല്ലെടുത്ത് പന്നിയെയെറിയുന്നു. ആ സ്ഥലം പഞ്ചിക്കല്‍ എന്നറിയപ്പെട്ടു. (തുളു ഭാഷയില്‍ പഞ്ചിയെന്നാല് പന്നിയെന്നര്ത്ഥം). ഏറുകൊണ്ട് വേദന സഹിക്കാന്‍ കഴിയാതെ ഓടിയ പന്നി വിശാലമായ അടുക്ക ('അടുക്ക' എന്നാല്‍ പാറകളും കുറ്റിച്ചെടികളും ചേര്‍ന്ന തുറസ്സായ സ്ഥലമെന്നര്‍ത്ഥം)യില്‍ ചെന്നു വീണു. ആ സ്ഥലമാണ് ഹന്ഥിലടുക്ക. 'ഹന്തി' ഉച്ചാരണഭേഗത്തിലൂടെ ബന്തിയാവുകയും ക്രമേണ ബന്തിലടുക്കയും തുടര്‍ന്ന് ബന്തിയടുക്കയും ബന്തടുക്കയുമായി മാറി.