"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/മാതൃകയാക്കാംഈ മഹാമനസ്സുകളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19011
| ഉപജില്ല=    വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  

08:49, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃകയാക്കാം ഈ മഹാമനസ്സുകളെ

നാമെല്ലാവരും ഒരു ലോക്‌ഡൗണിലാണ് ഇപ്പോൾ. അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ ലോകഗോളം നിമിഷങ്ങൾകൊണ്ട് നിശ്ചലമായിരിക്കുകയാണ്. കാൾ മാക്സ് തന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആരംഭത്തിൽ പറയുന്നപോലെ ഒരു ഭൂതം ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്നു. ആത്മീയ ശക്തികളും ഭൗതിക ശക്തികളും സഖ്യം ചേർന്ന് ഈ ഭൂതത്തെ ഉച്ചാടനം ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. കൊറോണ എന്ന ഭൂതത്തെ ഇല്ലായ്മ ചെയ്യാനായി സാമൂഹ്യ അകലം പാലിച്ച്, അവരവരുടെ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയുകയാണ് നാമോരോരുത്തരും. അതിൽ ജാതി-മത-വർഗ-ലിംഗ-സ്ഥാന ഭേദമില്ല. എത്ര ഉന്നതിയിൽ എത്തിയിട്ടും ഇതുവരെ ഈ മഹാമാരിക്ക് ഒരു പ്രതിരോധ മരുന്ന് കണ്ടെത്താൻ നമ്മുടെ ശാസ്ത്രത്തിന് ആയിട്ടില്ല.


കഴിഞ്ഞ രണ്ടു വർഷങ്ങളിൽ  നമ്മൾ അനുഭവിച്ച പ്രളയത്തെ മറന്നു പോയിട്ടില്ലല്ലോ. ഇല്ല,  മറക്കാനാവില്ല ഒരു മലയാളിക്കും.
 പ്രകൃതി സംഹാര താണ്ഡവമാടിയ ആ ദിനങ്ങൾ. ഈ വർഷവും  പ്രളയം വരില്ലെന്നാരു കണ്ടു?! ഈ ആധുനിക ശാസ്ത്ര യുഗത്തിലും മനുഷ്യൻ  പ്രകൃതിക്കും രോഗാണുവിനും  മുൻപിൽ എത്ര നിസ്സാരൻ  എന്ന് ഇതെല്ലാം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 
       "നൂനം പ്രകൃതിയെ
        കീഴടക്കിയെന്നഭി-
        മാനിച്ചു വിശ്വം
        മുടിക്കും വിദഗ്ധരെ,
        തെല്ലുമോർക്കാതിരി-
        ക്കെപ്പുറപ്പെടും
        വെള്ളക്കയറ്റമോ
        മന്നിൻ കുലുക്കമോ
        അഗ്നിശൈലത്തിൻ
        പിളർപ്പോതടുക്കു-
        വാൻ ശക്തമോ
        നിങ്ങൾതൻ
        വിജ്ഞാനവൈഭവം"

എത്ര സാരസമ്പന്നം ഈ വരികൾ !!പണത്തിന്റെയും പ്രതാപത്തിന്റെയും പരിമിതിയും പ്രകൃതിക്കു മുൻപിൽ നമ്മൾ ഒന്നുമല്ല എന്ന പാഠവും നാം പഠിച്ചുകഴിഞ്ഞു.

          പക്ഷേ ഈ കോവിഡ്  മഹാമാരിയും പ്രളയവും പിന്നെ നിപ്പയും നമുക്ക് പഠിപ്പിച്ചു തന്ന ഒരുപാട് പാഠങ്ങളുണ്ട്.  കാണിച്ചു തന്ന ഒരുപാട് മനുഷ്യമാലാഖമാരുണ്ട്. പരിചയപ്പെടുത്തിയ,  മാതൃകയാക്കാൻ പറ്റിയ ഒരുപാട് മഹാ മനസ്സുകളുമുണ്ട്.
      
          പ്രളയം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നവർ  നമ്മുടെ സൈന്യമാണ്, നമ്മുടെ  മത്സ്യത്തൊഴിലാളികൾ.അതുവരെ സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവർ എന്ന നിലയിൽ നമ്മളിൽ പലരും അവരെ അവഗണിച്ചിരുന്നു.പക്ഷേ നിമിഷങ്ങൾ കൊണ്ടാണ് അവർ തങ്ങളുടെ നിസ്വാർത്ഥ സേവനം കൊണ്ട് നമ്മുടെ ഹൃദയം കീഴടക്കിയത്.സ്വന്തം ജീവനും ജീവിതമാർഗവും  പണയപ്പെടുത്തിയാണ് ബോട്ടും വള്ളവുമായി മത്സ്യത്തൊഴിലാളികൾ നിരവധി പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

മരണത്തെ മുഖാമുഖം കണ്ടവർക്ക് നേരെ അവർ ജീവന്റെ കൈനീട്ടി. മത്സ്യത്തൊഴിലാളികൾ, അവർക്ക് സാങ്കേതിക അറിവ് ഉണ്ടായിരുന്നില്ല. പക്ഷേ കടൽ പരിചയവും കൈക്കരുത്തും കരളുറപ്പുമുണ്ടായിരുന്നു. ആ കരളുറപ്പാണ് മഹാ പ്രളയത്തിൽ അകപ്പെട്ട ആയിരങ്ങൾക്ക് രണ്ടാം ജന്മം നൽകിയത്. ഒപ്പം കയറ്റിറക്ക് തൊഴിലാളികളും കൂലിപ്പണിക്കാരും രക്ഷാപ്രവർത്തനത്തിന് നായകത്വം വഹിച്ചു. യഥാർത്ഥ സ്നേഹവും നിസ്വാർത്ഥ സേവനവും എന്തെന്ന് ഇവർ നമുക്ക് കാണിച്ചു തന്നു.

          ജൈസലും  നൗഷാദിക്കയും മറ്റു മകുടോദാഹരണങ്ങൾ.  സുരക്ഷാ ബോട്ടിൽ കയറാനായി സ്ത്രീകളായ മൂന്ന് പേർക്ക് വേണ്ടി തന്റെ മുതുകിനെ ചവിട്ടുപടിയാക്കി മാറ്റുകയായിരുന്നു മലപ്പുറം ട്രോമാകെയർ അംഗമായിരുന്ന ആ മനുഷ്യൻ ജൈസൽ.
           നൗഷാദിക്ക പറയാൻ വാക്കുകളില്ല!! ഒരു പൂ ചോദിച്ചപ്പോൾ മലയാളിക്ക് ഒരു പൂക്കാലം തന്നെ സമ്മാനിച്ചവർ.ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌യിത്? എന്നു ചോദിച്ചപ്പോൾ, നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ?  നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ. എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ..!

            കുറച്ചു മുമ്പ്

കേരളത്തിനെയാകെ പിടിച്ചുകുലുക്കിയ മറ്റൊരു രോഗമുണ്ടായിരുന്നു നിപ്പ. നിപ്പാകാലത്തെ ആരോഗ്യ പ്രവർത്തകരുടെ സ്തുത്യർഹമായ സേവനം പറയാതെ വയ്യ. ആ ദുരന്തത്തെ കേരളത്തിൽനിന്ന് തുടച്ചുമാറ്റാനും അതിന്റെ വ്യാപനം തടയാനുമായി അഹോരാത്രം പ്രവർത്തിച്ചവർ.നിപ്പ ബാധിതരെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയെ പോലുള്ളവർ. നിപ്പാ കാലത്തെ ആർദ്രമായ ഓർമ്മയാണ് ലിനിയെന്ന നേഴ്സ്. സമർപ്പണത്തിന്റെ മാലാഖ എന്ന് ലോകം വാഴ്ത്തുകയാണ് അവരെ. പ്രതിരോധ സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയിലും തൊഴിലിനോട് ലിനിയടക്കമുള്ളവർ കാണിച്ച സമർപ്പണത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല.

             ഇക്കുറി കൊറോണക്കാലത്തും രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരായ ആ ആതുര സേവകരെ നമുക്ക് കാണാം.11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഭർത്താവിനെയും കുടുംബത്തെയും ഏൽപ്പിച്ച്  പരിചരണത്തിനായി മടങ്ങിയവർ, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയും കുടുംബത്തെയും പിരിഞ്ഞവർ, കോവിഡ് പ്രതിരോധത്തിനായി സ്വന്തം വിവാഹം വരെ മാറ്റിവെച്ചവർ, ചികിത്സയ്ക്കിടയിൽ അസുഖം ബാധിച്ച്  മക്കളെ ഒന്ന് വാരിപ്പുണരാൻ പോലുമാകാതെ ദൂരെ നിന്ന് യാത്ര പറഞ്ഞു മടങ്ങേണ്ടി വന്നവർ.... അങ്ങനെ നീളുന്നു ആ പട്ടിക.ലോകാരോഗ്യസംഘടന 2020നെ ആതുരസേവകരുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.
             പോലീസുകാർ ..ക്രമസമാധാനപാലനത്തിനായി ഉറക്കമൊഴിച്ചു പ്രവർത്തിക്കുന്നവർ. ആതുരസേവകരെ പോലെത്തന്നെ ഈ കോറോണക്കാലത്തെ പ്രവർത്തനം കൊണ്ട് ആദരിക്കപ്പെടേണ്ടവർ..

ഇതിനിടയിൽ രോഗം വരെ ബാധിച്ചവർ..നമ്മുടെ രക്ഷക്കായി, സമൂഹത്തിന്റെ നന്മക്കായാണ് അവർ ഇതെല്ലാം ചെയ്യുന്നത്. എന്നിട്ടും അവരുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെയാണ് നമ്മളിൽ പലരും പെരുമാറുന്നത്. ചിലർ അവരെ ഒറ്റപ്പെടുത്തുന്നു. രോഗ ഭീതിയിൽ അവരെ ഏകാന്തതയിലേക്ക് തള്ളിവിടുന്നു. ഓർക്കുക അതിരുകൾ ശരീരങ്ങൾ തമ്മിലാവണം, മനസ്സുകൾ തമ്മിലാവരുത്.


  "പ്രതിഫലേച്ഛയോടെയല്ല
   നമുക്കുനന്മതികൾ
   വല്ലതുമേകുവതെങ്കിലും
   അതിനുതക്കതു ചെയ്-
   വതിനായി
   നാമതിരസത്തൊടു
   നോക്കണമെപ്പോഴും"

വരികളിൽ പറയുന്നപോലെ ഈ സജ്ജനങ്ങൾ നമുക്ക് ഓരോന്ന് തരുന്നത് പ്രതിഫലേച്ഛയോടെയല്ല. അവർ തിരിച്ച് ഒന്നും ആഗ്രഹിക്കാറില്ല.എങ്കിലും അവർക്ക് ചിതമായത് ചെയ്യാൻ നാം സദാ ശ്രമിക്കണം.അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അവർ സമൂഹത്തിനായി ചെയ്യുന്ന എല്ലാ നന്മകൾക്കും അവർക്ക് താങ്ങായും തണലായും നിൽക്കേണ്ടതും അവർക്ക് പിന്തുണ നൽകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

        ഇവരുടെ മനസ്സ്.... നിസ്വാർത്ഥമായ സേവനം... അതാണ് നാം മാതൃകയാക്കേണ്ടത്. ഇവ രാകണം നമ്മുടെ റോൾ മോഡൽസ്. നൗഷാദിക്ക പറഞ്ഞപോലെ മറ്റുള്ളവരെ സഹായിക്കുന്നതിലാണ്  നാം സന്തോഷം കണ്ടെത്തേണ്ടത്. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" എന്നല്ലേ ഗുരു പറഞ്ഞത്. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നല്ലേ  ആശാനും പാടിയത്. ഈ ഭൂമിയിൽ ഉള്ളവർ ഇവരെ പോലെയാൽ ഈ ലോകം എത്ര സുന്ദരം ആകും!! മനുഷ്യത്വത്തിനും സ്നേഹത്തിനും നിസ്വാർത്ഥ സേവനത്തിനും മൂല്യം നൽകുന്നവർ.
       
    "വിഷത്തേക്കാൾ
     വർജ്ജ്യമാകും
     നരചിത്തം
     ദുഷിക്കുകിൽ;
     സുധയെക്കാൾ
     സ്വാദ്യമാകും  
     അത് സംശുദ്ധി
     പൂണുകിൽ"

അതെ! മനുഷ്യ മനസ്സിനെ ദുഷിപ്പിച്ച് വിഷത്തേക്കാൾ വർജ്യമായ ഒന്നാക്കി തീർക്കുന്നതിനേക്കാൾ നല്ലത് ഈ മഹാമനസ്സുകളെ മാതൃകയാക്കി അതിനെ അമൃതത്തിനെക്കാൾ ആസ്വാദ്യമാക്കുന്നത് അല്ലേ.

          നമ്മുടെ പ്രാർത്ഥനയ്ക്കും അധ്വാനത്തിനും ശ്രമത്തിനും ഫലം ഉണ്ടാകട്ടെ. ഈ മഹാമാരിയിൽ നിന്ന് എത്രയും പെട്ടെന്ന് ലോകം മുക്തമായി ശാന്തസുന്ദരമായ ദിനങ്ങൾ വരട്ടെ എന്ന്  നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അതിനായി പ്രവർത്തിക്കാം.
ഇസ്ര
10 G കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം