"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പച്ചിലകൾ പൊഴിയുമ്പോൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പച്ചിലകൾ പൊഴിയുമ്പോൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 86: | വരി 86: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
22:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പച്ചിലകൾ പൊഴിയുമ്പോൾ
വീട്ടുമുറ്റത്തുള്ള ഇലഞ്ഞിയോട് സന്തോഷത്തോടെ ഇത് പറഞ്ഞിട്ട് സൗഹൃദത്തിന്റെ മണമുള്ള അതിന്റെ തടിയിൽ അമർത്തി ഒരുമ്മ സമ്മാനിച്ച് ബാഗുമെടുത്ത് അവൻ വീട്ടിനകത്തേക്ക് കയറി. അടുക്കളക്കരിയിൽ ലയിച്ചു നിന്ന അമ്മയുടെയടുത്തേക്കോടിചെന്ന് 'ബാലു എസ്. വി' എന്ന് ചുവന്ന മഷിയിൽ എഴുതിയ തന്റെ സർട്ടിഫിക്കറ്റ് കാണിച്ചു. പ്രകടിപ്പിക്കാനറിയാത്ത സന്തോഷം മനസ്സിൽ ഒതുക്കി അമ്മ നിശ്ശബ്ദം അവന്റെ ചുമലിൽ തട്ടി. മകന്റെ കഴിവിൽ തനിക്ക് എന്ത് പങ്കാണുള്ളതെന്ന ആശങ്ക ആ കരസ്പർശത്തിലുണ്ടായിരുന്നു. “നീ ഇത് കൊണ്ടുപോയി അച്ഛന് കാണിച്ചുകൊടുക്ക്.” അവൻ അച്ഛന്റെ മുറിയിലേക്ക് പതിയെ നടന്നു. തറയിൽ മുട്ടുകുത്തിയിരുന്ന് സർട്ടിഫിക്കറ്റ് അച്ഛനെ കാണിച്ചു. തളർവാതം പിടിച്ച കാലുകളുടെ വേദന അമർത്തിപിടിച്ച് മകന്റെ സന്തോഷത്തിൽ അയാൾ പങ്കുകൊണ്ടു. കൂലിപ്പണിക്കാരനായ അച്ഛന് പെട്ടെന്നുണ്ടായ ആ രോഗം അവനും അമ്മയ്ക്കും ഒരിക്കലും മറക്കാൻ കഴിയില്ല രോഗം കീഴ്പെടുത്തിയ അച്ഛനും ദുഃഖത്താൽ തഴമ്പിച്ച അമ്മയും മൗനത്തിന്റെ പടുകുഴിയിലേക്ക് പതിച്ചപ്പോൾ അവൻ തന്റെ സന്തോഷങ്ങളും ആകുലതകളും എല്ലാം പങ്കുവെയ്ക്കാൻ ഒരു സുഹൃത്തിനെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് നിന്നിരുന്ന ഇലഞ്ഞിമരത്തിൽ കണ്ടു. സ്ക്കൂൾ വിട്ടുവരുന്ന സായാഹ്നങ്ങളിൽ അവനും ഇലഞ്ഞിയും സൗഹൃദത്തിന്റെ മേഘങ്ങൾ ഉണ്ടാക്കി ആകാശത്തേക്ക് പറത്തി വിട്ടു. സർട്ടിഫിക്കറ്റ് അലമാരയിൽ ഒതുക്കിവച്ച് അവൻ ഇലഞ്ഞിയുടെയടുത്തേക്കോടി. "എടാ, അച്ഛനെ കുറിച്ചോർത്ത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എത്ര സന്താഷമുള്ള ദിവസമാണെങ്കിലും അച്ഛൻ കാലും തളർന്ന് കിടക്കുന്നതു കാണുമ്പോൾ...” ഇലഞ്ഞിയെ കെട്ടിപിടിച്ച് കരഞ്ഞു. അവന്റെ നിരാശയിൽ ഉൾച്ചേർന്നപോലെ അത് പച്ച ഇലകൾ താഴേക്ക് പൊഴിച്ചു. “ടാ ചെറുക്കാ, നിനക്കെന്താ ഭ്രാന്തുണ്ടോ. ഇതെന്താ പള്ളീലച്ചനാണോ കരഞ്ഞു കുമ്പസാരിക്കാൻ ?” വീട്ടിനു മുന്നിലെ വഴിയിൽ നിന്ന് ആരോ ചോദിച്ചു. അവനത് കേട്ടഭാവം നടിച്ചില്ല. എന്നും കേൾക്കുന്നതല്ലേ ഈ പരിഹാസങ്ങൾ. പക്ഷെ തന്റെ കൂട്ടുകാരനുമായി സംസാരിക്കുന്നത് ഭ്രാന്താവുന്നതെങ്ങനെയെന്ന് അവന് ഇതുവരെ മനസ്സിലായിട്ടില്ല. അവൻ വീട്ടിനകത്ത് കയറി. പതിവുപോലെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഇലഞ്ഞിയുടെ ചുറ്റുമൊഴിച്ചു. അപ്പോഴാണവൻ ശ്രദ്ധിച്ചത് മരത്തിന്റെ ഒരിടം മാത്രം പരുപരുത്തിരിക്കുന്നു. അവൻ അവിടെ തടവി നോക്കി.ഒരു ചെറിയ മുറിവ്, ആ ഭാഗം മാത്രം അൽപ്പം ജീർണിച്ച്, അറപ്പു തോന്നുന്ന വിധത്തിൽ... തന്റെ കൂട്ടുകാരന് എന്തോ മാരക രോഗം പിടിപെട്ടു എന്ന സത്യം അവനെ തളർത്തി. അന്നു രാത്രി അതിനെ കുറിച്ച് ചിന്തിച്ച് അവൻ അൽപ്പം മയങ്ങി. പ്രഭാതം കിഴക്കൻമലകളുടെ നെറുകയിലെത്തിയതും അവൻ ഇലഞ്ഞിയുടെയടുത്തേക്ക് ചെന്നു. ആ മുറിവ് കുറച്ചുകൂടി വലുതായിരിക്കുന്നു. അതിൽ നിന്ന് എന്തോ ദ്രാവകം ഒലിക്കുന്നുമുണ്ട്. അത് ഇന്നലേയുമുണ്ടായിരുന്നു എന്നവൻ ഓർത്തു. പക്ഷെ ഇത്രയുമുണ്ടായിരുന്നോ? ഇന്ന് രാവിലെ പ്രത്യക്ഷപെട്ട തള്ളവിരലിലെ വെളുത്ത കുമിളയെ ചൊറിഞ്ഞുകൊണ്ട് അവൻ അമ്മയുടെയടുത്തേക്ക് ചെന്നു. “എന്താ നിന്റെ വിരലില്, നോക്കട്ടെ." “ ഒന്നുമില്ലമ്മേ, ചെറിയ ചൊറിച്ചിലുണ്ട്, അത്രയേയുള്ളു." “ ഇതെന്താ രണ്ട് പാടുകൾ." അപ്പോഴാണവൻ തന്റെ വിരലിൽ രണ്ടു കുമിളകൾ ഉണ്ടെന്ന് ശ്രദ്ധിച്ചത്. “ അത് വിട്, നമ്മുടെ ഇലഞ്ഞിയിൽ നിന്നും എന്തോ ഒലിക്കുന്നു, വേഗം വാ ഞാൻ കാണിച്ചുതരാം.” വീട്ടുമുറ്റത്ത് ഒരു മരമല്ലേയുള്ളൂ എന്ന നേരിയ അനുകമ്പയോടെ അമ്മ അവന്റെകൂടെ ചെന്നു. അപ്പോഴേക്കും ആ ദ്രാവകപ്രവാഹം വർദ്ധിച്ചിരുന്നു. എന്തോ ഓർമ്മയിൽ കൈ പുറകിൽ കെട്ടി അമ്മ ആ മുറിവിൽ നോക്കി. “ ഉം, എന്തോ പ്രശ്നമുണ്ട്, എന്തായാലും ഇനി നീ ഇതിന്റെയടുത്തേക്ക് വരേണ്ട. വേഗം കേറിപോ.” നിമിഷംതോറും കൂടിവരുന്ന ഇലഞ്ഞിയുടെ അജ്ഞാതദ്രാവകവും ഇടയ്ക്കിടെ എണ്ണം കൂടുന്ന തന്റെ വിരലിലെ കുമിളകളും നോക്കി അവൻ നിശ്ചലനായി നിന്നു. സ്ക്കൂളിലെത്തിയപ്പോഴേക്കും ആ കുമിളകൾ അവന്റെ തള്ളവിരൽ മുഴുവൻ മൂടിയിരുന്നു. ഇതു കണ്ടുപേടിച്ച കുട്ടികളുടെ പരാതിയിൽ പ്രിൻസിപ്പൽ അവനെ മുറിയിലേക്ക് വിളിച്ചു. “ നീ ഇത്ര അടുത്തുനിൽക്കുന്നതെന്തിനാ, കുറച്ചു മാറി നിൽക്ക്.” വലതുകൈപ്പത്തിയുടെ പകുതിയോളം പൊതിഞ്ഞ കുമിളകളുമായി അവൻ കുറച്ച് നീങ്ങി നിന്നു. “ ഈ അസുഖവും വെച്ച് നീയെന്തിനാ സ്ക്കൂളിൽ വന്നേ.” “ അസുഖമോ, പക്ഷെ സാർ എനിക്ക് വേദനയൊന്നുമില്ലല്ലോ.” “നിന്റെ വേദനയാണോ പ്രശ്നം. സ്റ്റുപ്പിഡ്, ഇത് വല്ല ഫങ്ഗൽ ഇൻഫക്ഷനുമാണെങ്കിൽ മുഴുവൻ കുട്ടികൾക്കും പകർന്ന് ഈ സ്ക്കൂൾ പൂട്ടിയിടേണ്ട സ്ഥിതി വരെയെത്തും. ഇത് മാറുന്ന വരെ നിന്നെ ഇവിടെ കണ്ടുപോകരുത്.” പ്രിൻസിപ്പൽ പറഞ്ഞ ഓരോ വാക്യവുമോർത്ത് തന്റെ കൈകളേയും നോക്കി കണ്ണീരുമായി അവൻ വീട്ടിലേക്ക് ചെന്നു. മകന്റെ രോഗം മാറുന്നതുവരെ സ്ക്കൂളിൽ വിടരുതെന്ന ക്ലാസ്സ് ടീച്ചറുടെ താക്കീത് ഫോൺ വഴി കിട്ടിയതിനാൽ അമ്മ അവനോട് ഒന്നും ചോദിച്ചില്ല. അവൻ നേരെ ഇലഞ്ഞിയുടെയടുത്തേക്ക് നടന്നു. “ ടാ, നിനക്ക് കിട്ടിയതൊന്നും പൊരാഞ്ഞ് ഇനിയും അതിന്റെയടുത്തേക്ക് പോവ്വ്വാണോ. നിന്റെ അച്ഛന്റെ അവസ്ഥ കണ്ടില്ലേ. ഇനി നീയും കൂടി രോഗിയായാൽ നിന്നേംകൂടി നോക്കാനുള്ള ത്രാണിയെനിക്കില്ല. കേറിപോടാ അകത്ത്.” താങ്ങാനാവാത്ത ദുഃഖത്താൽ അവൻ അച്ഛന്റെ മുറിയിലേക്ക് നടന്നു. അവന്റെ മുടികളിൽ വിരലോടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു “മോനെ നിന്റെ കൈയ്യിലെ ഈ ചെറിയ പാടുകൾ മാറുന്നവരെ ആ ഇലഞ്ഞിയുടെയടുത്തേക്ക് പോകേണ്ട. പേടിക്കേണ്ട, അമ്മ പറഞ്ഞതുപോലെ നീ എന്നെ പോലെ ആവുകയൊന്നുമില്ല. നിന്നെ ഞാൻ അങ്ങനെ ആക്കത്തുമില്ല. ഇപ്പം മോൻ മുറിയിൽ പോയി ഇരുന്നോ" അവൻ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു. പിന്നിൽ അച്ഛന്റെ താഴിട്ട തേങ്ങൽ കേട്ടു. രാത്രിയിൽ അമ്മ ഉറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം മുറിയിലിരുന്ന മരുന്നുപെട്ടിയുമായി അവൻ ഇലഞ്ഞിയുടെ അടുത്തെത്തി. പെട്ടിയിൽ നിന്ന് ബാൻഡേജ് എടുത്ത് ഒരു വലിയ പഞ്ഞിയിൽ മരുന്നും പുരട്ടി കൈകൾ എവിടേയും സ്പർശിക്കാതെ ഒരു വൈദ്യന്റെ സൂക്ഷ്മതയോടെ ആ മുറിവുകെട്ടി. അതിൽ നിന്നും കുറച്ചെടുത്ത് തന്റെ കൈകളിൽ പുരട്ടാനും അവൻ മറന്നില്ല. കൈയ്യിലെ കുമിളകൾ കൂടുന്നില്ല എന്ന നേരിയ ആശ്വാസമുണ്ടെങ്കിലും എല്ലാവരും ചേർന്ന് കുത്തിനിറച്ച ഭീതിയുടെ നിഴലിൽ അവൻ ഉറക്കത്തിലേക്ക് വീണു. താൻ കെട്ടി കൊടുത്ത ബാന്റേജുകളേയും ഭേദിച്ച് മരത്തിൽ നിന്നും ആ അജ്ഞാതദ്രാവകം കുത്തിയൊലിക്കുകയായിരുന്നു. അതിരുകൾ ഭേദിച്ചൊഴുകുന്ന നദിയെ പോലെ തന്റെ ചുറ്റുപാടുള്ളതെല്ലാം അത് വിഴുങ്ങി. ഒരു പ്രേതാലയം പോലെ തന്റെ വീടിനെ കണ്ട് മനുഷ്യർ നിലവിളിച്ചു പായുന്നു. അവരിൽ ചിലർ വീടിന്റെ മുൻവശവും മതിൽകെട്ടുമെല്ലാം മണ്ണിട്ടു മൂടി. അതി സമർത്ഥരായ ചിലർ പണിയായുദ്ധങ്ങളുമായി വന്ന് ആ മരത്തെ നിർദയം വെട്ടി താഴെയിട്ടു. അപ്പോൾ മരത്തിന്റെ വേരിനടിയിൽ നിന്നുയർന്നു പൊങ്ങിയ ദ്രാവക പ്രവാഹത്തിൽ ആ മനുഷ്യരെല്ലാം ആകാശത്തേക്ക് വലിച്ചെറിയപ്പെട്ടു. ദുഃസ്സ്വപ്നങ്ങളുടെ പുതപ്പ് വലിച്ചെറിഞ്ഞ് അവൻ ഞെട്ടിയെഴുന്നേറ്റു. ശ്വാസോച്ഛ്വാസം പോലും പൂർത്തിയാക്കാതെ ജാലകത്തിനരികിലേക്കോടി ഇലഞ്ഞിമരത്തെ നിറകണ്ണുകളോട് എത്തിനോക്കി. അപ്പോൾ പഴുത്ത ഇലകളെല്ലാം പൊഴിച്ച്, മനോഹരമായ പുഷ്പങ്ങൾ വിരിയിച്ചു നിന്ന ആ മരത്തിന്റെ ചില്ലകളിലേയ്ക്ക് പേരറിയാത്ത അനവധി കിളികൾ ചേക്കേറിയിരുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ