"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
===കുറവിലങ്ങാട് പള്ളിയിലെ മുത്തിയമ്മയുടെ അത്ഭുത ഒറ്റക്കൽ രൂപം === | ===കുറവിലങ്ങാട് പള്ളിയിലെ മുത്തിയമ്മയുടെ അത്ഭുത ഒറ്റക്കൽ രൂപം === | ||
[[പ്രമാണം:45051 ku4.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 ku4.jpg|ലഘുചിത്രം|നടുവിൽ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
22:05, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടി വിജ്ഞാനകോശം
കേരളത്തിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മർത്തമറിയം പള്ളിക്ക് ചരിത്രത്തിൽ തന്നെ സവിശേഷപ്രാധാന്യമുണ്ട്. എ.ഡി. 337-ൽ നിർമ്മിച്ച കുറവിലങ്ങാട് മർത്തമറിയം പള്ളിയുടെ സ്ഥാപിതത്തെ കുറിച്ച് ഒട്ടേറെ കഥകളുമുണ്ട്. ആദിമ ക്രൈസ്തവകേന്ദ്രങ്ങളിൽ ഒന്നായിരുന്ന പാലയൂരിൽ നിന്നു ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ് എന്നീ നാലു ഇല്ലക്കാർ അങ്കമാലി, തെക്കൻ പള്ളിപ്പുറം വഴി ഏറ്റുമാനൂരിലും പിന്നീട് കടുത്തുരുത്തിയിലും പിന്നീട് കുറവിലങ്ങാട്ട് എത്തിയെന്നുമാണ് ചരിത്രം. പാലയൂരിനടുത്ത് വെമ്മേനാട്ടിൽ അമ്പലത്തിനു വടക്ക് കുറവങ്ങാട്ട് എന്ന പേരിൽ ഒരു മനയുണ്ടായിരുന്നുവെന്നും ആ പേരു തന്നെ ഇവിടെയുമുപയോഗിച്ചിരിക്കാമെന്നുമാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
പള്ളിസ്ഥാപനം കുറവിലങ്ങാട് പള്ളിയുടെ സ്ഥാപനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ടു കഥകൾ പ്രചാരത്തിലുണ്ട്. ഒരു കുന്നിന്റെ അരികിലുള്ള ഉറവയുടെ അടുത്തു നിർമ്മിച്ചിരിക്കുന്ന പള്ളിയുടെ സ്ഥാപനത്തിലും ഈ ഉറവയ്ക്ക് പ്രാധാന്യമുള്ള കഥകളാണ് പ്രചാരത്തിൽ.
ആദ്യ കഥ ഇങ്ങനെ: ഒരിക്കൽ കളരിയിൽ പഠിക്കുന്ന കുറെ കുട്ടികൾ ആടുമാടുകളെ മേയിച്ച് ഈ കുന്നിൽ കളിച്ചു നടന്നു. കുറെ കഴിഞ്ഞപ്പോൾ അവർക്ക് സഹിക്കാൻ വയ്യാത്ത വിശപ്പും ദാഹവും. അപ്പോൾ ഒരു വൃദ്ധയെത്തി അവർക്ക് അപ്പം നല്കി. കുടിക്കാൻ ഉറവ കാണിച്ചുകൊടുത്തു. കുട്ടികൾ കളരി കഴിഞ്ഞ് വീട്ടിൽ പോകാതെ കളിച്ചു നടന്ന് സമയം പോയപ്പോഴാണ് ഈ സംഭവമെന്ന് ഒരുപഴയ കഥയുമുണ്ട്. വിശപ്പും ദാഹവും മാറി വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളോട് ഈ വിവരം പറഞ്ഞു. വൃദ്ധയുടെ വേഷത്തിലെത്തി കുട്ടികൾക്ക് ഭക്ഷണം നൽകിയത് കന്യകാമറിയമാണെന്നാണ് വിശ്വസിക്കുന്നത്. ആ കരയ്ക്കു സമീപം പള്ളി പണിതു എന്നതാണ് ആദ്യ കഥ. ക്രിസ്തുമതം സ്വീകരിച്ച നാല് ഇല്ലക്കാർ പാലയൂരിൽ നിന്നു തെക്കോട്ടു പോന്നു. കൈപ്പുഴ രാജാവിന്റെ അധീനതയിലുള്ള കുര്യനാട് എന്ന സ്ഥലത്ത് താമസം തുടങ്ങി. കടുത്തുരുത്തിയാ യിരുന്നു ഇടവകപള്ളി. ഒരു വേനൽക്കാലത്ത് മഴപെയ്യാൻ വൈകിയപ്പോൾ പകലോമറ്റം കുടുംബത്തിലെ ഒരു കാരണവർ പാച്ചോർ നേർച്ച കഴിക്കാൻ പാച്ചോറുമായി ഇടവകപള്ളിയായ കടുത്തുരുത്തിക്കുപോയി. ഇപ്പോൾ പള്ളി നിർമ്മിച്ചിരിക്കുന്ന സ്ഥലത്തുകൂടി കടന്നുപോകവേ മാതാവ് പ്രത്യക്ഷപ്പെട്ട് അവിടെ കാലിമേയ്ക്കുന്ന കുട്ടികൾക്ക് പാച്ചോർ വിളമ്പാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ ഉദിഷ്ടകാര്യം സാധിക്കുമെന്നും മാതാവിന്റെ നാമത്തിൽ പള്ളി നിർമ്മിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അടയാളമായി ഉറവയും കാട്ടിക്കൊടുത്തു. കാരണവർ കുട്ടികൾക്ക് പാച്ചോർ വിളമ്പിക്കൊടുക്കുകയും മറ്റുള്ളവരോടു വിവരം പറയുകയും ചെയ്തു. അങ്ങനെയാണ് കുറവിലങ്ങാട്ടു പള്ളി പണിതതെന്നാണ് രണ്ടാമത്തെ കഥ. മൂന്ന് നോമ്പിന്റെ മധ്യ ദിവസത്തിലായിരുന്നു ഈ സംഭവമെന്നും പറയുന്നു. മലയിൽപോയി പ്രാർത്ഥിക്കുക എന്ന യഹൂദ പാരമ്പര്യം മലമുകളിൽ പള്ളി നിർമ്മിക്കുക എന്ന യഹൂദ-സമറിയ പാരമ്പര്യവും പള്ളി നിർമ്മിക്കുന്ന സ്ഥലത്തെ സ്വാധീനിച്ചു എന്നും വാദമുണ്ട്. എ. ഡി. 337-ൽ നിർമ്മിച്ച ഈ പള്ളിയുടെ പഴയ മണിമാളികയിൽ സ്ഥാപനകാലം 337 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എ. ഡി. 345-ൽ ക്നായി തോമായോടൊപ്പം കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ഏദേസക്കാരൻ മാർ യൌസേപ്പ് മെത്രാനാണ് പള്ളി ആശീർവദിച്ചതത്രെ.
ഇന്നത്തെ ദേവാലയം ആദ്യകാലപള്ളികൾ ക്ഷേത്രമാതൃകയിലായിരുന്നു. എന്നാൽ ഇന്നു കാണുന്ന മുഖവാരം ഈ നൂറ്റാണ്ടിലേതാണ്. കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കുകയെന്ന പ്രാചീന സമ്പ്രദായമനുസരിച്ച് പള്ളിയുടെ മദ്ബഹ കിഴക്കേ വശത്തും ആനവാതിൽ പടിഞ്ഞാറുമാണ്. മൂന്നുപ്രാവശ്യം ഈ പള്ളി പുതുക്കിപണിതു. ഓരോ തവണയും വടക്കോട്ടു വീതിയുണ്ടാക്കുകയാണ് ചെയ്തത്. ആദ്യ പള്ളിയുടെ മദ്ബഹ പിന്നത്തെ പുതുക്കലോടെ തെക്കേയരികിലായി. തെക്കേ സങ്കീർത്തിയെന്ന് ഇതിന് പേരുമിട്ടു. അവിടെയുള്ള അൾത്താരയിലാണ് മാതാവിന്റെ സുപ്രസിദ്ധമായ കരിങ്കൽ പ്രതിമ. ആ അൾത്താരയ്ക്കു നേരെയാണ് കുരിശിൻതൊട്ടിയിലെ കൽക്കുരിശുകൾ. പള്ളിക്ക് വടക്കോട്ട് വീതികൂട്ടി എന്നതിന്റെ തെളിവ് ഈ കൽക്കുരിശുകൾ തന്നെ.
ഉപദേവാലയങ്ങൾ ഇവിടെ ഒരു കോമ്പൌണ്ടിൽ തന്നെ മൂന്നു പള്ളികളുണ്ട്. ഒന്ന് ഇടവകപള്ളിയായ വലിയ പള്ളി. അതിനു തൊട്ട് കിഴക്ക് സെമിത്തേരിയിൽ വിശുദ്ധ യൌസേപ്പിന്റെ നാമത്തിൽ ഒരു കപ്പേള, അതിനും തെക്കായി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ ചെറിയ പള്ളി. എ. ഡി. 1653-ലെ കൂനൻകുരിശു സത്യത്തിനുശേഷം അപ്പസ്തോലിക സന്ദർശനത്തിനായി ഇവിടെ വന്നു താമസിച്ച, അക്കാലത്ത് ഇവിടുത്തെ വികാരിയായിരുന്ന പറമ്പിൽ(പള്ളിവീട്ടിൽ)ചാണ്ടി കത്തനാരെ കേരളത്തിന്റെ ഒന്നാമത്തെ നാട്ടുമെത്രാനായി വാഴിക്കുകയും ചെയ്ത മാർ സെബസ്ത്യാനിയോടുള്ള നന്ദി സൂചകമായാണത്രെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ ചെറു ദേവാലയം നിർമ്മിച്ചത്. ചാണ്ടി മെത്രാൻ ഈ പള്ളി സ്വകാര്യ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു.
ചരിത്രപ്രസിദ്ധമായ മൂന്നു നോമ്പു തിരുനാൾ
ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ തിരുനാൾ മൂന്നുനോമ്പു തിരുനാളാണ്. മൂന്ന് ദിവസം നോമ്പും അത്യാഘോഷപൂർവ്വമായ തിരുനാളും. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതും ഏറ്റവും ആഘോഷപൂർവ്വം കൊണ്ടാടുന്നതും മൂന്നു നോമ്പു തിരുനാളാണ്. യോനാ പ്രവാചകന്റെ കപ്പൽയാത്രയെ അനുസ്മരിക്കുന്ന തിരുനാളും അതിനുമുമ്പുള്ള മൂന്നു ദിവസത്തെ നോമ്പും കേരളത്തിലെ അപൂർവംപള്ളികളിൽ മാത്രമേയുള്ളൂ. അതിൽ ഒന്നാണ് കുറവിലങ്ങാട് .ക്രൈസ്തവരുടെ നാവിക പാരമ്പര്യമാണ് നോമ്പിന്റെയും തിരുനാളിന്റെയും പിന്നിൽ. കപ്പൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്ന് നോമ്പ്. നോമ്പിനു ശേഷമുള്ള തിരുനാളിൽ പ്രദക്ഷിണത്തിൽ ഒരു ചെറു കപ്പൽ വെള്ളത്തിലെന്നപോലെ ചലിപ്പിച്ചു കൊണ്ട് എഴുന്നള്ളിക്കുക എന്നത് ആദ്യകാലം മുതലുണ്ട്. കുറവിലങ്ങാട്ട് മൂന്നു നോമ്പ് തിരുനാളിന് കൊടിയേറ്റാൻ നാല് ഇല്ലങ്ങളിലേയും കാരണവന്മാരോടും പള്ളിയിലെ മൂപ്പനച്ചനോടും അനുവാദം ചോദിച്ചിരുന്ന പതിവ് അടുത്ത കാലം വരെയുണ്ടായിരുന്നു.
മൂന്നു നോമ്പിലെ വെച്ചൂട്ട് മൂന്നു നോമ്പ് തിരുനാളിന് മൂന്നു ദിവസം വെച്ചൂട്ട് നടത്തുക പതിവായിരുന്നു. ഭക്ഷണസാധനങ്ങൾ പള്ളിയിൽ വേവിച്ച് സഹഭോജനം നടത്തുന്നു. തിരുനാളിന് വരുന്ന ഏവർക്കും അന്ന് ഭക്ഷണം നൽകി വരുന്ന ചടങ്ങ് ക്രമേണ അപ്രത്യക്ഷമായി. ആദ്യ ദിവസം കുറവിലങ്ങാട്ടുകാരും രണ്ടാം ദിവസം കടപ്പൂരുകാരും മൂന്നാം ദിവസം കാളികാവുകാരുമാണ് ഇവിടെ വെച്ചൂട്ട് നടത്തിയിരുന്നത്.
തമുക്കു നേർച്ച
കുറവിലങ്ങാട്ടു പള്ളിയിൽ നടത്തി വന്നിരുന്ന തമുക്കു നേർച്ചയ്ക്കു പിന്നിൽ ഉദ്ദ്വേഗഭരിതമായ ഒരു കഥയുണ്ട്. ബാലരാമവർമ ആയില്യം തിരുനാൾ രാജാവ് തിരുവിതാംകൂർ ഭരിച്ച കാലം.സർ.എ.ശേഷയ്യാ ശാസ്ത്രിയായിരുന്നു പ്രധാനമന്ത്രി. മാനശിങ്കു എന്നയാൾ പറവൂർ മുതൽ വടക്കൻ പ്രദേശങ്ങളിലെ പോലീസ് സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം കുറെ സഹായികൾക്കൊപ്പം 1873-ലെ ദുഃഖശനിയാഴ്ച ദിവസം കളത്തൂരിൽ വ്യാജപ്പുകയില പിടിക്കാൻ അന്വേഷണത്തിനിറങ്ങി. ഉയിർപ്പു ഞായറാഴ്ചയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പുരുഷന്മാർ പുറത്തുപോയ സമയത്തായിരുന്നു മാനശിങ്കുവിന്റേയും കൂട്ടാളികളുടെയും വരവ്. മാനശിങ്കുവും ആൾക്കാരും വീടുകളിൽ കയറി സ്ത്രീകളെ ശല്യം ചെയ്തു. മുള്ളുവേലിൽ ചക്കിയെന്ന ഈഴവ സ്ത്രീയെക്കൊണ്ട് സത്യം പറയിക്കാൻ നഗ്നയാക്കി ഗുഹ്യഭാഗങ്ങളിൽ മുളക് അരച്ചു തേച്ചു. തൊട്ടടുത്ത് തൊണ്ടിൽ നിന്നു മൂന്നുകെട്ട് പുകയിലയും കണ്ടെടുത്തു. മറ്റു വീടുകളിലും അന്വേഷണവും സ്ത്രീകളെ പീഢിപ്പിക്കലുമുണ്ടായി.പുറത്തുപോയിരുന്ന പുരുഷന്മാർ തിരിച്ചെത്തിയപ്പോൾ വലിയ കലഹമായി. പിറ്റേന്ന് ഈസ്റ്റർ ഞായറാഴ്ച മാനശിങ്കു കൂടുതൽ ആൾക്കാരുമായി അന്വേഷണത്തിനിറങ്ങി. ഏറ്റുമാനൂർ മജിസ്ട്രേറ്റായിരുന്ന രാമൻ പണ്ടാലയെയും കൂട്ടരെയും അന്വേഷണത്തിൽ സഹകരിപ്പിച്ചു. അതു വഴി വന്ന കളത്തൂർക്കാർ ഒരു ശെമ്മാശനെ മർദ്ദിച്ച് അവശനാക്കി, വായിൽ മൂത്രമൊഴിച്ച് ബലമായി ഏറ്റുമാനൂർ അങ്ങാടിയിലെത്തിച്ചു. അന്വേഷണത്തിന് തടസ്സം നിന്നുവെന്നും ഉദ്ദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും പറഞ്ഞ് അനേകം ക്രിസ്ത്യാനികൾക്കെതിരേ മജിസ്ട്രേറ്റ് കോടതിയിൽ കേസായി.ക്രിസ്ത്യാനികളും തിരിച്ചു കേസ് കൊടുത്തു. കേസു നടത്തിപ്പിൽ ഇരുപക്ഷത്തും വിജയമുണ്ടായി. ഒടുവിൽ വിസ്തരിച്ച കേസിൽ മാനശിങ്കുവിന് ആറു വർഷം കഠിനതടവ് കിട്ടി. ആക്രമിക്കാൻ പോയതിന് കളത്തൂർക്കാരായ ആറു ക്രിസ്ത്യാനികൾക്ക് ആറുമാസത്തെ തടവു കിട്ടി. ശിക്ഷ കഴിഞ്ഞ് മാനശിങ്കു ആലപ്പുഴയിൽ വച്ചു പാത്രക്കച്ചവടത്തിനിറങ്ങി. നിധീരിക്കൽ മാണിക്കത്തനാർ അക്കാലത്ത് അവിടെ മാർ സ്ളീവാ പള്ളിയിൽ വികാരിയായി. അവിടെ വച്ച് ഇരുവരും കണ്ടുമുട്ടി സൌഹൃദത്തിലായി. മാണിക്കത്തനാർ പിന്നീട് കുറവിലങ്ങാട്ട് വികാരിയായിരിക്കേ മാനശിങ്കു പാത്രക്കച്ചവടവുമായി മൂന്നു നോമ്പ് തിരുനാളിന് കുറവിലങ്ങാട്ടെത്തുകയും അദ്ദേഹത്തെ തമുക്കു നേർച്ച കഴിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം. മാനശിങ്കുവിന്റെ കാലത്താണ് കളത്തൂർക്കാർ കുറവിലങ്ങാട്ട് തമുക്കു നേർച്ച നേർന്നത്. നേർച്ച ആദ്യം സ്ത്രീകൾക്കു വിളമ്പണമെന്നായിരുന്നു ആദ്യ കാലത്തെ നിയമം.
ചുറ്റുവിളക്കു നേർച്ച
എണ്ണ നേർച്ച അഭീഷ്ട സിദ്ധിക്കായി ചുറ്റുവിളക്കിൽ എണ്ണ പകർന്ന് തിരി കത്തിക്കുന്ന നേർച്ച ഇവിടെയും പതിവാണ്.
ചരിത്ര പുരുഷന്മാർ
പണ്ട് സഭാ ഭരണം നടത്തിയിരുന്ന ആർച്ച് ഡീക്കന്മാർ (ആർക്കേദിയാക്കോമാർ) കുറവിലങ്ങാട്ടെ പകലോമറ്റം കുടുംബങ്ങളിൽ നിന്നും അതിന്റെ ശാഖകളിൽ നിന്നുമായിരുന്നു. പള്ളിക്കാര്യങ്ങളും മറ്റും നിർവഹിച്ചിരുന്നത് ആർക്കേദി യാക്കോന്മാരായിരുന്നു. അഞ്ച് ആർക്കേദിയാക്കോന്മാരുടെ ഒരു കപ്പേളയും കുറവിലങ്ങാട്ടുണ്ട്. പനങ്കുഴയ്ക്കൽ വല്യച്ചൻ, വലിയവീട്ടിൽ ഉണ്ണീട്ടിയച്ചൻ, കേരളത്തിലെ ആദ്യ സ്വദേശി മെത്രാനായ പള്ളി വീട്ടിൽ ചാണ്ടി മെത്രാൻ, ബഹുഭാഷാ പണ്ഡിതനും ബൈബിൾ വിവർത്തകനും പുനരൈക്യപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും ദീപിക പത്രത്തിന്റെ പ്രഥമഎഡിറ്ററുമായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ തുടങ്ങിയവർ ഈ ഇടവകയിൽപ്പെട്ടവരായിരുന്നു.
പുരാവസ്തുക്കൾ
ഇപ്പോഴത്തെ പള്ളിയുടെ പ്രധാന അൾത്താരയുടെ തെക്കുവശത്തുള്ള ചെറിയ അൾത്താരയിൽ ഉണ്ണിയെ കയ്യിലേന്തുന്ന കന്യകാ മറിയത്തിന്റെ കരിങ്കൽ പ്രതിമ, ഉണ്ണീശോയെ കൈയ്യിലേന്തുന്ന കന്യകാമറിയത്തിന്റെ പലകയിൽ വരച്ച മനോഹരമായ ചിത്രം, പള്ളിയുട മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള ഏതാണ്ട് 48 അടി ഉയരം വരുന്ന കൽക്കുരിശ്, ഒറ്റത്തടിയിൽ തീർത്ത എട്ടു ചിരവകളുടെ സംഘാതം, മൂന്നു നോമ്പുതിരുനാളിലെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന ചെറു ബോട്ടിന്റെ വലിപ്പമുള്ള കപ്പൽ, പള്ളിക്കു കിഴക്കു ഭാഗത്തുള്ള അത്ഭുത ഉറവ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. പോർച്ചുഗീസുകാർ പോർച്ചുഗലിൽ വാർത്ത് കുറവിലങ്ങാട്ടു കൊണ്ടുവന്ന മണിയിലെ ലിഖിതം വായിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം രണ്ടു മണികൾ കൂടി പോർച്ചുഗലിൽ നിന്നും കൊണ്ടുവന്നുവെന്നും കരയ്ക്കിറങ്ങിയപ്പോൾ ഒരെണ്ണം കടലിൽ വീണുവെന്നും പറയുന്നു. ഇപ്പോഴത്തെ മണിമാളികയിൽ കാണുന്ന മൂന്നു വലിയ മണികൾ 1910-ൽ ജർമനിയിൽ നിർമ്മിച്ചവയാണ്. മൂന്നിനും മൂന്നു വലിപ്പവും ആട്ടി അടിക്കുന്നവയുമാണ്. വലിയ മണിക്ക് ഒരാൾ പൊക്കവും അതിനടുത്ത വിസ്താരവുമുണ്ട്.
കുറവിലങ്ങാട് പള്ളിയും ഏറ്റുമാനൂർ ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഐതിഹ്യം
കുറവിലങ്ങാട്ട് മൂന്നുനോമ്പു തിരുനാളിൽ പങ്കെടുക്കാൻ തെക്കുനിന്നു വന്ന ഒരു നസ്രാണി വഴി തെറ്റി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി. ഊരാഴ്മക്കാർ അയാളെ പിടിച്ച് പുലിക്കൂട്ടിലിട്ട് കൊല്ലാൻ തീരുമാനിച്ചു. ഈ വാർത്ത പള്ളിയിലെത്തിയപ്പോൾ വികാരിയായിരുന്ന വലിയവീട്ടിൽ ഉണ്ണിയിട്ടൻ കത്തനാർ കുറെ അഭ്യാസികൾക്കൊപ്പം ഏറ്റുമാനൂരെത്തി. ഉണ്ണിയിട്ടൻ കത്തനാരും കളരിപ്പയറ്റിൽ സമർത്ഥനായിരുന്നു. അദ്ദേഹവും സംഘവും പുലിക്കൂടു പൊളിച്ച് നസ്രാണിയെ രക്ഷിച്ചു കൊണ്ടുപോയി. പുലിക്കൂടു പൊളിച്ച നസ്രാണികളുടെ പള്ളിപൊളിക്കാൻ ക്ഷേത്രാധികാരികൾ തീരുമാനിച്ചു. ഒരു ദിവസം കുറെ ആളുകളും ആനയുമായി അവർ പള്ളി മുറ്റത്തെത്തി. പള്ളി പരിസരത്തുണ്ടായിരുന്ന നസ്രാണികൾ ഭയന്നോടി. വികാരിയാകട്ടെ, പള്ളിക്കകത്തു കയറി കതകടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പള്ളി കുത്തിപൊളിക്കാൻ ആനയോട് ആജ്ഞാപിച്ചു. ആന ആനവാതിലിൽ ആഞ്ഞുകുത്തിയപ്പോൾ കൊമ്പുകൾ രണ്ടും കട്ടികൂടിയ പലകയിൽ തുളച്ചു കയറി. വാതിൽ പൊളിഞ്ഞില്ല. ഉടക്കിയ കൊമ്പ് പിൻവലിക്കാനും ആനയ്ക്ക് കഴിഞ്ഞില്ല. ആനയും വിരണ്ടു. പള്ളിപൊളിക്കണമെന്ന വിചാരം വിട്ട് ആനയുമായി വല്ല വിധേനയും രക്ഷപ്പെട്ടാൽ മതിയെന്നായി ക്ഷേത്രാധികാരികളുടെ ചിന്ത. വാതിൽ പഴുതിലൂടെ അകത്തേയ്ക്കു നോക്കിയപ്പോൾ പ്രാർത്ഥനാ നിരതനായിരിക്കുന്ന വികാരിയച്ചനെയാണ് ആളുകൾ കണ്ടത്. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ശക്തിയാലാണ് ആന അപകടത്തിലായതെന്ന് വിശ്വസിച്ച ക്ഷേത്രക്കാർ മാപ്പപേക്ഷിച്ച് ആനയെ രക്ഷിക്കണമെന്നഭ്യർത്ഥിച്ചു. വികാരിയച്ചൻ അകത്തു നിന്ന് വാതിലിന്റെ പൂട്ടു നീക്കി ആനയുടെ കൊമ്പ് ഊരിയെടുത്തു എന്നാണ് കഥ. ആനയെ രക്ഷിച്ചതിന് നന്ദി സൂചകമായും പള്ളി പൊളിക്കാൻ ശ്രമിച്ചതിന് പ്രായശ്ചിത്തമായും പള്ളിയിൽ പാച്ചോർ നേർച്ച നടത്തുന്നതിന് പള്ളിക്കടുത്തുള്ള മൂന്നേക്കർ 26 സെന്റ് നെടുമറ്റം നിലം പള്ളിക്ക് ദാനമായി നൽകി. പാച്ചോർ നേർച്ചയ്ക്ക് ആവശ്യമായ ഓട്ടുപാത്രങ്ങളും മൂന്ന് നോമ്പ് തിരുനാളിന് പ്രദക്ഷിണത്തിന് അകമ്പടി സേവിക്കാൻ ആനയെ അയയ്ക്കാമെന്നും ഉറപ്പു നൽകി. ആനയെക്കൊണ്ടു പള്ളിപൊളിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വേറെയും കഥയുണ്ട്. പള്ളിയുടെ അറ്റകുറ്റ പണിക്കായി രാജവൃക്ഷമായി കരുതിയിരുന്ന ഒരു തേക്ക് വെട്ടി. തേക്ക് വെട്ടാൻ രാജാവിന് മാത്രമായിരുന്നു അധികാരം. തേക്കു തടി പള്ളിക്കകത്തു സൂക്ഷിച്ചിരിക്കുന്നുവെന്നു കരുതി ക്ഷേത്രത്തിലെ ആനയെ കൊണ്ടുവന്ന് പള്ളി പൊളിക്കാൻ തീരുമാനിച്ചുവെന്നാണ് ആ കഥ. തിരുനാളിന് പ്രദക്ഷിണത്തിന് അകമ്പടി സേവിക്കുന്നതിന് ആനയെ അയയ്ക്കുന്ന പതിവ് ഒരു പ്രാവശ്യം ക്ഷേത്രാധികാരികൾ ലംഘിച്ചു. ക്ഷേത്രത്തിലെ ഉത്സവപിറ്റേന്ന് പള്ളിയിലെ പ്രദക്ഷിണത്തിന് പോന്നിരുന്ന ആനയെ തിരുനാൾ ദിവസം ക്ഷേത്രത്തിൽ തളച്ചിച്ചു. പക്ഷേ പ്രദക്ഷിണ സമയമായപ്പോഴേയ്ക്കും തളച്ചിരുന്ന മരവും പിഴുത് ആന പള്ളിമുറ്റത്തെത്തി. പ്രദക്ഷിണമുറങ്ങിയപ്പോൾ ആന വന്ന് കുമ്പിട്ടു നിന്നുവെന്നാണ് ആ കഥ. ഏതായാലും അതിനുശേഷം എല്ലാ വർഷവും പ്രദക്ഷിണത്തിന് ആനയെ കൊണ്ടു വന്നിരുന്നു.
കപ്പൽ പ്രദക്ഷിണം
മൂന്നുനോമ്പിന്റെ ചൊവ്വാഴ്‌ചയാണ് ലോകപ്രശസ‌്‌തമായ കപ്പൽ പ്രദക്ഷിണം. ദൈവത്തിന്റെ വാക്ക് ധിക്കരിച്ചുള്ള യോനാപ്രവാചകന്റെ കപ്പൽ യാത്രയും കടൽക്ഷോഭവും തുടർന്ന് യോനായെ കടലിൽ എറിയുന്നതും കടൽ ശാന്തമാകുന്നതുമാണ് കപ്പൽ പ്രദക്ഷിണത്തിന്റെ ദൃശ്യവത്‌കരിക്കുന്നത്. പരമ്പരാഗതമായി കടപ്പൂർ നിവാസികളാണ് പ്രദക്ഷിണത്തിനായികപ്പൽ എടുക്കുന്നത്.കറുത്തേടം, ചെമ്പൻകുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ കടപ്പൂരുകാരായ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് കപ്പൽ വ്യാപാരത്തിലേർപ്പെട്ടിരുന്നു കടപ്പൂർ നിവാസികൾ സഞ്ചരിച്ച് കപ്പൽ ഒരിക്കൽ ശക്തമായ കടൽക്ഷോപത്തിൽപെട്ടു. അപ്പോൾ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ചു പ്രാർത്ഥിക്കുകയും ഒരു കപ്പലിന്റെ മാതൃക പണികഴിപ്പിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തുക്കൊള്ളാമെന്ന് നേർച്ച നേരുകയും ചെയ്‌തതോടെ കടൽ ശാന്തമായി. സുരക്ഷിതരായി തിരിച്ചെത്തിയ അവർ കപ്പൽ നിർമ്മിച്ച് കുറവിലങ്ങാട് പള്ളിക്ക് കൊടുത്തു. മൂന്നുനോയന്പിന്റെ അനുഷ്‌ഠാനങ്ങളിൽ പ്രധാനപ്പെട്ടതായി കാലക്രമത്തിൽ കപ്പൽ പ്രദക്ഷിണം മാറി.
ആനവായിൽ ചക്കര
ആനവായിൽ ചക്കര കഴിക്കുന്ന ഉദരരോഗികൾക്ക് രോഗസൗഖ്യം ലഭിക്കുമെന്നു വിശ്വാസം.
എമ്മേദാലാഹാ മണി ( നാടൻ മണി)
കേരള സഭാചരിത്രത്തെ സംബസ്ധിച്ചിടത്തോളം വളരെ പ്രധാന്യമാർഹിക്കുന്ന മണിയാണിത്. രണ്ടു വരി ലിഖിതങ്ങൾ ഇതിൽ കാണാം. ഒന്നാംവരിയിൽ മണി വാർത്ത വർഷം സുറിയാനിയിൽ 'മിശിഹാക്കാലം ആയിരത്തി അഞ്ഞൂറ്റി എൺപത്തിനാല് ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വരിയിൽ 'അനുഗ്രഹീതമായ കുറവിലങ്ങാട്ട് പട്ടണത്തിൽ.... ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദേവാലയം....' എന്നും സുറിയാനിയിൽ ആലേഖനം ചെയ്തിരിക്കുന്നു. കുര്യനാടുകാരനായിരുന്ന ഒരു മൂശാരി വാർത്ത മണിയാണിത്. ദൈവത്തിന്റെ അമ്മ (എമ്മേദാലാഹാ ) എന്ന പ്രയോഗം കേരള ക്രൈസ്‌തവർനെസ്‌തോറിയരുന്നു എന്നതിന്റെ ചരിത്രരേഖയാണ്. നെസ്‌തോറിയരെന്ന് വിളിക്കപ്പെട്ടിരുന്നവർ തന്നെയും സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിരുന്നില്ല എന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.
ഒറ്റത്തടിയിൽ തീർത്ത എട്ട് നാക്കുള്ള ചിരവ
ഒറ്റത്തടിയിൽ തീർത്ത എട്ടുചിരവകളുടെ കൂട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആവശ്യാനുസരണം വിടർത്തി എട്ടുചിരവകളാക്കി എട്ടുപ്പേർക്ക് ഒരേ സമയം തേങ്ങ ചുരണ്ടാൻ സാധിക്കുന്നതും അടുപ്പിച്ചുവെച്ചാൽ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഈ ചിരവക്കൂട്ടം ഒരു തച്ചുശാസ്ത്ര വിസ്‌മയമാണ് . നേർച്ചകൾക്കുള്ള തേങ്ങചുരണ്ടാനും, പ്രത്യേകിച്ച് തമുക്ക് നേർച്ചയ്‌ക്കുള്ള തേങ്ങ ചുരണ്ടാനും , ഇത് ഉപയോഗിച്ചിരുന്നു.കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോൽബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ‘ കൊറവിലങ്ങാട് ‘ എന്നു ചേർത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയർന്ന പ്രദേശം എന്നർത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവർ അഭിപ്രായപ്പെടുന്നു.
കുറവിലങ്ങാട് പള്ളിയിലെ അത്ഭുത ഉറവ
പരിശുദ്ധ കന്യാമറിയം നാലാം ശതകത്തിൽ കുട്ടികൾക്ക് പ്രത്യക്ഷപെട്ട് കാണിച്ചുകൊടുത്ത അത്ഭുത ഉറവ. പരിശുദ്ധ കന്യകാമറിയം (കുറവിലങ്ങാട് മുത്തിയമ്മ) എ. ഡി. 335-ൽ പ്രത്യക്ഷപ്പെട്ട് ദാഹിച്ചു വലഞ്ഞ കുട്ടികൾക്ക് കണിച്ചുക്കൊടുത്തു അത്ഭ ഉറവ പള്ളിയുടെ കിഴക്കുഭാഗത്ത് ഇപ്പോഴുംമുണ്ട്. അനേകർക്ക് അത്ഭുതരോഗശാന്തി നൽകിക്കൊണ്ടിരിക്കുന്ന തീർത്ഥമാണിതെന്നതിന് തുടർച്ചയായി ലഭിക്കുന്ന സാക്ഷ്യങ്ങൾ തെളിവാണ്. നാനാജാതിമതസ്ഥരായ അനേകർ ഈ ജലം ശേഖരിക്കാൻ ഇവിടെ എത്തുന്നു. തൊട്ടിയും കയറും ഇവിടെ സമർപ്പിക്കുന്നത് ഒരു പ്രധാന നേർച്ചയാണ്.
അർക്കാദിയാക്കോന്മാരുടെ മഹാസമാധി മണ്ഡപം
പകലോമറ്റം തറവാടുപള്ളി കുറവിലങ്ങാട്, കോട്ടയം, കേരളം
കുറവിലങ്ങാട് പള്ളിയിലെ കൽകുരിശ്
(സ്ഥാപിതം-1575)
ക്രിസ്തുവിന്റെ തുങ്ങപ്പെട്ട രൂപവും പെലിക്കൻ പക്ഷിയും മറ്റു വിവിധ പ്രതീകങ്ങളും കൊത്തിവെച്ചിരിക്കുന്ന 48 അടി ഉയരമുള്ള 1575ൽ സ്ഥാപിച്ച ഒറ്റക്കല്ലിൽ തിർത്ത കൽകുരിശാണിത് . ഈ കൽകുരിശിന്റെ ചുവട്ടിൽ ചുറ്റുവിളക്കിൽ എണ്ണയൊഴിചു കത്തിക്കുന്നത് കുറവിലങ്ങാട് പള്ളിയിലെ പ്രധാന നേർച്ചകളിലോന്നാണ് ......
കുറവിലങ്ങാട് പള്ളിയിലെ മുത്തിയമ്മയുടെ അത്ഭുത ഒറ്റക്കൽ രൂപം