"സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ/അക്ഷരവൃക്ഷം/ നക്ഷത്രകണ്ണുള്ള പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നക്ഷത്രകണ്ണുള്ള പെൺകുട്ടി |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:03, 21 ജൂലൈ 2024-നു നിലവിലുള്ള രൂപം

നക്ഷത്രകണ്ണുള്ള പെൺകുട്ടി
ആ പെൺകുട്ടി മരിച്ചു. പാവപ്പെട്ട അച്ഛനും അമ്മയും കുട്ടിയുടെ അടുക്കൽ വിതുമ്പിക്കൊണ്ട് തളർന്നിരിക്കുന്നു.കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം പോലുമില്ല. മുഖാവരണങ്ങളോടുകൂടിയായതിനാൽ പലരേയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും,"ഈ കുട്ടിക്ക് ഈ കോവിഡ് കാലത്ത് തന്നെ മരിക്കണമായിരുന്നോ? "എന്ന് അയൽവക്കക്കാരായ ചിലരുടേയെങ്കിലും മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു. എങ്കിലും,ചിലരുടെ മനസ്സിൽ ആ പെൺകുട്ടിയെപ്രതി ഒരു തരം അനുഭൂതിയും ഉണ്ടായിരുന്നു. അയൽവക്കക്കാരായ ഞങ്ങൾ കുറച്ചുപേരെ അവിടെയുള്ളൂ. വരുന്നവരാകട്ടെ, കണ്ടപാടെ തിരികെ പോവുകയായി. പാവപ്പെട്ട ഒരു കുടുംബമാണത്. ഒരു അണുകുടുംബം.എങ്കിലും, വളരെ വിശേഷപ്പെട്ട ഒന്നായിരുന്നത്. സ്നേഹത്തിന്റെ യഥാർത്ഥ മാതൃക.പണത്തിന് സ്ഥാനമില്ലാത്ത ഇടങ്ങളിൽ സ്നേഹവും സന്തോഷവും എപ്പോഴും കുടികൊള്ളുന്നതുപോലെ.ഇതു പലപ്പോഴും ഞാൻ അമ്മയുമായി പങ്കുവയ്ക്കാറുമുണ്ട്. പക്ഷേ, ഒരിക്കൽ ഇതേപ്പറ്റിയുള്ള ചർച്ചയ്ക്കിടയിൽ അമ്മ ഒരു മറുചോദ്യം ചോദിച്ചു പണമില്ലാതെ എങ്ങനെ ജീവിക്കും?"എനിക്ക് പൂർണമായി നിഷേധിക്കാൻ കഴിയാത്ത വിഷയമാകയാൽ അതേപ്പറ്റി ഒരു വാക്കുപോലും പിന്നീട് ഞാൻ സംസാരിച്ചില്ല.പക്ഷെ, ചിന്തകൾ പല വഴിയേ പ്രവഹിക്കുകയായിരുന്നു. ആ പെൺകുട്ടിക്ക് നക്ഷത്രകണ്ണുകളാണ് എന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.ഒരിക്കലേ ഞാൻ ആ പെൺകുട്ടിയേ അടുത്ത് കണ്ടിട്ടുള്ളൂ.അന്ന് എന്നെ ഏറെ ആകർഷിച്ചത് ആ കുട്ടിയുടെ സുന്ദരമായ കണ്ണുകളായിരുന്നു.വലിയ,തിളങ്ങുന്ന, നക്ഷത്ര കണ്ണുകൾ. അന്ന്,ആ കണ്ണുകൾ നിറയുന്നത് ഞായറാഴ്ച കണ്ടിരുന്ന. കാൻസറുള്ള കുട്ടിയല്ല നല്ല വേദനയുണ്ടാകും എന്നാണ് ഞാൻ കരുതിയത്. വേദനയല്ല,അസഹ്യമായ അവഹേളനവും പരിഹാസവുമാണ് അതിനു കാരണം എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ജീവിതത്തിൽ പ്രകാശമായിത്തീരുവാൻ തന്റെ കണ്ണുകൾക്ക് സാധിക്കില്ല എന്നതുകൊണ്ടായിരിക്കാം കണ്ണുകൾ ദാനം ചെയ്യണം എന്ന വലിയ ആഗ്രഹം അവൾ തന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഈ കോവിഡ് കാലത്ത് ആർക്കാണ് കണ്ണ് വേണ്ടത്? ? ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന ഈ ലോകത്ത് ശവപ്പെട്ടിയുടെയുള്ളിൽ ശരീരത്തോടൊപ്പം രത്നം പോലുള്ള ആ കണ്ണുകളും അഴുകിച്ചേരണമെന്നാണോ സ്രഷ്ടാവിന്റെ കല്പന.ലോക്ഡൗൺ കാലത്ത് ഇങ്ങനേയും ചിലർക്ക് ദുരനുഭവങ്ങളുണ്ടാകുമല്ലോ എന്ന് അച്ഛൻ പറഞ്ഞു. ഞാനും അത് ശരിവച്ചു. പിറ്റേ ദിവസം രാത്രി, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുളള ദീപം തെളിക്കൽ ദിവസമാണ്. ഞാനും എന്റെ വീട്ടുകാരും ഇതൊക്കെയൊരു രസമല്ലേയെന്നോണം സമയമായി കാത്തിരുന്നു. വീട്ടിലെ വെളിച്ചമെല്ലാം കെടുത്തി. കൈകളിൽ കരുതിയിരുന്ന ലൈറ്റുകളും ടോർച്ചുകളൂം എടുത്തു തെളിച്ചു. നാടൊന്നാകെ അൽപസമയത്തേക്ക് ഒന്നാറാടി. ശേഷം എല്ലാം പഴയതുപോലെന്നോണം വീടുകളിലേക്ക് കയറി. അപ്പോഴാണ് ആ പെൺകുട്ടി യുടെ വീട്ടിൽനിന്ന് വെളിച്ചം. എല്ലാ ലൈറ്റുകളും അണച്ച് ഒരു മെഴുകുതിരിയുടെ വെളിച്ചത്തിൽ ആ അച്ഛനും അമ്മയും വിതുമ്പുന്നു. കാലത്തിന്റെ മൂഢത ഈ കോവിഡ് കാലത്തെയും മായ്ക്കും. തങ്ങളുടെ കുടുംബത്തിന്റെ വെളിച്ചം കെട്ടുപോയാലും, തങ്ങളുടെ കുഞ്ഞിന്റെ അവസാന ആഗ്രഹം സഫലമായില്ലെങ്കിലും, കാലം കടന്നുപോകുമ്പോൾ ഈ കഥകളെല്ലാം മാഞ്ഞു പോയാലും, ഒരു നുറുങ്ങുവെട്ടം പോലെ ലോകത്തിന്റെ മുമ്പിൽ അവൾ പ്രകാശിക്കും. അവളുടെ നക്ഷത്രകണ്ണുകളും. തിരിവെളിച്ചം കെട്ടു.ആ വീട്ടിൽ അന്ധകാരം നിറഞ്ഞു.എങ്കിലും,ലോകം സന്തോഷിക്കുന്നതോർത്ത് തങ്ങളേയും കൂടെക്കൂട്ടും എന്ന വിശ്വാസത്തോടെ ആ വീട് കുലുങ്ങിച്ചിരിക്കുന്നതായി എനിക്ക് തോന്നി. 


ലിയ ആൻ മാത്യു
8 A സെന്റ്. ജോണ്സ് എച്ച്. എസ്. പാലാവയൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 07/ 2024 >> രചനാവിഭാഗം - കഥ