"ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം തിരുത്തൽ) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ:എൽ പി എസ്സ് കാഞ്ഞീറ്റുകര/ചരിത്രം എന്ന താൾ ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:08, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശാരദാവിലാസിനി സമാജം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചത് കളത്തൂർ വൈദ്യർ, മുരുപ്പേൽ ആശാൻ, കുമാരവിലാസം അയ്യപ്പൻ എന്നിവരാണ്. അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന കാലം വഴി നടക്കുവാനോ, ക്ഷേത്രത്തിൽ കയറുവാനോ,മാറു മറക്കുവാനോ താഴ്ന്ന ജാതിക്കാരന് പറ്റാത്ത അവസ്ഥ.അങ്ങനെയുള്ള ഒരു ജനതയെ അക്ഷരം കൂട്ടി വായിക്കാൻ മുൻകൈ എടുത്ത മുരുപ്പേലാശാൻ കുമ്പുളുങ്കൽ, പുത്തേഴം എന്നീ പ്രദേശങ്ങളിൽ രണ്ട് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കുരിശുമുട്ട,ചുഴന,തടിയൂർ,പുത്തേഴം,വെള്ളിയറ,തേപ്പുകല്ലുങ്കൽ, കാഞ്ഞീറ്റുകര,കുരീലയ്യം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ശാരദവിലാസിനി ഈഴവസമാജം. ഈ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ആശാന്റെ പാഠശാലയിൽ പഠിക്കാനെത്തുമായിരുന്നു.
1099-ൽ വെള്ളപ്പൊക്കത്തിൽ പുത്തേഴത്തു സ്ഥാപിച്ചിരുന്ന കുടിപ്പള്ളിക്കൂടം നിലംപൊത്തി. പഠിക്കാനായി ചെറുകോൽപ്പുഴയിലെ പെൺപള്ളിക്കൂടത്തിൽ പോകേണ്ടിവന്നു. യാത്രാ ദുരിതം കാരണം പലരും പഠിപ്പുനിർത്തി.ഈ സാഹചര്യത്തിൽ സമാജം വക അറുപത് സെന്റിൽ ഇരുപത് സെന്റ് സ്ഥലത്ത് കുമാര വിലാസം അയ്യപ്പൻ, തൈക്കൂട്ടിൽ വേഗയുധൻ, മേമുറി കൃഷ്ണൻ വൈദ്യൻ, ചരിവിൽ നാരായണൻ, ചിറക്കുഴി ശങ്കരപ്ണിക്കർ, പാലയ്ക്കൽ കൊച്ചുകുഞ്ഞ്, പുത്തേഴത്ത് ശങ്കരൻ തുടങ്ങിയ മഹാരഥന്മാരുടെ ശ്രമഫലമായി ഒരു സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജരായി മേമുറി കൃഷ്ണ വൈദ്യരെ നിയമിച്ചു. കൊല്ലവർഷം 1103(1927)-ൽ ശാരദവിലാസം ലോവർ പ്രൈമറി സ്കൂളിന് സർക്കാർ അംഗീകാരം കിട്ടി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആരംഭിച്ചു.
അക്കാലത്ത് സ്കൂൾ നടത്തിക്കൊണ്ട് പോകുന്നത് അത്യന്തം ശ്രമകരമായ ഒരു ജോലി ആയിരുന്നു. വർഷം തോറും സ്കൂൾ കെട്ടിമേയുന്നതിനും ഗ്രാന്റ് ലഭിക്കുന്നതിനും വലിയ പ്രയാസം നേരിട്ടു. ഉഗ്രപ്രതാപിയായ സർ.സി.പി രാമസ്വാമി അയ്യരുടെ ഭരണകാലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്കൂളുകൾ ഏറ്റെടുക്കുന്നതാണ് എന്ന സർക്കാർ ഉത്തരവ് ഇറങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിന് മാനേജ്മെന്റ് നിർബന്ധിതരായി. അങ്ങനെ 1123 തുലാം ഒന്നാം തീയതി 1947 സ്കൂളും 20 സെന്റ് സ്ഥലവും അധ്യാപകരേയും ഉൾപ്പെടെ ഒരു ചക്രത്തിന് സർക്കാരിന് സറണ്ടർ ചെയ്തു. ഈഴവ സമാജത്തിന്റെ വകമായിരുന്ന ശാരദാവിലാസിനി ലോവർ പ്രൈമറി സ്കൂൾ അങ്ങനെ ഗവൺമെന്റ് ശാരദാവിലാസം പ്രൈമറി സ്കൂളായി മാറി.