"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/'പരിഷ്കാര'ങ്ങളുടെ അനന്തര ഫലങ്ങളും കാർഷിക മേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/'പരിഷ്കാര'ങ്ങളുടെ അനന്തര ഫലങ്ങളും കാർഷിക മേഖലയും" സ...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
'പരിഷ്കാര'ങ്ങളുടെ അനന്തര ഫലങ്ങളും കാർഷിക മേഖലയും
പച്ച പട്ടുടുത്ത മരങ്ങളും തെളിനീർ ഉറവകളും വൈരക്കല്ലുകൾ പോലുള്ള മഴത്തുള്ളികളും കിളികളുടെ ഇമ്പമുള്ള ഗാനങ്ങളും എല്ലാം ഉൾകൊള്ളുന്ന പരിസ്ഥിതി മനുഷ്യന് നൽകപ്പെട്ട അനുഗ്രഹങ്ങളിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു. ദൈവം കനിഞ്ഞു നൽകിയ ഈ പരിസ്ഥിതി നമ്മുടെ ഓരോരുത്തരുടെയും അമ്മയാണ്. ഭാരതീയ സാംസ്കാരിക ചരിത്രത്തിൽ ഭൂമി, ഭൂമിദേവിയായി മാറുമ്പോൾ ആ ഭൂമി നമുക്ക് അമ്മയായി മാറുകയാണ്. അതുപോലെ കൃഷിയിടമായ മണ്ണും ജലവും പക്ഷിമൃഗാദികളും മനുഷ്യരും എല്ലാം ഉൾകൊള്ളുന്ന പരിസ്ഥിതിയും നമുക്ക് അമ്മയായി തീരുന്നു. പ്രാചീന കാലഘട്ടത്തിൽ മനുഷ്യൻ പരിസ്ഥിതിയെ സ്വന്തം അമ്മയായി കരുതുകയും ആ മടിത്തട്ടിൽ കളിക്കുന്ന കുട്ടികളെപ്പോലെ മനുഷ്യൻ ജീവിക്കുകയും ചെയ്തു. എന്നാൽ പ്രാചീന കാലഘട്ടത്തിൽ നിന്നും ആധുനിക കാലഘട്ടത്തിലേക്ക് കാൽവച്ച മനുഷ്യൻ പരിസ്ഥിതി തന്റെ അമ്മയാണെന്ന സത്യം വിസ്മരിച്ചു. അങ്ങനെ ഇന്ന് പരിസ്ഥിതി ചക്രശ്വാസം വലിക്കുകയാണ്. ആധുനികതയും നഗരവത്കരണവും വ്യവസായവൽക്കരണവും പരിസ്ഥിതിയെ കാർന്നു തിന്നുന്നു. ഏതൊരു മനുഷ്യനും 'നൊസ്റ്റാൾജിയ' അല്ലെങ്കിൽ 'ഗൃഹാതുരത്വം' എന്ന വാക്ക് കേൾക്കുമ്പോൾ ഓടിയെത്തുക നാട്ടിൻപുറങ്ങളും പച്ച വിരിച്ചു നിൽക്കുന്ന വയലേലകളുമാണ്. വയലുകളെ ഹരിതാഭമാക്കി ഐശ്വര്യം നൽകുന്നത് കൃഷിയാണ്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് വയലുകളും കൃഷിയിടങ്ങളും കുറവാണ്. ആധുനിക മനുഷ്യൻ കൃഷിക്ക് പ്രാധാന്യം നൽകുന്നില്ല എന്നതുതന്നെ പ്രധാന കാരണം. ഒരു കാലത്ത് സ്വർണ്ണ കതിർ പൊഴിച്ചിരുന്ന പല വയലുകളും നികത്തപ്പെടുകയോ പാഴ്ഭൂമിയായി മാറുകയോ ചെയ്തിരിക്കുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പാലിക്കുന്നതിൽ കൃഷിക്കും പങ്കുണ്ട്. വയലുകൾക്ക് മീതെ പൊന്തുന്ന ഫ്ളാറ്റുകളും വ്യവസായശാലകളും മനുഷ്യന് ആവശ്യമായ ആഹാരം നൽകില്ല എന്ന സത്യം ആധുനിക മനുഷ്യൻ ഓർക്കുന്നില്ല. ഭക്ഷ്യക്ഷാമം ആധുനിക മനുഷ്യനിൽ നിന്നും ഏറെ വിദൂരത്തല്ല എന്ന സത്യം ഇനിയെങ്കിലും ഓർക്കേണ്ടിയിരിക്കുന്നു. കൃഷിയിടങ്ങളെയും ഒപ്പം പരിസ്ഥിതിയെയും മലിനമാക്കുന്നതിൽ മനുഷ്യൻ ഇന്ന് ഒട്ടും പുറകിലല്ല. മനുഷ്യന്റെ ചെയ്തികളിലൂടെ മണ്ണും ജലവും വായുവും എല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. കൃഷിയിൽ ഇവ വഹിക്കുന്ന പങ്ക് എന്താണെന്നും നമുക്ക് അറിയാം. ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ വേണ്ട അത്യന്താപേക്ഷിതമായ ഒന്നാണ് വായു. വ്യവസായശാലകളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും വമിക്കുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനമാക്കുകയും അന്തരീക്ഷ വായുവിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഭൂമിയെ അപകടകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിച്ചുകൊണ്ട്, ഭൂമിക്ക് ആവരണമായി, വെൺകൊറ്റ കുടപോലെ രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്ന ഓസോൺ പാളിയുടെ ശോഷണം ആണ് ഭൂമി നേരിടുന്ന മറ്റൊരു പ്രതിസന്ധി ഇവയുടെ ശോഷണം അന്തരീക്ഷ ഊഷ്മാവ് വർദ്ധിപ്പിക്കുകയും വിളനാശം തുടങ്ങിയ ഒട്ടേറെ കുഴപ്പങ്ങളിലേക്ക് നമ്മുടെ കാർഷികമേഖലയെ അധഃപതിക്കുകയും ചെയ്യും. കൂടാതെ മനുഷ്യന് അർബുദം, നേത്ര രോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ ദുരിതങ്ങൾക്കും സാക്ഷിയാകേണ്ടി വരും. ഭൂമിയുടെ ഈ രക്ഷാകവചത്തെ കാർന്നു തിന്നുന്നത് അന്തരീക്ഷത്തിലെത്തുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ ആണ്. ഏ.സി., ശീതീകരണികൾ, സ്പ്രേകൾ, തുടങ്ങിയവയിലൊക്കെ സി.എഫ്. സി. അടങ്ങിയിരിക്കുന്നു. ഇവയുടെ ഉപയോഗം ഓസോൺപാളിയുടെ വിള്ളലിനും കാരണമായിത്തീരുകയും ചെയ്യുന്നു. മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ മറ്റൊരു ഘടകം ജലമാണ്. മനുഷ്യന്റെ ചെയ്തികളിലൂടെ ജലം മലിനമായിക്കൊണ്ടിരിക്കുകയും ശുദ്ധജല ദൗർലഭ്യം നാം നേരിടുകയും ചെയ്യുന്നു. വ്യവസായശാലകളിൽ നിന്നും മറ്റും പുറംതള്ളുന്ന വിഷം നിറഞ്ഞ മലിനജലം കൃഷിക്ക് പോലും ഉപയോഗിക്കാൻ സാധിക്കുകയില്ല. അങ്ങനെ കൃഷിക്ക് ആവശ്യമായ ജലം പോലും നൽകാൻ മനുഷ്യനിൽനിന്ന് കഴിയാതെ വരുന്നു. അത് കൃഷിയെ അപകടകരമാക്കുകയും ചെയ്യുന്നു. സമുദ്രം മനുഷ്യ ചെയ്തികളുടെ അവശിഷ്ടങ്ങൾ പേറുന്ന നിക്ഷേപാലയമായി മാറിയിരിക്കുന്നു. സമുദ്രത്തിൽ രാസവസ്തുക്കളും വിഷ പദാർത്ഥങ്ങളും കലരുക വഴി അതിലെ ജീവജാലങ്ങളുടെ നിലനിൽപ്പും ഭീഷണി നേരിടുകയാണ്. ജലം ഉപയോഗിക്കുന്നതിലെ ധാരാളിത്തവും ആസൂത്രണമി ല്ലായ്മയും ജലക്ഷാമത്തിന് കാരണമാകുകയും ചെയ്യുന്നു. ഭൂതലത്തിൽ ഉറപ്പില്ലാതെ ഇളകി കിടക്കുന്ന ഭൂപദാർത്ഥമാണ് മണ്ണ്. കൃഷിയിടമായ മണ്ണിനെ 'കൂടുതൽ ഫല'ത്തിനായി മനുഷ്യൻ ദുരുപയോഗം ചെയ്യുകയാണ്. ജൈവവളങ്ങളെ അപേക്ഷിച്ച് രാസവളങ്ങളുടെ ഉപയോഗം മണ്ണിനെ മലിനമാക്കുകയും അതിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കാലങ്ങളായുള്ള ഇവയുടെ ഉപയോഗം മണ്ണിന്റെ ഉർവ്വരതയെ നശിപ്പിക്കുകയും കാലക്രമത്തിൽ അത് തരിശായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. വനനശീകരണം മൂലം മേൽ മണ്ണിലെ പ്രകൃത്യാലുള്ള സസ്യാ വരണം നഷ്ടപ്പെടുന്നു. അതുമൂലം മണ്ണൊലിപ്പ് തടയാനുള്ള സ്വാഭാവിക ശേഷി മണ്ണിന് കൈമോശം വരുകയും ചെയ്യുന്നു. ഇളകി കിടക്കുന്ന മണ്ണുള്ള തരിശു ഭൂമിയെക്കാൾ പുൽപ്രദേശങ്ങളിൽ മണ്ണൊലിപ്പ് കുറവായിരിക്കും. അനിയന്ത്രിതമായി സംഭവിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ ദോഷകരമായി ബാധിക്കുന്നു. ഇങ്ങനെ പലവിധത്തിൽ; മനുഷ്യന്റെ ചെയ്തികൾ കൊണ്ടുതന്നെ കൃഷി ഇല്ലാതായി തീരുകയാണ്. ഈ ഒരു അവസരത്തിൽ നെൽകൃഷിയെ ആധുനിക കാലത്തെ വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' എന്ന പദ്ധതി തികച്ചും അഭിനന്ദനാർഹമാണ്. നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യമുയർത്തി കൃഷിയിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സംസ്കാരം പുതുതലമുറയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ആധുനിക മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒരു സഹായിയായി പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ 'മരണമില്ലാത്ത' ഒന്നാണ് പ്ലാസ്റ്റിക്കിനെ കണ്ടുപിടുത്തം. അന്തരീക്ഷം, മണ്ണ്, ജലം എന്നിങ്ങനെ എല്ലാ മേഖലയേയും ഇത് ദോഷകരമായി ബാധിക്കുന്നു. മണ്ണിൽ പ്ലാസ്റ്റിക് കലരുക വഴി മണ്ണിൽ ജലാംശം ഇറങ്ങുന്നത് ഇല്ലാതാവുകയും മണ്ണിൽ ജലനിരപ്പ് കുറയുകയും ചെയ്യുന്നു. പ്ലാസ്റ്റിക്കിനെ അഗ്നിക്കിരയാക്കിയാൽ, അത് പുറംതള്ളുന്ന വിഷവാതകം പല ശ്വാസകോശ രോഗങ്ങൾക്കും കാരണമായിത്തീരുന്നു. സമുദ്രങ്ങളിൽ പോലും പ്ലാസ്റ്റിക് പ്രധാന മലിന വസ്തുവായി മാറി കഴിഞ്ഞിരിക്കുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ജീവജാലങ്ങൾ ചാവുന്നത് ഇന്ന് നിത്യസംഭവമാണ്. അങ്ങനെ ഇന്ന് പ്ലാസ്റ്റിക് എല്ലാ മേഖലയിലും ഒരു പ്രധാന മലിന വസ്തുവായി മാറി കഴിഞ്ഞിരിക്കുന്നു. മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായി പ്രകൃതിയുടെ താളം നിയന്ത്രിക്കുന്ന പക്ഷി മൃഗങ്ങൾക്കും വളരെയേറെ ചൂഷണം അനുഭവിക്കേണ്ടി വന്നിരിക്കുന്നു. പല പക്ഷിമൃഗാദികളും അന്യം നിന്ന് പോയിരിക്കുന്നു. പലതും വംശനാശ ഭീഷണിയുടെ വക്കിലുമാണ് മനുഷ്യന്റെ കടന്നുകയറ്റവും വേട്ടയാടലും പക്ഷിമൃഗാദികളുടെ നശിച്ചുപോകുന്നതിൽ പ്രധാനകാരണമാണ്. പല പക്ഷിമൃഗാദികളും മനുഷ്യനെ കൃഷിയിൽ സഹായിക്കുന്നുണ്ട്. പക്ഷി, മൃഗങ്ങളുടെ നാശം അപ്പോൾ നമ്മുടെ കാർഷികമേഖലയും ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യന്റെ ദുഷ്ചെയ്തികളെ ഇതുവരെ പരിസ്ഥിതി സഹിക്കുകയായിരുന്നു. ഇന്ന് കോവിഡ് 19 എന്ന മഹാവിപത്ത് ലോകത്ത് ഒരുപോലെ ഭീഷണി ഉയർത്തുമ്പോൾ പരിസ്ഥിതി ഒരു വീണ്ടെടുപ്പ് നടത്തുകയാണ്. മനുഷ്യന്റെ തൊഴിലിടങ്ങളെല്ലാം സ്തംഭിച്ച ഈ അവസരത്തിൽ മനുഷ്യൻ വീടിനുള്ളിൽ പൂട്ടപ്പെട്ടിരിക്കുന്നു. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നിങ്ങനെ മെഡിക്കൽ രംഗത്ത് മുൻപന്തിയിലുള്ള ഈ രാജ്യങ്ങളിൽ മനുഷ്യൻ മരിച്ചു വീഴുകയാണ്. ഈ അവസരത്തിൽ പരിസ്ഥിതി നടത്തുന്ന വീണ്ടെടുപ്പ് നല്ല നാളേക്കുള്ളതാണ്. അങ്ങനെ കൃഷിയിടങ്ങളും വീണ്ടെടുപ്പ് സാധ്യമാക്കുന്നു. ആപത്ത് കാലത്തിനായി നമ്മുടെ പരിസ്ഥിതി സൂക്ഷിച്ചതാണ് നാം ഇന്നനുഭവിക്കുന്നത്. അതുപോലെ പരിസ്ഥിതി ഇപ്പോൾ നടത്തുന്ന വീണ്ടെടുപ്പ് നല്ല നാളേയ്ക്കായി നമുക്കായി സൂക്ഷിക്കുന്ന വിഭവങ്ങളാണ്; ഒരമ്മയ്ക്ക് മക്കളോടുള്ള സ്നേഹവും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം