"എം എൽ.പി .സ്കൂൾ.ചെങ്ങളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ഒരു നാടിന്റെ ഗുരു | ഒരു നാടിന്റെ ഗുരു | ||
[[പ്രമാണം:WhatsApp Image 2022-02-01 at 12.15.11 PM.jpeg|ലഘുചിത്രം|542x542ബിന്ദു]] | |||
വരി 43: | വരി 43: | ||
1980 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അഹമ്മദ് മാസ്റ്റർ സാമൂഹ്യ-രാഷ്ടീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും മഹല്ല് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു. | 1980 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അഹമ്മദ് മാസ്റ്റർ സാമൂഹ്യ-രാഷ്ടീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും മഹല്ല് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു. | ||
ഒരു ആയുഷ്കാലം മുഴുവനും തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ജീവിതം തപസ്യയാക്കി മാറ്റിയ ചെങ്ങളായിയുടെ പ്രിയപ്പെട്ട ഗുരുനാഥനാണ് അഹമ്മദ് മാസ്റ്റർ. ഒരു നാടിനെ അക്ഷരസ്വരം കൊണ്ടുണർത്തിയ സാമൂഹ്യപരിഷ്കർത്താവ് | ഒരു ആയുഷ്കാലം മുഴുവനും തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ജീവിതം തപസ്യയാക്കി മാറ്റിയ ചെങ്ങളായിയുടെ പ്രിയപ്പെട്ട ഗുരുനാഥനാണ് അഹമ്മദ് മാസ്റ്റർ. ഒരു നാടിനെ അക്ഷരസ്വരം കൊണ്ടുണർത്തിയ സാമൂഹ്യപരിഷ്കർത്താവ്. |
15:25, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഹമ്മദ് മാസ്റ്റർ
ഒരു നാടിന്റെ ഗുരു
തൂലിക കൊണ്ട് എഴുതാൻ പഠിപ്പിച്ച അത്യുദാരനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കണമെന്ന് ദൈവവചനം. എത്രദൂരം താണ്ടിയാലും അറിവു നേടണമെന്നത് തിരുവചനവും. പക്ഷേ, നമ്മുടെ പൂർവ്വികർ ഈ അനർഘവചനങ്ങളുടെ സത്തയുൾക്കൊള്ളാതെ അത് മതപഠനത്തിലേക്ക് മാത്രമൊതുക്കുകയും പൊതു വിദ്യാഭ്യാസത്തെ അകറ്റി നിർത്തുകയും ചെയ്തു. ബ്രിട്ടീഷ് വിരോധവും ദാരിദ്ര്യവും ഒരു കാരണമായി പറയപ്പെടുന്നു. പക്ഷേ, ചരിത്രപരമായ വലിയ വീഴ്ചയായിരുന്നു അത്. ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് തീർത്തും അത് കാരണമായി.
സ്ക്കൂൾ വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതിയ വിശ്വാസവ്യവസ്ഥിതിക്കെതിരെ നവോത്ഥാന പ്രവർത്തകർ രംഗത്ത് വന്നു. സീതി സാഹിബ്, വക്കം അബ്ദുൾ ഖാദർ മൗലവി, ഇ. മൊയ്തു മൗലവി, സി.എച്ച്.മുഹമ്മദ് കോയ തുടങ്ങിയവർ അതിനു നേതൃത്വം നൽകി. സ്വന്തം സമുദായത്തിൽപ്പെട്ടവർ തന്നെ അവരെ കല്ലെറിഞ്ഞു. എതിർപ്പുകളെല്ലാം അവഗണിച്ച് തങ്ങളുടെ ദൗത്യനിർവ്വഹണവുമായി അവർ മുന്നോട്ടു നീങ്ങി.
ചെങ്ങളായിയിലെയും ഇത്തരത്തിൽ പുറംതിരിഞ്ഞു നിന്നവരുടെ പുറത്തുതട്ടി ഒരു നാടിന്റെ ഗുരു അഹമ്മദ് മാസ്റ്റർ ഇങ്ങനെ പാടി.
" ഉണരുവിൻ വേഗം .. ഉണരുവിൻ സ്വരം..."
അക്ഷരസ്വരം കൊണ്ട് ഒരു ദേശത്തെ മുഴുവനും അദ്ദേഹം ഉണർത്തിക്കൊണ്ടേയിരുന്നു. അലസത വിട്ടുമാറാത്ത സമൂഹത്തിൽ നിന്നും പരിഹാസവും ഉയർന്നു വന്നു. പക്ഷേ, അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. മത വിദ്യാഭ്യാസത്തോടൊപ്പം ലൗകിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും ജനങ്ങളെ ബോധ്യപ്പെടുത്തി. ഒരു ഉന്നത തലമുറയെ വാർത്തെടുക്കുന്നതിന് ദീർഘവീക്ഷണത്തോടെ തന്നെ അദ്ദേഹം കർമ്മനിരതനായി.
പ്രാരാബ്ധവും ഭാര്യയുടെ വിയോഗവും മൂലം അനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ ഘട്ടങ്ങളിൽ പോലും സമൂഹനന്മയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗവും കഠിനാധ്വാനവും നമുക്കൊരിക്കലും വിസ്മരിക്കുക സാധ്യമല്ല. വിദ്യാഭ്യാസപരവും സാംസ്കാരിക പരവുമായി നാം നേടിയെടുത്ത ഔന്നത്യങ്ങൾക്ക് പിന്നിൽ ഈ മനുഷ്യന്റെ അർപ്പണബോധവും വിയർപ്പുതുള്ളികളുമാണ്.
1951 ലാണ് തളിപ്പറമ്പ് സ്വദേശിയായ അഹമ്മദ് മാസ്റ്റർ ചെങ്ങളായിയിലെത്തുന്നത്. മകൻ ടി.ടി.സി. പഠനം പൂർത്തിയാക്കിയ വിവരം കാഞ്ഞങ്ങാട്ട് മുദരിസായി ജോലി ചെയ്യുന്ന പിതാവ് മൊയ്തീൻകുട്ടി മുസ്ല്യാർ ഒരു നാടിന്റെ ആത്മീയഗുരുവും സുഹൃത്തുമായ ഫക്രുദ്ധീൻ മുസ്ല്യാരെ അറിയിച്ചപ്പോൾ അദ്ദേഹം തന്റെ നാട്ടിലേക്ക് അഹമ്മദ് മാസ്റ്ററെ ക്ഷണിച്ചു. കോഴ്സ് കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം തന്റെ ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം ചെങ്ങളായി മാപ്പിള എ.എൽ.പി.സ്ക്കൂളിൽ അധ്യാപകനായി.
അന്ന് സ്ക്കൂളിന്റെ അവസ്ഥ ഏറെ ശോചനീയമായിരുന്നു. രേഖകളിൽ നൂറ് കുട്ടികളുണ്ടെങ്കിലും പകുതിയിൽ താഴെ വിദ്യാർത്ഥികൾ മാത്രമേ സ്ക്കൂളിൽ വരാറുണ്ടായിരുന്നുള്ളൂ. താഴെയുള്ള ഒറ്റക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഹെഡ്മാസ്റ്ററായിരുന്ന എസ്.പി.കുഞ്ഞിരാമൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ. മദ്രസ്സ വിട്ടു വരുന്ന കുട്ടികൾ സ്ക്കൂളിലേക്കുള്ള കൽപ്പടവുകൾ കയറാതെ നേരെ വീട്ടിലേക്ക് രക്ഷപ്പെട്ടു പോകുന്നത് പതിവു കാഴ്ചയായിരുന്നു. ഇവരെ സ്ക്കൂളിലെത്തിക്കാൻ ആദ്യഘട്ടത്തിൽ അഹമ്മദ് മാസ്റ്റർ ഏറെ കഷ്ടപ്പെട്ടു. മദ്രസ്സയിലും അധ്യാപകനായി ചേർന്നതോടെ ഈ ദൗത്യം അൽപ്പം എളുപ്പമായി. മദ്രസ്സയിലെത്തുന്ന കുട്ടികളെ നേരിട്ട് ഉപദേശിക്കാനും നടുപ്പുറത്തടിച്ച് ശിക്ഷിക്കാനും അവസരം ലഭിച്ചു. എന്നിട്ടും സ്ക്കൂളിൽ വരാതെ ബസാറിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുവരാൻ അയ്യൂബ് ഉമർക്കയെ ഏൽപ്പിച്ചു. അരോഗദൃഢഗാത്രനായിരുന്ന അയാളെ കാണുമ്പോൾ തന്നെ കുട്ടികൾ ഓടിയൊളിക്കും. കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നതിന് അയാൾക്ക് ചെറിയ വേതനവും അന്ന് നൽകിയിരുന്നു.
കുട്ടികളുടെ എണ്ണം കുറഞ്ഞു പോകുന്നതിനാൽ സ്ക്കൂളിന്റെ അംഗീകാരവും അധ്യാപക സ്ഥിരതയും എപ്പോഴും ഭീഷണിയിലായിരുന്നു. സ്ക്കൂൾ നടത്തിക്കൊണ്ടു പോകാൻ മാനേജർ ഏറെ പാട്പെട്ടു. അഹമ്മദ് മാസ്റ്റർ സദർ മുഅല്ലിം കുടിയായ കാലയളവിലാണ് കുടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായത്. അദ്ദേഹം പിന്നീട് മുദരിസായും സേവനമനുഷ്ഠിച്ചു.
ചെങ്ങളായി ജുമുഅത്ത് പള്ളിയുടെ മുകളിലാണ് അഹമ്മദ് മാസ്റ്റർ കുറേക്കാലം താമസിച്ചിരുന്നത്. സ്ക്കൂളിലെ മറ്റൊരു അധ്യാപകൻ അബ്ദുസ്സമദ് മാസ്റ്റർ കുറച്ചുനാൾ അദ്ദേഹത്തോടൊപ്പം താമസിച്ചു.
തിരുവിതാംകൂർ സ്വദേശിയായ അബ്ദുസ്സമദ് മാസ്റ്ററെ സ്ക്കൂളിലെത്തിച്ചത് അഹമ്മദ് മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സ്ക്കൂൾ മദ്രസ്സാകമ്മിറ്റിക്ക് കൈമാറിയതുമൂലം അദ്ദേഹത്തിന്റെ നിയമനം സർക്കാർ അംഗീകരിച്ചില്ല. അധ്യാപക വേതനം ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം രാവിലെ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുമ്പ് തൊട്ടടുത്ത പ്രദേശങ്ങളിൽ റബ്ബർ ടാപ്പിംഗ് നടത്തി വരുമാനം കണ്ടെത്തി. അഹമ്മദ് മാസ്റ്ററോടൊപ്പം വീടുകളിൽ നിന്നും ഭക്ഷണം കഴിക്കുകയും പള്ളിയുടെ മുകളിൽ താമസിക്കുകയും ചെയ്തു. രാഷ്ട്രീയ തലത്തിലും സർക്കാർ തലത്തിലും നിരന്തര പരിശ്രമവും സ്വാധീനവും ചെലുത്തി തന്റെ നിയമനം അംഗീകരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അറിവില്ലായ്മ മൂലം തെറ്റ് സംഭവിച്ചതാണെന്ന് മാനേജ്മെന്റ് സർക്കാരിന് ക്ഷമാപണവും നൽകി. പിന്നീട് അഹമ്മദ് മാസ്റ്റർ മുൻകൈയ്യെടുത്താണ് തലശ്ശേരിയിലെ വക്കീലിനെ സമീപിച്ച് കമ്മിറ്റിക്ക് പുതിയ ബൈലോ ഉണ്ടാക്കിയത്.
ശമ്പളം ലഭിച്ചുതുടങ്ങിയതോടെ അബ്ദുസ്സമദ് മാസ്റ്റർ ചേരംകുന്ന് വയൽക്കരയിലെ 'പ്രേതശല്യ'മുള്ള വീടിലേക്ക് താമസം മാറ്റി. തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സമദ്മാസ്റ്ററുടെ കൂട്ട് രസകരവും പ്രയോജനപ്രദവുമായിരുന്നുവെന്ന് അഹമ്മദ് മാസ്റ്റർ ഓർക്കുന്നു. സർക്കാർ ജോലി ലഭിച്ചതോടെ തന്റെ നാട്ടിലേക്ക് തിരിച്ചു പോയ സമദ്മാസ്റ്റർ കേവലം മൂന്നുവർഷം കൊണ്ട് ജനങ്ങളിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്.
ദീർഘകാലം ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്ന എപ്പോഴും പുഞ്ചിരിക്കുന്ന രാമചന്ദ്രൻ മാസ്റ്ററുടെ പ്രവർത്തനവും സ്ക്കൂളിന്റെ ഉയർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആദ്യകാലത്ത് കൊളയക്കര കഞ്ഞിമൊയ്തീന്റെ ഉടമസ്ഥതയിലായിരുന്നു ചെങ്ങളായി മാപ്പിള എ. എൽ .പി . സ്ക്കൂൾ. വർഷത്തിൽ 250 രൂപ മാത്രമാണ് സർക്കാരിൽ നിന്നും സ്ക്കൂളിന് ലഭിച്ചു കൊണ്ടിരുന്നത്. ഇത് സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്നുള്ള കാര്യം മാനേജർ അഹമ്മദ് മാസ്റ്ററെ ഇടയ്ക്കിടയ്ക്ക് അറിയിക്കാറുണ്ടായിരുന്നു. പിന്നീട് അദ്ദേഹമാണ് സ്ക്കൂൾ മദ്രസ്സാ കമ്മിറ്റിക്ക് കൈമാറാനുള്ള ആശയം മുന്നോട്ടുവച്ചത്. നാട്ടിലെ പ്രമുഖരെല്ലാം ഇതിനെ സ്വാഗതം ചെയ്തു. മക്കളുടെ കടുത്ത എതിർപ്പുകളുണ്ടായിട്ടും കൊള്ളക്കരകുഞ്ഞിമൊയ്തീൻ എന്ന വലിയ മനുഷ്യൻ സ്ക്കൂൾ കൈമാറാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു. 1966 ൽ സ്ക്കൂൾ മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തു. തായലെ പുരയിൽ അബൂബക്കർ ഹാജിയായിരുന്നു പ്രഥമ കമ്മിറ്റി മാനേജർ. കമ്മിറ്റി ഏറ്റെടുത്തതോടെ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ഏകീകരണവും കൂടുതൽ കുട്ടികൾ സ്ക്കൂളിലേക്ക് വന്നു തുടങ്ങുകയും ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1951 ൽ നടപ്പിലാക്കിയ എല്ലാവർക്കും വിദ്യാഭ്യാസമെന്ന പദ്ധതിയുടെ ഭാഗമായി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ചെങ്ങളായി മാപ്പിള എ.എൽ .പി . സ്ക്കൂളിൽ അഡൽറ്റ് ലിറ്ററസി സ്ക്കൂൾ ആരംഭിച്ചു. പഠിക്കാൻ അവസരം ലഭിക്കാത്ത മുതിർന്നവർക്കുള്ള രാത്രികാല ക്ലാസ്സ് . ചെങ്ങളായിയിലെ പൂർവ്വികരിൽ ഇവിടെ നിന്നും പഠിച്ച് ഉയർന്ന നിലയിലെത്തിവരുമുണ്ട്. ഇംഗ്ലീഷും ഉറുദുവും ഈ ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു. പഠിതാക്കളുടെ എണ്ണം വർദ്ധിച്ചതോടെ എസ്.പി.കുഞ്ഞിരാമൻ മാസ്റ്ററും അഹമ്മദ് മാസ്റ്ററെ സഹായിക്കാനെത്തി. മാസം തോറും 12 രൂപയും വിളക്ക് കത്തിക്കുന്നതിനുള്ള മണ്ണെണ്ണയും ഈ ക്ലാസ്സുകൾക്ക് സർക്കാരിൽ നിന്നും ലഭിച്ചിരുന്നു.ഇത് മുന്നോ നാലോ മാസം കൂടുമ്പോൾ മാത്രമാണ് കിട്ടാറുള്ളത്.
ഉന്നത പഠനത്തിന് താൽപര്യമുള്ള വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ അഹമ്മദ് മാസ്റ്റർ പഠിപ്പിച്ചിരുന്നു. അവർക്കാവശ്യമായ ഫീസും പുസ്തകങ്ങളും അദ്ദേഹം നൽകി. ചെങ്ങളായിയിലെയും സമീപപ്രദേശങ്ങളിലെയും പഴയ അധ്യാപകരും ഉദ്യോഗസ്ഥരും അഹമ്മദ് മാസ്റ്ററുടെ തണലിൽ പഠിച്ചവരാണ്.
ജീവിതത്തിലെ പ്രാരാബ്ധങ്ങൾ നീന്തിക്കടക്കാൻ സ്ക്കൂളിൽ നിന്നുള്ള വരുമാനം മതിയാവാതെ വന്നപ്പോൾ അഹമ്മദ് മാസ്റ്റർ ചെറിയ ചെറിയ കച്ചവടങ്ങൾ ചെയ്തു തുടങ്ങി. കശുവണ്ടി, അടയ്ക്ക, കുരുമുളക്, തുടങ്ങിയവ സുഹൃത്ത് കൗപ്പാടിൽ കുഞ്ഞിമൊയ്തീനോടൊപ്പം ചേർന്ന് പാട്ടത്തിനെടുത്തു. സാമ്പത്തികമായി അൽപ്പം മെച്ചമുണ്ടാക്കാൻ പാട്ടത്തിൽ നിന്നുള്ള വരുമാനം കൊണ്ട് സാധിച്ചു.
തളിപ്പറമ്പ സ്വദേശി ബത്താലി മൊയ്തീൻകുട്ടി മുസ്ല്യാരുടെയും പണിക്കരകത്ത് ആയിഷയുടെയും രണ്ടു മക്കളിൽ മൂത്തമകനായിട്ടാണ് അഹമ്മദ് മാസ്റ്ററുടെ ജനനം. കണ്ണൂർ യത്തീംഖാനയിലായിരുന്നു ആദ്യം പഠിച്ചിരുന്നത്. അഹമ്മദ് എന്ന വിദ്യാർത്ഥിയുടെ കഴിവുകൾ കണ്ടറിഞ്ഞ യശശരീനനായ ടി.കെ. അബ്ദുള്ള എന്ന വലിയ മനുഷ്യനാണ് നിർബന്ധിച്ച് ഹൈസ്ക്കൂൾ പഠനത്തിനായി തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്ക്കൂളിൽ ചേർത്തത്. ഫീസും പുസ്തകങ്ങളും അദ്ദേഹം തന്നെയാണ് നൽകിയിരുന്നത്. വരും തലമുറയെ വിദ്യാഭ്യാസപരമായി വളർത്തിയെടുക്കുന്നതിന് ഒരു നല്ല അധ്യാപകനെ അഹമ്മദ് എന്ന കുട്ടിയിൽ അദ്ദേഹം കണ്ടെത്തുകയായിരുന്നു.
1980 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അഹമ്മദ് മാസ്റ്റർ സാമൂഹ്യ-രാഷ്ടീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും മഹല്ല് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു.
ഒരു ആയുഷ്കാലം മുഴുവനും തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ജീവിതം തപസ്യയാക്കി മാറ്റിയ ചെങ്ങളായിയുടെ പ്രിയപ്പെട്ട ഗുരുനാഥനാണ് അഹമ്മദ് മാസ്റ്റർ. ഒരു നാടിനെ അക്ഷരസ്വരം കൊണ്ടുണർത്തിയ സാമൂഹ്യപരിഷ്കർത്താവ്.