"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/അക്ഷരവൃക്ഷം/എന്നു സ്വന്തം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നു സ്വന്തം കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= അന്നദാ രാജേഷ് പടിക്കൽ
| പേര്= അന്നദാ രാജേഷ് പടിക്കൽ
| ക്ലാസ്സ്= XI Humanities   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= XI Commerce   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

എന്നു സ്വന്തം കൊറോണ

എങ്ങനെ തുടങ്ങണം എവിടെത്തുടങ്ങണം എന്നൊന്നും എനിക്കറിയില്ല. എന്നാലും വളരേ അഭിമാനിയായി ജീവിച്ച എന്നെ എന്റെ അരികിൽവന്ന് സ്വീകരിച്ചാനയിച്ച് ഈ ഭൂമണ്ഡലം മുഴുവൻ കൊണ്ടു നടന്ന നിങ്ങൾക്ക് എന്തെങ്കിലുമൊരു സമ്മാനം തരാതെ ഞാനെങ്ങനെയാണ് മടങ്ങുക. നിങ്ങൾ പോലുമറിയാതെ നിങ്ങൾക്ക് പല സമ്മാനങ്ങളും തന്നിട്ടാണ് ഞാൻ മടങ്ങുന്നത്. എന്നാലും ഞാനെത്തുന്നതിനുമുമ്പുള്ള നിങ്ങളുടെ മട്ടും മാതിരിയുമൊക്കെ അത്ര പെട്ടെന്ന് മറക്കാനാവുമോ?

നിങ്ങൾ എന്നെ ഭയപ്പെടുന്നുവോ? നിങ്ങൾ എന്നെ അതിയായി വെറുക്കുന്നുവോ? അതേ എന്നാണ് ഉത്തരം എന്നെനിക്കറിയാം. എന്നാലും എനിക്കുവിരോധമില്ല. നിങ്ങളുടെ അഹങ്കാരത്തിന് നേരിയതോതിലെങ്കിലും ഇപ്പോൾ ഒരറുതി വന്നിട്ടുണ്ടോ?അതോ കാലം മാറിയാലും നിങ്ങൾ മാറില്ലെന്നുണ്ടോ? മാറിയാൽ നിങ്ങൾക്ക് നല്ലത്. ഈ ഭൂമിക്ക് നല്ലത്. നിങ്ങൾ ഈ ഭൂമിക്ക് അത്ര അനിവാര്യരല്ല എന്നെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നുണ്ടോ?നിങ്ങൾ കൂട്ടിലടയ്ക്കപ്പെട്ടകാലം പ്രകൃതിയുടെ ഏറ്റവും സുഖകരമായ കാലമായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? ഇന്ന് പ്രകൃതി നിങ്ങളെ ഭയപ്പെടാതെ സന്തോഷത്തോടെ തന്റെ അകത്തും പുറത്തുമുള്ള പരിക്കുകൾ ഭേദപ്പെടുത്താനുള്ള സുഖചികിത്സയിലാണെന്ന് അറിയുമ്പോൾ നിങ്ങൾക്ക് നിങ്ങളെയോർത്ത് ലജ്ജ തോന്നണം. നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും അതു തോന്നുന്നുണ്ടെന്ന് ഞാനറിയുന്നു. ഈ ഭൂമി നിങ്ങളുടേതു മാത്രമാണ് എന്ന് ചിന്തിച്ചതാണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്. അത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് നിങ്ങൾ മറന്നു. കാടുകൾ വെട്ടി വെളുപ്പിച്ചിട്ടും പുഴകളും പാടങ്ങളും കൈയേറി നശിപ്പിച്ചിട്ടും യന്ത്രവല്ക്കരണത്തിന്റെ പേരിൽ ശുദ്ധവായുപോലും കിട്ടാതെയാക്കിയില്ലേ നിങ്ങൾ? ഈ സുന്ദരമായ ഭൂമിയെ വികൃതമാക്കിയില്ലേ നിങ്ങൾ? പെറ്റമ്മയാണെങ്കിലും മക്കളുടെ അഹങ്കാരം എത്രയെന്നുവച്ചാണ് ഈ ഭൂമി സഹിക്കുന്നത്? അമ്മയ്ക്ക് തന്റെ എല്ലാമക്കളും ഒരു പോലെയാണെന്ന് നിങ്ങൾക്കിതുവരേ മനസ്സിലായില്ലല്ലേ? എങ്ങനെ മനസ്സിലാവും ? ഇക്കാലമത്രയും നിങ്ങൾക്ക് സ്വന്തവും ബന്ധവുമൊക്കെ കവിഭാവന മാത്രമായിരുന്നുവല്ലോ. വീട്ടിലിരിക്കണമെന്ന് നിങ്ങളുടെ രക്ഷകർ നിങ്ങളുടെ രക്ഷയെമാത്രം കരുതി നിങ്ങളോടാവശ്യപ്പെട്ടപ്പോൾ കൂട്ടിലടയ്ക്കപ്പെട്ടു എന്നാണല്ലോ നിങ്ങൾ നിലവിളിച്ചത്. കുറച്ചുനാൾ അങ്ങനെ കഴിഞ്ഞപ്പോൾ നിങ്ങൾ നിങ്ങളോടൊപ്പം ഒരുകൂരയ്കക്കു കീഴേ കഴിഞ്ഞ നിങ്ങളുടെ ഉറ്റവരേ കാണാൻ തുടങ്ങി, കേൾക്കാൻ തുടങ്ങി ,അറിയാൻ തുടങ്ങി. പതിയെപ്പതിയെ നിങ്ങൾ ഈ പ്രകൃതി ആഗ്രഹിച്ച മട്ടിൽ മാറിത്തുടങ്ങി എന്ന് ഞാൻ തിരിച്ചറിയുന്നു. നിങ്ങൾക്കറിയാനും അനുഭവിക്കാനും കഴിയാതെപോയ മനസ്സമധാനം ചെറിയ അളവിലെങ്കിലും അനുഭവിക്കാനാവുന്നത് തിരിച്ചറിയുക. നിങ്ങളെ നിങ്ങൾ തന്നെ കെട്ടിപ്പൊക്കിയ നാലു ചുവരുകൾക്കിടയിൽ തളച്ചിട്ടപ്പോൾ അതിന്റെ ഗുണം പ്രകൃതിയിലുമുണ്ടായി. അത് തന്റെ നഷ്ടപ്പെട്ട ഓജസ്സും തേജസ്സും വീണ്ടെടുക്കുകയാണ്. തുള വീണുപോയ ഓസോൺ പാളിയുടെ വലിയൊരു ഭാഗം അടഞ്ഞുവത്രേ.(നിങ്ങളുടെ ഭാഗ്യം കുറച്ചുകാലം കൂടി ശുദ്ധവായു ശ്വസിക്കാമല്ലോ.)പച്ചപ്പ് തിരിച്ചുവരുന്നു, പുഴകൾ അവയുടെ സൗന്ദര്യം വീണ്ടെടുത്തുതുടങ്ങിയിരിക്കുന്നു. മൃഗങ്ങൾ നിങ്ങളെ ഭയക്കാതെ സ്വൈര്യവിഹാരം ചെയ്യുന്നു. ഞാൻ പോയാൽ ,നിങ്ങൾ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങിയാൽ ഇതൊക്കെ വീണ്ടും പഴയപടിയാക്കുമോ? അങ്ങനെയാവരുത് എന്നാണ് എനിക്ക് പറയാനുള്ളത്.നിങ്ങളുടെ അഭാവം പ്രകൃതിക്ക് അനുഗ്രഹമാണെന്നുവന്നാൽ നിങ്ങളെ വേണ്ടന്നുവയ്ക്കാൻ അവൾ മടിക്കില്ല. നിങ്ങളെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴൊക്കെ അവൾ സുനാമിയായും ,പലപേരുകളിലുള്ള കൊടുങ്കാറ്റായും പ്രളയമായും ഒക്കെ നിങ്ങളെ പ്രഹരിച്ചിട്ടും നിങ്ങൾ നന്നായില്ല. പക്ഷേ ഇന്ന് ഇത്തിരിക്കുഞ്ഞനായ ഞാൻ നിങ്ങൾക്ക് അദൃശ്യനായി വന്ന് നിങ്ങളെ ഒരുപാഠം പഠിപ്പിക്കാൻ തീരുമാനിച്ചതാണ്.പഠിപ്പിച്ചേ ഞാൻ തിരിച്ചുപോകൂ. അതിനായി നിരപരാധികളായ ഒരുപാടുപേരേ അവരുടെ സ്വപ്നങ്ങൾ ബാക്കിയാക്കി എനിക്ക് എടുക്കേണ്ടിവന്നു. അവരോടും നിത്യവേദനയിലേക്ക് തള്ളിവിടപ്പെട്ട അവരുടെ പ്രിയപ്പെട്ടവരോടും മാപ്പ് . ഗോ കൊറോണ ഗോ എന്നൊക്കെ വിളിച്ചുപറഞ്ഞാൽ അങ്ങനെയങ്ങുപോകാനല്ല ഞാൻ വന്നത്. ഞാൻ നിൽക്കണോ പോണോ എന്ന് നിങ്ങൾക്കു തന്നെയാണ് തീരുമാനിക്കാനാവുക. അതുവരേ ഞാനിവിടെത്തന്നെ കാണും.

സാഹചര്യവശാൽ എനിക്കൊരു വില്ലന്റെ വേഷമാണ്. സാരമില്ല, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ നിങ്ങളോടപ്പമുണ്ട്. നിങ്ങൾപോലുമറിയാതെ നിങ്ങളുടെ ഉള്ളിലെ നന്മയുടെ ആഴം കണ്ടെത്താൻ സഹായിച്ചില്ലേ. പണത്തിനും പ്രതാപത്തിനും പിറകേ ഓടിക്കിതച്ച് സ്വന്തവും ബന്ധവും സുഖവും സമാധാനവും ഒക്കെ നഷ്ടപ്പെടുത്തിയ നിങ്ങൾക്ക് അത് ഞാൻ തിരികേത്തന്നു, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു, വ്യക്തി ശുചിത്വവും സമൂഹശുചിത്വവും എന്താണെന്നറിയാത്ത നിങ്ങൾ അത് പഠിച്ചു. അന്യനെ സ്നേഹിക്കാൻ പഠിച്ചു, അശരണന് താങ്ങും തണലുമാകാൻ പഠിച്ചു. അങ്ങനെയെത്രയെത്ര പാഠങ്ങൾ. ഇതൊക്കെക്കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമാണുള്ളത്. ഒപ്പം നിങ്ങൾ എന്നേയും ചിലത് പഠിപ്പിച്ചു. ശത്രുവിനെപ്പോലും സ്നേഹിക്കണമെന്ന് .അത് ഞാൻ പാലിക്കുന്നു. എന്റെ ഏറ്റവും വലിയ ശത്രുക്കളെ - ഭരണകൂടം, സ്വന്തം സുരക്ഷ മറന്ന് ,കുടുംബം മറന്ന് നിങ്ങളുടെ സുരക്ഷയെക്കരുതി രാപ്പകലില്ലാതെ പാടുപെടുന്ന ആരോഗ്യപ്രവൃത്തകർ, നിങ്ങളെ നിയന്ത്രിക്കാൻ പെടാപ്പാടുപെടുന്ന പോലീസുകാർ- ഇവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങാതിരിക്കാൻ എനിക്കാവില്ല,എനിക്ക് വന്ന ഇടത്തിലേക്ക് തന്നെ തിരികേ പോകാതെവയ്യ. ഞാൻ യാത്രചോദിക്കുന്നു, ഒരിക്കലും നിങ്ങൾ എന്നെ കാണാൻ ശ്രമിക്കരുത്. നിങ്ങളോടൊത്ത് കഴിഞ്ഞ നല്ല നാളുകളോർത്തുകൊണ്ട് പോകുന്നു. ഇനിയാത്രയില്ല. സ്നേഹപൂർവ്വം കൊറോണ.

അന്നദാ രാജേഷ് പടിക്കൽ
XI Commerce സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ