Schoolwiki സംരംഭത്തിൽ നിന്ന്
09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നിലയ്ക്കാത്ത പൂമണം
ഇന്നെന്താണ് ഇതിലെ വീശുന്ന കാറ്റ് ഇത്ര മൂകമാകാൻ?ദിവസവും അവളുടെ ഇലകളെ ഹർഷപുളകിതമാക്കുന്ന കാറ്റ് ഇന്നെന്തെ ഇത്ര ശാന്തമാകാൻ? മുറ്റത്തെ തെക്കെ അറ്റത്തെ മൂലയിൽ നിൽക്കുന്ന ചെമ്പക മരത്തെ കുറിച്ചായിരുന്നു അയാളുടെ ആകുലതകൾ. ചെമ്പകം അയാളുടെ ചിന്തകളെ ഭേദിക്കാതെ കാറ്റിനോടെന്നായി ഉരിയാടികൊണ്ടിരിന്നു.
"ബാലു മാഷേ...” ആ നേർത്ത ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി.
ആ ഇതാര് ഉണ്ണിയമ്മയോ? മാഷ് ഭയകര ആലോചനയിലാ അതാ നിങ്ങള് വിളിച്ചത് കേൾക്കാഞ്ഞത്,ഇങ്ങനെ പോയാൽ വല്ല സിനിമയ്ക്കും കഥയെഴുതും. കവുങ്ങിൻ മുകളിലിരുന്ന് അച്ചുതൻ തന്റെ പതിവ് പല്ലവി ആവർത്തിച്ചു.
ആ നാട്ടിൻ പുറത്തെ കുശലങ്ങൾ അങ്ങനെ നീണ്ടു പോയി.
" എന്താ ഉണ്ണിയമ്മെ മോന്റെ വിശേഷങ്ങൾ?”
"ഓ അങ്ങനെയങ്ങ് പോണു. അവൻ ഈടെ ഉണ്ടായിരുന്നെകകിൽ, അതു മാത്രമേയുള്ളു ഒരു വിഷമം.“
" ചെറുക്കൻ പോയി പഠിക്കട്ടെ...നിങ്ങള് തടസ്സം
ഒന്നും പറയണ്ട.”
"ഇല്ല, ഞാനായിട്ടൊന്നും പറയണില്ല.” അതു പറഞ്ഞപ്പോൾ കുറച്ച് മുൻപ് ശോഭയാൽ തിളങ്ങിയിരുന്ന അവരുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങിയിരുന്നു. പ്രശ്നം ഗുരുതരമാകുന്ന സാഹചര്യം എത്തിയപ്പോൾ മാഷ് ഒന്ന് ഇടപ്പെട്ടു. "അല്ല ഉണ്ണിയമ്മെ ഇന്ന് മോനെ ഫോൺ വിളിക്കണില്ലെ?” “ഉവ്വ ഞാൻ ഒന്ന് വിളിച്ചിട്ട് വരാം.” ഉണ്ണിയമ്മ പതുക്കെ വീടിനകത്തെയ്ക്ക് പോയി. അച്ചുതൻ ജോലിയിലേക്കും തിരിഞ്ഞു.
മാഷ് തിരിച്ച് ചിന്തകളിലേക്ക് പോയി. ദേവൂന്റെ പത്താം പിറന്നാളിനു വാങ്ങി നട്ടതാണ് ആ ചെമ്പകം. ഇപ്പോൾ ആ ചെമ്പകം അവളെക്കാൾ വളർന്നു. പലവട്ടം വസന്തം ചൊരിഞ്ഞു. ഈ വീട്ടിൽ അവളുടെ പൂമണം നിറഞ്ഞു നിന്നു. ചിന്തകൾ മുഴുമിപ്പിക്കാൻ അപ്പോഴും ഉണ്ണിയമ്മ ഒരു വിലങ്ങു തടിയായി. എന്താ ഉണ്ണിയമ്മെ ഇത്ര പെട്ടന്ന് ഫോൺ വെച്ചത്?
അവൻ വീട്ടിലില്ലായിരുന്നു, അതാ പെട്ടന്ന് വെച്ചത്. പിന്നെ ഞാൻ വന്ന കാര്യം ഇതൊന്നും അല്ല. അവർ ഗൗരവത്തോടെ കാര്യത്തിലേയ്ക്ക് കടന്നു.
മുറ്റത്ത് നിൽക്കണ ആ ചെമ്പകം അങ്ങ് മുറിച്ച് കളങ്ങേക്ക് മാഷെ..... പുരയ്ക്ക് മേലെ പൊങ്ങിയാൽ പൊന്ന് കായിക്കണ മരമായാലും വെട്ടണമെന്നാ കാരണോമ്മാര് പറഞ്ഞിട്ടുള്ളത്.
ഉണ്ണിയമ്മയ്ക്ക് കുടിക്കാൻ സംഭാരം എടുക്കട്ടെ? അയാൾ ആ വിഷയത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ നോക്കി.
സംഭാരമൊക്കെ പിന്നെയാവാം, ഞാൻ പറഞ്ഞ കാര്യം മാഷൊന്നാലോചിക്ക്.
അവർ അവരുടെ ഉദ്ദേശം വ്യക്തമാക്കി.
ആലോചിക്കാൻ ഒന്നും ഇല്ല, മരം മുറിക്കണില്ല. അയാൾ തീർത്തു പറഞ്ഞു. അല്ല മാഷെ ഈ മുറ്റത്ത് ഇത്രയും പൂക്കളും മരങ്ങളും ഉള്ളപ്പോൾ ഈ ചെമ്പകം ഒരധികപറ്റല്ലെയെന്നെ ഞാൻ ഉദ്ദേശിച്ചുള്ളു.
ഈ മരം ഒരധികപറ്റായി എനിക്ക് തോന്നുന്നില്ല....എന്റെ ദേവുവാ ഇത്. ഞാൻ അവളെയാ ഈ മരത്തിൽ കാണണെ. അയാൾ വികാരാധീനനായി.
അതു പോട്ടെ ഒരു മരം മുറിച്ചാൽ പത്ത് മരം നടണം എന്നാ... എന്താ അതു പറ്റുമോ ഉണ്ണിയമ്മയ്ക്ക്?ഉണ്ണിയമ്മ ഒന്നും മിണ്ടാതെ പോകാനൊരുങ്ങി.
ഞാൻ പോണു. അവരുടെ സ്വരത്തിൽ നിരാശ നിഴലിച്ചു.
രാത്രിയിൽ ഗ്രാമഫോണിൽ നിന്നു വരുന്ന മധുര ഗാനത്തിൽ ലയിച്ചിരിക്കലാണ് മാഷിന്റെ പതിവ്. ആ പതിവിലേക്ക് അന്ന് അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിച്ചില്ല.
ചെമ്പകം മുറിയ്ക്കുന്നതിനെ കുറിച്ച് അവർ പറഞ്ഞ കാര്യം ഓർത്തപ്പോൾ തന്നെ നെഞ്ചിനകത്തൊരാളൽ. പുറത്ത് മഴ പെയ്യുകയാണ്, ഒരുപക്ഷെ മഴയ്ക്കും തന്നെ പോലെ ചെമ്പകത്തെ ഇഷ്ട്ടമായിരിക്കും ....
അയാൾ ഓരോന്നാലോചിച്ച് മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. ഉറക്കത്തിന്റെ ഏതോ യാമത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു ദേവു അയാളോട് പറയുന്നു-- ഈ വീട്ടിൽ നിന്നു ഇറങ്ങി തരണമെന്ന്.
അയാൾ ഉറക്കത്തിൽ നിന്ന് ഒരാളലോടെ ഉണർന്നു.ഉറക്കമില്ലാത്ത രാത്രികളിൽ അയാൾ ചെയ്യാറ് ഡയറിയെഴുതുകയാണ്, പക്ഷേ
ഇന്ന് വരെ അയാൾ എഴുതിയത് വായിച്ചു നോക്കിയിട്ടില്ല.
തന്റെ ജീവിതത്തിലെ പഴയ അധ്യായങ്ങൾ വായിച്ചു നോക്കാൻ ആരോ അയാളുടെ മനസ്സിൽ ഇരുന്ന് പറയുന്നത് പോലെ. അയാൾ ആദ്യ പേജുകൾ വായിച്ചു. തന്റെ പ്രിയതമയുടെ കൂടെ കൈ പിടിച്ച് നടന്നതും,കോളേജ് പ്രേമവും, ഒടുവിൽ വിവാഹിതരായതും എല്ലാമായിരുന്നു ആദ്യ പകുതി.
പിന്നീട് അവർ പ്രതീക്ഷിച്ചതിലും കൂടുതൽ സൗഭാഗ്യവും സന്തോഷവും അവരുടെ ജീവിതത്തിലുണ്ടായി. ഒരു പൊന്നോമന അവർക്കായി പിറന്നു. അവൾ വളർന്നു. ആ വീട് മുഴുവൻ അവൾ ഓടി നടന്നു. അവളുടെ കൊലുസ്സിന്റെ താളവും ചിരിയുടെ ഈണവും ആ വീട് നിറഞ്ഞു നിന്നു. അവൾക്ക് ദേവു എന്ന് പേരുമിട്ടു.പക്ഷെ അവളുടെ അഛന് അവൾ കിലുക്കാംപെട്ടിയായിരുന്നു.
അവൾക്ക് പത്ത് വയസായപ്പോൾ പിറന്നാൾ സമ്മാനമായി നട്ടതാണ് ഈ ചെമ്പകം ...
അതും അവളുടെ നിർബന്ധമായിരുന്നു നല്ല ചുവന്ന ചെമ്പകം വേണമെന്ന്.അങ്ങനെ നല്ല ഒരു ചുവന്ന ചെമ്പകം തന്നെ വാങ്ങിച്ചു നട്ടു.അവൾക്ക് ഇരുപത് വയസായപ്പോൾ അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരു പയ്യനുമായി കല്ല്യാണം....ആ ചെമ്പകം പലവട്ടം പൂത്തു. പക്ഷെ അതു കാണാൻ ഞാനും സുമയും മാത്രമായി.....ആദ്യമൊക്കെ ആഴ്ച്ചയിലൊരിക്കൽ അവൾ വരുമായിരുന്നു. പിന്നെ പിന്നെ വിശേഷ ദിവസങ്ങളിൽ മാത്രമായി അത് ഒതുങ്ങി. പിന്നെ അതുമില്ലാതായി. വർഷത്തിൽ ഒരിക്കൽ പോലും അവൾ വരാതായി.
അങ്ങനെയിരിക്കെ സുമയ്ക്ക് അസുഖം കലശലായി. അന്ന് രാത്രിയും മഴ അതുപോലെ തന്നെയായിരുന്നു. മാനം ആർത്താർത്ത് കരയുകയായിരുന്നു.
മകളുടെ ഫോണിലേയ്ക്ക് പലതവണ വിളിച്ചെകകിലും മറുവശത്ത് ശൂന്യതമാത്രം അവശേഷിച്ചു.
18-4-2015 എന്ന ദിവസം ചുവന്ന മഷിയാൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് രാത്രി എന്റെ സുമ ഈ ലോകത്തു നിന്നു യാത്രയായി. മരണകിടക്കയിൽ വെച്ച് ഒന്നെ അവൾ എന്നോടാവശ്യപ്പെട്ടുള്ളു" ആ ചെമ്പകം മുറിക്കരുത്. നിങ്ങൾ മരിക്കുമ്പോൾ കരയാൻ പ്രകൃതിയിൽ അതെകകിലും അവശേഷിക്കട്ടെ“ അവളെ നട്ടും നനച്ചും എന്റെ ജീവന്റെ നല്ല പാതി ഞാൻ ജീവിച്ച് തീർത്തു.
അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞ് ദേവു വീട്ടിലേയ്ക്ക് വന്നു. അവളെനോട് തീർത്ത് പറഞ്ഞു ഞാൻ അവൾക്ക് ഒരു ഭാരമാണെന്ന്.
ഡയറിയിലെ അടുത്ത താളുകൾ ശൂന്യമായിരുന്നു. എന്റെ സുമ യാത്രയായിട്ട് ഇന്നെയ്ക്ക്നാല് വർഷം. അയാൾ വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി വീണു. രാവിലെ പതിവ്പോലെ കിളികൊഞ്ചൽ കേട്ടാണ് അയാൾ ഉണർന്നത്.പടിക്കൽ ഉണ്ണിയമ്മ കാത്തു നിൽപുണ്ടായിരുന്നു. മാഷെ ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല അതാ ഞാൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്. ഞാൻ ഇന്നലെ പറഞ്ഞത് തെറ്റായി പോയി
ഉണ്ണിയമ്മെ ഒരു കാലത്ത് എല്ലാവരും ഈ മരത്തെയും അതിന്റെ സുഗന്ധത്തെയും വാഴ്ത്തിപാടിയിരുന്നു. ഇപ്പോ നമ്മളെ പോലെ അതും വയസായി. ഉണ്ണിയമ്മെ ഇപ്പൊ നമ്മുടെ മക്കൾക്ക് നമ്മളെയെന്നപോലെ നമുക്ക് ഈ ചെമ്പകത്തെ ആവശ്യമില്ല. ഈ ചെമ്പകം പ്രകൃതിയുടെ വെറും ഒരു പ്രതിനിധി. പണ്ട് ഈ വീടു നിറഞ്ഞു നിന്ന പൂമണം ഇപ്പൊഴില്ല എന്ന ഒരു കാരണത്താൽ അവളെ വെട്ടിമാറ്റാൻ എനിക്ക് കഴിയില്ല..... ഞാനോ ചെമ്പകമോ ഒരാൾ മറയുന്നതു വരെ മറ്റൊരാൾ കൂട്ടാകട്ടെ......
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|