"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ആനൃശംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair| തരം= കഥ}}

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആനൃശംസ്യം - വൃക്ഷങ്ങളോട്

മഹാഭാരതത്തിലെ അനുശാസനപർവ്വത്തിലെ അഞ്ചാം ഭാഗത്തിലെ ഒരു കഥയാണിത്.യുധിഷ്ഠിരൻ ഭീഷ്മപിതാമഹനോട് ആനൃശംസ്യം(ദയ) എന്ന ധർമ്മത്തിന്റെ ഗുണം ആരാഞ്ഞു. അതിന് മറുപടിയായ് ഭീഷ്മപിതാമഹൻ പറഞ്ഞുകൊടുക്കുന്ന കഥയാണ് ഇത്.

കാശിരാജവിന്റെ രാജ്യത്ത് ഗ്രാമത്തിൽ നിന്നും പോന്ന ഒരു വേടൻ വിഷം പുരട്ടിയ അമ്പുമായി കാട്ടിൽ മാനിനെ തേടി വേട്ടയാടുവാൻ പുറപ്പെട്ടു. മാംസം കൊതിച്ച് ആ ലുബ്ധൻ കുറച്ചകലെയായി മാൻ കൂട്ടത്തെ കണ്ട് ശരം വിട്ടു. ശക്തിയേറിയ ആ ശരം ലക്ഷ്യം തെറ്റി. മൃഗഹിംസാർത്ഥിയായ അവന്റെ ശരം ഒരു വൃക്ഷത്തിൽ ചെന്നു കൊണ്ടു.വിഷം ശക്തിയുള്ളതായതിനാൽ അതു ചെന്നുകൊണ്ട ആ മഹാവൃക്ഷം കായും ഇലയുമൊക്കെ കൊഴിഞ്ഞ് ക്ഷീണിച്ചു.ആ മരത്തിന്റെ പൊത്തിൽ ഒരു ശുകം വളരെ നാളായി പാർത്തിരുന്നു. മരം ഉണങ്ങിയിട്ടും ആ മരത്തിന്റെ പൊത്തിൽ നിന്നും ശുകം പൊയില്ല. ആ മരത്തോട് ശുകത്തിനു വലിയ കൂറുണ്ടായിരുന്നു.മരത്തിന്റെ അകാലനാശത്തിൽ തത്തയ്ക്ക് വല്ലാത്ത ദുഖമുണ്ടായി. തത്ത സഞ്ചരിക്കാതായി. ഭക്ഷണം കഴിക്കാതായി.അത് വാടിത്തളർന്നു. വാക്കു പുറപ്പെടാതായി.ധാർമ്മികനും കൃതജ്ഞനുമായ ശുകം മരത്തോടൊപ്പം ശോഷിച്ചു വന്നു. ഉദാരനും മഹാസത്വനും അതിമാനുഷചേഷ്ടിതനും സമദു:ഖസുഖനുമായ ശുകത്തെക്കണ്ട് ഇന്ദ്രൻ അത്ഭുതപ്പെട്ടു. ഇത്രയും മഹത്തായ കരുണ എങ്ങനെ അവനിൽ ഉണ്ടായി? അല്ലെങ്കിൽ ഇന്ദ്രൻ അത്രമാത്രം ചിന്തിക്കേണ്ടതായി എന്തുണ്ട്? എല്ലാ പ്രാണികളുടെയും എല്ലാ ജനത്തിന്റെയും ഹൃദയത്തിൻ കരുണയുണ്ട്.അവ മറ്റുള്ളവരിൽ കാണിക്കുന്നുമുണ്ടല്ലോ. ബ്രാഹ്മണവേഷത്തിൽ, മനുഷ്യരൂപിയായി, ഭുമിയിൽ ചെന്ന് ദേവേന്ദ്രൻ ആ പക്ഷിയോടു പറഞ്ഞു. അല്ലയോ പക്ഷിശ്രേഷ്ഠാ, ശുകാ! നിന്നോടു ഞാൻ ഒന്നു ചോദിക്കുന്നു: എന്തുകൊണ്ടാണ് നീ ഈ ഉണങ്ങിയ വൃക്ഷത്തെ വിട്ടു പോകാത്തത്?

ഇപ്രകാരം ഇന്ദ്രൻ ചോദിച്ചത് കേട്ട് അവന്റെ മുമ്പിൻ ശിരസ്സ് കുനിച്ച് ശുകം പറഞ്ഞു: ‘അല്ലയോ ദേവേന്ദ്രാ, ഭവാനു സ്വാഗതം! നിന്നെ ഞാൻ തപസ്സു കൊണ്ടു മനസ്സിലാക്കിയിരിക്കുന്നു.’ ശുകം പറഞ്ഞതുകേട്ട് ഇന്ദ്രൻ അത്ഭുതത്തോടെ 'നന്ന്,നന്ന്' എന്നു പക്ഷിയെ വാഴ്ത്തി. പ്രീതിയൊടെ ഇന്ദ്രൻ ചോദിച്ചു, ഇലയും കായും പോയി പക്ഷികൾക്കു ശരണംപ്രാപിക്കാൻ യോഗ്യമല്ലാത്ത ഈ മരത്തെ എന്താണ് നീ വിടാതെ കൂടിയിരിക്കുന്നത്? ഈ കാട് എത്രയോ വലുതാണ്. അതൊന്നും നീ കാണുന്നില്ലേ? ഇലകൊണ്ട് പൊത്ത് മൂടുന്ന വൃക്ഷങ്ങൾ, നന്നായി പാർക്കുവാൻ പറ്റിയ വൃക്ഷങ്ങൾ, ഒന്നും ഈ മഹാരണ്യത്തിലില്ലേ? ആയുസ്സ് അറ്റുപോയതും, ചാറുവറ്റിയതും, ശ്രീ പോയതും, വളരെ ജീർണ്ണിച്ചതുമായ ഈ മരം അല്ലയോ ധീരാ, നീ വിടുക. പ്രജ്ഞതയോടെ നീ ചിന്തിക്കുക! ഇന്ദ്രൻ പറഞ്ഞ ഈ വാക്കു കേട്ട് ധർമ്മിഷ്ഠനായ ശുകം നെടുതായി ഒന്നു വീർപ്പിട്ട് ദീനനായി ഇപ്രകാരം പറഞ്ഞു "അല്ലയോ ഇന്ദ്രാ ഈ മരത്തിലാണ് ഞാൻ പിറന്നത്. ഈ വൃക്ഷം സാധുവാണ്, സൽഗുണം ചേർന്നവനാണ്. കുട്ടിക്കാലത്ത് ഇവൻ എന്നെപ്പോറ്റി ഞാൻ ഇവന്റെ കൊമ്പിലിരുന്ന് എത്ര കളിച്ചിരുന്നു! ശത്രുക്കളിൽ നിന്ന് എത്ര തവണ ഇവൻ ഞങ്ങളെ രക്ഷിച്ചിരുന്നു! ഈ വൃക്ഷത്തിന്റെ നാശത്തിൽ എന്റെ മനസ്സുരുകുന്നു. ഞാൻ ഈ വൃക്ഷത്തെ ആരാധിക്കുന്നു. എനിക്ക് ആശ്രയമായിരുന്നവനല്ലേ ഇവൻ. ആ ഭക്തിക്കും സ്നേഹത്തിനും അനുകമ്പയ്ക്കും ഭവാൻ ഇടങ്കോലിട്ട് വിഷമമുണ്ടാക്കരുതേ. അലിവ് നല്ലവരുടെ മഹത്തായ ധർമ്മലക്ഷണമാണ്. അനുകമ്പ നല്ലവർക്കു നിത്യവും പ്രീതി വളർത്തുന്നു.നല്ലകാലത്ത് ഈ വൃക്ഷത്തിൽ സുഖമായി വസിച്ച ഞാൻ ഈ നിലയിലെത്തിയ ഇവനെ എങ്ങനെ വിട്ടുപോകേണ്ടൂ ഇന്ദ്രാ? ആ ശുകത്തിന്റെ സൗമ്യമായ വാക്കുകേട്ട് ഇന്ദ്രൻ സന്തുഷ്ടനായി.ദയ കൊണ്ട് ഇന്ദ്രൻ തുഷ്ടനായി.

ആ ധാർമ്മികൻ ശുകത്തോട് പറഞ്ഞു: ‘അല്ലയോ ശുകമേ, നിന്നിലുള്ള അനുകമ്പ, സ്നേഹം, ദയ എന്നീ ഗുണങ്ങളിൻ എനിക്ക് അതിരേറ്റ മതിപ്പുണ്ട്. ഞാൻ നിന്നിലുള്ള ആ മഹത്തായ നന്മയെ പൂജിക്കുന്നു. ശുകമേ,നിനക്ക് ഞാൻ വരം നല്കുന്നു. ആവശ്യമുള്ളത് ചോദിച്ച്കൊള്ളുക.’ ഇന്ദ്രന്റെ വാക്കുകേട്ട് ശുകം സന്തോഷിച്ചു. ദയാലുവായ ശുകം, "ഈ വൃക്ഷം പഴയമട്ടിൽ സജീവമായി നല്കുമാറാകണേ! അതാണ് എനിക്ക് വേണ്ട വരം " എന്ന് ഇന്ദ്രനോടഭ്യർത്ഥിച്ചു.ആ ശുകത്തിന്റെ ദൃഢമായ ഭക്തിയും ശീലവൃദ്ധിയും കണ്ട് പ്രീതനായ ഭഗവാൻ, ദേവേന്ദ്രൻ ആ വൃക്ഷത്തെ അമൃത് കൊണ്ട് നനച്ചു. ഉടനെ ശുകത്തിന്റെ ദൃഢഭക്തിമൂലം അമൃത് ഒഴുകിയ ആ വൃക്ഷം പുഷ്പഫലാഢ്യമായും പത്രശ്യാമളമായും യുവത്വം പ്രാപിച്ചു.

ഈ ശുകത്തെപ്പൊലെ നാം ഒരോരുത്തരും വൃക്ഷങ്ങളോട് ദയയും അനുകമ്പയും കാണിക്കേണ്ടതല്ലേ?​​

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് വൃക്ഷം. ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെയാണ് നമുക്കാവശ്യമായതെല്ലാം വൃക്ഷം തരുന്നത്. ശാന്തമായ മനസ്സിന് എന്നും കൂട്ടാണ് പ്രകൃതി. അതുകൊണ്ടാണ് പ്രകൃതി ഏറ്റവും വലിയ പാഠപുസ്തകമെന്ന് ജവഹർലാൽ നെഹ്റു എഴുതിയത്. മരം പ്രകൃതിയുടെ ഒരു അവിഭാജ്യഘടകമാണ്. വനനശീകരണം മഴയെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ മരങ്ങൾക്കും വനങ്ങൾക്കും വലിയ പങ്കുണ്ട്. മലനിരകളിലെ സസ്യാവരണം വനനശീകരണത്തിലൂടെ ഇല്ലാതായത് വ്യാപകമായ മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമായി. സമീപകാലത്ത് നമ്മൾ അനുഭവിക്കുന്ന വെള്ളപൊക്കത്തിനും മണ്ണിടിച്ചിലിനും കാരണം ഇതാണ്. രണ്ട് മരമുണ്ടെങ്കിൽ നാലംഗകുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഓക്സിജൻ ലഭിക്കുന്നു. ഓക്സിജൻ, ജലസംരക്ഷണം, പക്ഷിമൃഗാദിസംരക്ഷണം, മണ്ണിന്റെ ഫലപുഷ്ടി, മാംസ്യപരിണാമം, അന്തരീക്ഷമലിനീകരണ നിയന്ത്രണം എന്നിവയാണ് മരം നമുക്ക് തരുന്ന വരങ്ങൾ. ഈ അമൂല്യങ്ങളായ വരങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കാൻ നാം ഒരോരുത്തരും ശുകമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

മുകുന്ദൻ എം നായർ
9 E സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ