സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/എന്റെ ഗ്രാമം
ഭരണങ്ങാനം
കേരളത്തിലെ കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് ഭരണങ്ങാനം.
പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാന കൃഷി റബ്ബർ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ്.
ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണ സാന്നിധ്യം മൂലം ഇതിന് ദക്ഷിണഗുരുവായൂർ എന്നുകൂടി പേരുണ്ട്.
പ്രശസ്ത മലയാളം സിനിമാനടിയായ മണ്മറഞ്ഞ മിസ്സ് കുമാരി ഭരണങ്ങാനത്തുനിന്നാണ്.
ഒ.എഫ്.എം. കാപ് മിഷനറിമാർ നടത്തുന്ന അസ്സീസ്സി ആശ്രമം ഭരണങ്ങാനത്ത് ആണ്. ഇവിടെ നിന്നും എല്ലാ മാസവും അസ്സീസ്സി എന്ന മാഗസിൻ പ്രസിദ്ധീകരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ
സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ
സെന്റ് .ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂൾ
ഐതിഹ്യം
ഭരണങ്ങാനംഎന്ന പേരുവന്നത് ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ
ചിരപുരാതന ചരിത്രവുമായി ബന്ധപ്പെട്ടാണ് . പാണ്ഡവന്മാരുടെയും
പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ
നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം
ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ
പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു
മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസനെയും
ദേവർഷി നാരദനെയും ഏല്പിച്ച് യുധിഷ്ഠിരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു.
യുധിഷ്ഠിരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം
കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. വേദവ്യാസനും ദേവർഷി
നാരദനുംഅഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന
ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും
അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ
വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം
അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ് .
കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾകൊണ്ടാണ് ഭരണങ്ങാനമായി മാറിയത് .അവർ ഇവിടെ ഏതാനും ദിവസംതാമസിച്ച് പൂജകൾ നടത്തി സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് ഇവിടെനിന്നു പോയത് . അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം
പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു
സമീപം ഒരു തീർത്ഥം നിർമ്മിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ
അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ
തീർത്ഥജലമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത് .
ശ്രെദ്ധേയരായ വ്യക്തികൾ
മിസ് കുമാരി.
ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി. 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്.
ജീവചരിത്രം
കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് 1932 ജൂൺ 1-ന് കൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് നടത്തുന്ന പെൺകുട്ടികൾക്കുള്ള സ്കൂളായ ഭരണങ്ങാനം സേക്രഡ് ഹാർട്ട്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് ശേഷം അതേ സ്കൂളിൽ തന്നെ അദ്ധ്യാപികയായി ജോലി ചെയ്തു. ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രം പരാജയപ്പെട്ടു. ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയിൽ ത്രേസ്യാമ്മയായിരുന്നു നായിക. അതിന്റെ നിർമാതാക്കളിലൊരാളായ കെ.വി.കോശിയാണ് മിസ് കുമാരി എന്ന പേരു നൽകിയത്. നല്ല തങ്കയിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ ഫാക്ട് കെമിക്കൽ എഞ്ചിനീയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.1954-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ രോഗബാധയാൽ അന്തരിച്ചു.1984 ൽ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേർന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം പ്രേംനസീർ ഉദ്ഘാടനം ചെയ്തു. നടിയുടെ ഓർമ്മക്കായി അൽഫോൻസാമ്മയുടെ പള്ളിക്കു മുന്നിലെ റോഡിന‌് 2019-ൽ മിസ‌് കുമാരി റോഡ‌് എന്നു പേരു നൽകി.