സെന്റ് ജോർജ് എച്ച്. എസ്സ്. പരിയാരം/എന്റെ ഗ്രാമം
പരിയാരം
സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് പരിയാരം.
ചാലക്കുടി നഗരത്തിലെ ആനമലയിൽ നിന്നും ആരംഭിക്കുന്ന ചാലക്കുടി - മലക്കപ്പാറ റോഡ് അഥവാ SH 21 കടന്നുപോകുന്ന സ്ഥലം കൂടിയാണ് ഇത്.ചാലക്കുടി പുഴയുടെ ഓരം ചേർന്ന് പോകുന്ന വശ്യമാർന്ന വന്യതയുള്ള ഈ നാടിന്റെ കിഴക്കേയറ്റത്തു അതിരപ്പിള്ളിയുടെ മനോഹാരിതയും പടിഞ്ഞാറേയറ്റത്തു ചാലക്കുടിയുടെ തിരക്കുമാണ്.വടക്ക് കോടശ്ശേരി പഞ്ചായത്തും തെക്ക് മേലൂർ പഞ്ചായത്തും ചേരുന്നു.
ചരിത്രമുറങ്ങുന്ന പരിയാരം
പതി എന്നാൽ മല. പതിയുടെ ഓരം എന്ന അർത്ഥത്തിൽ രൂപപ്പെട്ട പതിയോരം പിന്നീട് പതിയാരമാവുകയും കാലാന്തരത്തിൽ പരിയാരമായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. പ്രാചീനമായ ചരിത്ര ജീവിതത്തിന്റെ പൈതൃകമുള്ള ദേശമാണ് പരിയാരം . നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മോതിരക്കണ്ണിയിലെ മണ്ണുംപുറം ക്ഷേത്രം ജൈനസംസ്കാരത്തിന്റെ ചരിത്രശേഷിപ്പാണ് എന്ന ഒരു വാദമുണ്ട്. പരിയാരം വിഷ്ണു ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കമെങ്കിലുമുണ്ടെന്നാണ് പറയപ്പെടുന്നത്. പരിയാരം പള്ളിയും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സ്ഥാപനമാണ്. അതിപ്രാചീന കാലത്തിന്റെ ഓർമകളുണർത്തുന്ന ഒട്ടേറെ സ്ഥലനാമങ്ങളുണ്ട് പരിയാരത്ത്. തൃപ്പാപ്പിള്ളി, കാഞ്ഞിരപ്പിള്ളി, മുനിപ്പാറ തുടങ്ങിയ സ്ഥലനാമങ്ങൾ പഠന വിധേയമാക്കിയാൽ ബുദ്ധ, ജൈന മത സാനിദ്ധ്യത്തെ സംബന്ധിച്ച നിഗമനങ്ങളിലാവും നാമെത്തി ചേരുക . 'പിള്ളി' എന്നത് ബുദ്ധ, ജൈനകേന്ദ്രങ്ങളെ വിളിച്ചിരുന്ന പേരാണ്. തൃപ്പാപ്പിള്ളിയും കാഞ്ഞിരപ്പിള്ളിയും ഇത്തരത്തിലുള്ള ബുദ്ധ-ജൈന കേന്ദ്രങ്ങളായിരുന്നുവോ? ബുദ്ധ / ജൈന സന്യാസിമാർ ധ്യാനിച്ചിരുന്ന പുഴയോരത്തെ വിശാലമായ പാറയാണോ മുനിപ്പാറ ? ഈ അടുത്ത കാലത്ത് ക്വോറി നടത്തി പൊട്ടിച്ചു തീർത്ത വിസ്തൃതമായ ഈ പാറയിൽ മുനിയറകൾ പോലുള്ള ഗുഹകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാരംഭിച്ചു എന്ന് നിശ്ചയിക്കാനാവാത്ത ഒരു ആരാധനാ കേന്ദ്രം പാറമേൽ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഒരയ്യപ്പ ക്ഷേത്രമായി ഇത് മാറി.
കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി ഈ ഗ്രാമത്തിൽ ആയിരുന്നു.ഇവിടെ നാട്ടുകാർക്ക് സങ്കടം ഉണർത്തിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി പ്രത്യേക സമയം അനുവദിച്ചിരുന്നു. അത് കാരണം ഈ സ്ഥലത്തിന് പരിഹാരം എന്ന് പേര് വീഴുകയും ക്രമേണ പരിയാരം എന്നാകുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത് . ചാലക്കുടിപ്പുഴയുടെ തീരത്തായി ഇപ്പോഴും ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.
കേരളത്തിലെ പ്രാചീനമായ അങ്ങാടികളിലൊന്നാണ് പരിയാരം അങ്ങാടി. ഇവിടെ നിന്ന് മലംചരക്കുകളും കാർഷികോല്പന്നങ്ങളും ചാലക്കുടി പുഴയിലൂടെ വലിയ വള്ളങ്ങളിൽ കയറ്റി കൊടുംങ്ങല്ലൂർ ചന്തയിൽ എത്തിച്ചിരുന്നു. ആദ്യ കാലത്ത് കപ്പത്തോടിന്റെ കരയിലായിരുന്നു അങ്ങാടിയെന്നും തോട്ടിലൂടെ വലിയ പായ് വഞ്ചികൾ അങ്ങാടിയിലെത്തിയിരുന്നുവെന്നും വലിയ കെട്ടുവള്ളങ്ങൾ കപ്പലുകളാണ് എന്ന് ധരിച്ച നാട്ടിൻ പുറത്തുകാർ കപ്പലുകൾ എത്തുന്ന തോട് എന്ന അർത്ഥത്തിൽ വിളിച്ചു പോന്ന കപ്പൽതോട് ആണ് പിൽക്കാലത്ത് കപ്പ തോടായത് എന്നും പറയപ്പെടുന്നുണ്ട്. കൊപ്പം എന്നതിനർത്ഥം ആഴമുള്ള തോട് എന്നാണ്. ആ അർത്ഥത്തിൽ രൂപപ്പെട്ട പേരാകാം പിന്നീട് കപ്പതോടായത്.
എന്തായാലും പഴയ കാലത്ത് പരിയാരം അങ്ങാടി പ്രധാനപ്പെട്ട ഒരങ്ങാടിയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.
കൊച്ചി രാജാവ് തന്റെ സഹപത്നിമാരിൽ ഒരാളായ പാർവതി ക്കായി പണികഴിപ്പിച്ച പത്ത് മുറികളുള്ള കോവിലകം പരിയാരത്തെ കാഞ്ഞിരപ്പിള്ളിയിലായിരുന്നു. പത്ത് മുറി കോവിലകമെന്നും കാഞ്ഞിരപ്പിള്ളി കോവിലകമെന്നും അറിയപ്പെട്ട ഇവിടെ രാജാവ് വേനൽക്കാലത്ത് വന്ന് താമസിക്കാറുണ്ടായിരുന്നു. ഭരണകാര്യങ്ങരാജാവ് നിർവഹിച്ചു കൊണ്ടിരുന്നതും ഇവിടെ ഇരുന്ന് കൊണ്ടായിരുന്നു. കൊച്ചി രാജ്യത്ത് ആദ്യം വൈദ്യുതി എത്തിയ സ്ഥലങ്ങളിലൊന്ന് കാഞ്ഞിരപ്പിള്ളിയിലെ കോവിലകമായിരുന്നു. ചന്ദ്രിക പവർ കോർപ്പറേഷൻ എന്ന സ്വകാര്യ സ്ഥാപനമാണ് വൈദ്യുതി എത്തിച്ചത്.
കൊച്ചി രാജ്യത്തെ ജയിലറും കൺസർവേറ്ററുമെല്ലാം ആയിരുന്നിട്ടുള്ള ഇംഗ്ലണ്ടുകാരായ കോലഫ് കുടുംബം പരിയാരത്ത് താമസിച്ചിരുന്നു. ആധുനിക പ്ലാന്റേഷനുകൾ പലതും ഉണ്ടാക്കിയത് കോലഫ് കുടുംബാംഗമായ ജോസഫ് കോലഫ് ആയിരുന്നു. 1920 ൽ ജോസഫ് കോലഫ് ആണ് പരിയാരത്ത് ആദ്യമായി കാർ ഉപയോഗിക്കുന്നത്. 1940 ൽ കുറിയേടത്ത് നീലകണ്ഠൻ നമ്പൂതിരിയും കാർ വാങ്ങി. 1940 ൽ തന്നെ നീലകണ്ഠൻ നമ്പൂതിരി ജനറേറ്റർ ഉപയോഗിച്ച് വസതിയിൽ വൈദ്യുത ലൈറ്റുകൾ പ്രകാശിപ്പിച്ചു.
1931 ൽ കിഴക്കൂടൻ ഔസേപ്പ് ചാക്കപ്പൻ ആരംഭിച്ച യന്ത്രവൽകൃത റൈസ്മിൽ പരിയാരത്തെ ആദ്യത്തെ വ്യവസായിക സംരഭമായിരുന്നു. 1933 ൽ പി.എസ്.എൻ മോട്ടേഴ്സ് തൃശ്ശൂർക്കും 1945 ൽ യു.സി.ട്ടി സർവ്വീസ് കുറ്റിക്കാട് നിന്ന് ഇരിങ്ങാലക്കുടക്കും 1946 ൽ യു.എം.ടി. സർവ്വീസ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് കൃഷ്ണൻ കോട്ടക്കും സർവ്വീസ് നടത്തിയിരുന്നു. 1950 കളിൽ എ.ബി.ട്ടി ബസ്സ് തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചാലക്കുടി - വാൽപ്പാറ സർവ്വീസ് നടത്തി.
ആംഗ്ലോ സമുദായക്കാരനായ വില്യംസ് എന്ന ഉദ്യോഗസ്ഥനാണ് പരിയാരത്ത് ആദ്യമായി കശുമാവ് പ്ലാന്റ് ചെയ്യുന്നത്.
ജേക്കബ് കണ്ണംമ്പിള്ളിയാണ് പരിയാരത്തെ ആദ്യത്തെ അലോപ്പതി ഡോക്ടർ. 1920 ൽ ഡോ.ജെ. ആച്ചാട്ട് ആരംഭിച്ച ഹോമിയോ ഡിസ്പെൻസറിയാണ് ആദ്യ ചികിത്സാ കേന്ദ്രം. 1930 കളുടെ അന്ത്യത്തിൽ മൈക്കിൾ ചീരോത്തി ആരംഭിച്ച വിഷചികിത്സാ കേന്രവും 1940 കളിൽ ഡോ. അ.അ. കറമ്പൻ ആരംഭിച്ച അലോപ്പതി കേന്ദ്രവുമാണ് പരിയാരത്തെ ആദ്യകാല ആരോഗ്യ കേന്ദ്രങ്ങൾ. 1946 കളുടെ അന്ത്യത്തിൽ പരിയാരം തെക്കും മുറിയിൽ വെറ്റിനറി ആശുപത്രി നിലവിൽ വന്നു. ശങ്കരൻ കരിപ്പായി ആയിരുന്നു സ്റ്റോക്ക്മെൻ . ആയുർവേദ മേഖലയിൽ കൊച്ചാമൻ വേലൻ, വല്ലത്തുകാരൻ പൈലോത് അച്ചുതൻ വൈദ്യർ, രാവുണ്ണി മേനോൻ കുഞ്ഞയ്യൻ വൈദ്യർ തുടങ്ങിയവർ പേരെടുത്ത വൈദ്യൻമാരായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ പരിയാരത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. 1930 കളിൽ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരായി പി.കെ.പോൾ മാസ്റ്റർ, സി.എസ്. പണിക്കർ, ടി.കെ.അച്ചുതൻ വൈദ്യർ, ഡോക്ടർ ജെ. ആച്ചാട്ട് തുടങ്ങിയവർ ഉയർന്നുവന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ കാല നേതാക്കളിൽ പ്രമുഖനായിരുന്ന പി.കെ.പോൾ മാസ്റ്റർ തിരു-കൊച്ചി നിയമസഭയിലെ എം.എൽ.സിയും പിന്നീട് എം.എൽ.എയുമായിരുന്നു.
സോഷിലിസ്റ്റ് - കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ഒരു വിഭാഗം ചെറുപ്പക്കാരാണ് കർഷകരേയും കർഷക തൊഴിലാളികളേയുമെല്ലാം സംഘടിപ്പിച്ചു കൊണ്ട് ജന്മിത്വ വിരുദ്ധ -ജാതിവിരുദ്ധ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടത്. ഡോ.ജെ. ആച്ചാട്ട്, പി.സി. പൈലികുട്ടി, എം.ഐ. കുട്ടൻ, എം.കെ. കാട്ടുപറമ്പൻ , പി.കെ. പാപ്പു, പി.സി.തോമസ്സ്, ഗാർഡ്സൺ ദേവസ്സി കുട്ടി, വി.വി.ദാമോദരൻ ഇടങ്ങിയവർ മുൻകയ്യെടുത്ത് 1939 ൽ രൂപീകരിച്ച കമ്യൂണിസ്റ്റ് ഗ്രൂപ്പ് പരിയാരത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ രാഷ്ട്രീയചലനങ്ങളുടെ തുടക്കമായിരുന്നു. എം.കെ. കാട്ടുപറമ്പനായിരുന്നു ഇതിന്റെ കൺവീനർ.
1944 ൽ അഖില കൊച്ചി കർഷക സമ്മേളനം പരിയാരത്ത് വച്ച് നടന്നു. പഴയ ചന്തപറമ്പിൽ വച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് എ.കെ.ജിയായിരുന്നു. സി.അച്യുതമേനോൻ അധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച് അയ്യംപിള്ളി പറമ്പിൽ വച്ച് നടന്ന ക്ലാസുകളിൽ ഇ.എം.എസ്സ്, സി.അച്യുത മേനോൻ, ഇ. ഗോപാലകൃഷ്ണ മേനോൻ എന്നിവർ ക്ലാസ്സുകളെടുത്തു.
തുടർന്ന് പരിയാരത്തും പരിസര പ്രദേശങ്ങളിലും കർഷക സംഘത്തിന്റെ പ്രവർത്തനങ്ങൾ ശക്തമായി. ജന്മിവാഴ്ചയുടെ ചൂഷണങ്ങൾക്കും കാട്ടാള നീതിക്കുമെതിരായി സമരങ്ങളുടെ പരമ്പര തന്നെ ഉയർന്നുവന്നു. ഇതിന്റെ ഉയർന്ന രൂപം എന്ന നിലയിലാണ് അന്ന് പരിയാരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ കോടശ്ശേരിയിലെ മേട്ടിപ്പാടം ഭാഗത്ത് കുടിയൊഴിപ്പിക്കലിനെതിരെ കർഷകരുടെ പ്രക്ഷോഭം ഉയർന്നു വരുന്നത്. 1948 ൽ നടന്ന ഈ കർഷക പോരാട്ടത്തെ അടിച്ചമർത്താനെത്തിയ ശങ്കുണ്ണി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമായി കൃഷിക്കാർ ഏറ്റ്മുട്ടുകയും ശങ്കുണ്ണി ഇൻസ്പെക്ടർ കൊല്ലപ്പെടുകയും ചെയ്യുന്നു. തുടർന്ന് നടന്ന പോലീസ് നരനായാട്ടും ചെറുത്തു നില്പും ചരിത്രത്തിന്റെ ഭാഗമാണ്. പരിയാരം കർഷക സമരം എന്നറിയപ്പെടുന്ന ഈ കർഷക സമര ചരിത്രം സംബന്ധിച്ച് എ.കെ.ജിയുടെ ആത്മകഥയിലും സി.അച്യുതമേനോന്റെ പരിയാരം ഡയറിക്കുറിപ്പുകളിലും ( നവജീവൻ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ) പരാമർശിക്കുന്നുണ്ട്.
1940കളിൽ തന്നെ മാതൃഭൂമി, ഗോമതി, ദീനബന്ധു, നവജീവൻ തുടങ്ങിയ പത്രങ്ങൾ പരിയാരത്ത് എത്തിയിരുന്നു. ജ.കൃഷ്ണൻ നായർ, ഡേവിസ് വടക്കേടത്ത്, ആന്റണി കാച്ചപ്പിള്ളി, മണപ്പിള്ളി പരമേശ്വരൻ , ഢ .ഇ. മാത്യു തുടങ്ങിയവർ ആദ്യകാല പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്നവരാണ്.
1950 ൽ പരിയാരത്ത് ആരംഭിച്ച ഗോൾഡൻ ടാക്കീസ് ആണ് പരിയാരത്തെ ആദ്യ കാല തിയ്യേറ്റർ. പിന്നീട് ജോളി ടാക്കീസ്, ആര്യഗുപ്ത, ബാബു തുടങ്ങിയ തിയേറ്ററുകൾ ഉണ്ടായി.
1940 ൽ പരിയാരം ചന്ത പറമ്പിൽ ജ്ഞാനസുന്ദരി എന്ന നാടകം അരങ്ങേറി.സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ സംവിധാനം ചെയ്ത ഈ നാടകത്തിന്റെ സംഘാടക കണ്ണംമ്പിള്ളി ഔസേപ്പ് ഭാര്യ ഏല്യ കുട്ടിയായിരുന്നു.
1950 കളുടെ തുടക്കത്തിൽ പരിയാരത്ത് രൂപം കൊണ്ട ഉദയ കലാസമിതിയും യുവജന കലാസമിതിയും സോഷ്യൽ ക്ലബും കേരള കലാസമിതിയും പരിയാരത്തിന്റെ സാംസ്കാരിക വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.
എസ്.എൽ.പുരം സദാനന്ദന്റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകം ഉദയ കലാസമിതി നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചു. വി.ഡി. ചുമ്മാർ, എം.കെ.എം ആചാരി,പി.എ. ഭാസി തുടങ്ങിയവരാണ് ഇതിൽ വേഷമിട്ടത്.
യുവജന കലാസമിതി അവതരിപ്പിച്ച ഏരൂർ വാസുദേവിന്റെ 'കാക്കപ്പൊന്ന്' എന്ന നാടകവും പ്രസിദ്ധമായിരുന്നു. ഇതിൽ അഭിനയിച്ചിരുന്ന തൃശ്ശൂർ ഫിലോമിനയും, കാലടി ഓമനയും പിന്നീട് സിനിമാ നടികളെന്ന നിലയിൽ പ്രശസ്തരായി. ആന്റണി തെക്കേക്കര, വി.എൽ. വർഗ്ഗീസ്, ഡേവിസ് വാടക്കകത്ത് എന്നിവരായിരുന്നു ഈ കലാസമിതിയുടെ സംഘാടകർ. അന്ത്രക്കാംപാടം സോഷ്യൽ ക്ലബും സോഷ്യൽ തിയ്യറ്റേഴ്സ് എന്ന പേരിൽ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പരിയാരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടശ്ശേരി 1962 ൽ സ്വതന്ത്ര പഞ്ചായത്തായി. 1977 ൽ കിഴക്കൻ പ്രദേശങ്ങൾ വെറ്റിലപ്പാറ പഞ്ചായത്തായി മാറി. ഇതിന്റെ പേര് ഇപ്പോൾ അതിരപ്പിള്ളി പഞ്ചായത്ത് എന്നാണ്.
വിദ്യാഭ്യാസ പൈതൃകം
1912 ൽ ആരംഭിച്ച ലോവർ സെക്കന്ററി സ്കൂൾ ആണ് പരിയാരത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എം.കെ.മേനോൻ പരിയാരം സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ചിറപ്പണത്ത് പാലി മാസ്റ്റർ, പി.എസ്. രാമയ്യർ, പി.കെ.പോൾ, കെ.ജെ.ജോസഫ് തുടങ്ങിയവരാണ് ആദ്യത്തെ അദ്ധ്യാപകർ. കൊച്ചി രാജ്യത്തെ തന്നെ ആദ്യ ബാച്ച് അദ്ധ്യാപികമാരിലൊരാളായ എം.ഒ. റോസക്കുട്ടി ടീച്ചർ 1936 ൽ ഇവിടെ അദ്ധ്യാപികയായി.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെൻറ്.ജോർജസ് എച്ച് എസ് എസ്
- സെൻറ്.ജെ . ബി .സി .എൽ . പി .എസ്
- സെന്റ് .സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കുറ്റിക്കാട്
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- ഗവ.ആയുർവേദ ആശുപത്രി
- ഗവ.ഹോമിയോ ആശുപത്രി
- വായനശാല
- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
- പ്രാഥമികാരോഗ്യ കേന്ദ്രം
ആരാധനാലയങ്ങൾ
- ദുർഗ്ഗാദേവി ക്ഷേത്രം തൃപ്പാപ്പിള്ളി
- മുസ്ലിം പള്ളി പരിയാരം