പഴശ്ശി വെസ്റ്റ് യു പി എസ്‍/എന്റെ ഗ്രാമം
ഉള്ളടക്കം
പഴശ്ശി
പൊതു സ്ഥാപനങ്ങൾ
പ്രശസ്ത വ്യക്തികൾ
അവലംബം
പഴശ്ശി
പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മരണകളുണർത്തുന്ന പഴശ്ശി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഇവിടം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
പൊതു സ്ഥാപനങ്ങൾ
- പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി
- പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ
- പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
- പഴശ്ശി വില്ലേജ് ഓഫിസ്
പ്രശസ്ത വ്യക്തികൾ
പഴശ്ശിരാജ
കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് പഴങ്കഥകളിൽ പറയപ്പെടുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച് തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു. കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് ഹാർവി ബേബരിന്റെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് പറഞ്ഞതായി രേഖപ്പെടുത്തുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.
പഴശ്ശി രാജാ സ്മൃതി മന്ദിരം
പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത്.
അവലംബം
- കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42
- A survey of Kerala history by A. Sreedhara Menon, page 263