ജി എൽ പി എസ് ചേഗാടി/എന്റെ ഗ്രാമം
ചേഗാടി
ഗ്രാമഭംഗിയും വിശുദ്ധിയും നഷ്‌ടപ്പെടാത്ത ഗ്രാമമാണ് ചേകാടി. നൂറ്റാണ്ടുകൾക്കുമുൻപു തന്നെ ആളുകൾ ഇവിടെ എത്തുകയും കൃഷി ആരംഭിക്കുകയും ചെയ്തു. വിശാലമായ പാടത്ത് അവർ പൊന്നുവിളയിച്ചു. ദശകങ്ങൾക്ക് മുൻപ് തന്നെ സമ്പന്നമായ ഗ്രാമം. വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ഇപ്പോൾ വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളാണ് പലപ്പോഴും വിള കൊയ്യുന്നത്. കൃഷിക്കാർക്ക് ഒന്നും കിട്ടാറില്ല. എങ്കിലും പരമ്പരാഗത കൃഷി രീതികളിൽ മാറ്റം വരുത്താൻ ഇവർ തയാറല്ല. മണ്ണും മനസ്സും മലിനമാകാതെ ഇന്നും കാത്തുസൂക്ഷിക്കുകയാണ് ചേകാടിക്കാർ.
വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നും 13 കിലോമീറ്ററാണ് ചേകാടിയിലേക്ക്. വനപാത താണ്ടിയാൽ വിശാലമായ വയൽപ്പരപ്പിലാണ് എത്തിച്ചേരുക. ഒരുവശത്ത് കബനി നദി ഒഴുകുന്നു. കബനി കടന്ന് അക്കരെ എത്തിയാൽ കർണാടകയായി. മറ്റു സ്‌ഥലങ്ങളിൽ നിന്നും വിഭിന്നമായി ഭൂവുടമകളും കൃഷിക്കാരുമാണ് ചേകാടിയിലെ ആദിവാസികൾ. വിപ്ലവ കഥകൾ ഏറെപ്പറയാനുണ്ടെങ്കിലും മലിനമാകാത്ത ഗ്രാമവിശുദ്ധി മറ്റുള്ളവരിലേക്കും പകർന്നു നൽകാനുള്ള പുതിയ ഉദ്യമത്തിലാണ് ചേകാടിക്കാർ. ഗന്ധകശാലകൊണ്ടുണ്ടാക്കിയ ഉപ്പുമാവും കപ്പപുഴുങ്ങിയതും കാന്താരിയുമെല്ലാം തയാറാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഈ ഗ്രാമം.
പുറത്തുനിന്നുള്ളവർ എത്തി റിസോർട്ടു തുടങ്ങി, സംസ്‌കാരത്തേയും പാരമ്പര്യത്തേയും ചൂഷണം ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് നാട്ടുകാർ തന്നെ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ തുടങ്ങിയത്. വായുവും മണ്ണും ജലയും മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടികൂടിയാണ് പുതിയ ഉദ്യമം ആരംഭിച്ചത്. 'നവ' എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരമേഖലയിലേക്ക് പുതിയ ചുവടുവയ്പ്പ് നടത്തുന്നത്. പ്രകൃതിക്ക് കോട്ടം തട്ടാതെ മനുഷ്യർ ജീവിക്കുന്നത് ചരിത്രമുറങ്ങുന്ന ചേകാടിയിലൂടെ സഞ്ചരിച്ചാൽ മനസ്സിലാക്കാം.