ഗവ. എൽ പി എസ് വെള്ളാണിക്കൽ/എന്റെ ഗ്രാമം
തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി : വെള്ളാണിക്കൽ
==== തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ. ==== ===
വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 4 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ചെമ്പൂർ ഗവ. എൽ പി എസ് ജങ്ഷനിൽ നിന്നും 2 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ കോലിയക്കോട് ജങ്ഷനിൽ നിന്നും 3 കി. മീ. സഞ്ചരിച്ചാലും വെള്ളാണിക്കൽ എത്തിച്ചേരാം.
ഭൂമിശാസ്ത്രം
റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞ് കിടക്കുന്ന ഒരു മലനാട് ആണ് നമ്മുടെ വെള്ളാണിക്കൽ. മലനാട് ആയതിനാൽ തന്നെ ജനവാസം വളരെ കുറവ് ആണ്. പൊതുമേഖല വാഹന സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് ഇവിടുത്തെ ജീവിതം. ഈ പ്രദേശത്തെ ശ്രദ്ധേയമായ വിദ്യാലയമാണ് ജി. എൽ. പി. എസ് വെള്ളാണിക്കൽ. 98 ശതമാനം ബി പി എൽ കുടുംബത്തിലെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ നാടിൻ്റെ ഏക ആശ്രയമാണ്. മലനാട് പ്രദേശം ആയതിനാൽ മയിലുകളും കുരങ്ങുകളും ഈ നാടിൻ്റെ അവകാശികൾ ആണ്.ഈ നാടിൻ്റെ പ്രധാന ആകർഷണമാണ് 2015- ൽ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച വെള്ളാണിക്കൽ പാറ.
വെള്ളാണിക്കൽ പാറ :
പ്രകൃതി സൗന്ദര്യത്താൽ പച്ചപ്പ് നിറഞ്ഞ പുൽമേടുകളും അറബിക്കടലിന്റെ കുളിർ കാറ്റും... ഗ്രാമീണത വിളിച്ചോതുന്ന വെള്ളാാണിക്കൽ പാറമുകൾ. തിരുവന്തപുരം ജില്ലയിലെ പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറ സ്ഥിതി ചെയ്യുന്നത്. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു.
2015ലാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളാണിക്കൽ പാറമുകൾ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറയുള്ളത്. 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതി രമണീയത സന്ദർശകർക്ക് ഇവിടെയെത്തിയാൽ ആസ്വദിക്കാം. തിരുവനന്തപുരത്തുകാരുടെ മിനി പൊന്മുടി എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്. മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചെറിയ സാഹസികതകളിൽ താൽപര്യമുള്ളവർക്കും പറ്റിയൊരുയിടമാണ് ഈ പ്രദേശം. പോത്തൻകോട് മുദാക്കൽ പഞ്ചായത്തിനടുത്തുള്ള ഈ പാറപ്രദേശം സമുദ്രനിരപ്പിൽനിന്ന് 500 അടി ഉയരത്തിൽ അഞ്ച് ഏക്കറിൽ വിസ്തൃതമായി കിടക്കുന്നു. ഇവിടെ നിന്നാൽ തിരുവനന്തപുരം, കൊല്ലം, അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ കാണാൻ സാധിക്കും.
തെളിഞ്ഞ കാലവസ്ഥയാണെങ്കിൽ വെള്ളാണിക്കൽ പാറയിൽ നിന്ന് നോക്കിയാൽ തെക്കുപടിഞ്ഞാറ് വശത്ത് തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും പടിഞ്ഞാറ് വശത്ത് അറബികടലിന്റെ വശ്യതയും കിഴക്ക് കോടമൂടി കിടക്കുന്ന പൊന്മുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും കാണാൻ സാധിക്കും. ഇവിടെ നിന്നുള്ള സുര്യാസ്തമയ കാഴ്ചകൾ അതിമനോഹരമായ ഒരു അനുഭവമായിരിക്കും. വാരാന്ത്യങ്ങളിൽ കുടുംബവുമായി ഒത്തുചേർന്ന് വരാവുന്ന ഒരു നല്ലൊരുയിടമാണ് ഈ പ്രദേശം.
ഇവിടെ പ്രദേശവാസികൾ പുലിച്ചാണി എന്ന് വിളിക്കുന്ന ഒരു ഗുഹയുണ്ട്. പണ്ട് കാലത്ത് ഈ ഗുഹയിൽ പുലിയുണ്ടായിരുന്നുവെന്നും അങ്ങനെ 'പുലിയുടെ വാസസ്ഥലം' എന്ന അർത്ഥത്തിൽ ഈ ഗുഹയെ പുലിച്ചാണി എന്നു വിളിക്കാനും തുടങ്ങിയെന്നുമാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുലിച്ചാണി ഗുഹ ആവേശമായിരിക്കും. വെള്ളാണിക്കൽ പാറയുടെ താഴ്വാരത്തിനടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.പുലിച്ചാണി ഗുഹയ്ക്ക് മുന്നിൽ നിന്നാലും മനോഹരമായ കാഴ്ചകൾ കാണാനുണ്ട്. അവിടെ നിന്നാൽ മദപുരം തമ്പുരാൻ-തമ്പുരാട്ടി പാറ കാണാൻ കഴിയും. തണ്ണിപ്പാറയെന്ന് വിളിക്കുന്ന അത്ഭുതകരമായ ഒരു നീരുറവയും ഇവിടെകാണാനുണ്ട്. മലനിരകൾക്കിടയിലൂടെ ഒഴുകി എത്തുന്ന ഒരിക്കലും വറ്റാത്ത ഈ നീരുറവ ഗുഹയ്ക്കടുത്തായിട്ടാണ് ഒഴുകുന്നത്.
വെള്ളാണിക്കൽ പാറയുടെ മുകളിൽ കാണി ഗോത്ര വിഭാഗക്കാരുടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ ഗോത്ര സങ്കൽപ്പത്തിലുള്ള ആചാരങ്ങളും ചാറ്റുപാട്ടും തേരുവിളക്കും പ്രസിദ്ധമാണ്. പാറയുടെ താഴ്വാരത്തുള്ള വനദുർഗാദേവി ക്ഷേത്രവും തമ്പുരാൻ ക്ഷേത്രവും ബന്ധപ്പെടുത്തിയുള്ള ആചാരങ്ങളും സജീവമായി നടന്നുപോരുന്നുണ്ട്.
പ്രധാന പൊതു സ്ഥാപനങ്ങൾ:
- ജി. എൽ. പി. എസ് വെള്ളാണിക്കൽ
- ഗവ. ആയുർവേദ ആശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ:
- പ്രശസ്ത കഥകളി നടൻ തോന്നക്കൽ ശ്രീ. പീതാംബരൻ
- ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവൃതൻ
ആരാധനാലയങ്ങൾ:
- വെള്ളാണിക്കൽ വന ദുർഗ ദേവി ക്ഷേത്രം
ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ് വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ശ്രീ ആയിരവില്ലി ക്ഷേത്രവും. ഗോത്ര വർഗ്ഗക്കാരുടെ പാരമ്പര്യ രീതിയിലുള്ളതും തനതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ക്ഷേത്രങ്ങൾ കൂടിയാണ് ഇവ. വരെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ആഘോഷങ്ങളാണ് പാരമ്പര്യ രീതിയിൽ കാണിക്കാർ ആഘോഷിക്കുന്നത്. പുത്തരിക്കൊടുതി, മണ്ഡലവിളക്ക് മഹോത്സവം, ഉത്സവം എന്നിവയാണവ. വർഷങ്ങൾക്ക് മുൻപ് വെള്ളാണിക്കൽ പ്രദേശങ്ങളിൽ ഏക്കറുകണക്കിന് നെൽകൃഷി ചെയ്തിരുന്നു. വെള്ളാണിക്കൽ ദേശക്കാരുടെ പ്രധാന കൃഷി വിഭവങ്ങളിൽ ഒന്നു കൂടിയായിരുന്നു നെൽകൃഷി. പഴമക്കാർ കൃഷിചെയ്ത് വിളവെടുക്കുന്ന നെല്ലിൽ ഒരു ഭാഗം അവരുടെ ദേശത്തെ കാത്തുരക്ഷിക്കുന്ന ദേവിക്ക് സമർപ്പിക്കുന്നത് പതിവാണ്. വെള്ളാണിക്കൽ ഏലായിൽ കൃഷിയിറക്കി അതിന്റെ ആദ്യ നെൽക്കതിർ ദേവിക്കു സമർപ്പിക്കുന്ന ചടങ്ങാണ് 'പുത്തരിക്കൊടുതി'. ചിങ്ങത്തിലെ ഓണാഘോഷങ്ങൾക്കു ശേഷം വരുന്ന കന്നി മാസത്തിലെ പൂരാടം ദിനത്തിലാണ് പുത്തരിക്കൊടുതി ചടങ്ങുകൾ നടക്കുന്നത്. ഈ ആചാരം ഇപ്പോഴും മാറ്റമില്ലാതെ വെള്ളാണിക്കൽ ക്ഷേത്രത്തിൽ തുടരുന്നു. നെൽക്കതിരുകൾ പറിച്ചെടുത്ത് പഴയ ഉരുളിയിൽ ഇടിച്ച് പുത്തരിയാക്കിയാണ് ദേവിക്കു സമർപ്പിക്കുന്നത്. ഈ പുത്തരിയിൽ ഒരു ഭാഗം കൃഷിയിറക്കിയ കർഷകർക്ക് വീതിച്ചു നൽകുകയും ചെയ്യുന്നു. കർഷകർ അടുത്ത വിളവ് ആകുന്നതുവരെ ഈ പുത്തരി സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്. നിലങ്ങൾ പുരയിടങ്ങളായി രൂപംമാറി, കൃഷി അവസാനിച്ചിട്ടും വെള്ളാണിക്കൽ വനദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ഈ ചടങ്ങ് ഇപ്പോഴും തുടർന്നു വരുന്നുണ്ട്. ചടങ്ങിനോടനുബന്ധിച്ച് കാണിപ്പാട്ടും (ചാറ്റുപാട്ട്) ക്ഷേത്രത്തിൽ നടക്കും. കാണിക്കാർ പൂജിക്കുന്ന ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമാണ് ചാറ്റുപാട്ട്. കൃഷി നേരിട്ടു കണ്ടിട്ടില്ലാത്ത ഏറ്റവും പുതിയ തലമുറയ്ക്കു അത്ഭുതങ്ങൾ കൂടിയാണ് ഈ ചടങ്ങുകൾ സമ്മാനിക്കുന്നത്. ഇന്ന് പ്രദേശങ്ങൾ നിലങ്ങളിൽ നിന്നും പുരയിടങ്ങളിലേക്ക് മാറിയിരിക്കുന്നുവെങ്കിലും വെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളിലെ ചടങ്ങുകൾ പൂർവ്വാധികം ഭംഗിയായി നാട്ടുകാർ കൊണ്ടാടുന്നുണ്ട്. പണ്ടുകാലങ്ങളിൽ ധാരാളമായി വെെഡൂര്യ ഖനനം നടന്നിരുന്ന പ്രദേശമായിരുന്നു. വെള്ളാണിക്കൽ. മാണിക്ക്യം വിളയുന്ന നാട് എന്നർത്ഥത്തിലാണ് വെള്ളാണിക്കൽ ഉൾപ്പെടുന്ന പ്രദേശത്തിന് മാണിക്കൽ എന്ന പേര് സിദ്ധിച്ചത്. വെള്ള മാണിക്ക്യക്കല്ലുകളുടെ നാട് എന്ന പഴമക്കാരുടെ വാമൊഴി പിന്നീട് വെള്ളാണിക്കൽ എന്നായി മാറിയതാണെന്ന് വിശ്വസിക്കുന്നു. പഞ്ചായത്ത് രൂപീകരണ സമയത്ത് ഈ വാർഡിൻ്റെ മാണിക്കൽ എന്ന പേര് പഞ്ചായത്തിനും ലഭിച്ചു. ഇതൊരു ഗോത്രവർഗ്ഗ വാർഡു കൂടിയാണ്. കാണി സമുദായത്തിൽപ്പെട്ട ഏഴോളം കുടുംബങ്ങളാണ് ഈ വാർഡിൽ താമസിക്കുന്നത്. ഇവർക്ക് ഒരു ഊരുകൂട്ടവും, ഈ ഊരുകൂട്ടത്തിന് ഒരു ഊരുമൂപ്പനുമുണ്ട്. ഊരുമൂപ്പനും വെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളിലെ മുഖ്യപൂജാരിയുമായിരുന്ന ശ്രീ സോമൻ കാണി രണ്ടു മാസം മുൻപാണ് അന്തരിച്ചത്. പുതിയ ഊരുമൂപ്പനെ തിരഞ്ഞെടുത്തിട്ടില്ല. === *
പാറമുകൾ ആയിരവല്ലി തമ്പുരാൻ ക്ഷേത്രം
===
ദക്ഷിണ കേരളത്തിലെ കാണിക്കാർ പൂജിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നായ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഐതീഹ്യങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരിടമാണ് വെള്ളാണിക്കൽ പാറമുകൾ. ക്ഷേത്രം സ്ഥിതിചെയ്യുന്ന മലയുടെ താഴ്‌വാരത്തിലുള്ള ഗുഹയുടെ കഥ മറ്റൊരു പ്രശസ്ത ക്ഷേത്രമായ വേങ്കമല ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പണ്ട് സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് പോയ രാമലക്ഷ്മണൻമാരും സംഘവും സഞ്ചരിച്ച രഥത്തിന്റെ ചക്രം (wheel) പതിഞ്ഞുണ്ടായതെന്നു വിശ്വസിക്കപ്പെടുന്ന അടയാളങ്ങളും ഇവിടെ കാണാൻ കഴിയും. വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം പാറമുകൾ ശ്രീ തമ്പുരാനെ കാണുവാൻ ദേവി കാണിക്കാരായ ക്ഷേത്ര പൂജാരികൾക്കൊപ്പം പാറമുകൾ അമ്പലത്തിലേക്ക് എഴുന്നെള്ളുന്നുണ്ട്."
- ക്രിസ്ത്യൻ ദേവാലയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
- ജി. എൽ. പി. എസ് വെള്ളാണിക്കൽ
- അംഗൻവാടികൾ
ചിത്രശാല
-
Vellanickall kazhchakal
-
Vellanickall Beauty
-
Vellanickal GUHA