എ.എൽ.പി.എസ്. തോക്കാംപാറ/എന്റെ വിദ്യാലയം
ചീനിക്കായ്കൾ മണക്കുന്ന ആദിവിദ്യാലയ സ്മൃതികൾ
ജാസ്മിൻ വി
അമ്മയുടെ വീട് പോലെയാണ് ആദിവിദ്യാലയങ്ങൾ. ഇഴഞ്ഞു നടക്കുന്ന പുഴുക്കൾക്ക് ചിറകുകൾ മുളച്ച് പൂമ്പാറ്റകളാകുന്ന ഇടങ്ങൾ. ഗൃഹാതുരമായ ഒരനുഭവം. ഒന്നു കണ്ണടച്ചാൽ മതി, മനസ്സ് അവിടെയെത്തും. പിന്നെയുള്ളത് ഒരൊഴുക്കാണ്. ഓരോ മുക്കിലും, മൂലയിലും, കല്ലിലും, മുള്ളിലും വരെ ഒരായിരം കഥകൾ നിറഞ്ഞിടത്ത് ഒഴുകാതെയിരിക്കാനാവുമോ?
1988-ൽ ഒന്നാം ക്ലാസിൽ ചേരുന്നതിന് മുമ്പ്, തോക്കാം പാറ എ.എൽ.പി സ്കൂളിന്റെ ഭാഗമായിരുന്നു ഞാൻ. "ചേർക്കാതെ സ്കൂളിൽ" പോകലും മൂത്ത കുട്ടികളോടൊപ്പം ക്ലാസിൽ ഇരിക്കലും അന്ന് അത്രയും പാപകരമായി കണക്കാക്കപ്പെട്ടിരുന്നില്ല. ഒരു പെരുമഴയിൽ, സുജാത ടീച്ചറോടൊപ്പം ആനക്കുടയിലെ സവാരി ഓഫീസ് മുറിയിൽ നിന്ന് കിണറിനപ്പുറത്തുള്ള ക്ലാസിലേക്ക് നടന്നപ്പോൾ, ടീച്ചറെ വളരെ പ്രിയമുള്ള കുട്ടിയുടെ കൈത്തണ്ട പിടിച്ചുകൊണ്ട് നടക്കുമ്പോൾ, പുറത്തുള്ളതിനേക്കാൾ തീവ്രമായൊരു മഴ അകത്തും പെയ്യുന്നുണ്ടെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.
പാപ്പച്ചൻ മാഷ് ഹെഡ്മാഷാകുന്നതും, വിജയൻ മാഷും സാജു മാഷും വർഗീസ് മാഷും അധ്യാപകരായി വരുന്നതും ആ കാലത്താണ്. പാപ്പച്ചൻ മാഷിന്റെ ഒന്നാം ക്ലാസും ഓഫീസ് മുറിയും കിണറിനപ്പുറത്തായിരുന്നു.
ഓരോ ക്ലാസിനും പ്രത്യേകം വാതിലുകളില്ലാത്തതിനാൽ, ഒന്നാം ക്ലാസിലൂടെ കയറിയാൽ 3A, 3B, 4C എന്നിവയിലൂടെ ചുറ്റിക്കറങ്ങി പുറത്തിറങ്ങാമായിരുന്നു. 4C-യ്ക്കടുത്തായിരുന്നു കാളിയമ്മയുടെ കഞ്ഞിപ്പുര. പേരിലെന്നപോലെ, രണ്ടുമാത്രമേൽ ഗാഢമായി ഇഴുകിച്ചേർന്നിരുന്നു.
മദ്രസ്സയില്ലാത്ത ദിവസങ്ങളിൽ മാത്രമേ സ്കൂളിൽ ആദ്യം എത്താനാകുമായിരുന്നുള്ളൂ. അപ്പോഴേക്കും കാളിയമ്മയുടെ കഞ്ഞിപ്പുരയുടെ മുകളിൽ പുകക്കൂട്ടങ്ങൾ കാണാനാകും. ചകിരിക്കുന്നിനപ്പുറം കുനിഞ്ഞു നിന്ന് മുന്നിലെ കലത്തിൽ കാളിയമ്മ എന്തോ ഇളക്കുന്നുണ്ടാകും. എത്തി നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല. അവിടം കാളിയമ്മയുടെ സാമ്രാജ്യമായിരുന്നു. രണ്ടാം ക്ലാസിലെ രണ്ടാം പിരീഡിൽ, അലൂമിയ പാത്രത്തിലേക്ക് അരിയും ചെറുപയറും ചറപറാ വീഴുന്നതിനിടയിൽ കാളിയമ്മയുടെ ശബ്ദം കേൾക്കാമായിരുന്നു. വെന്ത പയറിന്റെ മണം വരുമ്പോൾ ഓർമ്മകൾ വീണ്ടും കഞ്ഞിപ്പുരയിലേക്ക് ഓടും.
വരിനിന്ന പാത്രത്തിന്റെ അടപ്പിൽ പയറ് വാങ്ങുമ്പോൾ, ടീച്ചർമാർ ഓർമ്മപ്പെടുത്തും: "കഞ്ഞി വാങ്ങുന്നവർക്കേ പയറുള്ളൂ" എന്ന്. ആ ചെറുപയറിനോടൊപ്പം ഓർമ്മകളുടെ നിറവും സ്വാദും വരും.
കഞ്ഞി പൈസ 2 രൂപ കൊടുക്കുമ്പോൾ, ഇതൊക്കെ കാളിയമ്മക്കുള്ളതാണെന്നും, കാളിയമ്മയുടെ കയ്യിൽ എത്ര 2 രൂപകളുണ്ടാകുമെന്നുമായിരുന്നു കണക്കുകൂട്ടൽ. ഇത്രയും കുട്ടികൾക്ക് കുനിഞ്ഞു നിന്ന് കഞ്ഞിയും പയറും വിളമ്പിയിട്ടാവും കാളിയമ്മ കുനിഞ്ഞു പോയതും.
കുട്ടികളോട് ആരോടും കാളിയമ്മ വലിയ അടുപ്പം കാട്ടാറില്ല. വേഷം എന്നും മുണ്ടും ബ്ലൗസും മാത്രം. ഹെഡ്മാസ്റ്ററായ പാപ്പച്ചൻ മാഷ് കാളിയമ്മയെ വിളിക്കുമ്പോൾ, മാഷിനും അമ്മയാണോ എന്ന് തോന്നിയിട്ടുണ്ട്. കുട്ടിയാകുമ്പോഴും കാളിയമ്മയുടെ പേരിൽ അമ്മയുണ്ടായിരുന്നോ എന്ന് ഞങ്ങൾ കുട്ടികൾ തമ്മിൽ ചോദിച്ചിരുന്നു.
സ്കൂളിന്റെ തൊട്ടടുത്തായിരുന്നു കാളിയമ്മയുടെ വീട്. മുറ്റത്തിന്റെ അരികിൽ നിറഞ്ഞ് പൂത്തു നിൽക്കുന്ന ചെടികളും ഓണപ്പൂക്കളവും കാണാൻ മതിലരികിൽ നിന്ന് എത്തി നോക്കാറുണ്ടായിരുന്നു കുട്ടികൾ. മതിലിനോട് ചേർന്ന പൂമരം നാലാം ക്ലാസിന്റെ ഓട്ടിന് പുറത്തുവന്ന് തൊടാറുമുണ്ടായിരുന്നു. സ്കൂളിനും വീടിനുമിടയിൽ, കാളിയമ്മക്കായി പ്രകൃതി വിരിച്ച പൂപ്പാലം പോലെ.
ഓർമ്മയിൽ എന്റെ വിദ്യാലയം
അർമിൻ അംജദ്
ഒരു സ്കൂൾ മാറ്റത്തിന്റെ സങ്കടത്തിലാണ് ഞാൻ എ എൽ പി സ്കൂൾ തോക്കാംപാറയിൽ എത്തുന്നത്. അമ്മയുടെ സ്ഥലം മാറ്റം എന്നത് എനിക്കും അനിയത്തിക്കും ഒരു പറിച്ചുനടലാണ്. സ്നേഹനിധികളായ അദ്ധ്യാപകരും കൂട്ടുകാരും നിറഞ്ഞ കോട്ടയം ജില്ലയിലെ വൈക്കം കുളശേഖരമംഗലം സ്കൂളിൽ നിന്നുമായിരുന്നു ഞാനും എന്റെ കുഞ്ഞനുജത്തിയും ഇവിടെ എത്തിയത്. ഒരു അധ്യയന വർഷം പകുതിയിലാണ് ഞാൻ മൂന്നാം ക്ലാസിലും അനിയത്തി എൽ കെ ജി യിലുമായി എത്തിയത്. പെട്ടെന്ന് പുതിയ ഒരു ജില്ലയിലേക്ക്, പുതിയ സ്കൂളിലേക്ക്... ഭാഷയും രീതിയും വ്യത്യസ്തമായ ഒരു സ്ഥലം.
ഞാനും മറ്റു കുട്ടികളെപ്പോലെ മലയാളമാണ് സംസാരിക്കുന്നതെങ്കിലും, ഞാൻ കേൾക്കാത്ത പല വാക്കുകളും, ഒരു മൂളലിൽ പോലും അർത്ഥം മാറുന്ന ഭാഷാശൈലിയും... ആകെ പ്രശ്നങ്ങൾ... ആർക്കും മനസ്സിലാകാത്ത നൂറുനൂറു പ്രശ്നങ്ങൾ... അതിനെ മറികടക്കാൻ ഞാൻ ചില കുറുമ്പുകൾ കാട്ടിത്തുടങ്ങി. ക്ലാസ് ടീച്ചർ ഫസീല ടീച്ചർക്കും ചെറിയ തലവേദനയായി. എന്റെ സങ്കടങ്ങൾ അമ്മയോട് പറഞ്ഞു. അല്ലാതെ ആരോട് പറയാൻ... അമ്മ പ്രശ്നം ടീച്ചറിന് മുമ്പാകെ അവതരിപ്പിച്ചു. പിന്നീട് ടീച്ചർ എന്നെ ചേർത്തുനിർത്തി. ഞാൻ തിരിച്ചുവന്നു.
LKG-യിലെ ടീച്ചർ എന്റെ അനിയത്തിയെ ഒരു അമ്മയെപ്പോലെ സ്നേഹത്തോടെ സ്കൂളിലേക്ക് ചേർത്തു. നാലാം ക്ലാസിലെ എന്റെ ടീച്ചർ ദിവ്യ ടീച്ചറായിരുന്നു. ടീച്ചർ എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. ആ സമയത്താണ് കോറോണ എന്ന ഭീകരന്റെ വരവ്... ഫോണിലെ ശബ്ദമായി ദിവ്യ ടീച്ചർ എന്റെ അടുത്തേക്ക് എപ്പോഴും എത്തി... നാലാം ക്ലാസിലെ ഏറ്റവും വലിയ വെല്ലുവിളി എൽ എസ് എസ് പരീക്ഷയായിരുന്നു. പ്രിയപ്പെട്ട അധ്യാപകരുടെ പിന്തുണയോടെ അതും നേടാൻ കഴിഞ്ഞു. ആ നേട്ടത്തിന് പ്രിയ ജയകൃഷ്ണൻ മാഷുടെ പിന്തുണ ഒരിക്കലും മറക്കില്ല.
എ എൽ പി എസ് തോക്കാംപാറ എന്നു പറയുമ്പോൾ സ്കൂൾ മുറ്റത്ത് നിലക്കുന്ന അത്തിമരമാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. തണൽ വിരിച്ച് തലയെടുപ്പോടെയുള്ള ആ നില്പ് തന്നെ കുളിരുള്ള ഒരോർമ്മയാണ്... അത്തിമരത്തിന്റെ കൊമ്പിലെ കാക്കക്കൂടും അതിലെ കാക്കമ്മയും കുഞ്ഞുങ്ങളും, അൽപസ്വല്പം കവിത എഴുതുന്ന എന്നെ എപ്പോഴും ക്ലാസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു. കാക്കമ്മയുടെ കുഞ്ഞുങ്ങളോടുള്ള കരുതലുപോലെ ഞങ്ങളെ ചേർത്തുപിടിച്ച പ്രിയ അദ്ധ്യാപകർ തന്ന സ്നേഹവും കരുതലും, അത്തിമരത്തിന്റെ തണലുപോലെ, സ്കൂൾ മുറ്റത്തെ കിണർവെള്ളത്തിന്റെ കുളിരുപോലെ, ജീവിതത്തിൽ എന്നും മറക്കാത്ത അനുഭവമായി പാഠമായി കൂടെയുണ്ടാവും.