എൻ എസ്സ് എസ്സ് യൂ പി സ്കുൾ മുഖത്തല/എന്റെ ഗ്രാമം
മുഖത്തല
കേരളത്തിലെ കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്പരിധിയിലാണ് മുഖത്തല ഉൾപ്പെടുന്നത്.
ഭൂമിശാസ്ത്രം
കൊല്ലം നഗരത്തിൽ നിന്നും 9 കി.മീ അകലെയായിട്ടാണ് മുഖത്തലഗ്രാമം സ്ഥിതിചെയ്യുന്നത്. ജില്ലയുടെ തീരമേഖലയെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കൊല്ലം-ആയൂർ റോഡ് മുഖത്തലയിലൂടെ കടന്നുപോകുന്നു.
പ്രധാന സ്ഥലങ്ങൾ
- ഡീസന്റ് ജംഗ്ഷൻ സർവീസ് സഹകരണബാങ്ക്
- മുഖത്തല വില്ലേജ് ഓഫീസ്
- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്
- തൃക്കോവിൽവട്ടം സർവ്വീസ് സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
- വെട്ടിലാക്കാവ് ദേവീ ക്ഷേത്രം.
- കരിനാട്ട് കോണത്തു ഭദ്രകാളീ ക്ഷേത്രം
- മുഖത്തല ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
- ഓലയിൽകാവ് ധർമ്മശാസ്താക്ഷേത്രം
- ദറുസ്സലം മസ്ജിദ്
- ചിറ്റിലക്കാട്ട് ദേവീക്ഷേത്രം
- ചെമ്പകശ്ശേരി മഠത്തിലഴികത്ത് ദേവീക്ഷേത്രം
- ശ്രീ പെരുമതി മാടൻകാവ്
വിദ്യാലയങ്ങൾ
- ജി. വി. പി. എൽ. പി. സ്കൂൾ വെറ്റിലത്താഴം
- ഗവ.എൽ പി എസ്,മുഖത്തല
- എൻ എസ് എസ് യു പി എസ്,മുഖത്തല
- എം ജി റ്റി എച്ച് എസ്,മുഖത്തല
- സെന്റ് ജൂഡ് എച്ച് എസ് എസ്
- പീസ് പബ്ളിക് സ്കൂൾ
- നാഷണൽ പബ്ളിക് സ്കൂൾ
- ഇൻഡ്യൻ പബ്ളിക് സ്കൂൾ
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ
- യു.ഐ.ടി. മുഖത്തല
- ക്വയിലോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്.
ലൈബ്രറികൾ
- ശാന്തി ലൈബ്രറി &റീഡിംങ് റൂം
- സ്വരലയ ലൈബ്രറി
- യുവധാര ലൈബ്രറി
മുഖത്തല എന്ന പേരുവരാൻ കാരണം
- രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മുഖത്തല, കണ്ണനല്ലൂർ. മുട്ടക്കാവ്, ഉമയനല്ലൂർ, തുടങ്ങിയ പ്രദേശങ്ങൾ കൊടും വനങ്ങളായിരുന്നു. ജനവാസം കുറഞ്ഞ പ്രദേശത്ത് ഒരു ഭാഗത്ത് കുറച്ചു വീട്ടുകാർ ഒരുമിച്ചു ജീവിച്ചിരുന്നു. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും വന വിഭവങ്ങൾ ശേഖരിച്ചുമൊക്കെയായിരുന്നു അവർ ജീവിച്ചുപോന്നത്. ഒരിക്കൽ എവിടെനിന്നോ മുരൻ എന്ന കൊടുംഭീകരനായ ഒരു അസുരൻ പ്രത്യക്ഷപ്പെട്ടു. തനിച്ചു സഞ്ചരിക്കുന്ന മനുഷ്യരേയും കന്നുകാലികളേയുമൊക്കെ ആ അസുരൻ വകവരുത്താൻ തുടങ്ങിയപ്പോൾ ഭയചകിതരായ ജനങ്ങൾ മഹാവിഷ്ണുവിനെ വിളിച്ചു പ്രാർത്ഥിച്ചു. മുരന്റെ ഭീകരതയിൽനിന്ന് തങ്ങളെ രക്ഷിക്കണേയെന്ന് മനം നൊന്തു യാചിച്ചു.ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്ധ്യാനേരത്ത്, ക്ഷേത്രത്തിന് വടക്കുവ ശത്തുള്ള വടക്കിടത്ത് ഇല്ലത്തേക്ക് തേജോമയനായ ഒരു ബ്രാഹ്മണബാലൻ കടന്നുചെന്നു. അവിടെ ആ സമയം വീട്ടമ്മയായ ബ്രാഹ്മണമാതാവ് മാത്രമെ ഉണ്ടായിരുന്നുള്ളു. അപരിചിതനായ ആ ബ്രാഹ്മണബാലനെ കണ്ടപ്പോൾ, മുരൻ വേഷം മാറി വന്നതാണോ എന്ന ശങ്കയിലാണ്ട് വീട്ടമ്മ ബാലനെ സൂക്ഷിച്ചുനോക്കി. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ബാലൻ ശാന്തഭാവത്തിൽ പറഞ്ഞു: “അമ്മേ… ഭയക്കേണ്ടതില്ല… ഞാൻ കുറെ അകലെനിന്നും വരികയാണ്. ഇനിയും കുറേദൂരം പോകാനുണ്ട്. പക്ഷേ ഇവിടെ എത്തിയപ്പോൾ നേരം ഇരുട്ടിത്തുടങ്ങി. അതുകൊണ്ട് ഈ രാത്രിയിൽ ഇവിടെ തങ്ങാനനുവദിക്കണം. നാളെ രാവിലെ തന്നെ പൊയ്ക്കോളാം. ബാലന്റെ സംസാരത്തിൽ നിന്നും അവൻ മുരനല്ല എന്നു മനസ്സിലാക്കിയ ബ്രാഹ്മണമാതാവ് അവന് ഭക്ഷണവും അന്നത്തെ ദിവസം അവിടെ താമസിക്കുവാനുള്ള അനുവാദവും നൽകി. എന്നാൽ ആ മാതാവ് എത്ര നിർബന്ധിച്ചിട്ടും മുരന്റെ ക്രൂരതയെപ്പറ്റി വിശദീകരിച്ചിട്ടും അകത്തുകയറി കിടക്കാൻ ബാലൻ തയ്യാറായില്ല. തന്റെ കൊച്ചുമകന്റെ പ്രായം മാത്രമുള്ള ബാലനെ വരാന്തയിൽ തനിച്ചു കിടത്തുന്നതിൽ ഒട്ടും തൃപ്തയല്ലാതിരുന്ന ബ്രാഹ്മണമാതാവിന് പക്ഷേ ഉറക്കം വന്നില്ല. കുറച്ചുകൂടി കഴിയുമ്പോൾ മുരൻ വരുമെന്നും ബാലനെ ക്രൂരമായി കൊലപ്പെടുത്തുമെന്നുമൊക്കെയുള്ള ചിന്ത അവരെ ഉറങ്ങാനനുവദിച്ചില്ല. അവന് ഒരാപത്തും സംഭവിക്കരുതേ എന്നുള്ള പ്രാർത്ഥനയുമായി അവർ ഉറങ്ങാതെ കിടന്നു. സമയം കുറെക്കൂടി കഴിഞ്ഞപ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറുള്ള അലർച്ചയും ഇടിമുഴക്കം പോലുള്ള ശബ്ദവും കേട്ട് ജനങ്ങളാകെ ഞെട്ടിയുണർന്നു. പക്ഷിമൃഗാദികളുടെ വികൃതശബ്ദവും മരങ്ങൾ കടപുഴകിവീഴുന്നതുമൊക്കെ കേട്ട് ജനങ്ങൾ ഭീതികൊണ്ട് പുറത്തിറങ്ങിയില്ല. ലോകം അവസാനിക്കുവാൻ പോവുകയാണെന്നും അടുത്ത പ്രഭാതം കാണുവാൻ തങ്ങളാരും ഉണ്ടാകില്ലെന്നും, ഉറപ്പിച്ച അവർ, അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി. ക്രമേണ ശബ്ദഭീകരത കുറഞ്ഞുകുറഞ്ഞു വന്നു.പിറ്റേന്ന് എന്താണ് സംഭവി ച്ചതെന്നറിയാൻ അന്വേഷണം ആരംഭിച്ച അവരൊക്കെയും ആ കാഴ്ചകണ്ട് ഭയത്തോടും അമ്പരപ്പോടും സന്തോഷത്തോടും കൂടി സ്തബ്ധരായി നിന്നുപോയി. തലേന്നുവരെ തങ്ങളുടെ പേടിസ്വപ്നമായിരുന്ന മുരനെന്ന അസുരന്റെ ഭീമാകാരമായ ശരീരം ഛിന്നഭിന്നമായി പൊട്ടിച്ചിതറിത്തെറിച്ചു കിടക്കുന്നു. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറിയപ്പോൾ, ആരായിരിക്കും മുരന് ഘാതകനായി മാറിയത് എന്നുള്ള ചിന്തയായി ജനങ്ങൾക്ക്. അപ്പോഴാണ് വടക്കിടത്ത് ഇല്ലത്തെ ബ്രാഹ്മണമാതാവ് തലേദിവസം സന്ധ്യയ്ക്ക് ഒരു ബാലൻ തന്റെ വീട്ടിലെത്തുകയും, എത്ര നിർബന്ധിച്ചിട്ടും അകത്തുകിടക്കാതെ വരാന്തയിൽ തന്നെ കിടന്ന കാര്യവും പറഞ്ഞത്. അതോടെ ഒരു കാര്യം എല്ലാവർക്കും പിടികിട്ടി. ആ ബാലൻ മറ്റാരുമായിരുന്നില്ല. തങ്ങളുടെ പ്രാർത്ഥന കേട്ട്, മുരാസുരനിൽനിന്നും തങ്ങളെ രക്ഷിക്കുവാനായി ഭഗവാൻ മഹാവിഷ്ണു ബാലകവേഷത്തിലെത്തിയതാണ്. അതോടെ, നാടിന്റെ രക്ഷകനായി വന്ന്, മുരനെ വധിച്ച ഹരിയെ ശ്രീകോവിൽ പണിത് കുടിയിരുത്തി ആരാധിക്കണമെന്ന് അവർ തീരുമാനിക്കുകയും, അതനുസരിച്ച് ക്ഷേത്രം പണിത് ചതുർബാഹുവായ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം. അതോടെ മുരനെ ഹരിച്ച ഹരി മുരഹരിയുമായി, മുഖവും തലയും വീണ സ്ഥലം മുഖത്തലയുമായി. കണ്ണുവീണ സ്ഥലം കണ്ണനല്ലൂരും, മുട്ടുവീണ സ്ഥലം മുട്ടക്കാവും, ഇമവീണിടം ഉമയനല്ലൂരും, ചോര വീണിടം ചോര ക്കോണവും(ചേരിക്കോണം) ആയി അറിയപ്പെടുന്നു.