എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2024-25
പ്രവർത്തനങ്ങൾ
എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ

നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമായയാണ് സ്കൂളുകളിൽ എക്കോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ജൂൺ മാസം അഞ്ചാം തീയതി നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷെറിൻ ടീച്ചറിന്റെയും ജെസ്‌ലറ്റ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ 40 അംഗങ്ങളാണ് എക്കോ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ തൊട്ടറിയാൻ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച നേച്ചർ വാക്ക് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ കുട്ടികൾ നിർമ്മിച്ചു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട എസ്സേ റൈറ്റിംഗും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിലെ മീൻകുളം വൃത്തിയാക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ പ്രത്യേക വേസ്റ്റ് ബെന്നികൾ സ്ഥാപിച്ച ഉപയോഗം കഴിഞ്ഞ പേനകൾ അതിൽ ശേഖരിക്കുന്നു. അതുപോലെതന്നെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.
ജൈവവൈവിധ്യ ക്ലബ്
നമ്മുടെ പ്രകൃതിയും അതിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലാ ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും ഇതിൽപ്പെടുന്നു. കൂടുതൽ ജൈവവൈവിധ്യമുണ്ടെങ്കിൽ ആവാസ വ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ധൃതഗതിയിലുള്ള ലോകത്തിന്റെ മാറ്റം ജൈവവൈവിധ്യത്തിന് തകർച്ചയ്ക്ക് കാരണമാകുന്നു. ഭൂമിയിൽ മുൻപ് ഉണ്ടായിരുന്ന ജൈവവൈവിധ്യത്തിന്റെ 1% മാത്രമേ ഇന്നുള്ളൂ. പുതുതലമുറ പ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ പ്രകൃതി ഭാവിയിൽ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളുകളിൽ ജൈവവൈവിധ്യ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടന്നു.സ്കൂൾ ഹെഡ്‍മിസ്‍ട്രസ് സിസ്റ്റർ ക്രിസ്റ്റീന ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജിസറിന്റെയും അനുപമ അസിസ്റ്റന്റ് നേതൃത്വത്തിലാണ് ഈ വർഷത്തെ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. നമ്മുടെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്രകൃതിയെയും മണ്ണിനെയും തൊട്ടറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കി നേച്ചർ വാക്ക് സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. സ്കൂളിലുള്ള മീൻകുളം ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പച്ചക്കറി കൃഷിയും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഴ്ചയിൽ ഒരു ദിവസം കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റാൻ ഈ ക്ലബ്ബിലൂടെ കഴിയുന്നു. ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ തെയിംസ് കുട്ടി മാളിയേക്കലുമായി കുട്ടികൾ അഭിമുഖം നടത്തി. കുട്ടികൾ ജൈവകൃഷിരീതിയെക്കുറിച്ചും വിവിധതരത്തിലുള്ള മണ്ണിനങ്ങളെക്കുറിച്ചും വിവിധ വളങ്ങളെക്കുറിച്ചും ഓരോ കൃഷിക്കും അനുയോജ്യമായ കാലാവസ്ഥയെ കുറിച്ചും എല്ലാം സംശയങ്ങൾ ചോദിച്ചു. അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകി. ബഡ്ഡിംഗ്,ലയറിംഗ്,ഗ്രാഫ്റ്റിംഗ് എന്നിവ എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ശ്രീ തെയിംസ് കുട്ടി കാണിച്ചുകൊടുത്തു. പ്രകൃതിയും പരിസ്ഥിതിയും അതിലുള്ള ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നല്ല രീതിയിൽ ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്.
പ്രകൃതിയുടെ സ്പന്ദനങ്ങൾ തൊട്ടറിയാൻ പ്രകൃതി സഹവാസ ക്യാമ്പ്

എക്കോ ക്ലബ്ബിലെ അംഗങ്ങൾക്കായുള്ള ഒരു പ്രകൃതി സഹവാസ ക്യാമ്പ് 23 -8-2024 ക്ലാസിക് എക്കോസ് സ്റ്റഡി സെന്റർ ചെമ്പകപ്പാറയിൽ വച്ച് നടത്തപ്പെട്ടു. നമ്പർ ഉദ്ഘാടനം ചെയ്തത് ഇടുക്കി ജില്ല എക്സൈസ് കമ്മീഷണർ എസ് ജയചന്ദ്രൻ സാർ ആയിരുന്നു.തുടർന്ന് ക്ലാസ് നയിച്ചത് ഇടുക്കി ജില്ല വിമുക്തി നോഡൽ ഓഫീസർ സാബു സാർ ആയിരുന്നു. രണ്ടാമത്തെ ദിവസം രാവിലെ സെൽഫ് ഡിഫൻസ് ക്ലാസും യോഗ ക്ലാസും ഉണ്ടായിരുന്നു. പിന്നീട് തങ്കമണി സഹകരണ സൊസൈറ്റിയുടെ ടീ ഫാക്ടറി സന്ദർശിക്കുവാൻ പോയി. ക്യാമ്പ് നടന്ന ക്ലാസിക് എക്കോസ് സ്റ്റഡീസ് സെന്റർ വിവിധങ്ങളായ സസ്യലതാദികൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നു. ക്ലാസിക് എക്കോ സ്റ്റഡി സെന്ററിൽ നൂറിലധികം ഔഷധസസ്യങ്ങളും വിവിധയിനം 50 മരങ്ങളും അഞ്ജനത്തിൽപ്പെട്ട മുള സസ്യങ്ങളും മറ്റ് അനേകം സസ്യജാലങ്ങളും ഉണ്ടായിരുന്നു. ഒരുപാട് അപൂർവയിനം സസ്യങ്ങൾ കൊണ്ട് നിറഞ്ഞ അതിമനോഹരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. കുട്ടികൾക്ക് ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ കണ്ടു മനസ്സിലാക്കാനും അതിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കാനും സാധിച്ചു. പിന്നീട് ട്രക്കിംഗ് ആയിരുന്നു 24 മണിക്കൂറും 25 കിലോമീറ്റർ അധികം കാറ്റ് സഞ്ചരിക്കുന്ന കുരിശുമലയിലേക്ക് ആയിരുന്നു ട്രക്കിംഗ്. കാടിന്റെ ശാന്തതയും സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ഒരു യാത്രയായിരുന്നു അത്. പുൽമേടുകളിൽ സമ്പുഷ്ടമായ വനപ്രദേശം ആയിരുന്നു അവിടം. 24ആം തീയതി വൈകുന്നേരം കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും ഉണ്ടായിരുന്നു. 25 തീയതി ഇടുക്കി ജില്ലയുടെ പ്രത്യേകതകളെ കുറിച്ച് ജോലി സാർ വളരെ വിജ്ഞാനപ്രദമായ ക്ലാസ് നയിച്ചു. അന്നേദിവസം ഉച്ചഭക്ഷണത്തോടെ ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്ക് പ്രകൃതിയെ തൊട്ട് അറിയാനും മനസ്സിലാക്കാനും ഒരുപാട് സഹായിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇത് എന്ന് നിസംശയം പറയാൻ സാധിക്കും. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും സമ്മാനിച്ച മനോഹരമായ ഒരു ക്യാമ്പ് ആയിരുന്നു ഇത്.
ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം

മാലിന്യമുക്തം കേരളം പരിപാടിയുടെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കും ചിട്ടയും ആയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കാൻ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 25 ഓളം പ്രത്യേകം വേസ്റ്റ് ബിന്നുകൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നു. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കുട്ടികൾ തന്നെ കൃത്യമായി തരംതിരിച്ച് ചാക്കുകളിൽ ആക്കി ഹരിത കർമ്മ സേന അംഗങ്ങളെ ഏൽപ്പിക്കുന്നു. നമ്മുടെ സ്കൂൾ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആയി മാറിയതിൽ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വലുതാണ്.