എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/എന്റെ ഗ്രാമം
നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുതൽ മലപ്പുറം ജില്ലയിലെ പൊന്നാനിവരെ നീണ്ടു കിടക്കുന്നു.
അതിരുകൾ
കിഴക്ക്: ആലങ്കോട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത്
തെക്ക്: പെരുമ്പടപ്പ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തുകൾ
വടക്ക്: എടപ്പാൾ, ആലങ്കോട് ഗ്രാമപഞ്ചായത്തുകൾ
ഭൂമിശാസ്ത്രം
17 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൻ്റെ 3 ഭാഗവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കു കയാണ്. അതുല്യവും വൈവിധ്യപൂർണ്ണവും അമൂല്യവുമായ ജൈവപരിസ്ഥിതി ഉറപ്പുവരുത്തുന്നതിലും കൃഷിയും അനുബന്ധമേഖലകളി ലുമായി ആയിരകണക്കിന് ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലൊന്നാകെ കുടിവെള്ളവും ഭൂഗർഭജലവിധാനവും ഉറപ്പുവരുത്തുന്നതിനും ഈ കോൾ നിലങ്ങൾ സഹായിക്കുന്നു. വിശാലമായ കോൾനിലങ്ങളോട് ചേർന്ന് കിടക്കുന്ന കരഭൂമിയൊട്ടാകെ കർഷകരും തൊഴിലാളികളുടേയും അധ്വാനത്തിൻ്റെ സ്‌മാരകശിലകളെപ്പോൽ തെങ്ങ്, കവുങ്ങ് തോട്ടങ്ങളും കാണപ്പെടുന്നു. കായലോരത്തെ പൂക്കൈതകാടുകളിലെ സുഗന്ധം പേറി വരുന്ന ഇളംകാറ്റിൽ നാടൊട്ടുക്കും നറുമണം പരത്തിയിരുന്നതിനാൽ 'സുഗന്ധമൂല' എന്നർത്ഥത്തിൽ നല്ല മണമുള്ള മുക്ക് കാലാന്തരത്തിൽ നന്നംമുക്ക് ആയി പരിണമിച്ചു എന്നാണ് നാടിൻ്റെ പേര് സംബന്ധിച്ച് പഴമക്കാർ പറയുന്നത്.
നന്നംമുക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങളുണ്ട്. അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന ശ്രീശങ്കരൻ്റെ പാദസ്‌പർശംകൊണ്ട് പവിത്രമാണ് ഈ മണ്ണ്. ആചാര്യസ്വാമികൾ സ്ഥാപിച്ച ആറ് ക്ഷേത്രങ്ങൾ ഈ പഞ്ചായത്തിലുണ്ട്. മൂക്കുതലയിലെ കണ്ണേങ്കാവ്, മേലേക്കാവ്, തെക്കേശ്വരം, കിഴേക്കാവ്, കരുവാട്ട്കാവ് എന്നിവ ആചാര്യസ്വാമികൾ സ്ഥാപിച്ചതാണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കാണുന്നു. ഉദ്ദണ്ഡശാസ്ത്രികളുടേയും മേല്‌പത്തൂരിൻറേയും പൂന്താനത്തിൻറേയും കാക്കശ്ശേരി ഭട്ടതിരിയുടേയും പാദസ്പർശം ഈ മണ്ണിലുണ്ടായി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഇടയ്ക്കിടെ ഈ പ്രദേശത്ത് വന്ന് മേലേക്കാവിലമ്മയെ ഭജിക്കാറുണ്ടായിരുന്നു. ഉദ്ദണ്ഡശാസ്ത്രിയുടെ “നീ തൻ കവിമല്ലൻ" എന്ന പ്രശംസക്ക് പാത്രമായ ശങ്കരമാരാരും ഈ പ്രദേശത്തുകാരനായിരുന്നു. ഐതിഹ്യപ്രസിദ്ധമായ ഒട്ടനവധി മുസ്ലീം പള്ളികളും മൂക്കുതല മാർത്തോമ പള്ളിയും എടുത്തു പറയത്തക്ക ദേവാലയങ്ങളാണ്.
ഭൂമിയുടെ ബഹുഭൂരിഭാഗവും ഏതാനും ജന്മികുടുംബങ്ങളുടേതായിരുന്നു. പകരാവൂർ മന, ഏർക്കര മന, ആഴ്വാഞ്ചേരി മന, കാഞ്ഞിയൂർ മന, പന്താവൂർ - മംഗലത്തേരി മനകൾ, പുല്ലാ നമ്പള്ളി മന, മുല്ലപ്പള്ളി മന, വിരളിപ്പുറത്ത് മന എന്നിവരുടെ കൈവശമായിരുന്നു ഭൂമിയിലധി കവും. കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ അതിശക്തമായ സമരം ഭൂമിക്കുവേണ്ടി ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. ഭൂപരിഷ്‌കരണനിയമം സാധാരണക്കാരൻ്റെ ചിരകാലസ്വപ്നം സാക്ഷാത്‌കരിച്ചുകൊണ്ട് അവരെ ഭൂവുടമളാക്കി കൃഷിഭൂമിയുടെ ഉടമാവകാശം സാമൂഹ്യബന്ധങ്ങളിൽ വരുത്തിയ മാറ്റം ചെറുതല്ല.