എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
 പഴയ വള്ളുവനാടു താലൂക്കിലെ ഏറ്റവും വലിയ അംശങ്ങളിൽ ഒന്നാണ് ചുനങ്ങാട്. ഏറ്റവും നല്ല മലയാളഭാഷ സംസാരിക്കുന്ന പ്രദേശമെന്ന് പുകൾപെറ്റ വള്ളുവനാടിൻ്റെ സാംസ്ക്കാരിക പാരമ്പര്യം ഈ പ്രദേശം നിലനിർത്തിപ്പോന്നിട്ടുണ്ട്. ഒറ്റപ്പാലം ടൗണിൽ നിന്നും ഉദ്ദേശം ഒരു നാഴിക വടക്കുനിന്നാരംഭിയ്ക്കുന്ന ചുനങ്ങാടിന്റെ വടക്കെ അതിർത്തി അനങ്ങൻമലയുടെ ഫലഭൂയിഷ്‌ഠമായ താഴ്വ‌രകളാണ്. വില്ലേജുകൾ പുനഃ സംഘടിപ്പിയ്ക്ക പ്പെട്ടപ്പോൾ ചുനങ്ങാട് അമ്പലപ്പാറ പഞ്ചായത്തിന്റെ ഭാഗമായിത്തീർന്നു.

വിദ്യാഭ്യാസ സാംസ്ക്‌കാരിക രംഗങ്ങളിൽ പുരാതനകാലം മുതൽക്കുതന്നെ ഈ പ്രദേശം പ്രശസ്തി നേടിയിരുന്നു. ഇവിടെയുള്ള കാഞ്ഞൂർ മനയും മുരിയത്ത് വാരിയവും ഇക്കാര്യത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. യശഃശരീരനായ മൂരിയത്ത് ശങ്കുണ്ണി വാരിയർ 1904 ൽ സ്ഥാപിച്ചതാണഎം.എസ്.വി.എം.യു.പി.സ്ക്കൂൾ. ആദ്യ കാലത്ത്, വാരിയത്തെ മുറ്റത്തുള്ള കൊയ്‌തു മെതിക്കുന്ന കൊട്ടിലിലായിരുന്നു സ്ക്കൂളിൻ്റെ പ്രവർത്തനം. 1910 ൽ സ്വന്തമായൊരു കെട്ടിടം ഇന്നത്തെ വളപ്പിൽത്തന്നെ തുടങ്ങി. കൂടെ ജനോപകാരപ്രദമായ ഒരു പോസ്റ്റോഫീസും ഉണ്ടായിരുന്നു. 1911 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. 1930 കളിൽ ഒരു കിലോമീറ്റർ കിഴക്കുമാറി, ക്രിസ്‌തീയ സന്ന്യാസിനിമാരുടെ മേൽനോട്ടത്തിൽ പ്രവർത്തി ച്ചിരുന്ന പെൺകുട്ടികൾക്കുമാത്രമുള്ള പ്രാഥമികവിദ്യാലയം പ്രവർത്തനം നിർത്തിയതോടെ അവിടെ പഠിച്ചിരുന്ന വിദ്യാർത്ഥിനികൾക്കുകൂടി ഇവിടെ പ്രവേശനം നൽകി സ്ക്കൂൾ വിപുലമാക്കി.