ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/savadthangalkunju

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയമുത്തശ്ശി കഥ പറയുമ്പോൾ

മക്കളേ, ഞാനൊരു മുതുമുത്തശ്ശി. 160ാം പിറന്നാൾ ആഘോഷിക്കുകയാണ്. കണ്ടാൽ തോന്നില്ല അല്ലേ. എന്റെ സ്നേഹ നിധിയായ മക്കൾ എന്നെ മോടി പിടിപ്പിച്ച് എന്നെ പ്രൗഢയാക്കി എന്തൊരു തലയെടുപ്പാണല്ലേ.ഒരു സങ്കടമുണ്ട്.....എന്റെ മുലപ്പാലുണ്ട് കരുത്തരായ മക്കളിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അലംഘനീയമായ പ്രകൃതി നിയമം മക്കളും പേരമക്കളുമായി ആ കണ്ണികൾ വേരറ്റ് പോകാതെ പടർന്നു പന്തലിക്കുന്നു. ഈമുത്തശ്ശിയുടെ അനുഭവങ്ങളുടെ ആഴം അളക്കാൻ കഴിയില്ല. നാലു ചുവരുകളിൽ ഒരു പ്രൈമറി വിദ്യാലയമായി പിറന്നു.പിന്നീട് പെൺ പള്ളിക്കൂടമായി വളർന്നു. വളർച്ചയുടെ ആദ്യ പടവുകളിൽ പരാധീനതകൾ മാത്രം....ഒറ്റമുണ്ടുടുത്ത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കല്പലകയിൽ തോന്ന്യാക്ഷരങ്ങൾ കുറിച്ച മക്കൾ രണ്ട് മാസത്തെ മൗനം. അപ്പോഴൊക്കെ സ്കൂൾ തുറക്കാൻ കാത്തിരിക്കും. പുതു പുസ്തകങ്ങളുടെ ഹൃദയഹാരിയായ ഗന്ധം.... ഒന്നാം ക്ലാസിന്റെ കാതടപ്പിക്കുന്ന കരച്ചിലുകൾ... കരച്ചിലിലും, ചിരിയിലും കുതിർന്ന കാക്കേ, കാക്കേ കൂടെവിടെ... പ്രാവേ , പ്രാവേ...പോകരുതേ.... തുടങ്ങിയ ആലാപന മാധുര്യങ്ങൾ ജനാല വഴി പാടിഒഴുകുന്ന കുഞ്ചനും തുഞ്ചനും ചങ്ങമ്പുഴയും.... എഞ്ചുവടി ഏറ്റുചൊല്ലുന്ന ദ്രുതതാളം ഉപ്പ്മാവിന്റെ രുചി ഗന്ധം.... പട്ടിണി കരുവാളിപ്പിച്ചുവെങ്കിലും അക്ഷര വെളിച്ചം തെളിയിച്ച മുഖങ്ങൾ എത്രയെത്ര കണ്ണീർ കഥകൾ എത്രയെത്ര വിജയ ഗാഥകൾ എന്റെ ആത്മാക്കളായി വർത്തിച്ച ഗുരുഭൂതന്മാർ കേരള കാളിദാസന്റെ മയൂരം നൃത്തമാടിയ ഈ പുണ്യ ഭൂവിൽ അക്ഷരങ്ങളുടെ ശ്രീകോവിലാകുവാൻ കഴിഞ്ഞത്എന്റെ സൗഭാഗ്യം കൊട്ടാരങ്ങളിലും കോവിലകങ്ങളിലും മുഴങ്ങിയിരുന്ന കൈരളീനാദങ്ങളെ നാട്ടകങ്ങളിലേക്ക് ആനയിച്ച ഈഅക്ഷര ഗോപുരം അനന്തമായ സഞ്ചാരം തുടരുന്നു.അറിവു പകരുക എന്ന മഹനീയ ദൗത്യത്തിനു നിയോഗിക്കപ്പെട്ടതാണ് മക്കളേ എന്റെ ഏറ്റവും വലിയ ചാരിതാർഥ്യംഎന്റെകൈവിരൽ പിടിച്ച് പിച്ചവച്ച മക്കൾ നന്മ വൃക്ഷങ്ങളായി പടർന്ന് തണലേകുന്നത് ഈ അമ്മയ്ക്ക് മാഹാത്മ്യത്തിന്റെ പൊൻ തൂവൽ ചാത്തുന്നു.ഒ.എൻ .വി പാടിയ പോലെ കാണെ കാണെ വയസ്സാവുന്നമ്മേ മക്കൾക്കെല്ലാം....എന്നാൽ ഈ അക്ഷര മുത്തശ്ശി ക്ക് എന്നും നവതാരുണ്യംഎന്ന് സ്വന്തം

വിദ്യാലയ മുത്തശ്ശി

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/savadthangalkunju&oldid=2675894" എന്ന താളിൽനിന്ന് ശേഖരിച്ചത്