-വില്യം ഷേക്‌സ്‌പിയർ- ഗോപിക ഡി

Schoolwiki സംരംഭത്തിൽ നിന്ന്

-വില്യം ഷേക്‌സ്‌പിയർ-

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്‌സ്‌പിയർ . ഏപ്രിൽ 23 , 1564-ൽ സ്നിറ്റർഫീൽഡിലെ കയ്യുറനിർമ്മാതാവും ആൽഡർമാനുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ജനിച്ചു . ഹെൻലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു . ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്തിയത് ഷേക്‌സ്‌പിയറിലൂടെയാണ്. ഷേക്സ്പിയറിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് രേഖകൾ ഒന്നുമില്ല. ഒരു ഗ്രാമർ സ്കൂളിൽ ചെറുപ്പത്തിലെ പഠിച്ചിരുന്നു. ഇടയ്ക്കിടെ തന്റെ ഗ്രാമത്തിൽ വന്നുകൊണ്ടിരുന്ന സഞ്ചരിക്കുന്ന നാടകഗ്രൂപ് ആ ബാലനെ ആകർഷിച്ചു. പതിനെട്ടാമത്തെ വയസ്സിൽ ഉപജീവനാർത്ഥം ബിസിനസ്സിലേർപ്പെട്ടു .അതോടൊപ്പം തന്നെ ലണ്ടനിലെ ഒരു തീയേറ്ററിൽ സ്ഥിരമായി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

1582-ൽ തന്നെക്കാൾ എട്ടു വയസ്സ് കൂടുതൽ ഉള്ള അന്നഹാത്വേയെ ഷേക്സ്പിയർ വിവാഹം കഴിച്ചു. നാടകത്തോടുള്ള കമ്പം അദ്ദേഹത്തെ ലണ്ടനിലെത്തിച്ചു . ഒരു നാടക സംഘത്തിൽ ചേർന്ന് ചെറിയ രീതിയിലുള്ള അഭിനയവും തുടങ്ങി . നാടകസ്ഥലത്ത് എത്തുന്നവരുടെ കുതിരകളെ സൂക്ഷിക്കുകയായിരുന്നു ആദ്യകാല ജോലികളിൽ ഒന്ന്. 1593-ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ 'വീനസ് ആൻഡ് അഡോണിസ്' പുറത്തുവന്നു. ഒരു നീണ്ട പദ്യമായിരുന്ന ആ കൃതിക്ക് വളരെ പ്രചാരം കിട്ടി. അക്ഷയമായ സൗന്ദര്യവും മികവും നിറഞ്ഞ ഷേക്സ്പിയറിന്റെ സാഹിത്യസൃഷ്ടികൾ കാലഘട്ടങ്ങളിലൂടെ ലോകമെമ്പാടും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളെ ഒഴിവാക്കി ലോകസാഹിത്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ കൂടി സാധിക്കുകയില്ല. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം.

ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. മുപ്പത്തിയേഴ് നാടകങ്ങളും 154 ഭാവഗീതങ്ങളും ഏതാനും ഖണ്ഡകാവ്യങ്ങളും അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കോമഡിയിലെ നായികാനായകന്മാർ മിക്കവാറും യുവാക്കളും ട്രാജഡിയിലെ നായികാനായകന്മാർ കൂടുതലും മധ്യവയസ്കരുമാണ്. ട്രാജഡികളുടെ രചനയിലാണ് ഷേക്സ്പിയറുടെ പ്രതിഭ പ്രകാശിച്ചു നിൽക്കുന്നതെന്ന് കാണാം . വിശ്വസാഹിത്യത്തിന് തന്നെ മുതൽക്കൂട്ടായ ധാരാളം സാഹിത്യ സൃഷ്ടികൾ നടത്തിയിട്ടുള്ള ഷേക്‌സ്‌പിയറിന്റെ പ്രധാന നാടകങ്ങൾ - ഹാംലെറ്റ്, റോമിയോ ആന്റ് ജൂലിയറ്റ്, മാക്ബെത്ത്, ഒഥല്ലോ, കിങ്‌ ലിയർ, മർച്ചന്റ് ഓഫ് വെനീസ്, ആസ് യു ലൈക് ഇറ്റ്, ദി ടെംപസ്റ്റ്, ദി വിൻഡേഴ്‌സ്‌ ടെയിൽ, ജൂലിയസ് സീസർ, ആന്റണി ആന്റ് ക്ലിയോപാട്ര, മച്ച് അഡോ എബൗട്ട് നത്തിംഗ്, ട്വൽഫ്ത്ത്‌ നൈറ്റ്‌, എ മിഡ് സമ്മർ നൈറ്റ് ഡ്രീം, തുടങ്ങിയവയാണ്.

1610-ൽ അദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം കഴിച്ചുകൂട്ടി. 1616 ഏപ്രിൽ 23-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ജനന ദിവസവും മരണ ദിവസവും ഒന്നുതന്നെയാണ് - ഏപ്രിൽ 23. 'ഏവൺ നദിയിലെ രാജഹംസം' (Bard of Avon) എന്നറിയപ്പെടുന്നത് ഷേക്സ്പിയറാണ്. 1564-1616 ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം എന്ന് കരുതപ്പെടുന്നു. ഷേക്സ്പിയർ അന്തരിച്ച ഏപ്രിൽ 23 ആണ് . 'ലോക പുസ്തക ദിനം'. 'എന്റെ ശവകുടീരം തുറക്കുന്നവൻ ശപിക്കപ്പെട്ടവനാകും' എന്ന് ആലേഖനം ചെയ്തിരിക്കുന്നത് സ്ട്രാറ്റ്‌ഫെഡിലെ ഹോളി ട്രിനിറ്റി ചർച്ചിലുള്ള ഷേക്‌സ്‌പിയറുടെ ശവകുടീരത്തിലാണ്.