സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്നു പറയുന്നത്. ദാഹശമനത്തിനായി ജലം, ശ്വസിക്കാൻ വായു , പ്രകാശം നൽകാൻ സൂര്യൻ, സസ്യങ്ങൾ, രാത്രി ചന്ദ്രൻ ഇതൊന്നും കൂടാതെ വിവിധതരം ജന്തുജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ പരിസ്ഥിതി. നമുക്ക് ആവശ്യമുളളതെല്ലാം നൽകി നമ്മെ പരിപാലിക്കുന്നു. ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജന്തു വർഗ്ഗവും, സസ്യ വർഗ്ഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ടു പുലരാനാകില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജന്തു ജീവികളും ആവശ്യമാണ്. ഇങ്ങനെ അനോന്യം ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളുമുണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായിയെന്നു നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുളള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെയും അത് ഉൾക്കൊളളാതെയും അവന് പുലരാനാവില്ല . എന്നാൽ ആധുനിക ശാസ്ത്ര മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്നവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിൽ നിന്ന് രക്ഷനേടുവാൻ തണുപ്പും തണുപ്പിൽ നിന്ന് മോചനത്തിനായി ചൂടും അവൻ കൃത്രിമമായി ഉണ്ടാക്കി. അണകെട്ടി വെളളം നിറുത്തുകയും അപ്പാർട്ടുമെന്റുകൾ ഉയർത്തി പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഏറെയും സംഭവിക്കുന്നത് മലകളെയും പുഴകളെയും ബന്ധപ്പെട്ട് ആണ്. കാട്ടിനുളളിൽ പേമാരിയും ഉരുൾപൊട്ടലും പ്രകൃതിക്ക് ഏറെ നാശങ്ങൾ ഉണ്ടാക്കുന്നുവെങ്കിലും അത് പുറലോകമറിയാറില്ല. ഒട്ടേറെ കാട്ടുമരങ്ങൾ കടപുഴകുന്നു. നിരവധി വന്യജീവികൾക്ക് മരണം സംഭവിക്കുന്നു. പലപ്പോഴും മനുഷ്യൻ അവിടെ കുരുതികൊടുക്കപ്പെടുന്നില്ല എന്നതിലാണ് കാട്ടിലെ ദുരന്തങ്ങൾ ചർച്ചയാകാതെ പോകുന്നത്. എന്നാൽ ജനവാസമേഖലയിലെ പ്രകൃതിക്ഷോഭങ്ങൾ എന്നും നമ്മെ ഞെട്ടിക്കുന്നു, വേദനിപ്പിക്കുന്നു. മലയിടിച്ചിലിൽ നിരവധി ജീവികൾ പൊലിയുമ്പോഴും പുഴനിറഞ്ഞൊഴുകി ജീവനെടുക്കുമ്പോഴും നാം മുറവിളി കൂട്ടുന്നു. ഓരോ മലയും ഇടിയുന്നത് അതിന്റെ അടി തെറ്റുമ്പോഴാണ് എന്ന സത്യം നാം ഇനിയും തിരിച്ചറിയാതെ പോകുന്നു. മലമ്പ്രദേശങ്ങൾ ഏറെയുളള കേരളത്തിൽ മണ്ണൊലിപ്പ് തടുത്തു നിർത്തുന്നത് മരങ്ങളാണെന്ന ആദ്യ പാഠങ്ങൾ നാം പ്രൈമറി ക്ലാസ്സുകളിൽ തന്നെ മറന്നു വച്ചിരിക്കുന്നു.

പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ് ? നിരവധി രൂപത്തിലുളള മലിനീകരണമാണ് ആദ്യത്തേത് ശബ്ദമലിനീകരണം, ജലമലനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എല്ലാം ആ വിഭാഗത്തിലാണ് വരുന്നത്. പ്ലാസ്റ്റിക്ക് പോലുളള ഖരപദാർത്ഥങ്ങളും വലിച്ചെറിയുന്ന ചണ്ടികളും മണ്ണിനെ ദുഷിപ്പിക്കുന്നു. ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും എന്റോസൾഫാൻ പോലുളള കീടനാശിനികൾ ജലത്തെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനെ ജലത്തിലുളള ഓക്സിജന്റെ അളവ് നശിപ്പിക്കാൻ കഴിയും. വൻ വ്യവസായ ശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ചിക്കൻഗുനിയ പോലുളള രോഗങ്ങൾ കേരളത്തെ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന തകരാറുമൂലമാണ് എന്ന് നാം അറിയണം. ഋതുക്കൾ ഉണ്ടാകുന്നതും പ്രകൃതി മനുഷ്യനെ അനുഗ്രഹമാകുന്നതും വനങ്ങൾ ഉളളതുകൊണ്ട് മാത്രമാണ്. വനനശീകരണം കേരളത്തിലെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റങ്ങൾ വരുത്തി .വനസംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ കഴിയൂ. കേരളത്തിന്റെ മുഖമായിരുന്നു വയലുകൾ. ഇപ്പോൾ വയലുകളിൽ നെൽകൃഷിയില്ല.

മനുഷ്യൻ കൃഷിയുടെ അളവു കുറച്ച് വിളവു കൂട്ടുന്നതിനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് മണ്ണിന്റെയും ജലത്തിന്റെയും പാഴ്സിപിറ്റി തകർക്കും. മണ്ണിലുളള നൈട്രജൻ ഘടനക്ക് മാറ്റം വരും. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷമാണിത്. ജൈവവളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബയോള‍ജിക്കൽ കൺട്രോൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിനു പരിഹാരമാവുകയുളളൂ. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിതഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നതെന്ന് നാം ഓർക്കണം. മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും, എന്നാൽ ഭൂമിയില്ലാതെ മനുഷ്യർക്ക് മറ്റൊരു വാസസ്ഥലമില്ലെന്ന വസ്തുത നാം ഓർക്കണം.

വരുന്ന തലമുറ നമ്മളോട് ചോദിക്കും നമുക്ക് വേണ്ടി കാത്തു വയ്ക്കേണ്ട പരിസ്ഥിതി നിങ്ങൾ എന്തുകൊണ്ട് നശിപ്പിച്ചു. നാം എന്തുത്തരം നൽകും ? പരിസ്ഥിതിയെ നശിപ്പിച്ചപ്പോൾ നമുക്ക് മാത്രമല്ല കിളികളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടെയാണ്. വേണ്ടാത്തതെല്ലാം വലിച്ചെറിഞ്ഞ് മണ്ണ് നശിപ്പിച്ചപ്പോൾ രോഗങ്ങൾ മാത്രം. രോഗങ്ങൾ പടർന്നതു പരിസ്ഥിതിക്കു മാത്രമല്ല മനുഷ്യർക്കു കൂടിയാണ്. നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അടുത്തെത്തിയിരിക്കുന്നു. നാം പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുകയും, പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യണം. .

യാഫിയാ ജാസ്മിൻ ബി. എ
4 C സ്റ്റെല്ലാ മാരീസ് എൽ. പി. എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം