സ്കൂൾവിക്കി വാർഷികയോഗം 2025
ദൃശ്യരൂപം
(03/04/2025 - 05/04/202 വരെ വടകര ഇരിങ്ങലിലെ സർഗ്ഗാലയയിൽ നടന്ന കൈറ്റ് എംടിമാരുടെ വാർഷികയോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്ത റിപ്പോർട്ട് )
മുൻവർഷങ്ങളേപ്പോലെ സ്‌കൂൾവിക്കിയിൽ സജീവത നിലനിർത്താൻ 2024-25 അദ്ധ്യയനവർഷത്തിലും ശ്രമിച്ചിട്ടുണ്ട്. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൽ പിന്നാക്കമുള്ള വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്.
വിവരവിശകലനം
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു.
- 26/03/2025 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,72,694 ലേഖനങ്ങളും 71,642 ഉപയോക്താക്കളുണ്ട്. ഇതുവരെ 26,77,124 തിരുത്തലുകൾ ഇവിടെ നടന്നു. അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 6,22,179.
- നിലവിൽ സംസ്ഥാനത്തെ 12591 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 581 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
| ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
| ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
| തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
| പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
| കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
| ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
| ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
| കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
| എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
| തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
| പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
| മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 125 | 1492 | |
| കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 71 | 1265 | |
| വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
| കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
| കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
| ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12591 | |
പ്രവർത്തനങ്ങൾ
- 2024 നവംബർ 4 മുതൽ 11 വരെ തീയതികളിൽ എറണാകുളം ജില്ലയിലെ പതിനേഴ് വേദികളിലായി നടന്ന കേരള സ്കൂൾ കായികോത്സവം മൽസര ഇനങ്ങളുടെ ഫോട്ടോ ഡോക്കുമെന്റേഷൻ നടത്തി.
- 2024 നവംബർ 16 ന് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ വെച്ച് നടന്ന 2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.
- 2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
- OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം ബാഹ്യഭൂപടങ്ങൾ കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയപ്രവർത്തകരായ രഞ്ജിത്ത് സിജി, ജിനോയ് ടോം ജേക്കബ് എന്നിവർ ഇതിൽ പ്രധാന സംഭാവന നൽകി.
- ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ 2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ തെരഞ്ഞെടുത്ത കുട്ടികളുടെ ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2025 ഫെബ്രുവരി 8, 9 തീയതികളിൽ കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നതിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി.
- ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്.
- കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി.
- മലയാളമറിയാത്തവർക്കും അവർ ആഗ്രഹിക്കുന്ന ഭാഷകളിൽ സ്കൂൾവിക്കി വായിക്കാൻ സാധിക്കുന്നതിന് Google Translation Tool പരീക്ഷണാടിസ്ഥാനത്തിൽ പേജുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പരിശീലനം
- ഓരോ വർഷവും സ്കൂൾവിക്കിയുടെ ചുമതലയിലേക്ക് പുതിയവർ എത്തുന്നതിനാൽ, മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ്.
- ഓഫ്‍ലൈൻ ആയി പരിശീലനം ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ല. Google Meet സൗകര്യം പ്രയോജനപ്പെടുത്തി Online ആയി തുടർച്ചയായ പരിശീലനം നൽകാൻ ശ്രമിച്ചിട്ടുണ്ട്.
- അടിസ്ഥാന പരിശീലനം ഘട്ടം 1 : 2024 ജൂൺ 1 മുതൽ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സ് സെപ്റ്റംബർ 6 ന് അവസാനിച്ചു. 5600 ൽപ്പരം പേർ ക്ലാസ്സിൽ ഹാജരായി.
- അടിസ്ഥാന പരിശീലനം ഘട്ടം 2 : 2024 ഒക്ടോബർ 1 മുതൽ ഡിസംബർ 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 3800 പേർ പരിശീലനം നേടി.
- അടിസ്ഥാന പരിശീലനം ഘട്ടം 3 : 2025 ജനുവരി 21 മുതൽ മാർച്ച് 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 1600 പേർ പരിശീലനം നേടി.
- LKM പരിശീലനം : 09/09/24 മുതൽ 27/09/24 വരെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ടീമിന് സംശയനിവാരണ ക്ലാസ്സ് നടത്തി. 1200ൽപ്പരം ടീച്ചേർസ് പങ്കെടുത്തു.
- KOOLപരിശീലനം : KOOL Batch 15 മുതൽ Batch 18 വരെ നാലു ബാച്ചുകളിലായി ഒൻപതിനായിരത്തിൽപ്പരം പേർ പരിശീലനം നേടിയിട്ടുണ്ട്.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
പ്രശ്നങ്ങൾ - പരിഹാരം
- 2025 ഫെബ്രുവരി മുതൽ, സ്കൂൾവിക്കിയിൽ നിന്നും സ്പാം എന്നു തോന്നിക്കുന്ന തരത്തിൽ അംഗത്വം സൃഷ്ടിക്കുന്നതായും ചില ഉൽപ്പന്നങ്ങളുടെ വെബ്സൈറ്റുകളുടെ ലിങ്കുകളും മറ്റും ചേർക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇത് തടയുന്നതിനു് ഒരു ശ്രമം നടത്തിയെങ്കിലും ഇത് സാധിക്കണമെങ്കിൽ വിദേശ ഐ.പി. പൂർണ്ണമായും തടയേണ്ടിവരും എന്നത് പ്രയാസം സൃഷ്ടിക്കുന്നു. എന്നാൽ, ഇങ്ങനെ സൃഷ്ടിക്കുന്ന അക്കൗണ്ടിലൂടെ ഉള്ളടക്കം ചേർക്കുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ, ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ 2, ദുരുപയോഗ അരിപ്പ കൈകാര്യം എന്നിവ തയ്യാറാക്കുന്നതിൽ രഞ്ജിത്ത് സിജി, ജിനോയ് ടോം ജേക്കബ് എന്നിവർ സാങ്കേതികസഹായം നൽകി.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :