സ്കൂൾവിക്കി വാർഷികയോഗം 2023

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾവിക്കി റിപ്പോർട്ട് - കൈറ്റ് സമ്മിററ് 2023 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(സ്കൂൾവിക്കി - 23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്)

ആമുഖം

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി[1] സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.[2] വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി കൈറ്റ് പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ്. ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്തെ 12755 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.

നാൾവഴി

16 ഒക്ടോബർ 2009‎ ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന 57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന 58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന 59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന ശബരിഷ് കെ ശബരിഷ് കെയുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം, ലഹരി വിരുദ്ധ കാമ്പയിൻ എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.


പ്രശ്നങ്ങൾ

സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും 25% വിദ്യാലയങ്ങളുടെ സ്കൂൾവിക്കി പരിപാലനം ശോചനീയമാണ്. ഇതിന് പ്രധാന കാരണം പരിശീനത്തിന്റെ കുറവ് തന്നെയാണ്. വിപുലമായ മേഖലകൾ പരാമർശിക്കേണ്ടി വരുന്നതിനാൽ മറ്റ് പരിശീലനങ്ങളിൽ ഇത് പരാമർശിക്കപ്പെടാതെ പോകുന്നു. മീഡിയാവിക്കി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ, അതിന്റേതായ ഘടനയും നയങ്ങളും പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾവിക്കിയെ പരിപാലിക്കാനാവൂ എന്നത്, പുതിയതായി എത്തിച്ചേരുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.


പരിശീലനം നേടി സ്കൂൾവിക്കി തിരുത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈയൊരു സംവിധാനം പരിചയപ്പെടുത്തുക എന്നത്. വളരെ നല്ല വിവരശേഖരമുള്ള ചില വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ കൂടിക്കാഴ്ചയിലും വിദ്യാലയ സന്ദർശന സമയത്തും ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.

ഏതാനും അൺഎയ്ഡഡ് വിദ്യാലയങ്ങളുടേയും വളരെക്കുറച്ച് മറ്റു വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി അപ്ഡേഷൻ നടക്കുന്നില്ല. ഇതിൽ, ഇടുക്കിജില്ലയിലെ തമിഴ് മേഖലയിലെ വിദ്യാലയങ്ങളാണ് കൂടുതൽ.

പരിശീലനം

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( പട്ടിക ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഇവിടെ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുമുണ്ട്.

പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി അംഗങ്ങൾ പരിശീലനത്തിൽ

പങ്കെടുക്കുന്നവർ

വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി അംഗങ്ങൾ പരിൽീലനത്തിൽ

പങ്കെടുക്കുന്നവർ

തിരുവനന്തപുരം 937 609 തൃശ്ശൂർ 1025 + 94 707
കൊല്ലം 672 396 പാലക്കാട് 601 491
പത്തനംതിട്ട 511 385 മലപ്പുറം 1024 + 921 1273
ആലപ്പുഴ 1025 + 50 401 കോഴിക്കോട് 704 384
ഇടുക്കി 250 142 വയനാട് 415 215
കോട്ടയം 286 193 കണ്ണൂർ 1017 667
എറണാകുളം 768 601 കാസർകോഡ് 587 388

കൂൾ പരിശീലനവും സ്കൂൾവിക്കിയും

സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്.

ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ, സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും.


ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം.


തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട് മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം.

കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം

പുതിയ മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ മുപ്പതോളം പേർ ഓൺലൈൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി രജിസ്ട്രേഷൻ കാണുന്നുണ്ട്. ആവശ്യമെങ്കിൽ, അഡിമിൻ ടൂളുകൾ ഉൾപ്പെടെ പരിചയപ്പെടുത്തുവാൻ ഓൺലൈനിൽത്തന്നെ പരിശീലനം ക്രമീകരിക്കാവുന്നതാണ്.

സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)

സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:

  • Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധബാധ്യതയാക്കണം.
  • സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
  • സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
  • സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
  • സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
  • ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
  • സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
  • ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
  • സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
  • കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
  • സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
  • സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
  • സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
  • സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
  • സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ  ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
  • വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
  • ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
  • വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ     വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും     സ്കൂൾവിക്കിയുടെ ഒരു സെഷൻ     ഉൾപ്പെടുത്തണം.    
  • നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം

കോവിഡ് കാല അതിജീവനം:

  • കോവിഡ്കാല പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ – പ്രോജക്റ്റുകൾ വിഭാഗത്തിൽ ഉൾപ്പെടുത്താം.

ഇ ലൈബ്രറി കണ്ണി:

  • Creative commons ൽ ലഭ്യമായ പുസ്തകങ്ങളും മറ്റു ഫയലുകളും ലഭ്യമാക്കാനുള്ള കണ്ണി. ഇത് പ്രധാനതാളിൽത്തന്നെ നൽകാവുന്നതാണ്

21/04/2023

അവലംബം