സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് 19 പ്രതിരോധം

കൊവിഡ്-19 പ്രതിരോധം


2020 വർഷത്തെ കിടുകിടാ വിറപ്പിച്ച ഒരു മഹാമാരിയായ് മാറിയിരിക്കുന്നു കൊവിഡ് -19 എന്ന കൊറോണ വൈറസ്. ലോകമെ‌മ്പാടും ഈ മാരക രോഗം വ്യാപിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്ന് പടരാൻ തുടങ്ങിയ വൈറസ് ഇപ്പോൾ ലോക ജനതയെ കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യമായ ഭാരതത്തെയും കൊറോണ കീഴടക്കിക്കൊണ്ടിരിക്കയാണ്. കൊവിഡ് -19 ന്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വളരെ പെട്ടന്ന് തന്നെ പടർന്ന് പിടിക്കുന്ന വൈറസ് വായു മുഖാന്തിരം പകരുന്നില്ല എന്ന കാര്യം ആശ്വാസ കരമാണ്. കൊവിഡ് -19 നെ തുരത്തുക എന്നത് മനുഷ്യർക്ക് മുൻപിലുളള ഒരു വലിയ കടമ്പതന്നെയാണ്. “ഭയം അല്ല ജാഗ്രതയാണ് വേണ്ടത്” എന്ന നയമാണ് കൊവിഡ് -19 നെ തുരത്താൻ ലോക ജനത സ്വീകരിച്ചിരിക്കുന്നത്. ഈ മഹാമാരിക്കെതിരെ നാം വളരെ ആസൂത്രിതമായി എല്ലാം മുൻകരുതലുകളും എടുക്കേണ്ടതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം. ഒാരോ വ്യക്തിയും സോപ്പു കൊണ്ടും ഹാൻഡ് വാഷ് കൊണ്ടും കൈകഴുകി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. വളരെ കരുതലോട് കൂടിയാണ് മാനവ രാശി ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. മുഖാവരണം അണിഞ്ഞുകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടും കൊറോണയെ നമുക്ക് പ്രതിരോധിക്കാം. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവം കൊണ്ട ഈ മഹാമരി ഇപ്പോൾ ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങളിൽ ഒഴിച്ച് ബാക്കി മുഴുവൻ രാജ്യങ്ങളിലും പടർന്ന് പിടിച്ചിരിക്കുകയാണ്. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും ആയിരങ്ങൾക്കാണ് കൊവിഡ് -19 മരണത്തിലേക്കുളള വാതിൽ തുറന്ന് കൊടുത്തിരിക്കുന്നത്. പ്രതിരോധമാണ് പ്രധാനം. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ ജനങ്ങൾ ഇപ്പോൾ രോഗമുക്തരായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ വികസിത രാഷ്ട്രങ്ങൾ പലതും ഈ മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ നിർഭയം ഈ മഹാമാരിയെ പ്രതിരോധിച്ചു കൊണ്ട് നമ്മുടെ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. രാപ്പകലെന്നില്ലാതെ ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാരായ നഴ്സ്മാർ ഉൾപ്പെടെയുളള ആരോഗ്യ പ്രവർത്തകരും പൊള്ളുന്ന വെയിലിനെയും മറ്റ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് അതി കഠിനമായി ജോലി ചെയ്യുന്ന പോലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അശ്രാന്ത പരിശ്രമം നടത്തുന്നതിൻെറ ഫലമായി നമുക്ക് ഏറെക്കുറേ ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സർക്കാർ മുന്നിൽ നിന്നും നയിക്കുന്നുണ്ട്. എന്നിരുന്നാലും നാം ഇനിയും കുറേ മുന്നോട്ട് പോകാനുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുറച്ച് ദിവസമായി രോഗ ബാധിതരുടെ എണ്ണം കൂടി വരുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ നമ്മുടെ പ്രധാന മന്ത്രി ഇന്ത്യ മുഴുവൻ “ലോക്ക് ഡൌൺ” പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മൾക്ക് ഈ മഹാമാരിയെ അതിജീവിക്കണമെങ്കിൽ നമ്മളെല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് പുറത്ത് പോകാതെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ട് പോകണം. നിപ്പയെയും പ്രളയത്തെയും അതി ജീവിച്ചത് പോലെ നമ്മൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെയും അതിജീവിക്കും.

റിയ എസ് രൂപേഷ് പി പി
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം