സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനുഷ്യത്വത്തിന്റ ഫെയ്സ് ബുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യത്വത്തിന്റെ ഫെയ്സ് ബുക്ക്

തറവാട്ടിലെ അവധിക്കാലം ആസ്വദിക്കാൻ വീർപ്പുമുട്ടിയിരിക്കുകയായിരുന്നു ഞാനും ഓപ്പോളും. കഴിഞ്ഞ വെക്കേഷന് അവിടെ പോയപ്പോൾ വലിയമ്മച്ചിയുടെയമ്മ ഞങ്ങളുടെ മുതുമുത്തശ്ശി, കാർത്ത്യായനി അമ്മൂമ്മയുടെ ചുടല തെങ്ങിൻ ചോട്ടിൽ ചിൽ-ചിൽ എന്ന് ശബ്ദമുണ്ടാക്കി ഒരു കുഞ്ഞ് അണ്ണാറക്കണ്ണൻ, താഴേക്ക് പതിച്ച കൂട്ടിൽ അമ്മയെ തേടി നിർത്താതെ കരയുന്നു. അതെടുത്തു ഞാൻ അകത്തേക്കോടി. ഉമ്മറത്തെ ചാരുകസേരയിൽ നീണ്ട് കിടന്ന് ദൂരെ കാണുന്ന നെൽപ്പാടത്തിന്റെ ഭംഗി ആസ്വദിക്കുന്ന വലിയപ്പച്ഛനെ അത് കാണിച്ചു.

അച്ഛൻ യു. പി. എസ്സ് വാങ്ങിച്ചു കൊണ്ട് വി. ഗാർഡ് കവറിൽ ഒരു കുഞ്ഞ് കൂടുണ്ടാക്കി അതിനെ ഞാൻ അതിനകത്ത് വച്ചു. ഒരമ്മയുടെ തണൽ ആസ്വദിക്കുന്ന ഒരു പിഞ്ചു ബാല്യത്തിന് എന്റെ ശ്രമങ്ങൾ ഒന്നുമാവില്ല. മിൽമാ പാൽ കടയിൽ പോയി വാങ്ങി അതിൽ കുറച്ച് തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് ഒരു കുഞ്ഞ് സ്പൂണിൽ കോരി വലിയപ്പച്ഛൻ ആ അണ്ണാറക്കണ്ണനു കൊടുത്തു.

എന്റെ കൗതുകങ്ങൾക്ക് വലിയപ്പച്ഛൻ പറഞ്ഞതൊക്കെയും പ്രകൃതിയിലും മണ്ണിലും അലിഞ്ഞു ചേരുന്ന മനുഷ്യത്വത്തിന്റെ പച്ചയായ പോക്കുകളായിരുന്നു ഈ പിറന്ന മണ്ണിനോടും കൂടപ്പിറപ്പുകളായ സഹജീവികളോടും നാം കാണിക്കുന്ന ആർദ്രമായ സ്നേഹം ഞാൻ പഠിക്കുന്നത് എന്റെ വലിയപ്പച്ഛനിൽ നിന്നാണ്. മരപ്പട്ടി, മുള്ളൻ പന്നി, ആട്ടിൻ കുട്ടി, നീർക്കോലി പാമ്പ്, ചെറു തേനീച്ച, മൂർഖൻ കുട്ടി അങ്ങനെ വലിയപ്പച്ഛൻ ദത്തെടുത്ത് കുറേനാൾ എങ്കിലും വളർത്താത്ത ജീവജാലങ്ങൾ കുറവ്. വലിയപ്പച്ഛൻ എനിക്ക് ഒരു വിക്കിപീഡിയ തന്നെയായിരുന്നു. ഇത്തവണയും വെക്കേഷന് തറവാട്ടിൽ ചെല്ലുമ്പോൾ എന്തൊക്കെ അത്ഭുതങ്ങളാണ് അവിടെ എനിക്ക് കാണാനാവുക എന്ന് മോഹിച്ചിരിക്കുമ്പോഴാണ് നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. അങ്ങ് ദൂരേ ഏതോ ഒരു നാടുണ്ടത്രെ. ആ നാട്ടിൽ മനുഷ്യന്മാർ പ്രകൃതിയുടെ മക്കളെ ജീവനോടെ ചുട്ടു ഭക്ഷിക്കുന്ന ഒരു സ്ട്രീറ്റുണ്ടത്രെ. ഓപ്പോൾ എന്നോടിതൊക്കെ പറയുമ്പോൾ വിതുമ്പുന്ന മനുഷ്യത്വത്തിന്റെ ആർദ്രമായ മുഖഭാവം ഞാൻ ഓപ്പോളിൽ കണ്ടു. യൂട്യൂബിൽ നിന്ന് ആ മാർക്കറ്റ് ഓപ്പോൾ എനിക്ക് കാണിച്ചു തന്നു.

ക്യാമറ കണ്ണുകളിലൂടെ ആ സ്ട്രീറ്റിൽ ഞാൻ നടന്നു. ഇടതു വശത്തായി ഇരുമ്പഴികൾക്കുള്ളൽ ഒരിറ്റു കരുണയ്ക്കായി ദാഹിക്കുന്ന നായ്ക്കളെ കണ്ടു. പിന്നെയും മുന്നോട്ടു നടക്കുമ്പോൾ പല തരത്തിലുള്ള മാംസങ്ങൾ മസാലയുടെയും സോസുകളുടെയും കരിഞ്ഞ മണമായും കറുത്ത പുകയായും കുനിഞ്ഞു കൂടുന്നത് കണ്ടു. പല്ലിയും, പഴുതാരയും, വണ്ടുകളും, ഞണ്ടുകളും, നീരാളിയും, എലിയും, പാമ്പുകളും മെല്ലാം വെന്തെരിയുന്ന മണം. തീൻമേശയിലിരിക്കുന്ന പകുതി വെന്ത ഒരു കടവാതൽ വാ തുറന്ന് വെള്ളം ചോദിക്കുന്നതായി തോന്നി. രണ്ട് മൂന്ന് കുപ്പിയിൽ നിന്നും എന്തൊക്കെയോ സോസൊഴിച്ച് നാലഞ്ചുപേർ അത് കടിച്ചു പറിച്ച് തിന്നു.

"ചുമ്മ യൂട്യൂബം നോക്കി ഇരുന്നോ കൈയ്യാലയിൽ നിന്ന് കുറച്ച് ചീരയെങ്കിലും പറിച്ചു കൊണ്ട് വാ" അമ്മ വിളിച്ചു പറഞ്ഞു. യുട്യൂബ് നിർത്തി ഓപ്പോൾ അടുക്കളയിലേക്ക് ഓടി. "ഇന്നും തേങ്ങാ പുഴുക്കും കഞ്ഞിയുമാണോ അമ്മേ?" അമ്മ ചിരിച്ചു. ലോക്ഡൗൺ 14 ദിവസത്തേക്കു കൂടി നീട്ടി. കൈയാല പുറത്തൂന്ന് ചായമിർസയും ഒടിച്ച് വലിയപ്പച്ഛൻ അകത്തേക്ക് വന്നു. അച്ഛൻ എവിടെ നിന്നോ കൊണ്ടു വന്ന വലിയ രുചിയുള്ള ഇലക്കറിയാണ് ചായമിർസ. അതിന് നിറയെ തളിർത്ത ഇലകൾ ഉള്ളതുകൊണ്ട് മലക്കറിയും മറ്റൊന്നും വാങ്ങിക്കാൻ കഴിയില്ലെങ്കിലും കഞ്ഞിക്ക് കറിയായി. അതിന്റെ റെസിപി യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് വലിയമ്മച്ചിക്ക് കിട്ടിയ ലൈക്ക് ഒന്നും രണ്ടുമല്ല. വലിയപ്പച്ഛൻ അടുത്തു വന്നപ്പോൾ "ബ്രേക്ക് ദ് ചെയിനി"നെ കുറച്ച് വലിയപ്പച്ഛനെ ഞാൻ ഓർമിപ്പിച്ചു. "അതിന് മറ്റാരുമായി സമ്പർക്കത്തിനു പോയില്ലോ?" എന്ന് വലിയപ്പച്ഛൻ. കുറച്ച് ഡോക്ടർവാഷും കട്ട് ചെയ്ത് ഹാൻഡ് വാഷും എടുത്തു കൊടുത്തു കൈ വൃത്തിയാക്കുന്ന കൂട്ടത്തിൽ വലിയപ്പച്ഛൻ പറഞ്ഞു."നിങ്ങളുടെ പുതിയ തലമുറയെങ്കിലും പ്രകൃതിയെ നോവിക്കാതെ അവരെ കൊന്നു തിന്നാതെ, പ്രകൃതിയെ അറിഞ്ഞു ജീവിച്ചാൽ ഇന്ന് മനുഷ്യവംശം ഭീതിയോടെ കണ്ട കോവിഡ് - 19 പോലുള്ള മഹാമാരികൾ ഉണ്ടാകില്ല". അത് പറഞ്ഞ് വലിയപ്പച്ഛൻ ചാരുകസേരയിൽ വന്നു കിടന്നു. കൈകൾ തുടക്കാനുള്ള തോർത്ത് ഞാൻ എടുത്തു കൊടുത്തു. ഞാൻ എന്തോ ചോദിയ്ക്കാൻ ഒരുമ്പിടുന്നു എന്നുള്ള കാര്യം വലിയപ്പച്ഛനു മനസ്സിലായി. ഞാൻ ഒരു കള്ളച്ചിരിയോടെ വലിയപ്പച്ഛന്റെ മടിയിലിരുന്നു.

"ഈനാമ്പേച്ചിക്ക് എന്തിനാണ് വലിയപ്പച്ഛാ ഇത്രയും കട്ടിയുള്ള ശൽക്കങ്ങൾ കൊടുത്തിരിക്കുന്നത്?" ഞാൻ ചോദിച്ചു. "ശത്രുക്കളിൽ നിന്നും രക്ഷിപ്പെടാൻ, അല്ലാതെ എന്തിനാ?" വലിയപ്പച്ഛൻ പറഞ്ഞു. "അപ്പോൾ എനിക്കൊരു സംശയം - തിളക്കുന്ന വെള്ളത്തിൽ മലർത്തി കിടത്തി പുഴുങ്ങി എടുക്കുമ്പോൾ ഷെല്ലുകൾ അടർന്നു മാറുമെന്നും അതിനെ ഭക്ഷിക്കാമെന്നും കരുതുന്ന മനുഷ്യനെ ഈ ജീവിയുടെ ശത്രു സ്ഥാനത്ത് പ്രകൃതി കണ്ടില്ലായിരുന്നോ?" വലിയപ്പച്ഛൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. "മനുഷ്യന്റെ ക്രൂരത എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് മോനേ." എന്റെ കണ്ണുകൾ കലങ്ങി.

ഉമ്മറക്കോണിൽ വിശന്നു കരയുന്ന അണ്ണാറക്കണ്ണനെ മടിയിൽ എടുത്തു വച്ച് മുത്തശ്ശി പച്ചരിവറ്റിന്റെ മധുരം ആ ജീവീയുടെ ചുണ്ടത്തേക്ക് പകർന്ന് കൊടുക്കുന്ന കാഴ്ച മനുഷ്യത്വത്തിന്റെ ഫെയ്സ്ബുക്ക് ആയിരുന്നു.

ശങ്കർ
6 J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ