സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ നാമ്പ്..

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രതീക്ഷയുടെ നാമ്പ്   


ഒരു പ്രഭാതത്തിൽ എന്റെ സുഹൃത്ത് ഫോണിൽ വിളിച്ചു. ഒരു ബിസിനസ്സ് ആവശ്യത്തിനായി ഉടനേ വരണമെന്നും അഡ്രസ്സ് മെസേജ് അയയ്ക്കാമെന്നും പറഞ്ഞു. പറഞ്ഞതനുസരിച്ച് ഞാൻ പുറപ്പെട്ടു. മീറ്റിങ്ങ് കഴിഞ്ഞു രാത്രിയേറെയായതിനാൽ എന്റെ സുഹൃത്ത് എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ അത്യന്തം ക്ഷീണിതനായതിനാൽ സുഹൃത്തിന്റെ വീട്ടിൽ തങ്ങി. രാവിലെ ആയപ്പോൾ സുഹൃത്തിനോട് യാത്ര പറഞ്ഞ് ഞാൻ ഫ്ലാറ്റിലേക്കു യാത്ര തിരിച്ചു. മീറ്റിങ്ങിൽ പങ്കെടുക്കാനുള്ള ദൃതിയിൽ വന്നവഴിയെ കാഴ്ചകളൊന്നും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ തിരികെ വരും വഴി ആ കാഴ്ച എന്നെ ഏറെ ആകർഷിച്ചു. ഹരിതവർണ്ണാഭമായ ഗ്രാമം, പച്ചപ്പരവതാനി വിരിച്ചപോലുള്ള പാടങ്ങളും, വയലുകളും, കളകളാരവം മുഴക്കിക്കൊണ്ട് ഒഴുകുന്ന അരുവികളും, പാദസ്വരങ്ങളുടെ മണിനാദം ഓർമ്മിപ്പിച്ചുകൊണ്ടുള്ള കുളിർചോലകളും നിറഞ്ഞ ആ നെൽപ്പാടത്തിന്റെ നടുവിലൂടെ നീണ്ടുനിവർന്നുകിടക്കുന്ന പാതയിലൂടെയാണ് ഞാൻ യാത്രചെയ്യുന്നത്. ഊഷ്മളതയേറിയ തണുത്ത കാറ്റ് കാറിനകത്തേക്ക് തിരക്കുകൂട്ടി കയറുന്നു. അപ്പോഴാണ് ഞാനവിടെ പാടത്ത് പണിയെടുക്കുന്ന ഒരു യുവാവിനെ കണ്ടത് . പ്രഥമദൃഷ്ടിയിൽ തന്നെ അയാളെ കണ്ടാൽ കൃഷിക്കാരനാണെന്നു പറയും. കറുത്ത് മെലിഞ്ഞ് ആരോഗ്യ ദൃഢഗാത്രനായ അയാൾ പാടത്ത് പണിയെടുക്കുകയായിരുന്നു. മൺവെട്ടി ഉപയോഗിച്ച് അയാൾ പാടത്ത് നിലം ഒരുക്കുകയാണ്. ഒരു പകുതിയിൽ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം, മറ്റൊരു പകുതിയിൽ കായ്കറിത്തോട്ടം, അവിടെ പടർന്നും പന്തലിച്ചും കിടക്കുന്ന പാവൽവള്ളികൾ, അവിൽ നിറയേ പച്ചനിറത്തിലുള്ള പാവയ്ക്കാ നീണ്ടുകിടക്കുന്നു. നിലത്ത് മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികൾ, അവയെല്ലാം എന്റെ കണ്ണുകൾക്ക് കുളിർമ നല്കി. എന്റെ ഫ്ളാറ്റിലേക്ക് മടങ്ങാനുള്ള ദൃതിയിൽ ഒരു കുപ്പി വെള്ളം പോലും കരുതിയിരുന്നില്ല. ഞാൻ കാറ് ഒരറ്റത്തേക്ക് മാറ്റിയിട്ട ശേഷം കാറിൽ നിന്നിറങ്ങി, ആ യുവാവിനെ ലക്ഷ്യമാക്കി നടന്നു. ഞാൻ അയാളോടു ചോദിച്ചു; “ ഇവിടെ വല്ലകടയുമുണ്ടോ?” അയാൾ എന്നെ തറപ്പിച്ചു നോക്കി. ഞാൻ വീണ്ടും അയാളോടു ചേദിച്ചു. “ എനിക്ക് വല്ലാത്ത ദാഹം. കടയുണ്ടെങ്കിൽ കുപ്പി വെള്ളം വാങ്ങിക്കാനാ....” അയാൾ തന്റെ മുഷിഞ്ഞ തോർത്ത് എടുത്ത് തലയി ചുറ്റി മൺവെട്ടി എടുത്ത് തോളിൽ വച്ച് നടന്നു. “വരൂ ഒരു വഴിയുണ്ട്” ഞാൻ അയാളുടെ പുറകേ നടന്നു. വയലോലകളുടെ ഇടയിലൂടെയുള്ള ആ യാത്ര എന്റെ മനസ്സിനും കണ്ണുകൾക്കും ഒരു പോലെ കുളിർമ നൽകി. ഇടുങ്ങിയ വഴിയായതിനാൽ തെന്നി വീഴുമോ എന്ന ഭയം എന്നെ അലട്ടാതിരുന്നില്ല. അയാൾക്ക് പരിചയമുള്ള വഴിയായതിനാൽ നല്ല വേഗതയിൽത്തന്നെ നടന്നകന്നു. ഞാനും അയാളുടെ കാൽപ്പാദങ്ങൾ പിൻതുടർന്നു. ഒടുവിൽ അയാൾ ഒരു വീടിനടുത്തെത്തി. മുറ്റത്ത് തുളസിത്തറയുള്ള ഒരു കൊച്ചു വീട്. സാമാന്യം വലുപ്പത്തിലുള്ള വരാന്ത. മുറ്റത്തിന്റെ ഒരു കോണിലായി ഒരു തേൻമാവ്. തേൻമാവിൻ കൊമ്പുകൾ നിറയേ പൂത്തുലഞ്ഞു നിൽക്കുന്നു. മുറ്റത്ത് ഒരു കിണ്ടിയിൽ (ചെമ്പ്) നിറയേ വെള്ളം വച്ചിരിക്കുന്നു. ഞാൻ അതിശയത്തോടെ നോക്കി. അയാൾ മൺവെട്ടി ചായ്പിൽ വച്ച ശേഷം ഉച്ചത്തിൽ വിളിച്ചു. “അമ്മിണീ കുറച്ച് വെള്ളം” അകത്തു നിന്ന് ഒരു പെൺകുട്ടി ഒരു മൺകലത്തിൽ നിറയേ മോരിന്റെ വെള്ളം കൊണ്ടുവന്നു തന്നു. ഞാൻ ദാഹത്താൽ പരവശനായതിനാൽ ആ മോരിൻ വെള്ളം ആർത്തിയോടെ വാങ്ങി കുടിച്ചു. എന്നിട്ടവൾ ചോദിച്ചു “മതിയായോ” ഞാൻ പറഞ്ഞു “മതി” അത്യന്തം ക്ഷീണിതനായ എനിക്ക് ഏറെ സുഖകരമായി തോന്നി. അയാളോട് നന്ദിപറഞ്ഞ് ഞാൻ കാറിനടുത്തേക്ക് മടങ്ങി. അപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി “ ദാ നോക്കൂ! ഇതിൽ കുറച്ച് വിത്തുകളാ.. ചീരയുടെയും, തക്കാളിയുടെയും, വെണ്ടക്കായുടെയും, പാവയ്ക്കയുടെയും എല്ലാമുണ്ട് സാറിന്റെ നാട്ടിൽ പോയി ഇതെല്ലാം മുളപ്പിക്കണം” ഞാൻ സന്തോഷത്തോടെ അത് സ്വികരിച്ച് യാത്ര തുടങ്ങി. നേരം സന്ധ്യയായപ്പോൾ ഞാൻ ഫ്ലാറ്റിലെത്തി. തൊട്ടടുത്ത കടയിൽ നിന്നും കുറച്ച് അഗ്രോ ബാഗുകൾ ഞാൻ വാങ്ങിയിരുന്നു...


RISHI V.M
VIII W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ