സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായ്……...

പരിസ്ഥിതിയെ സംരക്ഷിക്കാം, നല്ല നാളേയ്ക്കായ്……...     


                              സകലജീവജാലങ്ങളും അവയുടെയെല്ലാം ആവാസവ്യവസ്ഥയും അചേതനവസ്തുക്കളും  ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷണം എന്നത് ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു വിഷയമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യമറിയണമെങ്കിൽ പ്രകൃതിയും സർവജീവജാലങ്ങളുമടങ്ങുന്ന പരിസ്ഥിതിയുടെ പ്രാധാന്യമറിയണം, അതിനെ നശിപ്പിക്കുന്ന മനുഷ്യവർഗത്തിന്റെ ചെയ്തികളറിയണം. നാം മനുഷ്യർ നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്യുന്നു.
                               പ്രകൃതിയിലെ അനേകായിരം ജീവജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ തുല്യ സ്ഥാനമാണുള്ളത്. പ്രകൃതിയിലെ ഓരോ വസ്തുവും ചങ്ങലയിലെ കണ്ണികളെപ്പോലെ പരസ്പരം ബന്ധിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു വസ്തുവിന് സംഭവിക്കുന്ന ചെറിയ മാറ്റം പോലും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചേക്കാം. ഓരോ വസ്തുവിനും പ്രകൃതിയിലുള്ള സ്ഥാനം പോലെ തന്നെ അവയ്ക്കോരോന്നിനും പ്രകൃതിയോട് ചില കടമകളും നിർവഹിക്കാനുണ്ട്. മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം കൃത്യമായി നിർവഹിക്കുന്നുമുണ്ട്. ചിന്താശേഷിയും വിവേകവുമുള്ള നാം മനുഷ്യർ, പ്രകൃതിയുടെ സർവ്വ നിയമങ്ങളും തെറ്റിക്കുന്നു. അഹങ്കാരിയായ മനുഷ്യൻ എല്ലാറ്റിനെയും കീഴടക്കുന്നതിനിടയിൽ പ്രകൃതിയിലും തൻെറ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. താനാണ് ഭൂമിയുടെ അധിപൻ എന്ന,മനുഷ്യന്റെ ചിന്തയാണ് അവനെ പ്രകൃതിയെ കൈയ്യടക്കാൻ പ്രേരിപ്പിക്കുന്നത്. സ്വാർത്ഥനും അഹങ്കാരിയുമായ മനുഷ്യൻ സ്വയം നാശത്തിലേക്കാണ് നീങ്ങുന്നത്. പുഴകൾ മണ്ണിട്ടുമൂടിയും വയലുകൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടിനശിപ്പിച്ചും കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കുന്ന മനുഷ്യൻ പ്രകൃതിയിലേൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഇവയുടെയെല്ലാം പരിണിതഫലങ്ങൾ വെള്ളപ്പൊക്കവും സുനാമിയും ചുഴലിക്കാറ്റും ഭൂചലനവുമൊക്കെയായി മനുഷ്യനു തന്നെ വൻതിരിച്ചടിയായിത്തീരുന്നു എന്നതും വാസ്തവമാണ്. പ്രകൃതിയെ നശിപ്പിച്ചു     കൊണ്ട് നാം  നടത്തുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ നമുക്കു തന്നെ വിനയായിത്തീർന്നതിൻെറ ഉത്തമ ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് നാം മതിലുകളും മറ്റ് കെട്ടിടസമുച്ചയങ്ങളും നിർമ്മിച്ചപ്പോൾ, നാം വഴിയൊരുക്കിയത് കേരളത്തെയാകെ നടുക്കിയ മഹാപ്രളയത്തിലേക്കാണ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു 2018-ലെ പ്രളയം, ജീവനും സമ്പത്തിനും ഒരുപോലെ ഭംഗം വരുത്തിയ ആ പ്രകൃതിദുരന്തത്തിൽ നിന്ന് കരകയറും മുമ്പ് തന്നെ പ്രകൃതിയുടെ രൗദ്രഭാവം ഒരിക്കൽകൂടി നാം മലയാളികൾക്ക് ദർശിക്കേണ്ടി വന്നു.
                          എന്തിനേറെ പറയുന്നു ഈ പ്രകൃതിദുരന്തങ്ങളിൽ നിന്നൊന്നും പാഠം പഠിക്കാത്ത നാം ഇന്നൊരു അണുവിനു മുൻപിൽ പകച്ചു നിൽക്കുകയാണ്. ലോകത്തെയാകെ വിറപ്പിക്കാൻ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ പോലുമാകാത്ത കോവിഡ്-19 [Corona virus disease-2019] എന്ന കൊറോണ വൈറസിന് കഴിഞ്ഞിരിക്കുന്നു. മൂന്നു മാസങ്ങൾക്കു മുമ്പ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് മാനവരാശിയെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദിനംതോറും വൈറസ് ബാധിതരുടെയും ഇതുമൂലം മരണപ്പെടുന്നവരുടെയും എണ്ണം ഒരുപോലെ വർദ്ധിക്കുന്നു. സാമ്പത്തിക ശക്തികളായ പല വികസിത രാഷ്ട്രങ്ങളും ഈ സൂക്ഷ്മാണുവിനു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് മുഴുവൻ ലോകരാജ്യങ്ങളും. ലോകം തന്നെ അടച്ചിട്ടിരിക്കുകയാണ് എന്ന് പറഞ്ഞാൽ  പോലും അത് അതിശയോക്തിയാകില്ല, എന്തെന്നാൽ അങ്ങോട്ടേക്കാണ് നമ്മുടെ പോക്ക്. കൊറോണയുടെ വ്യാപനത്തെ ചെറുത്തുനിർത്താനായി ഇന്ത്യയുൾപ്പെടയുള്ള പല രാജ്യങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്.
                             ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ വ്യാധിയെ ഉന്മൂലനം ചെയ്യാനായി ജാതി മത വർഗ്ഗ രാഷ്ട്ര ഭേദമില്ലാതെ നാം നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങൾക്ക് ഫലം കാണണമെങ്കിൽ, അധികാരികളും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നാം കൃത്യമായി മനസ്സിലാക്കുകയും അവ പാലിക്കുകയും വേണം.കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനങ്ങളെല്ലാം ഇന്ന് വീടുകളിലാണ്. വിനോദയാത്രകൾക്കായി മാറ്റിവച്ചിരുന്ന അവധിക്കാലം ഇന്ന് വീടുകളുടെ നാല് ചുവരുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന അധികൃതരുടെ കർശന നിർദ്ദേശമുണ്ടെങ്കിലും വെറുതെ ഒന്നുപോയി നോക്കിയേക്കാം എന്ന് വിചാരിച്ച് നിരത്തുകളിലേക്ക് ഇറങ്ങുന്നവരുടെയും എണ്ണം കുറവല്ല. നമ്മുടെ സുരക്ഷയ്ക്കായാണ് അധികാരികളും ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ അധ്വാനിക്കുന്നത് എന്ന് നാം തിരിച്ചറിയണം. ശുചിത്വ പരിപാലനത്തിലൂടെയും ശരിയായ മുൻകരുതലുകളിലൂടെയും ഈ മഹാമാരിയെ ഒരു പരിധിവരെ നമുക്ക് ചെറുത്തുനിർത്താനാവും.  പരിസരശുചീകരണം ഇതിനായുള്ള വലിയൊരു കാൽവെയ്പ്പാണ്. ഒരാളുടെ ആരോഗ്യത്തിന് അയാളുടെ ചുറ്റുപാടിനുള്ള സ്വാധീനം ചെറുതല്ല. അതിനാൽ പരിസരശുചീകരണം ഇക്കാലത്തെന്നല്ല, എക്കാലത്തും പ്രാധാന്യമർഹിക്കുന്നു. അങ്ങനെ  ശുചിത്വവും സാമൂഹിക അകലവും കൃത്യമായി പാലിച്ചുകൊണ്ട് കൊറോണ എന്ന മഹാവിപത്തിനെ നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം.
                             മനുഷ്യരെല്ലാം വീടുകളിലാണെങ്കിലും ഈ ലോക്ഡൗൺകാലം ആസ്വദിക്കുന്ന ചിലരുണ്ട്. ക്രിയാത്മകമായി ഈ കാലം ചെലവഴിക്കുന്ന മനുഷ്യരെയല്ല ഉദ്ദേശിച്ചത്, ഇങ്ങനെയൊരവസരത്തിനായി കാത്തിരുന്ന  പ്രകൃതിയെയാണ്. നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞതോടെയും ഫാക്ടറികളുടെയും മറ്റും പ്രവർത്തനം നിലച്ചതോടുംകൂടി മലിനീകരണ തോത് പ്രകടമാംവിധം കുറഞ്ഞിരിക്കുകയാണ്. ജലസ്രോതസ്സുകൾ അവയുടെ പഴയ പ്രൗഢി വീണ്ടെടുത്തിരിക്കുന്നു. നാം ഇന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പല ജീവികളും റോഡുകളിൽ നാം മനുഷ്യരുടെ സ്ഥാനം കൈക്കലാക്കിയിരിക്കുകയാണ്. പ്രകൃതിയ്ക്ക് ഇത് തിരിച്ചു വരവിന്റെ കാലമാണ്. 
                            പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇത്തരം മഹാമാരികൾ. മനുഷ്യന്റെ ചൂഷണങ്ങൾക്ക് പ്രകൃതിദുരന്തങ്ങളിലൂടെ പലപ്പോഴായി, പല പ്രദേശങ്ങളിലായി പ്രകൃതി നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, അവയെല്ലാം നിശ്ശേഷം തള്ളിക്കളഞ്ഞ മാനവരാശിക്ക് ശിക്ഷയെന്നോണമാണ് ഈ സൂക്ഷ്മാണുവിന്റെ വരവ്. വികസനത്തിനു മുന്നിൽ അന്ധരായിപ്പോയ മനുഷ്യസമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായുള്ള പ്രകൃതിയുടെ ശ്രമങ്ങളാണ് ഇത്തരം മഹാമാരികളെന്ന് നാം ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ, വൻനാശമായിരിക്കും നമ്മെ കാത്തിരിക്കുന്നത് എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. പ്രകൃതിയെ, പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം മനുഷ്യപുരോഗതിയിലേക്കല്ല മറിച്ച്, വൻനാശത്തിലേക്കായിരിക്കും വഴികാട്ടുന്നത്.
                             മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളുടെ സുഗമമായ നിലനിൽപ്പിന് പരിസ്ഥിതിയ്ക്കുള്ള പങ്ക് ചെറുതല്ല. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യം മാത്രമല്ല ആവശ്യം കൂടിയാണ് എന്ന് ഈ സന്നിഗ്ധഘട്ടത്തിലെങ്കിലും നാം തിരിച്ചറിയണം.തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമുക്ക് മുന്നേറാം.ചൂഷണം ചെയ്യുന്നതിനുപകരം പ്രകൃതിയെ നമുക്കും വരും തലമുറകൾക്കും മറ്റ് ജീവജാലങ്ങൾക്കുമായി സംരക്ഷിക്കാം, പ്രകൃതിയോടിണങ്ങിയ വികസനങ്ങളെ പിന്തുണയ്ക്കാം, പ്രകൃതി സംരക്ഷണം ജീവിതലക്ഷ്യമാക്കാം, അങ്ങനെ നല്ലൊരു നാളയെ പടുത്തുയർത്താം. 


അസ്ന ജാസ്മിൻ എം
9 B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം